വിശ്വാസികളുടെ പീഡനാനുഭവം
text_fieldsസ്ത്രീപീഡനാരോപണം നേരിടുന്ന ഒരു ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ഏതാനും ദിവസം മുമ്പ് പഞ്ചാബിലേക്ക് തിരിച്ച കേരള പൊലീസ് സംഘത്തെക്കുറിച്ച് ഇതെഴുതുന്ന സമയത്ത് ഒരു വിവരവുമില്ല. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് ഒരു കത്തെഴുതിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അതിെൻറ വെളിച്ചത്തില്‍ അദ്ദേഹത്തെ കാണാന്‍ ഡല്‍ഹിയില്‍ പൊലീസ് നടത്തിയ വിഫലശ്രമത്തെ കുറിച്ച പരിഹാസംകലര്‍ന്ന ചില പരാമര്‍ശങ്ങള്‍ മാത്രമാണ് ഇതിനിടെ കാണാനിടയായത്. സഭാധികൃതരെയും ഭരണാധികാരികളെയും പോലെ മാധ്യമപ്രവര്‍ത്തകരും ഈ വിഷയം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങുകയാണെന്ന് തോന്നുന്നു.
രണ്ട് വ്യത്യസ്ത സഭകളിലെ പുരോഹിതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. രണ്ട് സഭകളും കേരള സമൂഹത്തില്‍ ഗണ്യമായ സ്വാധീനമുള്ളവയാണ്.
സഭാനേതൃത്വങ്ങളെ രാഷ്ട്രീയ കക്ഷികള്‍ കാണുന്നത് വോട്ടുബാങ്ക് നിയന്ത്രിക്കുന്നവരായാണ്. ഇതെല്ലാം പൊലീസിനെ മെല്ലെ പോകാന്‍ പ്രേരിപ്പിക്കുന്നുണ്ടാകാം. പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ ഒരു പുതിയ കാര്യമല്ല. അത് എല്ലാ മതവിഭാഗങ്ങളുടെയും ചരിത്രത്തിലുള്ളതാണ്. അതിനെതിരെ വിശ്വാസികള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് പുതിയ കാര്യം. യൂറോപ്പിലും അമേരിക്കയിലും തുറന്നുപറച്ചില്‍ അര നൂറ്റാണ്ട് മുമ്പ് തുടങ്ങി. ഒരു പഴയ മാർപാപ്പ ഉള്‍പ്പെടെ കത്തോലിക്ക സഭയിലെ നിരവധി പുരോഹിതരുടെ അവിഹിത ബന്ധങ്ങളുടെ വിവരങ്ങള്‍ ഇപ്പോള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാണ്.
കത്തോലിക്ക പുരോഹിതരില്‍ ഒന്നര ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത് ലൈംഗിക പീഡന കേസുകളില്‍ ഉള്‍പ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ വത്തിക്കാെൻറ സ്ഥിരം നിരീക്ഷകനായിരുന്ന ആര്‍ച്ച് ബിഷപ് സില്‍വാനോ മരിയാ തോമാസി 2009ല്‍ പറയുകയുണ്ടായി. ഈ കണക്ക് മറ്റ് സഭകളുടെയും വിഭാഗങ്ങളുടെയും കണക്കുകള്‍ക്ക് സമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈശോ സഭയുടെ കീഴിലുള്ള അമേരിക്കയിലെ സാന്താ ക്ലാരാ സര്‍വകലാശാലയിലെയും സ്റ്റാൻഫോര്‍ഡ് സര്‍വകലാശാലയിലെയും രണ്ട് പ്രഫസര്‍മാര്‍ ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ ഏതാണ്ട് നാലു ശതമാനം കത്തോലിക്ക പുരോഹിതര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. പൊതുസമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം ഇതിെൻറ ഇരട്ടിവരുമത്രേ.
എല്ലാ രാജ്യങ്ങളിലും ആദ്യകാലത്ത് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ആരോപണവിധേയരെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടന്നു. ആ നിലക്ക് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതിനെ ഒരു സമാന സംഭവവികാസമായി കാണാം. പക്ഷേ, സാമൂഹിക വികസന സൂചികകളില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കേരളം വിശ്വാസികളുടെ പീഡനാനുഭവത്തിെൻറ കാര്യത്തില്‍ അര നൂറ്റാണ്ട് പിന്നില്‍ നില്‍ക്കേണ്ടതുണ്ടോ?
അമേരിക്കയില്‍ സര്‍വൈവേഴ്സ് നെറ്റ്വര്‍ക്ക് ഓഫ് ദോസ് അബ്യൂസ്ഡ് ബൈ പ്രീസ്റ്റ്സ് (Survivors Network of those Abused by Priests അഥവാ SNAP) എന്ന പേരില്‍ ഇരകള്‍തന്നെ സംഘടിച്ച് സമാനമായ ദുരിതാനുഭവത്തില്നിന്ന് മറ്റുള്ളവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. വൈദിക പീഡനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന അതിെൻറ ആവശ്യം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അംഗീകരിച്ചില്ല. പക്ഷേ, പീഡകരെ മാത്രമല്ല അവരെ സംരക്ഷിക്കുന്നവരെയും രാജ്യത്തെ നിയമവ്യവസ്ഥക്ക് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അത് പ്രവർത്തിക്കുന്നു. ഏറ്റവുമധികം കത്തോലിക്കരുള്ളത് മൂന്നാം ലോകത്താണെന്നും അവിടെ ബാലപീഡനം ഒളിപ്പിക്കാന്‍ എളുപ്പമാണെന്നും അതിെൻറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
പുരോഹിത ശൃംഖലയുടെ കീഴ്തട്ടുകളിലുള്ള ചിലര്‍ക്കെതിരെ കേരളത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നടപടി ഉണ്ടായിട്ടുണ്ട്. വിശ്വസനീയമായ തെളിവുള്ളപ്പോള്‍ ഉന്നത സ്ഥാനീയര്‍ക്കെതിരെയും നടപടി എടുക്കാനുള്ള ആര്‍ജവം നമ്മുടെ ഭരണാധികാരികള്‍ക്കുണ്ടാകണം. അതിനു അവരെ സഹായിക്കുമെന്ന പ്രതീക്ഷയില്‍ ചില സമീപകാല വിദേശ വാര്‍ത്തകള്‍കൂടി അവതരിപ്പിക്കട്ടെ.
വത്തിക്കാന്‍ ഭരണകൂടത്തിലെ ധനകാര്യ മന്ത്രിയായ കർദിനാള്‍ ജോര്‍ജ് പെല്‍ ഒന്നിലധികം ലൈംഗിക പീഡനാരോപണ കേസുകളില്‍ ആസ്ട്രേലിയയില്‍ വിചാരണ കാത്തുകഴിയുകയാണ്. സ്വന്തംരാജ്യത്ത് പോയി വിചാരണ നേരിടാനായി മാർപാപ്പ അദ്ദേഹത്തിന് അവധി നല്‍കിയിട്ടുണ്ട്. വളരെ കൊല്ലങ്ങള്‍ക്കുമുമ്പ് നടന്ന സംഭവങ്ങളുടെ പേരിലാണ്, മെല്‍ബണിലും സിഡ്നിയിലും ആര്‍ച്ച്ബിഷപ് ആയിരുന്ന 77കാരനായ അദ്ദേഹത്തിനെതിരായ കേസുകള്‍. അദ്ദേഹം കുറ്റം നിഷേധിച്ചിട്ടുണ്ട്. ഒാസ്ട്രിയ, ബെല്‍ജിയം തുടങ്ങി പല രാജ്യങ്ങളിലും ബിഷപ്പുമാര്‍ക്കെതിരെ കേസുകള്‍ നടക്കുന്നുണ്ട്.
ചില ഉന്നതര്‍ക്കെതിരെ മാര്‍പാപ്പതന്നെ ആരോപണങ്ങളെ തുടര്‍ന്ന് നടപടി എടുത്തിട്ടുണ്ട്. ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന പോളണ്ടില്‍നിന്നുള്ള ജോസഫ് വെസലോവസ്കിയെ അദ്ദേഹം പുറത്താക്കി. ക്രിമിനല്‍ കോടതി വിചാരണക്കു മുമ്പ് വെസലോവസ്കി മരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കത്തില്‍ ലൈംഗികാരോപണങ്ങളുടെ കാര്യത്തില്‍ മൃദുസമീപനം സ്വീകരിച്ചിരുന്നു. എന്നാല്‍, താന്‍ മാപ്പുകൊടുത്ത ഒരു പാതിരി പീഡനം തുടരുന്നതായി അറിഞ്ഞതോടെ അദ്ദേഹം നിലപാട് കടുപ്പിച്ചു.
പീഡനം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ പീഡനത്തേക്കാള്‍ ഹീനമാകാം. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗർഭിണിയായതിെൻറ ഉത്തരവാദിത്തം അച്ചനിൽനിന്ന് അച്ഛന് ഏറ്റെടുക്കുന്നതും ഉഭയസമ്മതപ്രകാരമുള്ള വേഴ്ചയായിരുന്നുവെന്ന് കുട്ടിയെക്കൊണ്ട് പറയിപ്പിക്കുന്നതും ഒരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല. തുല്യത ഇല്ലാത്തിടത്ത് ഉഭയസമ്മതത്തിനെന്ത് പ്രസക്തിയാണുള്ളത്?
ഏതു മതത്തില്‍പെട്ടവരായാലും പുരോഹിതന്മാര് നടത്തുന്ന പീഡനങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റങ്ങളാണ്. അവക്ക് മതവുമായി ബന്ധമില്ല. മത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാന്‍ കുറ്റവാളികളെ അനുവദിച്ചുകൂടാ. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍, സിസ്റ്റര്‍ അഭയയുടെ ദാരുണാന്ത്യത്തിനു ശേഷമുള്ള കാൽ നൂറ്റാണ്ടു കാലത്ത് പുരോഹിതര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളോടുള്ള സമൂഹത്തിെൻറ, പ്രത്യേകിച്ച് വിശ്വാസികളുടെ സമീപനത്തില്‍ ഗുണപരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന സൂചന നല്കുന്നു. സമൂഹത്തിനൊത്ത് മാറാന്‍ ഭരണകൂടത്തിനാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.