പ്രസിഡൻറ് കസേരയിൽ ബൈഡെൻറ നൂറു ദിനങ്ങൾ
text_fields''നമ്മൾ ജോ ബൈഡനും കമല ഹാരിസിനും വോട്ടു കൊടുത്ത് ആഘോഷിച്ചു, മണ്ടൻമാരെപ്പോലെ തെരുവുകളിൽ തുള്ളിച്ചാടി''- നവംബറിൽ ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷം കണ്ടുമുട്ടിയ ജെകോറി ആർതർ എന്ന വംശീയത വിരുദ്ധ പ്രവർത്തകൻ പറഞ്ഞതാണിത്. കെൻറക്കിയിലെ സിറ്റി കൗൺസിലിലേക്ക് ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ മത്സരിച്ച ഇദ്ദേഹമുൾപ്പെടെ ഞങ്ങൾ കണ്ട പലയാളുകൾക്കും വരാനിരിക്കുന്ന പ്രസിഡൻറിനെക്കുറിച്ച് ആവോളം ആശങ്കകളുമുണ്ടായിരുന്നു.
ജോർജിയയിലെ സെനറ്റ് തെരഞ്ഞെടുപ്പിനിടെ കണ്ട പ്രവർത്തകരും തണുപ്പൻ മട്ടിലായിരുന്നു. ബൈഡന് ഭൂരിപക്ഷം നേടിക്കൊടുക്കാൻ കൊണ്ടുപിടിച്ച് പണിപ്പെട്ടവരാണ് അവരും, പക്ഷേ തെരഞ്ഞെടുക്കപ്പെട്ട 'കോർപറേറ്റ് സെൻട്രിസ്റ്റ്', 'നിയോ ലിബറൽ' പ്രസിഡൻറിനെക്കുറിച്ച പ്രതീക്ഷയിൽ അവർക്കത്ര ആവേശം പോരാ. ട്രംപിനേക്കാൾ ഭേദമാണ്, എന്നുവെച്ച് കാലാവസ്ഥ പ്രതിസന്ധി, പട്ടിണി, ആരോഗ്യപരിരക്ഷ, വംശനീതി തുടങ്ങിയ നീറുന്ന വിഷയങ്ങളിൽ ശക്തമായൊരു നിലപാടെടുക്കാനുള്ള കെൽപ് അദ്ദേഹത്തിനുള്ളതായി കരുതുന്നില്ല.
'ഉറക്കംതൂങ്ങി ജോ' എന്ന് ട്രംപ് പരിഹസിച്ച ജോ ബൈഡൻ തെൻറ പ്രാപ്തിയെക്കുറിച്ചുയർന്ന പല ധാരണകളെയും മൂന്നു മാസങ്ങൾക്കിപ്പുറം വിജയകരമായി മറികടന്നു. ശ്രദ്ധേയമായ ഒരു അമേരിക്കൻ രക്ഷാ പദ്ധതി American Rescue Plan Act (ARPA) മുന്നോട്ടുവെച്ചു. തൊഴിലില്ലായ്മ ഇൻഷുറൻസ് ദീർഘിപ്പിച്ചു, കുട്ടികളുടെ പട്ടിണി പാതിയായി കുറക്കാനുതകുമെന്ന് വിശ്വസിക്കപ്പെടുന്ന നികുതി പരിഷ്കരണങ്ങൾ നടപ്പാക്കി.
നിഷേധാത്മക നിലപാടുകാരനായിരുന്ന ട്രംപിൽനിന്ന് ഭിന്നമായി കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിൽ പ്രതിജ്ഞാബദ്ധനാണ് ബൈഡൻ. ട്രംപ് ഉടക്കിപ്പിരിഞ്ഞുപോന്ന പാരിസ് ഉടമ്പടിയിൽ വീണ്ടും ചേർന്നു. ഫെഡറൽ ഭൂമിയിൽ പുതുതായി എണ്ണഖനനം നടത്തുന്നത് മരവിപ്പിച്ചു. 2030നകം കാർബൺ ബഹിർഗമനത്തിൽ 50 ശതമാനം കുറവുവരുത്താൻ തീരുമാനിച്ചുറച്ചു.
പരിമിത നികുതി മാത്രം നൽകാൻ ശ്രമിക്കുന്ന ടെക് ഭീമന്മാരിൽനിന്നും ബഹുരാഷ്ട്ര കുത്തകകളിൽ നിന്നും ബില്യണുകൾ ലഭിക്കാൻപോന്ന മിനിമം നികുതി നിരക്ക് എന്ന ശക്തമായ നിർദേശം മുന്നോട്ടുവെച്ചു.
1960കളിൽ പ്രസിഡൻറ് ലിണ്ടൺ ബി. ജോൺസൻ നടപ്പാക്കിയ 'ഗ്രേറ്റ് സൊസൈറ്റി' പദ്ധതിക്കുശേഷം 2.3 ട്രില്യൺ ഡോളറിെൻറ അമേരിക്കൻ തൊഴിൽപദ്ധതി, 1.8 ട്രില്യൺ ഡോളറിെൻറ അമേരിക്കൻ കുടുംബ പദ്ധതി എന്നിവവഴി പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ശിശുപരിരക്ഷ മേഖലകളിൽ ഏറ്റവും വലിയ സർക്കാർ നിക്ഷേപത്തിനൊരുങ്ങുന്നു അദ്ദേഹം.
ഈ വർഷം ജനുവരി 20ന് ബൈഡൻ അധികാരമേൽക്കുേമ്പാൾ നാലു ലക്ഷം പേർ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ശരാശരി 3000 ആയിരുന്നു പ്രതിദിന മരണ ശരാശരി. ഇപ്പോഴത് ആയിരത്തിൽ താഴെയായിക്കൊണ്ടിരിക്കുന്നു. വാക്സിൻ വികസനത്തിലും വിന്യാസത്തിലുമുള്ള ലോകനേതൃസ്ഥാനവും അമേരിക്ക കൈയാളുന്നു. 200 ദശലക്ഷം ഡോസുകൾ ഇവിടെ നൽകി. അതായത് പ്രായപൂർത്തിയായവരിൽ പകുതിയോളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് ലഭിച്ചിരിക്കുന്നു. ട്രംപ് ഭരണകൂടംചെയ്ത നിക്ഷേപത്തിനും ബൈഡനും സംഘവും നടത്തിയ കാര്യക്ഷമമായ തുടർപ്രവർത്തനത്തിനും നന്ദി പറയുക.
'അധികാരം എങ്ങനെ വിനിയോഗിക്കണമെന്ന് ലോകമൊട്ടുക്കുമുള്ള ഇടതുപക്ഷക്കാർക്ക് ക്ലാസെടുത്ത് നടക്കുകയാണ്' പ്രസിഡൻറ് എന്ന് ചില കോണുകളിൽനിന്ന് അഭിപ്രായമുയരുന്നുണ്ട്. ആക്രമണോത്സുകനും വെറിയനും ശാസ്ത്രവിരോധിയുമായിരുന്ന മുൻഗാമിയിൽനിന്ന് ശൈലിയിലും സ്വഭാവത്തിലും തീർത്തും വിഭിന്നനാണ് ബൈഡനെന്നത് ശരിതന്നെ. എന്നാൽ, ട്രംപിെൻറ ഒരു സുപ്രധാന അജണ്ട അദ്ദേഹം കൈയൊഴിഞ്ഞിട്ടില്ല; 'അമേരിക്ക ഒന്നാമത്' എന്ന നിലപാട്.
ചൈനയുമായി പോർവിളി തുടർന്നുകൊണ്ടേയിരിക്കുന്നു. കാലാവസ്ഥ പ്രശ്നത്തിലടക്കം അടിയന്തര സഹകരണം ആവശ്യമുള്ള ഈ സന്ദർഭത്തിലും 'സ്വേച്ഛാധിപത്യ ചൈനയുടെ അഭിലാഷങ്ങൾ' നമ്മുടെ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ചൈനീസ് സ്ഥാപനങ്ങൾക്കു മേൽ ട്രംപ് ചുമത്തിയ ചുങ്കവും ഉപരോധവും അലാസ്കയിൽ നടന്ന ഉഭയകക്ഷി ചർച്ചക്കു മുമ്പ് വ്യാപിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അഫ്ഗാനിൽനിന്നുള്ള സേനാപിന്മാറ്റം എന്ന ട്രംപിെൻറ വാഗ്ദാനവും അതിവേഗം നിറവേറ്റി. അഫ്ഗാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ താൻ തരിമ്പും ഉത്തരവാദിയാവില്ലെന്ന് പ്രചാരണ കാലത്ത് പറഞ്ഞ സംഗതിയാണിത്.
സൗദി അറേബ്യയോടുള്ള ബൈഡൻ ഭരണകൂടത്തിെൻറ നിലപാട് വ്യത്യസ്തമാണ്. കിരീടാവകാശിയുമായി നേരിട്ടുള്ള ബന്ധം അവസാനിപ്പിച്ചു, യമനെതിരായ യുദ്ധത്തിനുള്ള ഔദ്യോഗിക പിന്തുണയും പിൻവലിച്ചു. പക്ഷേ ആയുധ വ്യാപാരം തുടരുന്നുണ്ട്.
തെക്കനേഷ്യൻരാജ്യങ്ങൾ കോവിഡിന്റെ മരണപ്പിടിയിലമർന്നപ്പോഴും അവശ്യവസ്തുക്കളോ അധികം വന്ന വാക്സിനോ നൽകാൻ ഒരുക്കമല്ലായിരുന്നു ബൈഡൻ സംഘം. അതിശക്തമായ സമ്മർദങ്ങളുയർന്നതിെൻറ ഫലമായി മാത്രമാണ് ഒരിക്കലും ഉപയോഗിക്കാൻ ഇടയില്ലാഞ്ഞിട്ടും പിടിച്ചു വെച്ചിരുന്ന 60 മില്യൺ ആസ്ട്രസെനക്ക ഡോസ് വാക്സിൻ കൈമാറാൻ തയാറായത്. എന്നിട്ടുപോലും ഇന്ത്യയിൽ പ്രതിദിന കേസുകൾ അഞ്ചുലക്ഷത്തോളമായ ഘട്ടത്തിലും എണ്ണമറ്റ ജീവനുകൾ രക്ഷിക്കാൻ സഹായകമാകുമായിരുന്ന വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശം നീക്കം ചെയ്യുന്നതിൽനിന്ന് ലോക വ്യാപാര സംഘടനയെ തടഞ്ഞുപിടിച്ചിരിക്കുകയാണ് ബൈഡൻ.
ബൈഡൻ ശക്തമായ നിലപാടുകളും നടപടികളും കൈക്കൊണ്ടു എന്ന് പറയപ്പെടുന്ന വിഷയങ്ങളെല്ലാം ശ്രദ്ധിച്ചു നോക്കൂ; അമേരിക്കൻ താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണതെല്ലാം. കാലാവസ്ഥ വിഷയത്തിലെ പ്രതിബദ്ധത അമേരിക്കൻ തൊഴിൽ മേഖല, നിക്ഷേപം, സാങ്കേതിക വിദ്യ എന്നിവയുടെ വളർച്ചയിൽ കണ്ണുവെച്ചാണ്. പല യൂറോപ്യൻ നയരൂപകർത്താക്കളെയുംപോലെ ജീവിത ശൈലിയിൽ മാറ്റം വരുത്താനോ ഉപഭോഗ സംസ്കാരത്തിലും കേമ്പാള കേന്ദ്രീകരണത്തിലും പുനർവിചിന്തനം ചെയ്യാനോ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നുപോലുമില്ല.
വിവാദങ്ങളിൽനിന്ന് കഴിയുന്നത്ര അകന്നുമാറി നിൽക്കാൻ ബൈഡൻ ശ്രദ്ധിക്കുന്നുണ്ട്. പൊലീസ് പരിഷ്കരണത്തിന് ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, അഭയാർഥികൾക്ക് ട്രംപ് നിശ്ചയിച്ച 15000 എന്ന പരിധി തുടരും. (കനത്ത പ്രതിഷേധങ്ങളെ തുടർന്ന് അടുത്തമാസം പരിധി വർധിപ്പിക്കാമെന്ന് വൈറ്റ് ഹൗസ് വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഈ സമീപനത്തിൽ സമൂല മാറ്റം വേണമെന്നാണ് അവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്). തെക്കൻ അതിർത്തിയിൽനിന്ന് നൂറുകണക്കിന് കുടിയേറ്റക്കാരെയാണ് കുടിയേറ്റ-കസ്റ്റംസ് വിഭാഗം (ICE) പതിവായി തിരിച്ചയക്കുന്നത്.
അമേരിക്ക ഒന്നാമത് എന്ന മുദ്രാവാക്യം അടുത്തകാലത്തായി ഉറക്കെ മുഴക്കിയത് ട്രംപ് ആണെങ്കിലും പതിറ്റാണ്ടുകളായി രാജ്യത്തിെൻറ സിദ്ധാന്തം തന്നെയാണിത്.
ബൈഡനിൽനിന്ന് പ്രതീക്ഷിക്കുന്നത്
കൈക്കൊണ്ട നയനിലപാടുകളിലെല്ലാം പൊതുസമ്മതം കരഗതമാക്കാൻ ബൈഡന് കഴിഞ്ഞു. ' രാജ്യം ഒട്ടനവധി ആഭ്യന്തര പ്രശ്നങ്ങളിലൂടെയും ധ്രുവീകരണത്തിലൂടെയും നീങ്ങവെ പ്രതിരോധ ബജറ്റിൽനിന്ന് പ്രതിവർഷം ഭീമൻ തുക ചെലവിടുന്ന' ദൗത്യത്തിൽനിന്ന് പിന്മാറിയത് നന്നായി എന്നാണ് അഫ്ഗാനിസ്താനിൽ സേവനമനുഷ്ഠിച്ച മുൻ സൈനികരിലൊരാൾ പ്രതികരിച്ചത്. പക്ഷേ, അഭിപ്രായസമന്വയം എപ്പോഴും എല്ലാ കാര്യത്തിലും സാധിച്ചുകൊള്ളണമെന്നില്ല. അമേരിക്കൻ ജനാധിപത്യം സംരക്ഷിച്ചു നിർത്താൻ ബൈഡന് കഴിയുമോ?
അധികകാലം അധികാരമില്ലെന്ന് നന്നായറിയുന്ന പ്രസിഡൻറാണ് അദ്ദേഹം. 2022ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കുന്നത് തടയാനുതകുംവിധം ജോർജിയ മുതൽ ടെക്സസ് വരെ റിപ്പബ്ലിക്കൻ കോട്ടകളിലെല്ലാം തിരക്കിട്ട് നിയമനിർമാണങ്ങൾ നടക്കുന്നുണ്ട്. തപാൽ വോട്ട് നിയന്ത്രിക്കാനും വോട്ടറായി രജിസ്റ്റർ ചെയ്യുന്നത് ദുർഘടമാക്കാനും ക്യൂവിൽ കാത്തുനിൽക്കുന്നവർക്ക് വെള്ളം നൽകുന്നത് നിയമലംഘനമാക്കാനും വ്യവസ്ഥ ചെയ്യുന്ന ഒരുപിടി നിയമങ്ങൾ. സമ്മതിദാന അവകാശങ്ങൾക്ക് മേലുള്ള ഏക പക്ഷീയ കടന്നാക്രമണം എന്നാണ് റവറൻറ് റഫാൽ വാർനോക്ക് എന്ന ജോർജിയൻ സെനറ്റർ ഇതിനെ വിശേഷിപ്പിച്ചത്.
വംശനീതി ഉറപ്പാക്കാനുതകുന്ന നടപടികളെ പിന്തുണക്കുവാൻ ശക്തമായ സമ്മർദം ബൈഡൻ ഭരണകൂടത്തിനുമേലുണ്ട്. സമീപകാലത്തുണ്ടായ കൊലപാതകങ്ങളെ തുടർന്ന് പൊലീസ് സംവിധാനത്തിൽ ശക്തമായ പരിഷ്കരണങ്ങൾ വേണമെന്നും കറുത്തവർഗക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും കാര്യക്ഷമമായ നിക്ഷേപങ്ങൾവേണമെന്നും ബ്ലാക്ലൈവ്സ് മാറ്റർ പ്രവർത്തകർ ആവശ്യമുയർത്തിയിട്ടുണ്ട്.
സാമൂഹിക നീതി, കാലാവസ്ഥ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ സ്വന്തം പാർട്ടിയിൽനിന്നുതന്നെ ഒട്ടേറെ വിമർശനങ്ങൾ അദ്ദേഹത്തെ തേടിയെത്തുമെന്ന് ഉറപ്പാണ്. കാർബൺ ബഹിർഗമനം കുറക്കുന്നതിെൻറ ഭാഗമായ പശ്ചാത്തല സൗകര്യ വികസനത്തിന് തീരെ കുറഞ്ഞ തുക നീക്കിവെച്ചത് നിരാശപ്പെടുത്തി എന്നാണ് ഒരു വനിത പാർലമെൻറംഗം പ്രതികരിച്ചത്. എന്തായാലും കുറഞ്ഞ പ്രതീക്ഷകൾ മാത്രം നൽകിയിരുന്ന ബൈഡന് കോൺഗ്രസിലെ നേരിയ ഭൂരിപക്ഷത്തിെൻറ ബലത്തിലും ഇത്രയൊക്കെ ചെയ്യാനായി എന്നത് ശുഭകരമാണ്.
'ഞങ്ങൾക്കും സമാന കൂട്ടായ്മകൾക്കുമൊപ്പം പ്രവർത്തിക്കാൻ ബൈഡൻ കാണിച്ച സന്നദ്ധത അത്ഭുതപ്പെടുത്തി' എന്നാണ് സൺറൈസ് എന്ന കാലാവസ്ഥ-സാമൂഹികനീതി പ്രസ്ഥാനത്തിെൻറ സംഘാടക ലിലി ഗാർണർ പറഞ്ഞത്. പറയേണ്ട കാര്യങ്ങൾ പറയാനെങ്കിലും അദ്ദേഹം തയാറായി എന്ന് ലിലി ആശ്വാസം കൊള്ളുന്നു.
പറയേണ്ട കാര്യങ്ങൾ പറയുന്നതിനപ്പുറത്ത് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു കാണിക്കുവാനും രാജ്യത്ത് സമത്വം, നീതി, ജനാധിപത്യം എന്നിവ ഉറപ്പാക്കുവാനും ലോകമൊട്ടുക്ക് ഇവ ആഗ്രഹിക്കുന്നവർക്കൊപ്പം സഖ്യം ചേരുവാനും ബൈഡൻ തയാറാകുമോ എന്നതാണ് നമുക്കറിയേണ്ടത്.
തയാറാക്കിയത്: മേരി ഫിസ്ജെറാൾഡ്, ആരോൺ വൈറ്റ്
(കടപ്പാട്: ഓപൺ ഡെമോക്രസി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.