അസൂയക്കും മരുന്നുണ്ട്
text_fieldsസംസാരത്തിൽ എപ്പോഴും മറ്റുള്ളവരെ ഒരൽപം ഇകഴ്ത്തിപ്പറയൽ ഇത്തരക്കാരുടെ പൊതുസ്വഭാവമാണ്. അറുപതും എഴുപതും പിന്നിട്ട സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെല്ലാം പേരെടുത്ത പലരിലും ഈ മനോഭാവം ദൃശ്യമാണ്
രണ്ടായിരമാണ്ടിനുശേഷം ജനിച്ച കുട്ടികൾക്ക് നാം നൽകുന്ന ഒരു ഓമനപ്പേരുണ്ട്-ജനറേഷൻ ഇസെഡ്. ഈ തലമുറയെ അടുത്തുകാണാനും അനുഭവിക്കാനും ശ്രമിച്ചിട്ടുണ്ട്. എന്റെ മകൾ ഈ തലമുറയിലായതുകൊണ്ട് തന്നെ അത് എളുപ്പവുമായിരുന്നു. തങ്ങളുടേതായ ലോകവീക്ഷണവും ഭാവിയെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടും അവർ പൊതുവേ വെച്ചുപുലർത്തുന്നു.
അതിലുപരി, കൂട്ടായ്മയുടെ സൗന്ദര്യം ഈ പുതുതലമുറയിൽ സവിശേഷമായി ദർശിക്കാനാകും. എല്ലാ തരത്തിലുമുള്ള ഫാഷൻ ഭ്രമങ്ങൾക്കിടയിലും ഒരുമിച്ചുനിന്ന് പല നല്ല കാര്യങ്ങളും ചെയ്യാൻ അവർക്കാവുന്നു. സഹപാഠികൾ ഉൾപ്പെടെയുള്ള നിർധനർക്കുള്ള വീട് നിർമാണം, രോഗികളെ സഹായിക്കൽ, കിടപ്പുരോഗികൾക്കുള്ള സാന്ത്വനം, പ്രളയകാലത്തെയും മഹാമാരി കാലത്തെയും ഇടപെടൽ തുടങ്ങി സാമൂഹിക സേവന രംഗത്തും ജീവകാരുണ്യരംഗത്തും സക്രിയമായി ഇടപെട്ടുപോരുന്ന തലമുറയാണിത്.
അവർക്ക് അവരുടേതായ അഭിനിവേശങ്ങളുണ്ടാകാം. അതെല്ലാം സാധാരണ ജീവിതത്തിന്റെ ഭാഗമായാണ് അവർ കണക്കാക്കുന്നത്. ഒരു പരിധിവരെ അതെല്ലാം സമ്മതിച്ചുകൊടുക്കുക എന്നതാണ് കരണീയം. സ്വാർഥത നിറഞ്ഞ, സദാ മൊബൈലിൽ തലപൂഴ്ത്തിയിരിക്കുന്ന, അവനവനിലേക്ക് ഒതുങ്ങുന്ന പ്രകൃതക്കാരാണ് ഈ ‘ന്യൂ ജനറേഷൻ’ എന്ന മുതിർന്ന തലമുറയുടെ കാഴ്ചപ്പാട് എനിക്കെന്തായാലുമില്ല. അത്ര കാർക്കശ്യം അവരോടുള്ള സമീപനത്തിൽ വേണ്ടതില്ല എന്നാണ് എന്റെ പക്ഷം.
ഇത് പറയുമ്പോൾത്തന്നെ, ഈ തലമുറയിൽ അപൂർവമായെങ്കിലും കാണുന്ന അനാവശ്യമായ ഒരു പ്രവണതയെക്കുറിച്ച് കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു, വിശേഷിച്ച് മത്സരാധിഷ്ഠിത പുതുലോകക്രമത്തിൽ.
ജനറേഷൻ ഇസെഡിൽപെട്ട ഒരു കൂട്ടമാണ് ഇന്നത്തെ കഥാപാത്രങ്ങൾ. എല്ലാവരും ഒരുമിച്ച് പഠിച്ചവരാണ്. നന്നായി പഠിക്കുകയും സ്വദേശത്തും വിദേശത്തുമായി നല്ല നിലയിൽ എത്തുകയും ചെയ്തവർ. അവരിൽ രണ്ട് പേരെ പ്രത്യേകം ഓർക്കുന്നു. ഒരാൾ വിദേശത്ത് സ്വകാര്യ കമ്പനിയിൽ നല്ല പദവി വഹിക്കുന്നു.
മറ്റൊരാൾ നാട്ടിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. ഇതിൽ വിദേശത്ത് ജോലി ചെയ്യുന്ന സുഹൃത്ത് എപ്പോഴും വല്ലാത്തൊരു നഷ്ടബോധം പേറുന്നയാളാണ്. നാട്ടിലെ ഡോക്ടറായ സുഹൃത്തിനെക്കുറിച്ച് പറയുമ്പോഴെല്ലാം വാക്കുകളിൽ അസാധാരണമായ ഒരു പിശുക്ക് അദ്ദേഹം കാണിക്കാറുണ്ട്.
ഈ പിശുക്കിന്റെ മനഃശാസ്ത്ര ഉറവിടം തേടി തിരക്കുകൾക്കിടയിലും ഞാനൊരു യാത്ര നടത്തി. ആ യാത്ര ചെന്നെത്തിയത് വർഷങ്ങൾക്കുമുമ്പുള്ള ഒരു എൻട്രൻസ് പരീക്ഷ ഹാളിലാണ്. നമ്മുടെ നാട്ടിലെ ഏറ്റവും മത്സരാധിഷ്ഠിതമായ പരീക്ഷകളിൽ ഒന്നാണല്ലോ മെഡിക്കൽ എൻട്രൻസ് പരീക്ഷ. വളരെ കുറഞ്ഞ സീറ്റുകളിലേക്ക് കുറേയധികം പേർ മത്സരിക്കുന്ന പരീക്ഷ.
പരാമർശിക്കപ്പെട്ട ചങ്ങാതിമാർ ഇരുവരും ഒരുമിച്ച് എൻട്രൻസ് പരീക്ഷ എഴുതി. ഒരാൾ വിജയിക്കുകയും എം.ബി.ബി.എസിന് ചേർന്ന് ഡോക്ടറാവുകയും ചെയ്തു. രണ്ടാമത്തെയാൾക്ക് ആ കടമ്പ കടക്കാനായില്ല. പക്ഷേ, കഴിവിലും സാമർഥ്യത്തിലും ഒട്ടും പിന്നിലല്ലാത്ത ആ കക്ഷിയും ഉയർന്ന നിലയിൽ എത്തി.
എന്നാൽ, സ്വന്തം കഴിവിലും നൈപുണിയിലും തൃപ്തിവരാതെ, അപരന്റെ പ്രതിഭയിലും പദവികളിലും വേപഥുകൊള്ളുന്ന മനസ്സിനുടമയായിരുന്നു അദ്ദേഹം. ഡോക്ടർ സുഹൃത്തിനെക്കുറിച്ച ചർച്ച വരുമ്പോൾ ‘‘അത് വലിയ കാര്യമൊന്നുമല്ല, അന്ന് എന്നേക്കാൾ വെറും രണ്ട് മാർക്ക് മാത്രമാണ് അവന് കൂടുതൽ ലഭിച്ചത്.’’ എന്നാണ് അദ്ദേഹം പറയുക. ഒരോ വാചകത്തിലും ഒരാളെയെങ്കിലും ഇകഴ്ത്തിക്കാണിക്കുകയും ചെയ്യും!
നാട്ടിലുള്ള സുഹൃത്തിന്റെ മനോഭാവം നേരെ മറിച്ചായിരുന്നു. വിദേശത്തുള്ള സുഹൃത്തിനെക്കുറിച്ച് അഭിമാനത്തോടെയാണ് അവൻ സംസാരിക്കാറുള്ളത്. ‘‘അവൻ ഉന്നത നിലയിലെത്തി. അത്രയൊന്നും ഉയരത്തിൽ എത്താൻ സാധിച്ചില്ലെങ്കിലും ഇപ്പോഴുള്ള അനുഗ്രഹത്തിൽ ഞാൻ സംതൃപ്തനാണ്’’ എന്നുപറഞ്ഞ് വിനീതനാവുകയും ചെയ്യും.
ഒരാൾ, സംഗീതത്തിലോ സാഹിത്യത്തിലോ ഉദ്യോഗത്തിലോ വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ എനിക്കുകൂടി അത് ലഭിക്കേണ്ടിയിരുന്നല്ലോ എന്ന് വേവലാതിപ്പെടുന്ന ചിലരുണ്ട്. ഈ മനോഭാവത്തെയാണ് നമ്മൾ അസൂയ, ആർത്തി എന്നൊക്കെ പറയുന്നത്.
സംസാരത്തിൽ എപ്പോഴും മറ്റുള്ളവരെ ഒരൽപം ഇകഴ്ത്തിപ്പറയൽ ഇത്തരക്കാരുടെ പൊതുസ്വഭാവമാണ്. അറുപതും എഴുപതും പിന്നിട്ട സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെല്ലാം പേരെടുത്ത പലരിലും ഈ മനോഭാവം ദൃശ്യമാണ്. ഉദ്യോഗത്തിൽനിന്ന് വിരമിച്ച ശേഷം സാംസ്കാരിക രംഗത്ത് ഉയർന്നുവന്ന എഴുപത് പിന്നിട്ട ഒരു വ്യക്തിയെ ഞാൻ ഓർക്കുന്നു.
അദ്ദേഹത്തിന് എപ്പോഴും പറയാനുണ്ടായിരുന്നത് ജോലി ചെയ്ത കാലത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ചുള്ള പഴികളായിരുന്നു. മരുമക്കത്തായ കാലത്ത് ചില കാരണവന്മാർക്ക് അനന്തരവന്മാരോടുള്ള മനോഭാവം നമ്മൾ സിനിമകളിലൂടെയും എം.ടിയുടെ അടക്കമുള്ള നോവലുകളിലൂടെയും മനസ്സിലാക്കിയിട്ടുണ്ട്. അനന്തരവൻ തന്നെ കവച്ചുവെക്കരുത് എന്ന ദുർവാശിയോടെ നീങ്ങുന്ന പെരുന്തച്ചന്മാർ.
21ാം നൂറ്റാണ്ടിലും ഈ മാനസികനില പേറുന്നവരുണ്ട് എന്നതാണ് വിചിത്രം. എത്ര പ്രിയപ്പെട്ടവൻ ആണെങ്കിലും തന്നെക്കാൾ ഉയർന്നുപോകരുത് എന്ന ദുശ്ശാഠ്യം ആണ് അവരെ ഭരിക്കുന്നത്. ഈ മനോഭാവത്തിന് തലമുറ വ്യത്യാസമില്ല എന്നാണ് പറഞ്ഞതിന്റെ ചുരുക്കം.
ആത്മവിശ്വാസമില്ലായ്മ പേറുന്ന ഇത്തരക്കാർക്ക് മുഴുവൻ സമയവും അപകർഷതയുടെ ഇരുളറയിൽ കഴിയേണ്ടിവരും. ഈ അപകർഷതയുടെ ജാള്യം മറച്ചുപിടിക്കാനാണ് സ്വയം ഉൽകർഷതാബോധം കെട്ടിയുണ്ടാക്കി മറ്റുള്ളവരെ പഴിപറയാനും ഇകഴ്ത്താനും ഈ സുഹൃത്തുക്കൾ ശ്രമിക്കുന്നത്.
ലഭിക്കാതെപോയ വരങ്ങളെക്കുറിച്ച്, സാക്ഷാത്കരിക്കാൻ കഴിയാത്ത സ്വപ്നങ്ങളെപ്പറ്റി സദാ വ്യാകുലപ്പെട്ട് അവരങ്ങനെ ജീവിതം തള്ളിനീക്കുന്നു. ചുറ്റുപാടുമുള്ള എന്തിനോടും ഒരുതരം അസ്വസ്ഥത പ്രകടിപ്പിക്കും. അവരുടെ വാക്കുകളിൽ, ചിന്തകളിൽ, എഴുത്തുകളിൽ, ശരീരഭാഷയിൽ വരെ അത് നിഴലിക്കും. പൂർണത തേടിയുള്ള മനുഷ്യന്റെ യാത്രയിൽ അസാധാരണമായ അപൂർണതയാണ് ഈ മനോഭാവം സമ്മാനിക്കുക.
അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന പ്രശസ്തമായ പഴമൊഴി ഉണ്ടല്ലോ. അതിൽ കഷണ്ടിക്ക് ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യയും ഒരു പരിധിവരെ പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. അപ്പോൾ അസൂയക്കുള്ള മരുന്നോ? അവനവന്റെ കഴിവിലും സിദ്ധിയിലും തൃപ്തി കണ്ടെത്തി, സന്തുലിതമായ മനസ്സ് വളർത്തിയെടുക്കുക എന്നതത്രെ ആ മരുന്ന്. അങ്ങനെ സാധിച്ചാൽ മറ്റുള്ളവരുടെ നേട്ടങ്ങൾ നമ്മെ ഒട്ടും അലോസരപ്പെടുത്തില്ല.
ജീവിതത്തെ അഭിനിവേശത്തോടെയും ഉത്സാഹത്തോടെയും സമീപിച്ച് ലഭിക്കുന്ന ശിഷ്ടസമയം സമൂഹ നന്മക്കും സേവനത്തിനും ഉപയോഗപ്പെടുത്തിയാൽ മനസ്സ് കൂടുതൽ ചലനാത്മകമാവുകയും ചെയ്യും. ‘അലസമായ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ്’ എന്ന ഇംഗ്ലീഷ് പഴമൊഴി ഏറെ പ്രസക്തമാണ്. അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ ഒരു വചനം മനസ്സിൽ വരുന്നു. ‘‘ജോലിയിലെ ആനന്ദം കർമത്തിൽ പൂർണത സമ്മാനിക്കുന്നു’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.