ജയറാം രമേശിന്റെ ചോദ്യങ്ങൾ; കമീഷന്റെ ഉത്തരങ്ങൾ
text_fieldsഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനെ കണ്ടിരുന്നു. ഇതിനുപുറമെ കോൺഗ്രസ് നേതാവ് ജയറാം രമേശ് ഡിസംബർ 30ന് കമീഷന് പ്രത്യേകം കത്ത് നൽകുകയും ചെയ്തു. ഈ ചോദ്യങ്ങൾക്ക് ജനുവരി അഞ്ചിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ മറുപടി.
- മറ്റേതൊരു ഇലക്ട്രോണിക് യന്ത്രത്തെയും പോലെ ഇ.വി.എമ്മിന്റെ പ്രവർത്തനവും തെറ്റിപ്പോകാമെന്ന് കമീഷൻ വെബ്സൈറ്റിൽതന്നെ പറയുന്നുണ്ടല്ലൊ? ഹാക്കിങ് പോലെയുള്ള അട്ടിമറിയിൽനിന്ന് ഇ.വി.എം സുരക്ഷിതമാകുമെന്ന് പറയാനാകുമോ?
കമീഷൻ വെബ്സൈറ്റിനെ തെറ്റായ രീതിയിലാണ് ഉദ്ധരിച്ചിരിക്കുന്നത്. മറ്റേതൊരു യന്ത്രത്തെപ്പോലെയും ഇ.വി.എമ്മിനും കേടുപാടുകൾ സംഭവിക്കാം. പക്ഷേ, അത്തരം മെഷീനുകൾ ഏതെങ്കിലും സ്ഥാനാർഥിക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നിരവധി സുരക്ഷാ ക്രമീകരണങ്ങൾ കമീഷനുണ്ട്.
- ഇ.വി.എമ്മിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്പുകളും മൈക്രോകൺട്രോളറുകളും കൃത്രിമത്വം തടയുന്നതിന് പര്യാപ്തമാണോ?
ഇ.വി.എമ്മിലെ അൺ ഓഥറൈസ്ഡ് ആക്സസ് ഡിറ്റക്ഷൻ മൊഡ്യൂളിലാണ് മൈക്രോകൺട്രോളർ ഘടിപ്പിച്ചിരിക്കുന്നത്. യന്ത്രത്തിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വത്തിന് ആരെങ്കിലും ശ്രമിച്ചാൽ അത് ഉടൻ തിരിച്ചറിയാനാകും. തുടർന്ന്, യന്ത്രത്തിന്റെ പ്രവർത്തനം തന്നെ നിലയ്ക്കും. അങ്ങനെ വരുമ്പോൾ അത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിയില്ല. പിന്നീട് ഫാക്ടറിയിൽനിന്നു മാത്രമേ അത് നന്നാക്കിയെടുക്കാനാവൂ.
- ഇ.വി.എമ്മിൽ തന്റെ വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാൻ വോട്ടർക്ക് കഴിയുമോ?
വിവിപാറ്റ് ആവിഷ്കരിച്ചതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ സമ്മതിദായകന്റെ ഈ അവകാശം സംരക്ഷിക്കുന്നതിനാണ്.
- വോട്ടിങ്ങിന്റെ ആദ്യവസാനം വരെയുള്ള കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ഒരു സംവിധാനത്തിന്റെ അഭാവത്തിൽ ഇ.വി.എം സുരക്ഷിതമെന്ന് എങ്ങനെ പറയാനാകും? സോഫ്റ്റ് വെയർ ഉപയോഗിച്ചോ ചിപ്പ് ഘടിപ്പിച്ചോ ഒരാൾ നിയമവിരുദ്ധമായ പ്രവർത്തനം നടത്തിയാൽ അത് തടയുന്നതിനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കമീഷൻ വെബ്സൈറ്റിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇ.വി.എം മാനുവൽ, പവർ പോയിന്റ് പ്രസന്റേഷൻ, സ്റ്റാറ്റസ് പേപ്പർ എന്നിവ പരിശോധിക്കുക.
- ഏഴ് സെക്കൻഡ് മാത്രം ‘ആയുസ്സുള്ള’ വിവിപാറ്റ്, വോട്ട് കൃത്യതക്കുള്ള മാനദണ്ഡമായി സ്വീകരിക്കാനാകുമോ?
നേരത്തെ, ഇത് അഞ്ച് സെക്കൻഡ് ആയിരുന്നു; കഴിഞ്ഞ മേയിൽ നടന്ന സർവകക്ഷിയോഗത്തിൽ കമീഷനു മുന്നിൽ വന്ന നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് വിവിപാറ്റ് വിൻഡോയിൽ വോട്ട് തെളിയുന്നതിനുള്ള സമയം ഏഴ് സെക്കൻഡ് ആക്കി ഉയർത്തിയത്. കൊൽക്കത്ത ഹൈകോടതിയിൽ ഇതുസംബന്ധിച്ച് വന്ന ഹരജിയിൽ വിധി പറഞ്ഞതും ഏഴ് സെക്കൻഡിൽ കൂടുതൽ സമയം ആവശ്യമില്ല എന്നാണ്.
- എന്തുകൊണ്ട് എല്ലാ വിവിപാറ്റും എണ്ണുന്നില്ല?
ഈ ചോദ്യത്തിനുള്ള ഉത്തരം കമീഷൻ വെബ്സൈറ്റിൽ വിശദമാക്കിയിട്ടുണ്ട്. മുഴുവൻ വിവിപാറ്റും എണ്ണേണ്ടതില്ലെന്ന 2019ലെ സുപ്രീംകോടതി വിധിയാണ് വെബ്സൈറ്റിൽ വിശദീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമീഷന്റെ അവകാശവാദങ്ങൾ
- ഇ.വി.എം സുരക്ഷിതത്വത്തെക്കുറിച്ച് പലപ്പോഴും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാചാലമാവാറുണ്ട്. സംശയമുണ്ടെങ്കിൽ കമീഷന്റെ വെബ്സൈറ്റിലെ ‘സംശയനിവാരണ’ പേജിൽ കുറിച്ചിട്ടുള്ള അവകാശവാദങ്ങൾ ശ്രദ്ധിക്കുക: ‘‘ഇ.വി.എം സുരക്ഷിതത്വത്തിൽ കമീഷന് ഒരു സംശയവുമില്ല. അതിന്റെ ത്രിതല പ്രതിരോധ സംവിധാനം അത്രമേൽ മെച്ചപ്പെട്ടതും സുതാര്യവുമാണ്’’.
- ഇ.വി.എം ഹാക്ക് ചെയ്യപ്പെടാൻ ഒരിക്കലും സാധ്യതയില്ല. അത് കാൽകുലേറ്റർ പോലെയുള്ള ഒരു സ്വതന്ത്ര ഉപകരണമാണ്. അതുകൊണ്ട് മറ്റൊരു ഉപകരണത്തിനോ സോഫ്റ്റ്വെയറിനോ ഇ.വി.എമ്മിനുള്ളിൽ കടക്കാനാവില്ല.
- പല ഘട്ടങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് ഓരോ ഇ.വി.എമ്മും ബൂത്തുകളിൽ എത്തുന്നത്. ഒരു ഇ.വി.എം ഏത് മണ്ഡലത്തിൽ ഏത് ബൂത്തിൽ ഉപയോഗിക്കുന്നുവെന്ന് ആർക്കും മുൻകൂട്ടി അറിയാൻ സാധിക്കാത്ത വിധമാണ് അതിന്റെ വിതരണം. മാത്രവുമല്ല, വോട്ടിങ് മെഷീൻ യൂനിറ്റിന്റെ വിതരണം തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലുമാണ്.
- ബാലറ്റ് യൂനിറ്റിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിപ്പിക്കുന്നത് അക്ഷരമാല ക്രമത്തിലും പാർട്ടികളുടെ സംസ്ഥാന, ദേശീയ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലുമാണ്. സ്ഥാനാർഥികളുടെ പേരുക്രമം മുൻകൂട്ടി അറിയാൻ കഴിയില്ല. തെരഞ്ഞെടുപ്പ് തീയതിക്ക് രണ്ടാഴ്ച മുമ്പ് മാത്രമാണ് സ്ഥാനാർഥിയുടെ പേരും ചിഹ്നവുമെല്ലാം പതിപ്പിക്കുന്നത്. അതിനു മുമ്പുതന്നെ, സോഫ്റ്റ്വെയർ സംബന്ധമായ അപ്ഡേഷൻ നടന്നിട്ടുണ്ടാകും.
- മൂന്നു ഘട്ടങ്ങളിലായി വിവിധ സ്ഥലങ്ങളിൽ മോക് പോൾ നടത്തുന്നതിനാൽ ഒരുതരത്തിലും അട്ടിമറി സാധ്യമല്ല. സ്ഥാനാർഥി നിർണയത്തിന് മുന്നേ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് അഞ്ചു ശതമാനം വോട്ട് ചെയ്ത് ടെസ്റ്റ് ചെയ്യുകയും ഇ.വി.എമ്മിന്റെ പ്രവർത്തനക്ഷമതയും സ്വതന്ത്രതയും ഉറപ്പ് വരുത്താറുണ്ട്. സ്ഥാനാർഥി നിർണയത്തിന് ശേഷം സ്ഥാനാർഥികളുടെ പേരും ചിഹ്നവും പതിപ്പിച്ച് വീണ്ടും പരീക്ഷണം ആവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് ദിവസം പോളിങ് ആരംഭിക്കുന്നതിന് മുമ്പ്, ബൂത്ത് ഏജന്റുമാരെക്കൊണ്ട് 50 വീതം വോട്ട് ചെയ്യിക്കുകയും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യും.
- പോളിങ്ങിനുശേഷം, ഓരോ വോട്ടുയന്ത്രവും സുരക്ഷ ഉദ്യോഗസ്ഥരുടെ വിപുലമായ സുരക്ഷാവലയത്തിലാണ് സൂക്ഷിക്കുക; മെഷീന്റെ ചലനം ജി.പി.എസ് വഴി കമീഷൻ നേരിട്ട് നിരീക്ഷിക്കുകയും ചെയ്യും.
സോഴ്സ് കോഡ്
ഇ.വി.എം എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ നിർദേശങ്ങളാണ് സോഴ്സ് കോഡുകളെന്ന് പറയാം. തലച്ചോർ എന്നുവേണമെങ്കിൽ സോഴ്സ് കോഡിനെ വിശേഷിപ്പിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമർമാരാണ് ഇത് വികസിപ്പിക്കുക.
ഇ.വി.എം സോഫ്റ്റ് വെയർ നിർമാണത്തിന്റെ ചുമതല (സോഴ്സ് കോഡ് വികസിപ്പിക്കുന്നതിന്റെയും) ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിനും (ബെൽ) ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനുമാണ് (ഇ.സി.ഐ). ഈ രണ്ട് സ്ഥാപനങ്ങളും തെരഞ്ഞെടുപ്പ് കമീഷന്റെ കീഴിലല്ല; ആദ്യത്തേത് പ്രതിരോധ മന്ത്രാലയത്തിന് കീഴിലും രണ്ടാമത്തേത് ആണവോർജ വിഭാഗത്തിന്റെ നിയന്ത്രണത്തിലുമാണ്.
ഒരിക്കൽ ഇവർ വികസിപ്പിച്ച സോഫ്റ്റ് വെയർ ടെസ്റ്റ് ചെയ്ത് കൃത്യമാണെന്ന് ഉറപ്പുവരുത്തുക കമീഷനു കീഴിലുള്ള ടെക്നിക്കൽ ഇവാലുവേഷൻ കമ്മിറ്റിയാണ് (ടി.ഇ.സി). ഇക്കാര്യം ഇ.വി.എം സ്റ്റാറ്റസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സോഴ്സ് കോഡ് ടി.ഇ.സിക്ക് കൈമാറുന്നതുസംബന്ധിച്ച് ഈ റിപ്പോർട്ട് മൗനം പാലിക്കുന്നു. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷന് ഇ.വി.എമ്മിന്റെ സോഴ്സ് കോഡ് ലഭ്യമല്ല.
നേരത്തെ, സോഴ്സ് കോഡ് കമീഷന് ലഭ്യമാക്കണമെന്ന് ഇതേ ടി.ഇ.സി ആവശ്യപ്പെട്ടതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അട്ടിമറി നടന്നിട്ടില്ലെന്നും നടക്കുന്നില്ലെന്നും ഉറപ്പുവരുത്താൻ സോഴ്സ് കോഡ് ടി.ഇ.സിക്ക് കൈമാറുന്നതാണ് നീതി. അതല്ലെങ്കിൽ, നിശ്ചിത ഇടവേളകളിൽ ഒരു മൂന്നാം കക്ഷിയെ പരിശോധിക്കാൻ അനുവദിക്കണം. ഇത് രണ്ടുമിപ്പോൾ നടക്കുന്നില്ല. ചുരുക്കത്തിൽ, ഇ.വി.എമ്മിന്റെ സുരക്ഷയെപ്പറ്റി വാചാലമാകുന്ന കമീഷന് മെഷീന്റെ ‘തലച്ചോറി’ൽ ഒരു നിയന്ത്രണവുമില്ലെന്ന് വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.