ജമാഅത്തെ ഇസ്ലാമി; കര്‍മവൈവിധ്യത്തിന്റെ 75 വര്‍ഷം
text_fieldsരാജ്യത്തിന്റെ സ്വാതന്ത്ര്യം ഇന്നോ നാളെയോ എന്ന് കാതോര്‍ക്കുന്ന കാലത്താണ് ജമാഅത്തെ ഇസ്ലാമി രൂപംകൊള്ളുന്നത്. സ്വാതന്ത്ര്യാനന്തര രാജ്യം എന്താവണമെന്ന ഗൗരവമുള്ള ചര്‍ച്ചകളോടൊപ്പം വിഭജനത്തിനുവേണ്ടി മുറവിളിയുയരുന്ന കാലം.
ഇന്ത്യ വിഭജിക്കപ്പെടരുതെന്നും അത് പുതുതായി രൂപപ്പെടുന്ന ഇരു രാഷ്ട്രങ്ങള്‍ക്കും പ്രതിസന്ധികള്‍ മാത്രമേ വരുത്തിവെക്കൂ എന്നും ജമാഅത്തെ ഇസ്ലാമി ശക്തമായ നിലപാടെടുത്തു. അബുല്‍കലാം ആസാദിനെപ്പോലുള്ള പ്രഗല്ഭ കോണ്‍ഗ്രസ് നേതാക്കളും ഈ നിലപാടിലായിരുന്നു. ഇതിന്റെ പേരില്‍ ജമാഅത്ത് കടുത്ത പഴി കേള്‍ക്കേണ്ടിവന്നു.
മനുഷ്യന് തന്റെയും താനുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായ സര്വേശ്വരന് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കീഴ്പ്പെട്ട് ജീവിക്കണം, അതിലൂടെ മാത്രമേ ഈ ലോകത്തെയും മരണാനന്തര ജീവിതത്തിലെയും വിജയം ഉറപ്പുവരുത്താനാവൂ - ഈ ആദര്‍ശമാണ് ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ 75 വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യരെല്ലാം ഒരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്. ഒരേ മാതാപിതാക്കളുടെ മക്കള്‍ എന്ന സാഹോദര്യബന്ധമാണ് അവര്ക്കിടയിലുണ്ടാവേണ്ടത്. ആശയം, ദേശം, ഭാഷ, വര്‍ഗം, വര്‍ണം തുടങ്ങിയ ഭേദങ്ങളൊന്നും ഈ സാഹോദര്യ ബന്ധത്തെ കവിഞ്ഞുനില്ക്കാവതല്ല. അതിനാല്‍ വര്‍ഗീയ, വിഭാഗീയ, വംശീയ ചിന്തകളോട് ഒരുനിലക്കും ഹൃദയം പങ്കിടാന്‍ ജമാഅത്തെ ഇസ്ലാമിക്കാവില്ല.
ഇന്നോളമുള്ള പ്രവര്‍ത്തനപഥത്തില്‍ ഈ മഹത്തായ മൂല്യത്തെ ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. തുടര്‍ന്നും ജമാഅത്തെ ഇസ്ലാമിക്ക് മറ്റൊരു നിലപാട് സാധ്യമല്ല. വിഭജനത്തിന്റെ ആഘാതം രാജ്യം പൊതുവില്‍ അനുഭവിച്ചെങ്കിലും മുസ്ലിം സമുദായത്തിന് അത് സവിശേഷമായിരുന്നു.
വിഭജനത്തിന്റെ ഉത്തരവാദിത്തം കെട്ടിയേല്പിക്കുകയും വര്‍ഗീയ കലാപങ്ങളാല്‍ തൂത്തെറിയപ്പെടുകയും ചെയ്ത മുസ്ലിം സമുദായത്തിന് മതപരമായ സ്വത്വവും വിശ്വാസവും മുറുകെപ്പിടിക്കാനുള്ള ആത്മവിശ്വാസവും മനോദാര്‍ഢ്യവും നല്‍കിയും ഇന്ത്യന്‍ പൗരന്മാരെന്ന നിലക്കുള്ള അവരുടെ ദൗത്യനിര്‍വഹണത്തിന് ദിശ നിര്‍ണയിക്കുകയും സജ്ജമാക്കുകയും ചെയ്തു.
രാജ്യത്തുടനീളം സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ജമാഅത്ത് തുടര്‍ന്നു. ഇസ്ലാമിനെക്കുറിച്ച് സമൂഹത്തില്‍ വ്യാപകമായി നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും ജമാഅത്ത് ശ്രമിച്ചു. എല്ലാ പ്രാദേശിക ഭാഷകളിലും ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും ഇസ്ലാമിന്റെ വിവിധ തലങ്ങളെ മനസ്സിലാക്കാവുന്ന സാഹിത്യ കൃതികളുടെ പ്രസാധനവും ജമാഅത്ത് ഉറപ്പുവരുത്തി. ഇന്ത്യ ചരിത്രത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ വലിയ ഈടുവെപ്പുകളിലൊന്നായിരിക്കുമിത്.
ഇസ്ലാമിക വിശ്വാസവും ആദര്‍ശവും സമഗ്രവും സമ്പൂര്‍ണവുമാണ്. അതിനാല്‍തന്നെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളും അതിന്റെ സ്വാധീനവും സമഗ്രതല സ്പര്ശിയാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളെ ജമാഅത്ത് ആഴത്തിൽ സ്വാധീനിച്ചു.
‘ജമാഅത്തിന്റെ അംഗസംഖ്യയെ കവച്ചുവെക്കുന്നതാണ് അതിന്റെ സ്വാധീനം. സംഘടനയുടെ അച്ചടക്കവും ചിട്ടയായ പ്രവര്‍ത്തനങ്ങളും സാമൂഹികശക്തിയും വിശ്വാസ്യതയുമാണ് ആ സ്വാധീനത്തിന് കാരണ’മെന്ന് പൗരസ്ത്യപഠന വിശാരദൻ ജോൺ എല്‍. എസ്പോസിറ്റോ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.
സന്തുലിതവും നിര്‍മാണാത്മകവുമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 75 വര്‍ഷം രാജ്യത്ത് ജമാഅത്തെ ഇസ്ലാമി കാഴ്ചവെച്ചത്. വിഭജനത്തിന്റെ മുറിവുകള്‍, വര്‍ഗീയ കലാപങ്ങള്‍, ബാബരി മസ്ജിദിന്റെ തകര്‍ച്ച തുടങ്ങി ഏതു ജനസമൂഹവും അതിവാദങ്ങളിലേക്ക് തെന്നിപ്പോവാനുള്ള സാഹചര്യം ഇന്ത്യയിലുണ്ടായിരുന്നു.
പക്ഷേ, സന്തുലിതത്വത്തിന്റെയും രചനാത്മകതയുടെയും വഴിയില്‍നിന്ന് മുസ്ലിംകള് ഇപ്പോഴും വ്യതിചലിച്ചിട്ടില്ല. ആഗോളതലത്തില്‍ പറയപ്പെടുന്ന തീവ്രവാദ പ്രതിഭാസത്തിലേക്ക് ഇന്നും ഇന്ത്യന്‍ മുസ്ലിംകള് കണ്ണിചേര്ക്കപ്പെട്ടിട്ടില്ല. വിവിധ സംഘങ്ങളെപ്പോലെ ഈ നിലപാടില്‍ സമുദായത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ജമാഅത്തെ ഇസ്ലാമി വലിയ പങ്കുവഹിച്ചു.
തുടക്കംമുതല്‍ ഇന്നുവരെയുള്ള അതിന്റെ നയപരിപാടികളില്‍ വര്‍ഗീയതക്കും വിഭാഗീയതക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യസ്ഥാനം പിടിച്ചതായി കാണാം. മനുഷ്യരെല്ലാം ഒരു ജനത എന്ന കാഴ്ചപ്പാടിലേക്ക് രാഷ്ട്ര, സമൂഹ നേതൃത്വങ്ങള്‍ വളരണം. അതിനായി നിരന്തര ആശയവിനിമയവും സമരവും ഒരേസമയം നിര്‍വഹിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.
അതിനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു. ജമാഅത്ത് പുറത്തിറക്കിയ കൃതികളിലും സ്വാധീനമുള്ള മാധ്യമങ്ങളുടെ സമീപനങ്ങളിലും ഈ നിലപാട് കാണാനാവും.
വര്‍ഗ, വര്‍ണ, ഭാഷ, ദേശഭേദങ്ങള്‍ വിവേചനങ്ങള്‍ക്ക് കാരണമായിക്കൂടാ. അതിനാല്‍തന്നെ രാജ്യത്ത് നിലനില്‍ക്കുന്ന അത്തരം വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സംഘടന സ്വീകരിക്കുന്നു. ദലിത്, മുസ്ലിം തുടങ്ങി മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും പുരോഗതിക്കുംവേണ്ടി ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നു. അത്തരം ലക്ഷ്യംവെച്ചുകൊണ്ട് ഒറ്റക്കും കൂട്ടായും വിവിധ ഏജന്‍സികള്‍ക്ക് രൂപംനല്‍കിയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ജമാഅത്തെ ഇസ്ലാമി രൂപംനല്കിയ നിരവധി പ്രസ്ഥാനങ്ങളും ഏജന്‍സികളും രാജ്യത്തുണ്ട്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനോ വിഭാഗങ്ങള്‍ക്കോ മാത്രം പ്രയോജനം ലഭിക്കുന്ന വിധത്തിലല്ല അവയുടെ പ്രവര്‍ത്തനം. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉത്തമതാല്പര്യങ്ങളാണ് അവ ലക്ഷ്യംവെക്കുന്നത്.
ഫാഷിസം പിടിമുറുക്കുന്ന കാലത്ത് ജനാധിപത്യത്തെ ബലപ്പെടുത്തുന്നതിന്, മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിരാകരിക്കപ്പെടുമ്പോള്‍ അവയുടെ പുനഃസ്ഥാപനത്തിന്, വികസനവും പുരോഗതിയും നിഷേധിക്കപ്പെടുന്ന പ്രദേശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും വേണ്ടി, മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി, പ്രകൃതി അനിയന്ത്രിതമായി ചൂഷണം ചെയ്യപ്പെടുമ്പോള്‍ അവക്കെതിരെയെല്ലാം ഇത്തരം സംവിധാനങ്ങള്‍ സജീവമായി രംഗത്തുവരുന്നു.
ചിലരെങ്കിലും ഈ പ്രവര്‍ത്തന ബാഹുല്യത്തെയും കര്മവൈവിധ്യത്തെയും കുറിച്ച് കൗതുകപ്പെട്ടിട്ടുണ്ട്. ബഹുതല സ്പര്‍ശിയായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് ഏതെങ്കിലും പരിമിതമോ സംഘടനാപരമോ ആയ ലക്ഷ്യങ്ങള്‍ മുന്നില്വെച്ചല്ല, ഈ രംഗങ്ങളിലെല്ലാം പ്രവര്‍ത്തന സജ്ജമാകാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നു എന്നതിനാലാണ്. ഖുര്‍ആനും മുഹമ്മദ് നബിയുടെ കർമമാതൃകയും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നു.
ജമാഅത്തെ ഇസ്ലാമി വിമര്‍ശനങ്ങളെ ഗുണപരമായി സമീപിക്കുന്നു. ജനാധിപത്യ/മതേതര/ദേശവിരുദ്ധത ഇപ്പോഴും ജമാഅത്തിനുമേൽ ആരോപിക്കപ്പെടുന്നു. ജനാധിപത്യത്തെ ഇത്രമേല്‍ സ്വാംശീകരിച്ച മറ്റൊരു സംഘം ഉണ്ടോ? നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതില്‍, നയപരിപാടികള്‍ നിര്‍ണയിക്കുന്നതില്‍ എല്ലാം തികഞ്ഞ ജനാധിപത്യ രീതിയാണ് അതിനുള്ളത്.
പിറന്ന നാടിനോടുളള സ്നേഹം എന്ന മനുഷ്യചോദനയെ ജമാഅത്തെ ഇസ്ലാമി നിരാകരിക്കുന്നതെങ്ങനെ! എന്നാല്‍, നന്മ-തിന്മകളുടെയും ധര്‍മാധര്‍മങ്ങളുടെയും മാനദണ്ഡം ഭൂരിപക്ഷാഭിപ്രായമോ ദേശതാല്പര്യമോ ആവണമെന്ന നിലപാടിനോട് താത്ത്വികമായി ജമാഅത്ത് വിയോജിക്കുന്നു.
മതത്തെ നിരാകരിക്കുന്ന സെക്യുലറിസത്തോട് ജമാഅത്തെ ഇസ്ലാമിക്ക് യോജിപ്പില്ല. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യം നല്കുന്ന മതേതരത്വത്തിന്റെ പക്ഷത്താണ് ജമാഅത്തെ ഇസ്ലാമി.
75 വര്‍ഷത്തെ സഞ്ചാരപഥം സുഗമമായിരുന്നില്ല. രണ്ടുതവണ ഭരണകൂടം പ്രവര്‍ത്തന സ്വാതന്ത്ര്യം നിരാകരിച്ചു (മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥയുടെ ഘട്ടത്തിലായിരുന്നു ആദ്യ നിരോധനം. തെറ്റായിരുന്നു ആ നടപടിയെന്ന് ഗവണ്മെന്റിന് നേതൃത്വം നല്കിയ കക്ഷിതന്നെ പിന്നീട് തിരുത്തി.
ബാബരി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് ആര്.എസ്.എസിനൊപ്പം തൂക്കമൊപ്പിക്കാനായിരുന്നു രണ്ടാം നിരോധനം. പരമോന്നത കോടതി ന്യായങ്ങളില്ലെന്ന് കണ്ടെത്തി നിരോധനം നീക്കി). അതിന്റെ ശക്തിസ്രോതസ്സുകളില്‍ ഇപ്പോഴും ഭരണകൂടം കൈവെച്ചുകൊണ്ടേയിരിക്കുന്നു.
കൂടുതല്‍ കലുഷിതമായ ഭാവിയെ അഭിമുഖീകരിക്കേണ്ടതായിവരും എന്ന ബോധ്യവുമുണ്ട്. എന്നാൽ, അതൊന്നും ഈ പ്രസ്ഥാനം മാത്രം അഭിമുഖീകരിക്കുന്ന വെല്ലുവിളികളല്ല. നാടും ജനതയും അതനുഭവിക്കുന്നുണ്ട്. ഏറെ ദൂരം ഇന്ത്യന്‍ ജനതക്ക് ഇനിയും താണ്ടാനുണ്ട്.
75 വര്‍ഷം ഒരു സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനത്തെ സംബന്ധിച്ച് വലിയ കാലയളവാണെന്ന് കരുതുന്നില്ല. ഏകാധിപത്യവും ഫാഷിസവും ജനതക്കുമേല്‍ ദംഷ്ടകള്കൊണ്ട് മുറിവേല്പിക്കുമ്പോള് ഓരോ പൗരനും സ്വയം നിര്‍ണായവകാശം ലഭ്യമാകുന്ന ജനാധിപത്യ സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുക തന്നെയാണ് വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.