ഈ പോരാട്ടം തന്നെ ഒരു ചരിത്രമാണ്
text_fieldsപൊലീസ് അതിക്രമങ്ങൾ സംബന്ധിച്ച് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ അനുയായികൾ നൽകിയ ഒരു പരസ്യം പ്രസിദ്ധീകരിച്ച ന്യൂയോർക് ടൈംസ് പത്രത്തിനെതിരെ മോണ്ട് ഗോമറി പൊലീസ് കമീഷണറായിരുന്ന എൽ.ബി. സുള്ളിവൻ നൽകിയ കേസിൽ 1964 മാർച്ച് ഒമ്പതിന് യു.എസ് സുപ്രീംകോടതി വിധിച്ചത്, ഒരു തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചാൽപ്പോലും അതിനുപിന്നിൽ ദുഷ്ടലാക്കുണ്ടെങ്കിൽ മാത്രമേ മാധ്യമ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ കഴിയൂ എന്നായിരുന്നു.
മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പോഷണത്തിന് എത്രമാത്രം അത്യാവശ്യമാണെന്നും അതിന് നീതിപീഠങ്ങൾ എത്രയധികം വിലമതിക്കുന്നു എന്നതിനുമുള്ള ഏറ്റവും വലിയ ദൃഷ്ടാന്തമായാണ് ആ വിധിന്യായത്തെ പൗരാവകാശ ലോകം കണക്കാക്കുന്നത്. അത്രതന്നെ പ്രാധാന്യമർഹിക്കുന്ന, ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തരമായ വിധികളിലൊന്നാണ്, മീഡിയവണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ നീക്കം ചെയ്ത സുപ്രീംകോടതി തീരുമാനം. ജനങ്ങൾക്കിടയിൽ പരസ്യമായി പ്രവർത്തിച്ചുപോരുന്ന ഒരു മാധ്യമ സ്ഥാപനത്തിന് ഒരു കാരണവും പറയാതെ പൊടുന്നനെയൊരുനാൾ പൂട്ടിടാൻ കേന്ദ്ര ഭരണകൂടം നടത്തിയ ശ്രമത്തെയാണ് പരമോന്നത നീതിപീഠം അസാധുവാക്കിയത്.
സി.എ.എ വിരുദ്ധ പ്രക്ഷോഭകാലത്തുൾപ്പെടെ മീഡിയവൺ നടത്തിയ മാധ്യമ പ്രവർത്തനമാണ് അവരെ നിരോധിക്കാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചതെന്ന് വിധിന്യായത്തിൽനിന്ന് സൂചന ലഭിക്കുന്നു. അത്തരമൊരു നടപടി ഒരു ജനാധിപത്യ സമൂഹത്തിൽ അചിന്ത്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കുമ്പോൾ രാജ്യത്തിന്റെ ജനാധിപത്യ മനസ്സിന് ലഭിക്കുന്ന ആശ്വാസം ചെറുതല്ല. സർക്കാറിനെതിരെ, അവരുടെ നയപരിപാടികൾക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയും അവ്വിധത്തിൽ അവരെ നേരിടുകയും ചെയ്യുന്ന ഒരു കാലത്താണ് ഈ വിധിയെന്നതാണ് സന്തോഷം ഇരട്ടിയാക്കുന്നത്.
രാജ്യത്തെ മറ്റുപല മാധ്യമങ്ങളും നടത്തുന്ന രീതിയിലെ മാധ്യമ പ്രവർത്തനം തന്നെയാണ് മീഡിയവണും നടത്തിവന്നിരുന്നത്. അവരെ നിരോധിക്കാൻ നടത്തിയ ശ്രമം ഒരു പരീക്ഷണത്തുടക്കമായിരുന്നുവോ എന്നാണ് എന്റെ സംശയം. അത് വിജയം കണ്ടിരുന്നുവെങ്കിൽ മറ്റു മാധ്യമങ്ങളെയും ഭരണകൂടം ഈ നിരോധനക്കുരുക്കിൽ അകപ്പെടുത്തുമായിരുന്നു. സുപ്രീംകോടതിയുടെ ഐതിഹാസിക ഇടപെടൽ ആ നീക്കത്തെ തകർത്തുകളഞ്ഞിരിക്കുന്നു. മീഡിയവണുമായി നിലപാടുകളിൽ ഐക്യപ്പെടാത്തവരാണെങ്കിൽപ്പോലും ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും പൊതു പ്രവർത്തകരും ഈ വിധിയെ ആഘോഷിക്കുകതന്നെ വേണ്ടതുണ്ടെന്ന് തോന്നുന്നു.
മീഡിയവൺ നിരോധിക്കപ്പെട്ട വേളയിൽ, മാധ്യമ പ്രവർത്തനത്തിന്റെ മറുകര കണ്ടവരെന്ന് വിശ്വസിക്കുന്നവരും നിയമവിശാരദരുമായ പലരും അതിനെ കൊണ്ടാടാനും ചാനലിനെയും നടത്തിപ്പുകാരെയും അധിക്ഷേപിക്കാനും മുതിർന്നത് ഓർമയിലെത്തുന്നു. അവിടെയാണ് 10 വർഷം മാത്രം പ്രായമുള്ള ഈ പ്രാദേശിക ചാനൽ, നിരോധനത്തെ നേരിട്ട തികച്ചും മാന്യവും മാതൃകപരവുമായ രീതി സവിശേഷമാവുന്നത്. എഡിറ്റർ പ്രമോദ് രാമൻ ഉൾപ്പെടെ അതിലെ സുഹൃത്തുക്കൾ സംയമനം ഒട്ടും കൈവിടാതെ തികഞ്ഞ പക്വതയോടെ അഭിപ്രായ പ്രകടനങ്ങൾ നടത്തി.
ഇടിത്തീപോലെ വന്ന നിരോധനത്തെ മറികടക്കാനും സഹപ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് ചേർത്തുപിടിക്കാനും സ്വീകരിച്ച ചുവടുകൾ സംബന്ധിച്ച് ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാനോ മറ്റ് മുതിർന്ന മാധ്യമ പ്രവർത്തകരോ എഴുതുകയും പങ്കുവെക്കുകയും ചെയ്യുമെന്ന് കരുതുന്നു. ഈ പോരാട്ടം രേഖപ്പെടുത്തി വെക്കുകതന്നെ വേണം. സുപ്രീംകോടതി വിധി മാത്രമല്ല, ആ വിധിയിലേക്ക് നയിച്ച, മീഡിയവൺ നടത്തിയ പോരാട്ടവും ഒരു ഗംഭീര ചരിത്രം തന്നെയാണ്. അത് സാധ്യമാക്കിയതിൽ ഒരുപാടൊരുപാടു പേരുടെ പരിശ്രമങ്ങളുണ്ട്. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മീഡിയവണുമായി ഐക്യദാർഢ്യപ്പെട്ട് ആദ്യമേ മുന്നോട്ടുവന്നിരുന്നു.
കേരളത്തിൽനിന്നുള്ള ഇടതു-വലത് എം.പിമാരും കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമ-പൗരാവകാശ പ്രവർത്തകരും സർക്കാറിന്റെ തെറ്റായ നീക്കത്തിനെതിരെ ശബ്ദമുയർത്തി. മീഡിയവൺ ഇത്തരമൊരു നിയമപോരാട്ടവുമായി മുന്നോട്ടുവന്നില്ലായിരുന്നുവെങ്കിൽ നാളെയുടെ ഇന്ത്യൻ മാധ്യമ-പൗരാവകാശ ചരിത്രംതന്നെ മറ്റൊന്നാകുമായിരുന്നു.
ആർ. രാജഗോപാൽ (എഡിറ്റർ, ദ ടെലിഗ്രാഫ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.