മീഡിയ: വിലക്ക് തകർത്ത പോരാട്ടവഴി
text_fields31.01.2022: സുരക്ഷ കാരണങ്ങളാൽ അനുമതി പിൻവലിക്കുകയാണെന്ന് കാട്ടി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവൺ ചാനൽ സംപ്രേഷണം തടഞ്ഞു. കേന്ദ്ര ഉത്തരവിനെതിരെ ചാനൽ അടിയന്തരമായി ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു. ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ ചാനലിനെതിരെയുള്ള കേന്ദ്ര സർക്കാർ നടപടി രണ്ടുദിവസത്തേക്ക് മരവിപ്പിച്ചു.
01.02.2022: മീഡിയവൺ ചാനൽ സംപ്രേഷണം തടഞ്ഞ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈകോടതി ഫെബ്രുവരി 07 വരെ നീട്ടി. ചാനൽ നിരോധനത്തിന് മതിയായ രേഖകൾ ഹാജരാക്കാൻ കേന്ദ്രസർക്കാറിന് ഫെബ്രുവരി ഏഴ് വരെ സമയം അനുവദിച്ചു.
08.02.2022: സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ ഉത്തരവ് കേരള ഹൈകോടതി ശരിവെച്ചു. മീഡിയവൺ നൽകിയ ഹരജി ജസ്റ്റിസ് എൻ. നഗരേഷ് തള്ളി; ചാനൽ സംപ്രേഷണം നിലച്ചു.
14.02.2022: മീഡിയവണിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദേശീയതലത്തിൽ 50ഓളം പ്രമുഖരുടെ സംയുക്ത പ്രസ്താവന
02.03.2023: വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ നൽകിയ അപ്പീൽ ഹൈകോടതി തള്ളി. ഒരിക്കൽ പ്രവർത്തനാനുമതി ലഭിച്ചു എന്നതു കൊണ്ട് മറ്റ് ഗൗരവമായ വിഷയങ്ങൾ പരിഗണിക്കാതെ സ്വാഭാവികമായി അനുമതി പുതുക്കാനുള്ള സമ്പൂർണ അവകാശം ചാനലുകൾക്ക് കൈവരില്ല. മീഡിയവൺ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകളിൽനിന്ന് ആരോപണത്തിന്റെ സ്വഭാവവും ആഴവും സംബന്ധിച്ച പൂർണ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും രാജ്യസുരക്ഷയെയും പൊതുക്രമത്തെയും ബാധിക്കുന്ന ചില കാര്യങ്ങൾ ഉണ്ടെന്ന സൂചനയുണ്ടെന്ന് കേരള ഹൈകോടതി. ആഭ്യന്തര വകുപ്പിന്റെ കൈവശം സൂക്ഷിക്കേണ്ട അതീവ രഹസ്യസ്വഭാവമുള്ള ഫയലായതിനാൽ ദേശസുരക്ഷയും പൊതുവ്യവസ്ഥയുമടക്കം രാജ്യഭരണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ കണക്കിലെടുത്ത് കൂടുതൽ വെളിപ്പെടുത്തൽ സാധ്യമല്ല. മാധ്യമ സ്വാതന്ത്ര്യം അനുവദിക്കപ്പെടുമ്പോഴും രാജ്യസുരക്ഷയെയും പൊതുവ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യത്തിൽ ചില നിയന്ത്രണങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.
10.03.2022: മീഡിയവൺ വിലക്കിന് ആധാരമായി കേന്ദ്ര സർക്കാർ ഹൈകോടതിയിൽ നൽകിയ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ പ്രധാന ഫയലുകളും മാർച്ച് 15ന് സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ചാനൽ വിലക്കിനെതിരെ ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്’ അടക്കം സമർപ്പിച്ച ഹരജികളിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അതിനകം മറുപടി നൽകാനും നിർദേശിച്ചു.
15 03. 2022: ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സർക്കാറിന്റെ ശക്തമായ എതിർപ്പ് തള്ളി മീഡിയവൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്തു. ഇനി ഉത്തരവുവരെ സംപ്രേഷണവുമായി മുന്നോട്ടുപോകാൻ ചാനലിന് അനുമതി നൽകി. ഹരജികൾ അന്തിമ തീർപ്പിനായി ഏപ്രിൽ ഏഴിന് വീണ്ടും പരിഗണിക്കും.
എന്നാൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചശേഷവും ചാനലിന്റെ ലൈസൻസ് കാലാവധി അവസാനിച്ചതാണെന്ന വാദം ഉയർത്തി ഉത്തരവ് തടയാൻ അഡീഷനൽ സോളിസിറ്റർ ജനറൽ രാജു ശ്രമിച്ചു. സുപ്രീംകോടതി ഇത് തള്ളി. മുദ്രവെച്ച കവറുകളിലുള്ള കോടതിവ്യവഹാരത്തോട് യോജിപ്പില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാറിനെ ഓർമിപ്പിച്ചു.
28.03.2022: കേരള ഹൈകോടതി വിധിക്കെതിരെ കേരള പത്രപ്രവർത്തക യൂനിയൻ സമർപ്പിച്ച ഹരജി പരിഗണിച്ച് കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഇടക്കാല ഉത്തരവിട്ട ഹരജികൾക്കൊപ്പം ഈ ഹരജിയും പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു. കേന്ദ്രനടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും മുന്നൂറിലധികം ജീവനക്കാരുടെ തൊഴിൽ പ്രശ്നമാണെന്നുമാണ് ഹരജിയിൽ.
07.04.2022: മീഡിയവൺ ചാനലിന് ഏർപ്പെടുത്തിയ വിലക്കിനെതിരെ ഉടമസ്ഥരായ ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്’ അടക്കം സമർപ്പിച്ച ഹരജികളിൽ മേയ് നാലിന് അന്തിമവാദം കേൾക്കുമെന്ന് സുപ്രീംകോടതി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് നീട്ടിയത്.
4.05.2022: മീഡിയവൺ ചാനലിനുള്ള കേന്ദ്ര സർക്കാർ വിലക്കിനെതിരെ ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്’ സമർപ്പിച്ച ഹരജിക്ക് മറുപടി നൽകാൻ ഇനിയും സമയം വേണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. രണ്ടാഴ്ച സമയം ചോദിച്ച കേന്ദ്രസർക്കാറിന് സുപ്രീംകോടതി വേനലവധി കൂടി പരിഗണിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാലാഴ്ച അനുവദിച്ചു.
03.11.2022: കേസിൽ സുപ്രീംകോടതിയിൽ വാദംപൂർത്തിയായി വിധിപറയാൻ മാറ്റി.
05.04.2023: മീഡിയവൺ ചാനൽ സംപ്രേഷണം വിലക്കിയുള്ള കേരള ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.