Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 12:54 PM IST Updated On
date_range 9 Dec 2017 12:56 PM ISTട്രംപ് തുറന്നത് അശാന്തിയുടെ പാത
text_fieldsbookmark_border
ഫലസ്തീനോട് ട്രംപ് വിടപറഞ്ഞിരിക്കുന്നു. ദ്വിരാഷ്ട്രസിദ്ധാന്തത്തോടും വിട. ഫലസ്തീൻ ജനതയോടും വിട. ജറൂസലം എന്ന തലസ്ഥാനം ഫലസ്തീനികൾക്കുള്ളതല്ല. അത് ഇസ്രായേലികൾക്ക് മാത്രമുള്ളത്. ‘ഫലസ്തീൻ’ എന്ന പദം ഉപയോഗിക്കാൻപോലും ട്രംപ് തയാറാവുകയുണ്ടായില്ല. ‘ഇസ്രായേലും ഫലസ്തീനികളും’ എന്നായിരുന്നു പ്രയോഗം. അഥവാ രാജ്യമുള്ളവരും രാജ്യമില്ലാത്തവരും. സമാധാനപ്രക്രിയയെ ട്രംപ് തകർത്തതിൽ മനംനൊന്ത് എന്നെ വിളിച്ച ഫലസ്തീൻകാരിയുടെ സംശയപ്രകടനം എന്നെ ഒട്ടും അതിശയപ്പെടുത്തിയില്ല. സ്വർഗരാജ്യത്തെ ട്രംപ് നരകരാജ്യമാക്കുകയാണോ എന്നായിരുന്നു അവരുടെ ചോദ്യം (ജറൂസലമിനെ ആധാരമാക്കി റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ‘കിങ്ഡം ഒാഫ് ഹെവൻ’ ഒാർമിക്കുക). നരകരാജ്യം പിറന്നിട്ടില്ലായിരിക്കാം. എന്നാൽ, നരകതുല്യജീവിതമാണ് ഫലസ്തീൻജനതയുടേത്. ജൂതരാജ്യത്തിനാഹ്വാനം ചെയ്യുന്ന ബാൽഫർ പ്രഖ്യാപനം പുറത്തുവന്നതുമുതൽ അവർ സമാധാനം എന്തെന്നറിയുകയുണ്ടായില്ല. ബാൽഫർ പ്രഖ്യാപനത്തിെൻറ നൂറാം വാർഷികത്തിൽ നമ്മുടെ പ്രിയങ്കരിയായ തെരേസ മേയ് മൂലം അഭിമാനംകൊള്ളുകയുണ്ടായി. യഥാർഥത്തിൽ ഫലസ്തീനികളുടെ അഭയാർഥിവത്കരണത്തിെൻറയും വാസ്തുസംഹാരത്തിെൻറയും പാഠപുസ്തകമായിരുന്നു ബാൽഫർ പ്രഖ്യാപനം.
പതിവുപോലെ അറബ്രാഷ്്ട്രപ്രതികരണം വന്നു. ട്രംപിെൻറ പ്രഖ്യാപനം നീതീകരിക്കാനാകാത്തതും അപകടം നിറഞ്ഞതുമാണത്രെ. ഇൗ അപകടങ്ങൾ വിലയിരുത്താൻ അറബ് രാജ്യങ്ങൾ അടിയന്തരയോഗങ്ങൾ വിളിച്ചുചേർക്കാതിരിക്കില്ല. ചില സമിതികൾക്ക് രൂപം നൽകി എന്നും വരാം. സർവർക്കും അറിയാവുന്നതുപോലെ നിരർഥക അഭ്യാസങ്ങളായി അവ ഒടുങ്ങും.
മസ്ജിദുൽ അഖ്സ സമുച്ചയം ഉൾപെടുന്ന ജറുസലം പട്ടണം
നോം ചോംസ്കിയുടെ ഭാഷവിശകലനപദ്ധതി ഇവിടെ പ്രയോജനകരമാകുമെന്ന് ഞാൻ കരുതുന്നു. ‘ഫലസ്തീൻ’ തന്നെയാകെട്ട ആദ്യ പദം. എന്തുകൊണ്ടാകാം അദ്ദേഹം ആ വാക്ക് ഉപേക്ഷിച്ചിരിക്കുക? ‘ഫലസ്തീൻ രാഷ്്ട്രം’ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഇല്ലെങ്കിലും ഞാൻ ആവർത്തിച്ചുപയോഗിക്കുന്ന വാദങ്ങളിൽ ഒന്നാണത്. ഫലസ്തീനിലെ അറബികൾ എന്ന് പ്രയോഗിക്കേണ്ടതിനുപകരം ഫലസ്തീനിയൻസ് എന്ന പ്രയോഗത്തിലൂടെ അവരെ നിസ്സാരവത്കരിക്കുകയായിരുന്നു ട്രംപ്. ‘പുതിയ ചിന്ത’ ‘പുത്തൻ സമീപനം’ തുടങ്ങിയ കോമളപദാവലികെളയും കൂട്ടുപിടിക്കുന്നുണ്ടദ്ദേഹം. ‘ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനം’ എന്ന വാദത്തിൽ പുതുമയേതുമില്ല. ദശകങ്ങളായി ഇസ്രായേൽ ഉന്നയിച്ചുവരുന്ന വാദം മാത്രമാണത്. ഇൗ വാദത്തെ പിന്തുണക്കുന്നതിലൂടെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിക്കും ഇവാഞ്ചലിസ്റ്റുകൾക്കും പ്രയോജനങ്ങൾ സിദ്ധിക്കും. സമാധാന സംഭാഷണങ്ങളിലെ നീതിക്ക് അദ്ദേഹം തെല്ലും വില കൽപിക്കുന്നില്ല എന്നു സ്പഷ്ടം. ഇസ്രായേൽ പാസ് ചെയ്ത പന്തുമായി കുതിക്കുകയാണദ്ദേഹം. ദ്വിരാഷ്ട്രപദ്ധതിക്ക് വിഘാതമാകുമെന്നതിനാൽ ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കാനുള്ള നീക്കം മാറ്റിവെക്കുകയായിരുന്നു മുൻ പ്രസിഡൻറുമാർ. ‘തീരുമാനം അമേരിക്കയുടെ ഉത്തമതാൽപര്യത്തിന്’ എന്ന ട്രംപിെൻറ പ്രയോഗത്തിലും കഴമ്പുകാണാൻ വയ്യ. ഏകപക്ഷീയമായി ഇസ്രായേൽ നിലപാടിനെ പിന്തുണച്ച യു.എസിന് ഭാവി സംഭാഷണങ്ങളിൽ എങ്ങനെ നിഷ്പക്ഷനായ ഇടനിലക്കാരനാകാൻ സാധിക്കും? പാർട്ടി ഫണ്ട് കൊഴുപ്പിക്കാൻ ഇൗ നയവ്യതിയാനം സഹായിച്ചേക്കാം. എന്നാൽ, അമേരിക്കയുടെ അന്തസ്സിനും ഖ്യാതിക്കും ഇത് കളങ്കം ചാർത്തുന്നു. മധ്യപൗരസ്ത്യദേശത്തിനുമുന്നിൽ പഴയപടി അമേരിക്കക്ക് ഇനി ശിരസ്സ് ഉയർത്തിനിൽക്കാനാവില്ല.
കടപ്പാട്: ഗാർഡിയൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story