ജനരക്ഷായാത്ര ആൻറി ക്ലൈമാക്സിലേക്ക്
text_fieldsബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ ‘ജനരക്ഷായാത്ര’ കണ്ണൂർ കടന്നു. കണ്ണൂർ കടന്നുവെന്ന് പറയുേമ്പാൾ യാത്ര ഏറക്കുറെ കഴിഞ്ഞുെവന്നുതന്നെ മനസ്സിലാക്കണം. ഒക്ടോബർ മൂന്നു മുതൽ 17 വരെ 14 ദിനമാണ് യാത്ര. അതിൽ ആദ്യത്തെ നാലു ദിനവും കണ്ണൂരിൽ. കണ്ണൂരിൽ മാത്രമാണ് പദയാത്ര. മറ്റു ജില്ലകളിൽ കുമ്മനവും കൂട്ടരും വാഹനത്തിലാണ് യാത്ര നയിക്കുക. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പോലുള്ള തീപ്പൊരി നേതാക്കൾ കണ്ണൂരിലാണ് യാത്രയുടെ ഭാഗമായത്. മാത്രമല്ല, ‘ചുവപ്പ് - ജിഹാദി ഭീകരതക്കെതിെര’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന ജനരക്ഷാ യാത്രയിൽ ബി.ജെ.പി ഉന്നയിക്കുന്ന മുഖ്യവിഷയം കണ്ണൂരിലെ സി.പി.എം അക്രമരാഷ്ട്രീയമാണ്. അങ്ങനെ എല്ലാംകൊണ്ടും കണ്ണൂർ കേന്ദ്ര വിഷയമാക്കി ഒരുക്കിയതാണ് ജനരക്ഷായാത്ര. എന്നാൽ, യാത്ര കണ്ണൂർ കടക്കുേമ്പാഴേക്ക് കഥ കഴിഞ്ഞ മട്ടാണ്.
അമിത് ഷാ രണ്ടു ദിവസം കണ്ണൂരിൽ കുമ്മനത്തിനൊപ്പം പദയാത്രയിൽ നടക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. പയ്യന്നൂരിൽ യാത്ര ഉദ്ഘാടനം ചെയ്ത അമിത് ഷാ ആദ്യദിനം പിലാത്തറ വരെ ഒമ്പത് കി.മീ നടക്കുകയും ചെയ്തു. എന്നാൽ, മമ്പറത്തുനിന്ന് പിണറായി വഴി തലശ്ശേരിയിലേക്ക് നടന്ന മൂന്നാംദിനം കുമ്മനത്തിനൊപ്പംകൂടാൻ അമിത് ഷാ എത്തിയില്ല. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പിറന്ന മണ്ണിൽ, സി.പി.എം സംസ്ഥാന ഘടകത്തിൽ ചോദ്യംചെയ്യപ്പെടാത്ത നേതാവ് മുഖ്യമന്ത്രി പിണറായി വിജയെൻറ സ്വന്തം നാട്ടിൽ സി.പി.എമ്മിനെ വെല്ലുവിളിച്ച് അമിത് ഷാ എത്തുന്നു എന്നതായിരുന്നു ജനരക്ഷാ യാത്രയുടെ ഹൈലൈറ്റ്. എന്നാൽ, അമിത് ഷാ ഇല്ലാതെയാണ് ജനരക്ഷായാത്ര പിണറായി കടന്നുപോയത്. അമിത് ഷാ മുങ്ങിയതോടെ കാറ്റുപോയ ബലൂൺ പോലെയായി യാത്രയെന്ന വിശേഷണം എതിരാളികളുടെ പരിഹാസം മാത്രമല്ല. ജനരക്ഷായാത്രയുടെ ഇപ്പോഴത്തെ നിലകൂടിയാണ്.
കേന്ദ്രത്തിൽ നരേന്ദ്ര മോദി, പ്രമുഖ സംസ്ഥാനങ്ങളിൽ മിക്കതിലും ബി.ജെ.പി മുഖ്യമന്ത്രിമാർ. അങ്ങനെ രാജ്യം കൈയിലൊതുക്കിയ ബി.ജെ.പിയെ ഏറക്കുറെ ഒറ്റക്ക് നിയന്ത്രിക്കുന്ന വ്യക്തിയാണ് അമിത് ഷാ. ഇന്ന് രാജ്യത്തെ ഏറ്റവും പവർഫുൾ രാഷ്ട്രീയക്കാരൻ. അങ്ങനെയൊരാൾ കേരളത്തിൽ പദയാത്രക്ക് രണ്ടു ദിനം നീക്കിവെച്ചത് ഒന്നും കാണാതെയല്ലെന്ന് ഉറപ്പ്. ആഴ്ചകൾ മുേന്ന തയാറാക്കുന്ന പരിപാടി പൊടുന്നനെ വേണ്ടെന്നുവെച്ചതിനു പിന്നിൽ കുമ്മനം വിശദീകരിച്ചതുപോലെ ജി.എസ്.ടി സംബന്ധിച്ച് ചർച്ചക്ക് പ്രധാനമന്ത്രി വിളിച്ച ഒരു യോഗത്തിനു വേണ്ടിയല്ലെന്ന് അതിലേറെ ഉറപ്പ്. പയ്യന്നൂരിൽ യാത്ര തുടങ്ങിയതു മുതലുള്ള സംഭവവികാസങ്ങൾ വിശകലനം ചെയ്യുേമ്പാൾ കാര്യങ്ങൾ വ്യക്തമാണ്. ജിഹാദി - ചുവപ്പ് ഭീകരത എന്ന പ്രയോഗത്തിൽ തന്നെ ബി.ജെ.പിക്ക് പിഴച്ചു. കേരളത്തിൽനിന്ന് ഏതാനൂം പേർ സിറിയയിൽ പോയി എന്നതാണ് കേരളത്തെ ജിഹാദികളുടെ നാടായി മുദ്രകുത്താൻ ബി.ജെ.പി പറയുന്നത്.
ജനസംഖ്യയിൽ 26 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളിൽ സിറിയയിലേക്ക് പോയത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. െഎ.എസ് അല്ല ഇസ്ലാം എന്നത് കേരളത്തിലെ മുസ്ലിംകളുടെ ഉറച്ച നിലപാടാണ്. മുസ്ലിം സംഘടനകളെല്ലാം അക്കാര്യം വ്യക്തമാക്കി രംഗത്തുവന്നിട്ടുണ്ട്. സിറിയയിലേക്ക് പോയെന്ന് കരുതുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നത് അവരുടെ കുടുംബാംഗങ്ങൾ തന്നെയാണ് എന്നിരിക്കെ, കേരളം ജിഹാദികളുടെ ഭീഷണിയിലാണെന്ന വാദം മലയാളിക്ക് മുന്നിൽ വിലപ്പോവുന്ന ഒന്നല്ല. ‘ജിഹാദി’ പദപ്രയോഗത്തിലൂടെ മുസ്ലിം വിരോധം കത്തിച്ച് ഹിന്ദുധ്രുവീകരണമാണ് ആർ.എസ്.എസ് ലക്ഷ്യമെന്ന് ജനത്തിന് പകൽപോലെ വ്യക്തമാണ്. ചുവപ്പ് ഭീകരതയാണ് ജനരക്ഷായാത്രയുടെ മുദ്രാവാക്യത്തിലെ മുഖ്യഭാഗം. കേരളത്തിൽ 120ലേറെ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരെ സി.പി.എമ്മുകാർ വകവരുത്തിയെന്നും അതിൽ 84ഉം കണ്ണൂരിലാണെന്നതുമാണ് ബി.ജെ.പി ഉയർത്തിക്കാട്ടുന്ന ചുവപ്പു ഭീകരത. അതുനേരാണ്- ആർ.എസ്.എസുകാർ സി.പി.എമ്മിെൻറ കൊലക്കത്തിക്ക് ഇരയാകുന്നത്. ആർ.എസ്.എസുകാരുടെ കൊലക്കത്തിക്ക് സി.പി.എമ്മുകാരും ഇരയാകുന്നുണ്ട്.
ജനരക്ഷായാത്ര പിണറായി വഴി പോകുേമ്പാൾ അമിത് ഷാക്ക് കാണാനായി ആർ.എസ്.എസുകാരാൽ കൊല്ലപ്പെട്ടവരുടെ പേരും പടവും ഇംഗ്ലീഷിൽ എഴുതിയ ബോർഡുകൾ സി.പി.എമ്മുകാർ വഴിയിലുടനീളം സ്ഥാപിച്ചിരുന്നു. കേന്ദ്രമന്ത്രിമാർ മാർച്ച് നയിച്ച സി.പി.എമ്മിെൻറ കേന്ദ്ര ഒാഫിസിന് മുന്നിലുമുണ്ട് ഇതേ പോസ്റ്ററുകൾ. കണ്ണൂരിെൻറ കലാപ രാഷ്ട്രീയം പതിറ്റാണ്ടുകളുടെ തുടർച്ചയാണ്. കണ്ണൂരിനെ കലാപരാഷ്ട്രീയത്തിെൻറ ഇടമാക്കി മാറ്റിയത്തി
െൻറ ചോരക്കറ സി.പി.എമ്മിനും ആർ.എസ്.എസിനും കോൺഗ്രസിനും ഒരുപോലെ അവകാശപ്പെട്ടതാണ്. ചത്തും കൊന്നുമുള്ള രാഷ്ട്രീയ യുദ്ധം ഇപ്പോൾ സി.പി.എമ്മും ആർ.എസ്.എസും തമ്മിലാണ്. അതിെന ചുവപ്പുഭീകരത എന്നുവിളിക്കാമെങ്കിൽ കാവിഭീകരത എന്നും വിളിക്കാം. പാർട്ടി ഗ്രാമങ്ങളിൽ മറ്റുള്ളവർക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതിൽ സി.പി.എമ്മിനോളം തന്നെ അസഹിഷ്ണുക്കളാണ് ആർ.എസ്.എസും. ചോരമണമുള്ള കൈകളുയർത്തി ഇതാ ചുവപ്പു ഭീകരർ ഞങ്ങളെ കൊന്നൊടുക്കുന്നുവെന്ന് നിലവിളിക്കുേമ്പാൾ അതും മലയാളിക്ക് മുന്നിൽ വിലപ്പോവില്ല.
അമിത് ഷായുടെ സാന്നിധ്യമുണ്ടായിട്ടും പയ്യന്നൂരിലെ പദയാത്ര വലിയ ജനക്കൂട്ടമായി മാറാതെ പോയത് അതുകൊണ്ടാണ്. 25,000 പേരെ പെങ്കടുപ്പിക്കുമെന്ന് അവകാശപ്പെട്ട ബി.ജെ.പിക്ക് അതിെൻറ പകുതിയിലും താഴെ പേരെ മാത്രമാണ് പയ്യന്നൂരിൽ എത്തിക്കാനായത്. രണ്ടാംദിന പദയാത്രയിൽ സംഘ്പരിവാരത്തിെൻറ പുതിയ തീപ്പൊരി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉണ്ടായിട്ടും അംഗബലം 5000 കടന്നില്ല. അമിത് ഷാ എത്താനിരുന്ന പിണറായി വഴി യാത്ര കടന്നുപോകുേമ്പാഴും ഇതുതന്നെയായിരുന്നു അവസ്ഥ. ഉത്തരേന്ത്യൻ നഗരങ്ങളിൽ വൻജനക്കൂട്ടത്തിന് മുന്നിൽ മാത്രം സംസാരിക്കാറുള്ള അമിത് ഷാ കേരളത്തിലെ തണുപ്പൻ പ്രതികരണത്തിൽ അതൃപ്തനായത് സ്വാഭാവികം. അമിത് ഷാ പിന്മാറിയതിെൻറ നിരാശയിൽ ജില്ലയിലെ സമാപന ദിനമായ വെള്ളിയാഴ്ച അത്രപോലുമുണ്ടായില്ല ആൾകൂട്ടം. മലയാളികളുടെ രാഷ്ട്രീയ ബോധത്തിന് നിരക്കാത്ത മുദ്രാവാക്യം കേരളത്തിന് അപമാനകരമെന്ന നിലയിലേക്ക് ചർച്ചയായപ്പോൾ ജനരക്ഷായാത്ര ആൻറി ക്ലൈമാക്സിലേക്കാണ് മുന്നേറുന്നത്.
തമ്മിൽതല്ലിൽ മുഴുകി, മെഡിക്കൽ കോഴയിൽ മുഖം നഷ്ടപ്പെട്ട സംസ്ഥാന നേതാക്കളെ മാറ്റിനിർത്തി, കേരളത്തിൽ ബി.ജെ.പി വളർത്താനുള്ള ദൗത്യം അമിത് ഷാ സ്വയം ഏറ്റെടുത്തതിെൻറ പ്രഖ്യാപനമായിരുന്നു ജനരക്ഷായാത്ര. വിശദാംശങ്ങളടക്കം എല്ലാം ഡൽഹിയിൽനിന്ന് തീരുമാനിച്ച് തയാറാക്കിയ തിരക്കഥയനുസരിച്ചാണ് ജനരക്ഷായാത്ര മുന്നേറുന്നത്. എന്നാൽ, ഉത്തരേന്ത്യയിൽ അദ്ഭുതം കാണിച്ച അമിത് ഷാക്ക് കേരളത്തിൽ തുടക്കം പിഴച്ചുവെന്നാണ് ജനരക്ഷായാത്ര വിളിച്ചുപറയുന്നത്. കേരളത്തിൽ താമര വിരിയിക്കുക തന്നെ ചെയ്യുമെന്ന അമിത് ഷായുടെ പ്രഖ്യാപനം പുലരാൻ ഉത്തരേന്ത്യൻ അടവും തൊഴിയും മതിയാകില്ലെന്നതാണ് ജനരക്ഷായാത്ര സംഘ്പരിവാറിന് മുന്നിൽവെക്കുന്ന പാഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.