വിദ്വേഷമല്ല, സ്നേഹമാണേശു
text_fieldsഇന്ത്യ ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിൽ ഞെരിഞ്ഞമരുന്ന 1930 കാലഘട്ടത്തിൽ ആർ.എസ്.എസിെൻറ മുഖ്യ താത്ത്വികാചാര്യൻ അവരുടെ നിലപാട് വ്യക്തമാക്കി പറഞ്ഞിരുന്നു ''നമുക്ക് മൂന്നു കൂട്ടം ശത്രുക്കളാണുള്ളത്. മുസ്ലിംകൾ, ക്രൈസ്തവർ, കമ്യൂണിസ്റ്റുകൾ'' എന്ന്. സോഷ്യലിസ്റ്റുകളും കോൺഗ്രസുകാരും കമ്യുണിസ്റ്റുകളും മുസ്ലിംകളും ദലിതരും ആദിവാസികളും ക്രൈസ്തവർപോലും ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചക്കെതിരെ പൊരുതുന്ന കാലമായിരുന്നു അത്. അന്ന് ആർ.എസ്. എസ് നിലപാട് ബ്രിട്ടീഷുകാർക്കെതിരെയല്ല മുൻചൊന്ന മൂന്നു ശത്രുക്കൾക്കെതിരെയാണ് പോരാട്ടം വേണ്ടത് എന്നായിരുന്നു. അക്കാലം മുതൽ തന്നെ ഇസ്ലാം ഭീതിയും ക്രൈസ്തവ ഭീതിയും സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമവും അവർ നടത്തുന്നു.
മുസ്ലിം ജനസംഖ്യ അതിവേഗം വർധിക്കുന്നു എന്നതായിരുന്നു മുസ്ലിംകൾക്കെതിരിൽ താഴെത്തട്ടിൽ തുടർച്ചയായി നടത്തുന്ന രാഷ്ട്രീയ പ്രചാരണം. ക്രൈസ്തവർ ഹിന്ദുക്കളെ മതംമാറ്റിയെടുക്കുന്നു എന്നതാണ് അടുത്ത പരാതി. 1930 മുതൽ ഇന്നു വരെ ആർ.എസ്.എസും അവരുടെ സംഘകുടുംബവും ഹിന്ദുത്വശക്തികളും പിന്നീട് ബി.ജെ.പിയും ഒരുപാട് പെരും നുണകൾ പടച്ചുവിടുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഈ കാഴ്ചപ്പാടിലൂന്നി വർഗീയ ഫാഷിസ്റ്റ് അതിക്രമങ്ങൾക്കും വിദ്വേഷ രാഷ്ട്രീയത്തിനും അവർ ഇടം കണ്ടെത്തി. മുസ്ലിംകളെ അടിച്ചൊതുക്കാൻ പ്രയോഗിക്കുന്ന 'ലവ് ജിഹാദ്' എന്ന ആരോപണം ഒരു പുതിയ പ്രതിഭാസമല്ല. സ്വാതന്ത്ര്യ സമരവേളയിലും ഇത്തരം പ്രചാരണമുണ്ട്. അന്ന് ഉപയോഗിച്ചിരുന്ന പദാവലി മറ്റൊന്നായിരുന്നു. ഇതേ പ്രചാരവേലയുടെ മറ്റൊരു ഭാഷ്യം കണ്ഡമാലിലും മറ്റു പലയിടങ്ങളിലും ക്രൈസ്തവർക്കെതിരെ പൊതുവിദ്വേഷം വളർത്തിയെടുക്കാൻ ഹിന്ദുത്വ ശക്തികൾ പയറ്റിപ്പോരുന്നു. ഒരു സമുദായത്തിനെതിരെ പൊതുസമൂഹത്തിൽ വിദ്വേഷം പരത്തിക്കഴിഞ്ഞാൽ അവർക്കെതിരായ അതിക്രമങ്ങളും സാധൂകരിക്കപ്പെടും എന്നതാണ് തത്ത്വം.
ഹിന്ദു പയ്യന്മാരെ പ്രലോഭിപ്പിച്ച് മയക്കി കെണിയിൽപ്പെടുത്താൻ ക്രൈസ്തവർ യുവതികളെ ഉപയോഗിക്കുന്നു എന്ന മട്ടിലെ കള്ളക്കഥകൾ പ്രചരിപ്പിച്ച ശേഷമാണ് അവർക്കെതിരായ അതിക്രമങ്ങൾ ആരംഭിക്കാറ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ക്രൈസ്തവർക്കെതിരെ അരങ്ങേറിയ നൃശംസനീയമായ അതിക്രമങ്ങളുടെ രേഖപ്പെടുത്തിവെച്ചിരിക്കുന്ന കണക്ക് പാലാ ബിഷപ് ഒന്നു നോക്കണം. ഏറെ ശ്രമകരമായ ഡോക്യുമെേൻറഷൻ നിർവഹിച്ച ഉറച്ച ക്രൈസ്തവ വിശ്വാസിയായ ആ മനുഷ്യാവകാശേപ്പാരാളി അതു ചെയ്തതിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റത്തെ നേരിടുകയാണ്. സ്വസമുദായത്തിലെ അത്തരം മനുഷ്യാവകാശ സംരക്ഷകരോട് ഐക്യപ്പെടാൻ പാലായിലെ പിതാവോ അദ്ദേഹത്തിനൊപ്പമുള്ളവരോ ഒരു ചെറുവിരൽ പോലുമനക്കിയിട്ടില്ല.
ഇന്ത്യയിലെ ക്രൈസ്തവർക്കും മുസ്ലിംകൾക്കുമെതിരെ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുന്ന ആർ.എസ്.എസ്- സംഘ്പരിവാർ രാഷ്ട്രീയം എന്ന് എല്ലാവർക്കും മനസ്സിലാവും. പക്ഷേ, ബിഷപ് കല്ലറങ്ങാട്ട് ഇത്തരമൊരു വ്യാജപ്രചാരണ യുദ്ധവുമായി ഇറങ്ങിയതെന്തിനാവും? രണ്ടു വർഷം മുമ്പ് മറ്റൊരു വൈദിക ശ്രേഷ്ഠൻ ആർ.എസ്.എസിൽനിന്ന് കടംകൊണ്ട ലവ് ജിഹാദ് ആരോപണം മുസ്ലിംകൾക്കെതിരെ പ്രയോഗിച്ചിരുന്നു. പാലായിൽനിന്നുള്ളത് തീർത്തും പുതിയ ഒരു വ്യാജ യുദ്ധമുറയാണ്. നാർകോട്ടിക് ജിഹാദ് എന്ന അസംബന്ധ പ്രയോഗത്തിന് കേരള ബിഷപ്സ് കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയം കൂടുതൽ ഗൗരവതരമാവുന്നു.
എല്ലാ വിശ്വാസ ധാരകളിലുള്ളവരും ഒരു വിശ്വാസവും കാത്തുസൂക്ഷിക്കാത്തവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലുണ്ട് എന്നിരിക്കെ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ചൂണ്ടിപ്പറയുന്നതിനു പിന്നിൽ ആത്മീയ ചിന്തയല്ല, മറിച്ച് കടുത്ത രാഷ്ട്രീയ താൽപര്യങ്ങൾ തന്നെയാണ്. കേരളത്തിലെ സഭാ നേതൃത്വം ആർ.എസ്.എസിനെയാണോ അതോ ആർ.എസ്.എസ് സഭാ നേതൃത്വത്തെയാണോ പോഷിപ്പിക്കുന്നത് എന്ന കാര്യം വേറിട്ട് ചർച്ച ചെയ്യേണ്ടതാണ്.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ വിദേശനാണയ നിയന്ത്രണ നിയമം (FCRA) മറയാക്കി രാജ്യത്തെ ക്രൈസ്തവ സ്ഥാപനങ്ങളുടെ പിറകെ കൂടിയിട്ടുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ വലിയ സാന്നിധ്യമുള്ള സഭകളെയും സർക്കാറിതര സംഘടനകളെയും ഇതു കാര്യമായി പ്രയാസപ്പെടുത്തുന്നുമുണ്ട്. സർക്കാറിെൻറ ഈ പേടിപ്പെടുത്തി വശത്താക്കൽ നീക്കത്തെ ഭരണഘടനാദത്തമായ അവകാശങ്ങൾ ഉയർത്തി ചെറുക്കുന്നതിനുപകരം ബി.ജെ.പിയോട് ദാസ്യമനോഭാവത്തിൽനിന്ന് പരിഹാരം തേടാനാണ് പലരുടെയും നോട്ടം. ബി.ജെ.പി അവർ ലക്ഷ്യമിട്ടത് നേടി എന്നു തന്നെ പറയാം.
നേതൃത്വം ഇത്തരത്തിലെ വെറുപ്പിെൻറ വിഷവിത്തുകൾ പാകുേമ്പാഴും വിഷത്തെ വിഷമെന്ന് വിളിക്കാനും കളയും കറ്റയുമേതെന്ന് തിരിച്ചറിയാനുമുള്ള വിവേകം ക്രൈസ്തവ സമൂഹവും കേരളത്തിെൻറ മതേതര മനഃസാക്ഷിയും പ്രകടിപ്പിക്കുന്നു എന്നതാണ് ആശ്വാസകരമായ കാര്യം.മാർത്തോമ സഭയുടെ മെത്രാപ്പോലീത്ത ബിഷപ്പിെൻറ പ്രസ്താവന വർഗീയ ധ്രുവീകരണത്തിന് വഴിമരുന്നിടുമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മലങ്കര ഓർത്തേഡാക്സ് സഭയിലെ ബിഷപ് ഡോ. യുലിയോസ് ഗീവർഗീസ് പാലാ ബിഷപ്പൊതു മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സമാധാന യോഗത്തിന് മുൻകൈയെടുക്കുകയും മയക്കുമരുന്നിന് മതമില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ബിഷപ് ഡോ. ഗീവർഗീസ് കൂറിലോസ് അൾത്താരയും ആരാധനയും വെറുപ്പിെൻറ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ഉപയോഗിക്കരുതെന്ന് ഓർമപ്പെടുത്തി.
സംഘ്പരിവാർ വിരിച്ചുവെച്ചിരിക്കുന്ന വലയിൽ ചെന്ന് ചാടരുതെന്ന് ഗുജറാത്തിലെ വർഗീയ രാഷ്ട്രീയത്തിനെതിരെ എന്നും നിലകൊണ്ട മനുഷ്യാവകാശ പ്രവർത്തൻ ഫാ. സെഡ്രിക് പ്രകാശ് തുറന്നടിച്ചു. ദേശീയോദ്ഗ്രഥന കൗൺസിൽ അംഗവും മുതിർന്ന മനുഷ്യാവകാശ- മാധ്യമ പ്രവർത്തകനുമായ ഡോ. ജോൺ ദയാൽ ഇത്തരമൊരു പ്രസ്താവന മതേതര സഹവർത്തിത്വത്തിന് വരുത്തിത്തീർക്കുന്ന പരിക്കുകളെക്കുറിച്ച് ചൂണ്ടിക്കാട്ടി. രാജ്യമൊട്ടുക്കുമുള്ള നിരവധി കാത്തലിക് വനിതകളും വിദ്വേഷ പ്രസ്താവനക്കെതിരെ നിലപാടുമായി രംഗത്തുവന്നു. ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങിയ ആഖ്യാനങ്ങൾ സ്ത്രീകൾക്ക് അപമാനകരമാണെന്നും അവർ തുറന്നടിച്ചു.
അൾത്താരയിൽ നിന്ന് വിദ്വേഷ പ്രസംഗം നടത്തുന്ന പിതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ സംഘ്പരിവാർ ആശയങ്ങൾക്ക് അടിക്കുറിപ്പെഴുതുന്ന സഹയാത്രികരും രാജ്യത്ത് ക്രൈസ്തവ ജനത വേട്ടയാടപ്പെട്ടതിെൻറ നേർക്കാഴ്ചകൾ എന്നെങ്കിലും കണ്ടിട്ടുണ്ടോ? മതം മാറ്റമാരോപിച്ച് സേവന പ്രവർത്തകരായ വൈദികരെയും കന്യാസ്ത്രീകളെയും ദ്രോഹിക്കുന്നതിനെയും കേസിൽ കുടുക്കുന്നതിനെയും കുറിച്ച് അവർക്ക് എന്തെങ്കിലും ധാരണയു
ണ്ടോ? ഒഡിഷയിലെ കണ്ഡമാലിൽ സംഘ്പരിവാർ നടത്തിയ സംഘടിതമായ ക്രൈസ്തവ വിരുദ്ധ വർഗീയ ലഹളയും അതിെൻറ ജീവിക്കുന്ന രക്തസാക്ഷികളെയും നേരിൽ കാണേണ്ടി വന്നിട്ടുണ്ടെനിക്ക്. ഇതു സംബന്ധിച്ച് തയാറാക്കിയ 'Voices From the Ruins - Kandhamal in Search of Justice' എന്ന ഡോക്യുമെൻററി യൂട്യൂബിൽ കാണാം. കഴിഞ്ഞ ഏഴുവർഷത്തിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളിലെ ഇരകളുമായും അവർക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പോരാളികളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട് ഞാൻ. കണ്ഡമാലിൽ വേട്ടയാടപ്പെട്ട ക്രൈസ്തവ സമൂഹത്തിനായി മലയാളി മനഃസാക്ഷിയെ ഉണർത്തുവാനും അവരുമായി ഐക്യപ്പെടുവാനും കേരളത്തിലെമ്പാടും മുന്നിട്ടിറങ്ങിയത് ഇവിടത്തെ മുസ്ലിം യുവ സമൂഹമായ സോളിഡാരിറ്റിയാണെന്ന കാര്യം ഇവിടെയെങ്കിലും രേഖപ്പെടുത്താതെ പോകുന്നത് അനീതിയാവും.
രണ്ടായിരം വർഷങ്ങൾക്കിപ്പുറവും യേശുദേവൻ ലോകമൊട്ടുക്കും പ്രേരണയും പ്രചോദനവുമായുണ്ട്. പതിനായിരക്കണക്കിന് സേവകരും കലാകാരും എഴുത്തുകാരും സിനിമ പ്രവർത്തകരും പാട്ടുകാരും ചിത്രകാരും സ്ഥാപനങ്ങളുമെല്ലാം യേശുവിെൻറ സ്നേഹത്തിൽ നിന്നാണ് ഉദയമെടുത്തത്. വിദ്വേഷവും വെറുപ്പുമല്ല സ്നേഹമാണ് അവരെ പ്രചോദിപ്പിച്ചത്.
(ചലച്ചിത്ര പ്രവർത്തകനും ആക്ടിവിസ്റ്റുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.