ആ സ്വാതന്ത്ര്യസമര കഥ
text_fields‘അജ്ഞാതമായ കാരണങ്ങളാൽ’ മീഡിയവൺ ചാനൽ സംപ്രേഷണം വിലക്കി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ ഉത്തരവ് 2022 ജനുവരി 31ന് എത്തുന്നത് ഇടിത്തീയായാണ്. വിലക്കാൻ കാരണമെന്തെന്ന് ചാനലിനോട് വ്യക്തമാക്കിയില്ല. കോടികളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കി, 350 ജീവനക്കാരും ഇന്ത്യയിലും വിദേശത്തും ഓഫീസുകളുമായി പൂർണാർഥത്തിൽ പ്രവർത്തിച്ചുവന്ന ചാനൽ അതോടെ ശരിക്കും ഞെട്ടി. ഹൈകോടതി സിംഗിൾ ജഡ്ജി തുടക്കത്തിൽ സ്റ്റേ അനുവദിച്ചെങ്കിലും 2022 ഫെബ്രുവരി എട്ടിന് മന്ത്രാലയത്തിെൻറ ഉത്തരവ് ശരിവെച്ചു.
അന്ന് വൈകീട്ട് സുഹൃത്ത് അമീൻ ഹസൻ വിളിച്ച് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് അറിയിച്ചു. അന്ന് തുടങ്ങിയതാണ് സുദീർഘമായ, കടുപ്പമേറിയ ഈ നിയമ പോരാട്ടം. ഞങ്ങൾ ഉടനടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയെ കണ്ട് വിഷയങ്ങൾ അറിയിച്ചു. ഹൈകോടതിയിൽ കേസ് വാദിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.
ഫെബ്രുവരി ഒമ്പതിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ റിട്ട് ഹരജി സമർപിച്ചു. തൊട്ടുപിറ്റേന്ന്, ദുഷ്യന്ത് ദവെ ഡിവിഷൻ ബെഞ്ച് മുമ്പാകെ മുഴു ദിവസമെടുത്ത് കേസ് വാദിച്ചു. വാദം കേട്ട കോടതി കേസിൽ വിധി പറയാനായി മാറ്റി. കാത്തിരുന്ന വിധിയെത്തുന്നത് വാദം പൂർത്തിയായി ഒരു മാസം കഴിഞ്ഞ് മാർച്ച് രണ്ടിന്. മന്ത്രാലയ ഉത്തരവിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഡിവിഷൻ ബെഞ്ചും പറഞ്ഞു. ചാനലിന് ശരിക്കും തിരിച്ചടിയായിരുന്നു അത്.
ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മാർച്ച് ഏഴിന് ബഹു. ചീഫ് ജസ്റ്റീസ് മുമ്പാകെ അടിയന്തരമായി വാദം കേൾക്കാൻ ആവശ്യപ്പെട്ടു. അത് അനുവദിക്കപ്പെടുകയും ചെയ്തു. കോടതിയിൽ മാർച്ച് 10ന് വാദം കേൾക്കാനായി വെച്ചു. എല്ലാ രേഖകളും ഹാജരാക്കാൻ കോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി. മാർച്ച് 30നാണ് കേസ് വെച്ചത്. രേഖകൾ പരിശോധിച്ച കോടതി ചാനലിന് പ്രവർത്തനം തുടരാൻ അനുമതി നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അതുകഴിഞ്ഞ്, നവംബർ ഒന്ന്, രണ്ട് തീയതികളിലായി കേസിൽ അവസാനഘട്ട വാദം നടന്നു. തുടർച്ചയായ രണ്ടു ദിവസത്തെ വാദം കേൾക്കലിനൊടുവിൽ കേസ് വിധി പറയാനായി നീട്ടി. ഒടുവിൽ ഏപ്രിൽ നാലിന് അന്തിമ വിധിയെത്തി. എന്നുവെച്ചാൽ, ഒരു വർഷവും മൂന്നുമാസവും കൊണ്ട് കേരള ഹൈകോടതി സിംഗിൾ ബെഞ്ചിൽ തുടങ്ങി സുപ്രീം കോടതി വരെ വിഷയം എത്തിക്കാൻ ഞങ്ങൾക്കായി.
ഈ ലേഖനം കുറിക്കുേമ്പാഴും സുപ്രീം കോടതി വിധിന്യായം പുറത്തെത്തിയിട്ടില്ല. തുറന്ന കോടതിയിൽ ചീഫ്ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് വായിച്ചത് അടിസ്ഥാനപ്പെടുത്തിയാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. തീർച്ചയായും ഇത് ഒരു ചരിത്ര ദിനമാണ്.
വിലക്കിന് കാരണം
വിലക്കിന്റെ കാരണം സംബന്ധിച്ച് ലോകം മൊത്തവും സമ്പൂർണ ഇരുട്ടിലായിരുന്നു. വിധി പറയുംനേരം ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡാണ് ആ കാരണങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ചാനൽ വാർത്തകൾ പലപ്പോഴും സർക്കാർ നയങ്ങൾക്കെതിരായതും സർക്കാർ പാസാക്കിയ നിയമങ്ങളെ വിമർശിക്കുന്നതും ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം അവതരിപ്പിക്കുന്നതും ബാബരി മസ്ജിദ് സംഭവത്തിെൻറ അനന്തര സംഭവങ്ങളുൾക്കൊള്ളുന്നതുമായതാണത്രെ കാരണങ്ങൾ. സി.എ.എ, യു.എ.പി.എ നിയമങ്ങൾ പ്രത്യേകം എടുത്തുപറയുന്നു.
മീഡിയവൺ ഓഹരിഉടമകൾ ജമാഅത്തെ ഇസ്ലാമി അംഗങ്ങളാണെന്ന ആരോപണവുമുണ്ട്. ഇതെല്ലാം ദേശസുരക്ഷക്ക് അപായകരമാണെന്നാണത്രെ സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടുന്ന ദേശസുരക്ഷയെന്ന ഭൂതത്തെ തുറന്നുകാട്ടുന്നുവെന്നതാണ് വിധിയിലെ ഏറ്റവും ശുഭകരമായ കാര്യം. ഭരണഘടനാനുസൃതമായി ഒരു മാധ്യമ സ്ഥാപനം വിശ്വസിക്കുന്ന പക്ഷം തുറന്നുപറയാൻ ആ മാധ്യമത്തിന് അവകാശമുണ്ട്. ആ നിലപാട് സ്വീകരിച്ചതിനാണ് മീഡിയവൺ വിമർശിക്കപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് ഇത് ഒരു ക്ലാസിക്കൽ കേസാണെന്നും വിലക്കിന് ന്യായമാകുന്ന ഒരു കാരണവും ഇല്ലെന്നും കോടതി തീർത്തുപറഞ്ഞത്.
മുദ്രവെച്ച കവർ രീതി
മുദ്രവെച്ച കവർ രീതി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടിപ്പോൾ. ബന്ധപ്പെട്ട കക്ഷിയോട് കാരണം വെളിപ്പെടുത്താതെ മറച്ചുവെക്കാൻ ഇത് വലിയ സൗകര്യം നൽകുന്നു. യഥാർഥത്തിൽ, വിലക്കിനുള്ള കാരണം ബന്ധപ്പെട്ട കക്ഷി അറിയുേമ്പാഴേ എന്തിന് വിലക്കിയെന്നതിന് ഫലപ്രദമായ ഉത്തരമാകൂ. റാഫേൽ അഴിമതി, സി.ബി.ഐ ഡയറക്ടർമാരുടെ നിയമനം പോലുള്ള സുപ്രധാന വിഷയങ്ങളിൽ മുദ്രവെച്ച കവറിൽ കാരണം ബോധിപ്പിക്കാൻ സർക്കാറിന് കോടതി അനുമതി നൽകിയിരുന്നു. ഇതുവഴി കോടതിക്കു മുമ്പാകെ എത്തിയ കാരണം എന്താണെന്ന് അറിയാൻ പൊതുജനത്തിന് സാധ്യമാകാതെ വരുന്നു. ഇത് സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണ്. ഒപ്പം, തങ്ങൾക്കെതിരായ വിധിക്കെതിരെ കോടതി കയറാൻ ബന്ധപ്പെട്ട കക്ഷികൾക്ക് സാധ്യമാകാതെ വരുകയും ചെയ്യുന്നു. വിധിന്യായത്തിൽ മുദ്രവെച്ച കവർ രീതിയെ കോടതി നിരാകരിക്കുന്നു. മാത്രവുമല്ല, കാരണം കക്ഷിയെ അറിയിക്കണമെന്നും നിർദേശിക്കുന്നു. രാജ്യത്തിെൻറ പരമാധികാരത്തെ ബാധിക്കുന്ന വല്ലതും ഉണ്ടെങ്കിൽ ഇതിൽ ഭാഗികമായി മാത്രം കക്ഷിയെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. അതായത്, സുപ്രീം കോടതി അടിവരയിടുന്ന വസ്തുത കോടതിക്കു മുമ്പാകെ എത്തുന്ന എല്ലാ നടപടികളിലും സുതാര്യത വേണമെന്നാണ്. നിയമശാസ്ത്രത്തിൽ വെള്ളിരേഖയാകുന്നതാണ് ഈ നീക്കം.
മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗി, ദുഷ്യന്ത് ദവെ, ഹുസേഫ അഹ്മദി എന്നിവർക്കൊപ്പം സഹപ്രവർത്തകൻ അമീൻ ഹസനുമടങ്ങുന്ന സംഘം നടത്തിയ കഠിനമായ നിയമ പോരാട്ടം ഒരിക്കലും വൃഥാ ആയില്ല. ഭരണഘടനാമൂല്യങ്ങളും വകുപ്പുകളും അതിെൻറ യഥാർഥ സത്തയോടെ ഉയർത്തിക്കാട്ടുന്ന ചരിത്രപരമായ വിധിയാണ് അത് നേടിത്തന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രകടനത്തിനുമുള്ള അവകാശം, വ്യവസായം നടത്താനുള്ള അവകാശം, മാധ്യമ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ദേശസുരക്ഷ വിഷയങ്ങളിൽ പോലും സ്വാഭാവിക നീതി തത്ത്വങ്ങൾ മുറുകെ പിടിക്കണമെന്നും ആവശ്യപ്പെടുന്നു.
ദേശസുരക്ഷ ഒരു മറയായി നിർത്തുന്ന കേന്ദ്ര സർക്കാർ രീതിയെ അത് വിമർശനമുനയിൽ നിർത്തുന്നു. പൗരജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് തടയിടാൻ മുദ്രവെച്ച കവർ രീതി ദുരുപയോഗം ചെയ്യുന്നതും അത് നിരാകരിക്കുന്നു. ഇത് ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും കേന്ദ്ര സർക്കാറും തമ്മിലെ കേസായല്ല, മറിച്ച് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി നടത്തിയ നിയമപോരാട്ടമായാണ് ചരിത്രം രേഖപ്പെടുത്തുക. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.