പാതിരാ കോടതിക്കിെട പടിയിറങ്ങിയ ന്യായാധിപൻ
text_fieldsകർണാടകയിലെ വിശ്വാസ വോെട്ടടുപ്പുമായി ബന്ധപ്പെട്ട അവസാന ഹരജി കേൾക്കാൻ പതിവ് തെറ്റിച്ച് ശനിയാഴ്ച സുപ്രീംകോടതി തുറന്ന് വാദമൊക്കെ േകട്ട് കേസ് തീർപ്പാക്കിയ ശേഷം ‘‘ഇനി പോയി അവധി ദിനം ആസ്വദിക്കൂ’’ എന്ന് മൂന്നംഗ ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് എ.കെ. സിക്രി അഭിഭാഷകേരാടായി പറഞ്ഞപ്പോൾ ‘‘ഞായറാഴ്ചയും ഞങ്ങളെ വരുത്തുന്ന പണി ചെയ്യരുതെന്ന് അവരോട് പറയൂ’’ എന്നായിരുന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബലിെൻറ മറുപടി. നരേന്ദ്ര മോദി സർക്കാറിനും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും വേണ്ടി പതിവായി സുപ്രീംകോടതിയിൽ ഇറങ്ങാറുള്ള മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗി, അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, അഡീഷനൽ സോളിസിറ്റർ ജനറൽമാരായ തുഷാർ മേത്ത, മനീന്ദർ സിങ് എന്നിവരെ നോക്കിയായിരുന്നു കപിൽ സിബലിെൻറ ഇൗ മറുപടി. പോകാനെഴുന്നേറ്റ മൂന്ന് ജഡ്ജിമാരോടും ശനിയാഴ്ച അവധി ദിനത്തിൽ വിളിച്ചുവരുത്തിയതിന് സിബൽ ക്ഷമ ചോദിക്കുകയും ചെയ്തു. പാതിരാത്രി സുപ്രീംകോടതി തുറന്ന് വാദം കേട്ട് തീർപ്പാക്കിയ വിഷയവുമായി ബന്ധപ്പെട്ടാണ് 72 മണിക്കൂർ തികയുന്നതിനു മുമ്പ് ഒരു അവധി ദിനത്തിൽകൂടി സുപ്രീംകോടതിക്ക് തുറന്നു പ്രവർത്തിക്കേണ്ടി വന്നത്.
ജനാധിപത്യ രാജ്യത്ത് അസാധാരണമായി തോന്നുന്നതെല്ലാം ഒരു ഫാഷിസ്റ്റ് രാജ്യത്ത് സാധാരണമായി തോന്നുകയും ജനം ക്രമേണ അതിനോട് പൊരുത്തപ്പെട്ട് ഒടുവിലത് സംവിധാനത്തിെൻറത്തന്നെ ഭാഗമായി തീരുകയും ചെയ്യുന്നതിെൻറ ഏറ്റവും മികച്ച ഉദാഹരണമാണിന്ന് സുപ്രീംകോടതി. നീതിക്കായി പാതിരാക്ക് പരമോന്നത കോടതിയുടെ വാതിലുകൾ മുട്ടിത്തുറക്കുകയെന്നത് അത്യസാധാരണ നടപടിയാണ് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് എന്നത് പഴയ വിശ്വാസമാണിന്ന്. ഇന്ത്യ ജനാധിപത്യരാജ്യമാണെങ്കിലും ഭരണവർഗം ഫാഷിസ്റ്റ് സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയതോടെ പാതിരാക്കും അവധി ദിനത്തിലും പരമോന്നത കോടതി തുറന്നിരിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. കർണാടകയിലെ വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട് ആറാം നമ്പർ കോടതിയിൽനിന്ന് പുറത്തുവരുന്ന വാർത്തകളുടെ ബഹളങ്ങൾക്കിടയിൽ കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലായി ഒന്നും രണ്ടും കോടതികളിൽ ഒരു യാത്രയയപ്പ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. രാജ്യത്ത് നിലനിൽക്കുന്ന ഇൗ സാഹചര്യത്തെക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് സുപ്രീംകോടതി നിർത്തിവെച്ച് ഇറങ്ങിവന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ജസ്റ്റിസ് ജെ. ചെലമേശ്വറിേൻറതായിരുന്നു ആ യാത്രയയപ്പ്. ആരവങ്ങളൊട്ടുമില്ലാതിരുന്നിട്ടും ഹൃദയംഗമമായ യാത്രയയപ്പ്.
ആരവങ്ങളില്ലാതെ ഒരു പടിയിറക്കം
ശരിക്കും ജൂൺ 22ന് വിരമിക്കേണ്ടിയിരുന്ന ചെലമേശ്വറിന് കോടതി വേനലവധിക്ക് അടക്കുന്ന കാരണംകൊണ്ടാണ് നേരത്തേ യാത്രയയപ്പ് നൽകിയത്. ജസ്റ്റിസ് ചെലമേശ്വർ സുപ്രീംകോടതിയിലെ അവസാന കാലയളവ് ചെലവിട്ട രണ്ടാം നമ്പർ കോടതിയിലെ അവസാന പ്രവൃത്തിദിവസമായ വ്യാഴാഴ്ച കേസുകളവസാനിപ്പിച്ച ശേഷം ആദ്യംതന്നെ നന്ദിവാക്കുകളുമായി എഴുന്നേറ്റത് വയോധികനായ നിയമജ്ഞനും മുൻ നിയമമന്ത്രിയുമായ ശാന്തിഭൂഷണായിരുന്നു. ജസ്റ്റിസ് ചെലമേശ്വറിെൻറ കോടതി നടപടികൾ നീതിയും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതായിരുന്നുവെന്ന് ശാന്തി ഭൂഷൺ പറഞ്ഞു. സുപ്രീംകോടതിയുടെ ചുമരിൽ തൂക്കിയിടാനുള്ളതാണ് ജസ്റ്റിസ് ചെലമേശ്വറിെൻറ ഛായാചിത്രമെന്ന് പറഞ്ഞ് ശാന്തിഭൂഷൺ വികാരഭരിതനായി. രണ്ടാം നമ്പർ കോടതിയിൽ തുങ്ങിക്കിടക്കുന്ന ജസ്റ്റിസ് ഖന്നയുടെ ചിത്രത്തോടൊപ്പം ജസ്റ്റിസ് ചെലമേശ്വറിെൻറ ഛായാചിത്രവും തൂങ്ങുമെന്ന ആശയും പ്രതീക്ഷയും പ്രാർഥനയും തനിക്കുണ്ടെന്നും ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.
ജനുവരി 12ന് മൂന്ന് സഹപ്രവർത്തകരെ കൂട്ടി വാർത്തസമ്മേളനം വിളിച്ച് ജനാധിപത്യം അപകടത്തിലാണെന്ന സത്യം വിളിച്ചുപറഞ്ഞതിൽ പിന്നെ സുപ്രീംകോടതിയിലെ സുപ്രധാന കേസുകളിലും ബെഞ്ചുകളിലും തന്നെയിരുത്താതെ പകരം വീട്ടിയ ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലിരിക്കുക എന്ന ചടങ്ങിനും ജസ്റ്റിസ് ചെലമേശ്വർ ഇരുന്നുകൊടുത്തു. ചടങ്ങിന് മാത്രമായി ജസ്റ്റിസ് ചെലമേശ്വറിനായി അന്നത്തെ ദിവസം മാറ്റിവെച്ച ചീഫ് ജസ്റ്റിസ് പരിഗണിക്കാനായി ഒരു ഡസൻ കേസ് പോലും പട്ടികയിലുൾപ്പെടുത്തിയിരുന്നില്ല.
മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, രാജീവ് ദത്ത, ഗോപാൽ ശങ്കരനാരായണൻ തുടങ്ങി വിരലിലെണ്ണാവുന്നവരാണ് ഒന്നാം നമ്പർ കോടതിയിൽ ജസ്റ്റിസ് ചെലമേശ്വറിന് നന്ദിവാക്കുകൾ ചൊരിഞ്ഞത്. അഭിഭാഷക സമൂഹത്തിനു വേണ്ടി താങ്കൾക്ക് മുന്നിൽ വന്നത് ആദരവും ആനന്ദവുമായി താൻ കാണുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ പ്രശാന്ത് ഭൂഷൺ ജനാധിപത്യത്തിനും രാജ്യത്തിനും താങ്കൾ നൽകിയ സംഭാവന വരുംതലമുറ ഒാർമിക്കുമെന്ന് കൂട്ടിച്ചേർത്തു.
വേറിട്ട വഴിയിലൂടെ നടന്ന ന്യായാധിപൻ
അബ്ദുന്നാസിർ മഅ്ദനിയുടെ ജാമ്യാപേക്ഷ തൊേട്ട നീതിയുടെ കാര്യത്തിൽ ജസ്റ്റിസ് ചെലമേശ്വർ സുപ്രീംകോടതിയിൽ സ്വീകരിച്ച ധീരമായ തീരുമാനങ്ങൾക്ക് പലപ്പോഴും ദൃക്സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ദേശീയ ന്യായാധിപ നിയമന കമീഷൻ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ബെഞ്ചിലെ മറ്റു നാല് അംഗങ്ങളിൽനിന്ന് വ്യത്യസ്തമായ നിലപാടെടുത്തു ചെലമേശ്വർ. അന്നത്തെ വിയോജനത്തിലൊതുക്കാതെ കൊളീജിയത്തിലെ കൊള്ളരുതായ്മകൾക്കെതിെര നിരന്തരം കലഹിച്ചുകൊണ്ടിരുന്നു.
മഅ്ദനിയെ അറസ്റ്റ് ചെയ്യും മുമ്പുള്ള മുൻകൂർ ജാമ്യാപേക്ഷയും അറസ്റ്റ് ചെയ്ത ശേഷം സമർപ്പിച്ച നിരവധി ജാമ്യാപേക്ഷകളും കേൾക്കാൻ പോലും കൂട്ടാക്കാതെ സുപ്രീംകോടതി തള്ളിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ജസ്റ്റിസ് ചെലമേശ്വർ മുമ്പാകെ അത് വരുന്നത്. കർണാടക പൊലീസ് കൊണ്ടുവരുന്ന എന്ത് വാറോലയും രഹസ്യരേഖകളെന്ന മട്ടിൽ സ്വീകരിച്ച് മഅ്ദനിയുടെ ജാമ്യാപേക്ഷ ഏകപക്ഷീയമായി നിരാകരിച്ചുകൊണ്ടിരുന്ന മുൻ ജഡ്ജിമാരുടെ സമീപനം ജസ്റ്റിസ് ചെലമേശ്വർ തിരുത്തി. അതിനു പകരം മഅ്ദനിയുടെ ചികിത്സരേഖകൾ സൂക്ഷ്മമായി പരിശോധിക്കുകയും പൊലീസ് രേഖകൾ സത്യസന്ധമായി വിലയിരുത്തുകയും ചെയ്തു. തടവിലായി മൂന്നു വർഷം കഴിഞ്ഞ് മഅ്ദനിക്ക് ജാമ്യം ലഭിക്കുന്നത് അങ്ങനെയാണ്.
െഎ.ടി ആക്ടിലെ വിവാദമായ 66 എ വകുപ്പിനെതിരെ കേരള ഹൈകോടതി അഭിഭാഷകനായ അഡ്വ. അനൂപ് കുമാരൻ അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിൽ മാനുഷിക പക്ഷത്തുനിന്ന് അനുകൂലമായി പുറപ്പെടുവിച്ച വിധി സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുടെ പേരിൽ അരങ്ങേറിയ പൊലീസ് വേട്ടക്ക് ഒരുപരിധി വരെ അറുതിവരുത്തി. ഭരണഘടനയുടെ 19ാം അനുച്ഛേദം വകവെച്ചുതരുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ലംഘനമാണെന്ന് ജസ്റ്റിസ് രോഹിങ്ടൺ നരിമാനുെമാന്നിച്ച് പുറപ്പെടുവിച്ച വിധിയിൽ ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുയർന്ന പ്രസാദ് മെഡിക്കൽ എജുക്കേഷൻ ട്രസ്റ്റ് കേസിൽ ആരെയും ഭയക്കാതെ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് ചീഫ് ജസ്റ്റിസിെൻറ ഏകപക്ഷീയമായ നിലപാടുകൾക്കും അതേ തുടർന്നുണ്ടായ ജഡ്ജിമാരുടെ വാർത്തസമ്മേളനത്തിനും വഴിവെച്ചത് ഇൗ കേസായിരുന്നു.
ബാർ അസോസിയേഷെൻറ യാത്രയയപ്പ് നിരസിച്ച ജസ്റ്റിസ് ചെലമേശ്വർ അഭിഭാഷകരുടെ കൂട്ടായ്മ നൽകിയ യാത്രയയപ്പിൽ പെങ്കടുത്തുകൊണ്ട് വേറിട്ട വഴിയിലൂടെ താൻ മുന്നോട്ടുപോകുമെന്നു തന്നെയാണ് ജസ്റ്റിസ് ചെലമേശ്വർ ആവർത്തിച്ചത്. ജഡ്ജിമാരുടെ വാർത്തസമ്മേളനങ്ങളിൽ അസാംഗത്യമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘അന്നത്തെ വാർത്തസമ്മേളനത്തിനു ശേഷം മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ, ജഡ്ജിമാർ, ഹൈകോടതി ചീഫ് ജസ്റ്റിസുമാർ എന്നിവരെല്ലാം വിളിച്ച് തന്നോട് ഏറെ ആദരവുണ്ടെന്ന് അറിയിച്ചപ്പോൾ അവരോട് ഞാൻ പറഞ്ഞു, എങ്കിൽ നിങ്ങളും ഇക്കാര്യങ്ങൾ പറയൂ എന്ന്.
എന്നാൽ, അതിനവർ തയാറല്ലായിരുന്നു. എതിരഭിപ്രായമുള്ളവരുണ്ടാകും. അതിലൊരു പ്രശ്നവുമില്ല. ആ എതിരഭിപ്രായവും തുറന്നുപറയുകയാണ് വേണ്ടത്’’. ആത്മ പ്രശംസയിലും മുഖസ്തുതിയിലും അഭിരമിക്കുകയല്ല, ജനാധിപത്യത്തിനായി നിരന്തരം ശബ്ദിച്ചുകൊണ്ടേയിരിക്കുകയാണ് ചെയ്യേണ്ടത് എന്ന് ഒടുവിൽ കിട്ടിയ അവസരത്തിലും നമ്മെ ഒാർമപ്പെടുത്തുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.