രാജ്യത്തിെൻറ, ജനതയുടെ വിജയം
text_fieldsമീഡിയവൺ വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഒരു മാധ്യമ സ്ഥാപനത്തിന്റെ വിജയം മാത്രമല്ല; ഒരു ജനതയുടെയും രാജ്യത്തിന്റെ ഭരണഘടനയുടെതന്നെയും വിജയമാണ്. രാഷ്ട്രീയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും തെരഞ്ഞെടുപ്പ് പ്രസംഗങ്ങളും പോലും കുറ്റകരമായി വ്യാഖ്യാനിക്കപ്പെടുന്ന ‘തെരഞ്ഞെടുക്കപ്പെട്ട സർവാധിപത്യ’ത്തിന്റെ കാലത്ത് സുപ്രീംകോടതിയിൽനിന്നുണ്ടായ ഈ വിധി ആശ്വാസകരവും സന്തോഷകരവും അഭിമാനകരവുമാണ്. ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും ഇത്തരുണത്തിൽ അഭിനന്ദിക്കട്ടെ!
സുപ്രധാനമായ കണ്ടെത്തലുകളും നിരീക്ഷണങ്ങളുമാണ് കോടതി ഈ കേസിൽ നടത്തിയിട്ടുള്ളത്. മുദ്രവെച്ച കവറിൽ നടത്തുന്ന നീതിന്യായ തീർപ്പിന്റെ അസ്വീകാര്യത ഇനിയെങ്കിലും നമ്മുടെ നാട്ടിലെ ഇതര കോടതികൾ തിരിച്ചറിയണം. ഹൈകോടതി വിധികളിലെ സമീപനം എത്രകണ്ട് പിഴവു നിറഞ്ഞതാണെന്ന് ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിയിൽനിന്ന് വ്യക്തമാകും. എന്നാൽ, മുദ്രവെച്ച കവറിന്റെ വിഷയം എന്നതിനേക്കാൾ മുദ്രവെക്കപ്പെടുന്ന-അടച്ചുവെക്കപ്പെടുന്ന-ജനാധിപത്യത്തിന്റെ വിഷയംതന്നെയാണ് സുപ്രീംകോടതി വിധി മുന്നോട്ടുവെക്കുന്നത്.
വിയോജിക്കാനുള്ള, വിമർശിക്കാനുള്ള സ്വാതന്ത്ര്യംതന്നെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാതൽ. ദേശസുരക്ഷ, ഭരണകൂടത്തിന്റെ നെറികേടുകൾക്കുള്ള കവചമായി ഉപയോഗിക്കേണ്ടുന്ന വാദമുഖമല്ല. സർക്കാറിനെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കലല്ല. ഈ സുപ്രധാന പാഠമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മാധ്യമസ്വാതന്ത്ര്യം ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത്, ഇന്ത്യയിലെ പരമോന്നത കോടതിയിൽനിന്നുണ്ടായ വിധി രാജ്യത്താകെയുള്ള ജനാധിപത്യ വിശ്വാസികൾക്ക് ഊർജംപകരുന്ന ഒന്നാണ്. ഈ ചരിത്രവിധി നൽകുന്ന സന്ദേശം ഒരു രാഷ്ട്രത്തിന്റെ ഭാവിയെത്തന്നെ സമുജ്ജ്വലമാക്കാൻ പോന്നതാണ്. ആ ദൗത്യം ഏറ്റെടുക്കാൻ നമുക്ക് കഴിയണം.
( ഭരണഘടനാ വിദഗ്ധനും സുപ്രീംകോടതിയിലെ അഭിഭാഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.