Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജെ.എന്‍.യുവില്‍...

ജെ.എന്‍.യുവില്‍ വീണ്ടും കീഴാളവേട്ട

text_fields
bookmark_border
ജെ.എന്‍.യുവില്‍ വീണ്ടും കീഴാളവേട്ട
cancel

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ദലിത് പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങളില്‍നിന്നുള്ള 12ഓളം വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എന്‍.യു) അധികാരികളുടെ നടപടി വ്യാപക ചര്‍ച്ചക്ക് വഴിതുറന്നിരിക്കുന്നു. മൈനോറിറ്റി ഡിപ്രിവിയേഷന്‍ പോയന്‍റ് നടപ്പാക്കുക, വൈവ മാര്‍ക്ക് കുറക്കുക, അധ്യാപകനിയമനങ്ങളിലും പിഎച്ച്.ഡി അഡ്മിഷനിലും സംവരണ അട്ടിമറി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ബപ്സ), യുനൈറ്റഡ് ഒ.ബി.സി ഫോറം, ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് യൂനിയന്‍ (ഡി.എസ്.യു), സ്റ്റുഡന്‍റ്സ് ഫോര്‍ സ്വരാജ് എന്നീ സംഘടനകളുടെയും സ്വതന്ത്ര വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലായിരുന്നു ഈ സമരം.

ജെ.എന്‍.യു അക്കാദമിക് കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് സംഘ്പരിവാര്‍ പിന്തുണയുള്ള ജെ.എന്‍.യു അധികാരികള്‍ ദലിത്-ബഹുജന്‍, മുസ്ലിം വിദ്യാര്‍ഥി നേതാക്കളെ സസ്പെന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ രാഹുല്‍ സോന്‍പിമ്പിള്‍ അടക്കമുള്ള ദലിത് ബഹുജന്‍ വിദ്യാര്‍ഥി നേതാക്കളുടെ സസ്പെന്‍ഷന്‍, രാജ്യത്തെ കീഴാളവിദ്യാര്‍ഥികളുടെ പഠിക്കാനും പോരാടാനും സംഘടിക്കാനുമുള്ള അവകാശങ്ങളുടെ നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്. രാജ്യത്തെ പുരോഗമന/മേല്‍ജാതി അധികാരത്തിന്‍െറ അഭിമാനകേന്ദ്രമായ ജെ.എന്‍.യു പുതിയൊരു കീഴാളവിദ്യാര്‍ഥി മുന്നേറ്റത്തെക്കൂടി അഭിസംബോധനചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

കാമ്പസില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തത്തെുടര്‍ന്ന് കാണാതായ നജീബ് അഹ്മദ് എന്ന വിദ്യാര്‍ഥിയെ കണ്ടത്തെുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചുകൊണ്ടിരിക്കെ തന്നെയാണ് ജെ.എന്‍.യു ഭരണാധികാരികള്‍ ഇത്തരമൊരു നടപടിയുമായി മുന്നോട്ടുവന്നത്. നജീബിനെ ആക്രമിച്ച എ.ബി.വി.പിക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു നടപടിക്കും സന്നദ്ധമാവാത്ത ജെ.എന്‍.യു അധികാരികള്‍ തന്നെയാണ്, മറുപക്ഷത്ത് സാമൂഹികനീതിക്കുവേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ഥിസംഘടനകള്‍ക്കും നേതാക്കള്‍ക്കും നേരെ മര്‍ദനാധികാരം പ്രയോഗിക്കുന്നത്.

ഇന്ത്യയിലെ ഉന്നത കലാലയങ്ങളില്‍ വര്‍ധിച്ചുവരുന്ന പിന്നാക്കവിദ്യാര്‍ഥികളുടെ സാന്നിധ്യത്തെയും അവരുന്നയിക്കുന്ന സാമൂഹികനീതിയുടെ രാഷ്ട്രീയത്തെയും ഭരണാധികാരം ഉപയോഗിച്ച് ഇല്ലാതാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍െറ വിവിധ ഉദാഹരണങ്ങളായിരുന്നു കഴിഞ്ഞ ഒരുവര്‍ഷക്കാലം രാജ്യത്തെ കാമ്പസുകളെ ഇളക്കിമറിച്ച ദലിത് ബഹുജന്‍ വിദ്യാര്‍ഥി ആയിരുന്ന രോഹിത് വെമുലയുടെ സാമൂഹികമരണവും മുസ്ലിംവിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ ആസൂത്രിതമായ അപ്രത്യക്ഷമാ(ക്ക)ലും. ഇപ്പോള്‍ ജെ.എന്‍.യുവില്‍ നടന്ന സസ്പെന്‍ഷന്‍ നടപടികള്‍ പ്രസ്തുത സംഭവങ്ങളുടെ തുടര്‍ച്ചയാണ്.

മാത്രമല്ല, സി.പി.എം അടക്കമുള്ള പാര്‍ലമെന്‍ററി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്ത ഈ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള പോരാട്ടം അത്യന്തം പ്രയാസം നിറഞ്ഞതാണ്. ജെ.എന്‍.യുവില്‍ ഐസ-എസ്.എഫ്.ഐ സഖ്യം നയിക്കുന്ന വിദ്യാര്‍ഥിയൂനിയന്‍ പുതിയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ അടിക്കടി പരാജയപ്പെടുന്നു. കാണാതായ നജീബിനെ എ.ബി.വി.പിക്കാര്‍ കുറ്റവാളിയായി ആരോപിച്ച അതേ രേഖയില്‍ ഒപ്പിട്ട ജെ.എന്‍.യുവിലെ ഇടതു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് മോഹിത് പാണ്ഡെയുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടതാണ്. മാത്രമല്ല, നജീബിന് മര്‍ദനമേറ്റ് മൂന്നാംദിവസം മാത്രമാണ് അത് പുറത്തറിയിക്കാന്‍ വിദ്യാര്‍ഥിയൂനിയന്‍ തയാറായത്. പുതിയ സംഭവത്തിലാവട്ടെ, സമരംചെയ്ത ദലിത് ബഹുജന്‍, ന്യൂനപക്ഷ വിദ്യാര്‍ഥികളുമായി സഹകരിക്കാന്‍പോലും വിസമ്മതിച്ച നിലപാടാണ് വിദ്യാര്‍ഥിയൂനിയന്‍ കൈക്കൊണ്ടത്. ജെ.എന്‍.യുവില്‍ കീഴാളവിദ്യാര്‍ഥികളുടെ പുതിയ ബ്ളോക്ക് ഉയര്‍ന്നുവരുന്നതിനെ ഭയക്കുന്നവരില്‍ സംഘ്പരിവാര്‍ മാത്രമല്ല ഉള്ളത്. എസ്.എഫ്.ഐയും ഐസയും ദലിത് ബഹുജന്‍, മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍െറ പുതിയ സമവാക്യങ്ങളെ ശരിക്കും ഭയക്കുന്നുണ്ട്.

2016 ഡിസംബറില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരായിരുന്ന രോഹിത് വെമുലയടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലും മെസ്സും ലൈബ്രറിയുമടക്കമുള്ള സൗകര്യങ്ങള്‍ നിഷേധിച്ച് യൂനിവേഴ്സിറ്റിയില്‍നിന്ന് പുറത്താക്കിയ സംഭവത്തിന്‍െറ തനിപ്പകര്‍പ്പാണ് ഇപ്പോള്‍ ജെ.എന്‍.യുവിലും നടന്നിരിക്കുന്നത്. രോഹിത് വെമുലയെ പുറത്താക്കാന്‍ ഒഴിവുകാലമായ ഡിസംബര്‍ മാസം തെരഞ്ഞെടുത്തത്, അതുവഴി പ്രക്ഷോഭങ്ങളെ അസാധ്യമാക്കാന്‍ ഹൈദരാബാദില്‍ വൈസ് ചാന്‍സലര്‍ അപ്പ റാവു ലക്ഷ്യമിട്ടതിന് സമാനമായാണ് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്‍െറ നീക്കങ്ങള്‍.

വിദ്യാര്‍ഥികളെ സസ്പെന്‍ഡ്് ചെയ്ത മറവില്‍ വിദ്യാര്‍ഥിവിരുദ്ധവും പിന്നാക്ക ജനവിഭാഗം വിദ്യാര്‍ഥികളുടെ പ്രവേശനത്തിനു തടയിടുന്നതുമായ തീരുമാനങ്ങളാണ് ജെ.എന്‍.യു വൈസ് ചാന്‍സലറും സംഘവും പാസാക്കിയത്. അതില്‍ ഏറ്റവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് പ്രവേശനപ്പരീക്ഷക്ക് മിനിമം മാര്‍ക്ക് മാത്രം ബാധകമാക്കി, 2018-19 വര്‍ഷത്തില്‍ 100 ശതമാനം വൈവ മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്താനുള്ള തീരുമാനം. നിലവിലുള്ള 30 ശതമാനം വൈവ മാര്‍ക്ക്് പോലും പിന്നാക്ക വിദ്യാര്‍ഥികള്‍ക്കുനേരെ തെറ്റായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് യൂനിവേഴ്സിറ്റി തന്നെ നിയമിച്ച അബ്ദുന്നാഫി കമ്മിറ്റി ചൂണ്ടിക്കാട്ടിയതും വൈവ മാര്‍ക്ക് പകുതിയാക്കി കുറക്കാന്‍ ശിപാര്‍ശ ചെയ്തതുമാണ്. ഇതൊക്കെ കാറ്റില്‍പറത്തിയാണ് വിവാദ യു.ജി.സി സര്‍ക്കുലര്‍ നടപ്പാക്കാന്‍ ജെ.എന്‍.യു തീരുമാനിച്ചത്.

കൂടാതെ, അടുത്തവര്‍ഷം മുതല്‍ 25 ശതമാനം ഫീസ് വര്‍ധന, അധ്യാപകനിയമനങ്ങള്‍ തീരുമാനിക്കുന്ന ബോഡികളില്‍ പുറത്തുനിന്നുള്ള അധ്യാപകരെ ഉള്‍പ്പെടുത്തുക തുടങ്ങി ജെ.എന്‍.യുവിലെ പൊതു വിദ്യാഭ്യാസത്തിന്‍െറ എല്ലാ ജനാധിപത്യ സാധ്യതകളെയും അടച്ചുകളയുന്ന മറ്റു തീരുമാനങ്ങളുമുണ്ട്. ഈ തീരുമാനങ്ങള്‍ ജനാധിപത്യപരമായല്ല കൈക്കൊണ്ടതെന്നും എതിര്‍ത്തു തോല്‍പിക്കുമെന്നും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളായ ഒരുവിഭാഗം അധ്യാപകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പിന്നാക്ക സമൂഹങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കടന്നുവരവ് തടയാനുള്ള ശ്രമത്തിന്‍െറ ഭാഗമായിവേണം ഇത്തരം സംഭവങ്ങളെ കാണാന്‍. കഴിഞ്ഞ ഡിസംബറില്‍ നടന്ന പിഎച്ച്.ഡി അഡ്മിഷനില്‍ ‘യോഗ്യത’യില്ളെന്ന് പറഞ്ഞ് എസ്.സി/എസ്.ടി വിഭാഗത്തില്‍പെട്ട ഒരാള്‍ക്കുപോലും പ്രവേശനം നല്‍കാന്‍ ജെ.എന്‍.യു തയാറായില്ല. അധ്യാപകനിയമനങ്ങളില്‍ ഇന്നും സാമൂഹികനീതി നിഷേധിക്കപ്പെടുന്നു. ഒ.ബി.സി വിഭാഗത്തില്‍നിന്ന് ഒരു പ്രഫസര്‍ പോലും ജെ.എന്‍.യുവിലില്ല. മുസ്ലിം വിദ്യാര്‍ഥി പ്രാതിനിധ്യമാവട്ടെ, കേവലം ഏഴു ശതമാനത്തിലൊതുങ്ങുന്നു (അറബിക്, പേര്‍ഷ്യന്‍, ഉര്‍ദു സെന്‍ററുകള്‍ ഒഴിച്ചുള്ളവ).

ഈ വിവേചനം അവസാനിപ്പിക്കുന്നതിനു പകരം കൂടുതല്‍ ദ്രോഹ നടപടികളുമായി മുന്നോട്ടുപോവാനാണ് വി.സിയും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള സമരങ്ങളുടെ പേരില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ സസ്പെന്‍ഡ് ചെയ്യപ്പെടുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ വിശേഷിച്ചും ദലിത്-ബഹുജന്‍-ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നാവുന്നു എന്നത് പ്രശ്നത്തിന്‍െറ സാമൂഹികസ്ഥാനം ചൂണ്ടിക്കാണിക്കുന്നുണ്ട്. കാമ്പസുകളിലെ ജാതിവിരുദ്ധ രാഷ്ട്രീയത്തിനും രാജ്യത്തെ കീഴാള മുന്നേറ്റത്തിനും തടയിടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കാമ്പസ് രാഷ്ട്രീയം നേരിടുന്ന ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ജനാധിപത്യ ശക്തികള്‍ക്കും സാമൂഹികനീതിയുടെ രാഷ്ട്രീയത്തിനും സാധിക്കേണ്ടതുണ്ട്.

(ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ലോ ആന്‍ഡ് ഗവേണന്‍സ് വിഭാഗം ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUbackward caste
News Summary - jnu
Next Story