പാർട്ടി സെക്രട്ടറി കള പറിക്കാനിറങ്ങുമ്പോൾ
text_fieldsകേരളം ഭരിക്കുന്ന പാർട്ടിയുടെ രാജ്യത്തെ ഏറ്റവും വലിയ ജില്ല ഘടകമാണ് കണ്ണൂരിലെ സി.പി.എം. ആ വലിയ സംഘടിത ശക്തിയെയാണ് വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള തില്ലങ്കേരി സംഘം പരസ്യമായി വെല്ലുവിളിച്ചത്. ആകാശിനും കൂട്ടർക്കും എന്തുകൊണ്ട് അതിന് കഴിയുന്നുവെന്ന് പരിശോധിക്കുമ്പോൾ ഒരു കാര്യം പകൽപോലെ വ്യക്തം. പാർട്ടിയുടെ വാൽ ആകാശിനെപ്പോലുള്ളവരുടെ കക്ഷത്തിലാണ്
‘നല്ല വിളകൾക്കൊപ്പം നല്ല കളകളുമുണ്ടാകും. കളകൾ പിഴുതുമാറ്റുകതന്നെ ചെയ്യും’- സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഈ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. വർഗബഹുജന വിഭാഗങ്ങൾ അണിനിരന്ന, തുടർച്ചയായി അധികാരം കൈയാളുന്ന ഒരു സംഘത്തിൽ കളകൾ സ്വാഭാവികം. അത് തുറന്നു സമ്മതിക്കാനുള്ള ആർജവം ആ പാർട്ടിയുടെ നേതൃത്വത്തിന് ഉണ്ടാകുന്നതും അഭിനന്ദനീയം. അതേസമയം, പ്രഖ്യാപിക്കുന്നതുപോലെ എളുപ്പമാണോ പാർട്ടിയിലെ കളപറിക്കൽ എന്ന ചോദ്യവുമുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ പിൻഗാമിയായി പാർട്ടി സെക്രട്ടറിസ്ഥാനവും പോളിറ്റ് ബ്യൂറോ അംഗത്വവും നേടി എം.വി. ഗോവിന്ദൻ സി.പി.എമ്മിന്റെ മുൻനിരയിൽ കാലുറപ്പിക്കുന്നതേയുള്ളൂ. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ‘ജനകീയ പ്രതിരോധ ജാഥ’ അതിന്റെ ആദ്യ ചുവടാണ്.
കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരായ പ്രതിരോധമാണ് ജാഥയുടെ മുദ്രാവാക്യം. കേന്ദ്രബജറ്റിൽ തുടർച്ചയായി കേരളത്തിന് വട്ടപ്പൂജ്യം മാത്രം നീക്കിവെക്കുന്ന കേന്ദ്ര സർക്കാറിനെതിരെ പറയാൻ കാര്യങ്ങൾ ഏറെയുണ്ടെങ്കിലും ജാഥയുമായി ബന്ധപ്പെട്ട് ചർച്ചയാകുന്നത് ആ കാര്യങ്ങളല്ല, മറിച്ച് പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. അതുകൊണ്ടാണ് കളകൾ ഉണ്ടെന്നും അത് പിഴുതുമാറ്റുമെന്നും പാർട്ടി സെക്രട്ടറിക്ക് പ്രഖ്യാപനം നടത്തേണ്ടിവന്നത്.
കണ്ണൂരിലെ സ്വർണക്കടത്ത് ക്വട്ടേഷൻ, പാലക്കാട്ടെ ഫണ്ട് വെട്ടിപ്പ്, ആലപ്പുഴയിലെ ലഹരിബന്ധം, തിരുവനന്തപുരത്ത് യുവനേതാക്കളുടെ ലഹരി ഉപയോഗം അങ്ങനെ പരാതികൾ ഏറെ. കളപറിക്കാനിറങ്ങിയാൽ പാർട്ടി സെക്രട്ടറിക്ക് ഒരുപാട് പണിയുണ്ടെന്ന് സാരം. കണ്ണൂരിൽ തില്ലങ്കേരി സംഘത്തിന്റെ ക്വട്ടേഷൻ വിവാദം കത്തിനിന്നപ്പോഴായിരുന്നു കാസർകോട്ട് ജാഥയുടെ തുടക്കം. ജാഥ കണ്ണൂരിലെത്തുന്നതിനുമുമ്പ് വിവാദം അടക്കിനിർത്താൻ കണ്ണൂരിലെ പാർട്ടിക്ക് ഓവർടൈം പണിയെടുക്കേണ്ടിവന്നു. കേരളം ഭരിക്കുന്ന പാർട്ടിയുടെ രാജ്യത്തെ ഏറ്റവും വലിയ ജില്ല ഘടകമാണ് കണ്ണൂരിലെ സി.പി.എം. ആ വലിയ സംഘടിത ശക്തിയെയാണ് വിരലിലെണ്ണാവുന്ന അംഗങ്ങൾമാത്രമുള്ള തില്ലങ്കേരി സംഘം പരസ്യമായി വെല്ലുവിളിച്ചത്. ആകാശിനും കൂട്ടർക്കും എന്തുകൊണ്ട് അതിന് കഴിയുന്നുവെന്ന് പരിശോധിക്കുമ്പോൾ ഒരു കാര്യം പകൽപോലെ വ്യക്തം. പാർട്ടിയുടെ വാൽ ആകാശിനെപ്പോലുള്ളവരുടെ കക്ഷത്തിലാണ്.
കൊണ്ടും കൊടുത്തും എതിരാളികളോട് ഏറ്റുമുട്ടിയ ഘട്ടങ്ങളിൽ ഇത്തരക്കാരായിരുന്നു പാർട്ടിയുടെ ബലം. നേതൃത്വത്തിന്റെ പിന്തുണയിലും ലാളനയിലും കരുത്തു നേടിയ ‘ഓപറേഷൻ ടീം’ ക്വട്ടേഷൻ സംഘങ്ങളായി പാർട്ടിയുടെ പിടിയുടെ അപ്പുറത്തേക്ക് വളർന്നു കഴിഞ്ഞു. സ്വന്തം നിലക്ക് വരുമാനത്തിനായി ഓപറേഷൻ ഏറ്റെടുത്ത് നടപ്പാക്കുന്ന അവർ സ്വർണക്കടത്തിന്റെ വലിയ സാധ്യതകൾ കൈപ്പിടിയിലാക്കിയിരിക്കുന്നു. അങ്ങനെയുണ്ടായ ആദ്യത്തെ ക്വട്ടേഷൻ ടീം അല്ല തില്ലങ്കേരി സംഘം. ടി.പി വധക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള കൊടികെട്ടിയ സംഘം മുതൽ പഞ്ചായത്തുതലത്തിൽമാത്രം ഇടപാടുള്ള ചെറുസംഘങ്ങൾവരെയായി ഒട്ടേറെ പേരുണ്ട്. ഈ കൂട്ടത്തിൽ ആദ്യമായി പാർട്ടിയെ നേർക്കുനേർ വെല്ലുവിളിച്ചുവെന്നതുകൊണ്ട് ആകാശും കൂട്ടരും ചർച്ചയിലേക്ക് വന്നുവെന്നു മാത്രം.
ആകാശിനെ തള്ളിപ്പറയാൻ തില്ലങ്കേരിയിൽ വിളിച്ച പൊതുയോഗത്തിൽ ജയരാജന്മാരുടെ വാക്കിനും താക്കീതിനും പാർട്ടി ശത്രുക്കളെ കൈകാര്യം ചെയ്യുന്ന പതിവ് ശൗര്യം കണ്ടില്ല. കാരണം, ആകാശ് വാ തുറന്നാൽ ആപ്പിലാകുമെന്നറിയുന്നതുകൊണ്ട് അടിയന്തരാവസ്ഥയിലെ കിരാതവാഴ്ചക്ക് കോൺഗ്രസിനെയും ‘ഹുകൂമത്തെ ഇലാഹി’ ആദർശമാക്കിയതിന് ജമാഅത്തെ ഇസ്ലാമിയെയും ശകാരിക്കുന്നതിലായിരുന്നു ജയരാജന്മാർ തില്ലങ്കേരി പ്രസംഗത്തിലും സമയം ചെലവിട്ടത്! യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ ആകാശ് പാർട്ടിക്ക് വേണ്ടി പ്രധാനമായും നടപ്പാക്കിയ ഓപറേഷൻ അതൊന്ന് മാത്രമാണ്. ഇത്തരം പല ഓപറേഷനുകൾ പാർട്ടിക്കായി നടത്തിയവർ വേറെയുണ്ട്. എന്നാൽ, സമൂഹ മാധ്യമങ്ങളുടെ സാധ്യത നല്ലപോലെ ഉപയോഗിച്ച ആകാശിനും കൂട്ടർക്കും പാർട്ടി അണികൾക്കിടയിൽ വലിയൊരു ഫാൻബേസുണ്ട്. ആകാശ് അതിന്റെ ബലത്തിലാണ് പാർട്ടിയെ വെല്ലുവിളിക്കുന്നത്.
ഡ്രൈവറുടെ പേരിൽ രണ്ടുകോടിയുടെ നിക്ഷേപം, മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ വെട്ടിപ്പ് തുടങ്ങി പാലക്കാട് ജില്ല സെക്രട്ടേറിയറ്റംഗം പി.കെ ശശിക്കെതിരായ കഴിഞ്ഞാഴ്ച ചേർന്ന ജില്ല നേതൃയോഗത്തിൽ വന്ന ആക്ഷേപങ്ങൾ പലതാണ്. എല്ലാം പരിശോധിക്കാമെന്ന ധാരണയിലാണ് ജില്ലാ നേതൃയോഗം പിരിഞ്ഞത്. അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. പി.കെ ശശിയുമായി ബന്ധപ്പെട്ട് പാർട്ടിയിലെ വനിതയുടെ പരാതി എങ്ങുമെത്താതെ പോയ അനുഭവം മുന്നിലുണ്ട്.
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ കാടിളക്കി ബോധവത്കരണം നടത്തുമ്പോഴാണ് ആലപ്പുഴയിൽ പാർട്ടിയുടെ നഗരസഭാ കൗൺസിലർ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നടത്തിയ കോടികളുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ബ്രാഞ്ച് അംഗങ്ങളായ ചിലർക്കെതിരെ നടപടിയെടുത്തുവെങ്കിലും ഷാനവാസ് ഇപ്പോഴും മന്ത്രി സജി ചെറിയാനുൾപ്പെടെയുള്ളവരുടെ പിന്തുണയിൽ പാർട്ടിയിൽ സുരക്ഷിതനാണ്.
ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കഴിഞ്ഞ് നേരെ ബാറിൽ ചെന്ന് വിപ്ലവാരിഷ്ടം കുടിക്കുന്ന യുവനേതാക്കളുടെ വിഡിയോ പുറത്തുവന്നതോടെയാണ് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ നേതാക്കളെ പുറത്താക്കിയത്. പാർട്ടി സെക്രട്ടറി പദവി ഏറ്റെടുത്തതിന് പിന്നാലെ, എം.വി. ഗോവിന്ദൻ നേരിട്ടെത്തി ജില്ല കമ്മിറ്റി യോഗം വിളിച്ചാണ് യുവനേതാക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത്. നല്ലകാര്യം. ഇത്തരം പ്രശ്നങ്ങൾ താഴെ തട്ടിൽ മാത്രമാണോ.? കണ്ണൂർ ഇരിണാവിലെ ആയുർവേദ റിസോർട്ടിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന് കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്ന് പി. ജയരാജൻ സംസ്ഥാന സമിതിയിലാണ് പറഞ്ഞത്. ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ നിഴലെന്ന് വിശേഷിപ്പിക്കാവുന്ന അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ. രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യമുനയിലാണ്. കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്ന് ആന്തൂർ നഗരസഭ ചെയർപേഴ്സണായിരുന്ന എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളക്കു നേരെയും ആക്ഷേപമുയർന്നതാണ്.
ഇതുപോലെ ഒരുപാടൊരുപാട് സംഭവങ്ങൾ മുന്നിൽ നിൽക്കെയാണ് കളപറിക്കൽ പ്രഖ്യാപനം. ദിവസേന രണ്ടു വീതം മൂന്നു നേരം വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെ പാർട്ടി അണികളെ വിശദീകരണ കാപ്സ്യൂൾ വിഴുങ്ങിപ്പിക്കുന്നതുപോലെ എളുപ്പമല്ല ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.