ഭരണകൂടത്തിെൻറ ചട്ടുകങ്ങളല്ല ന്യായാധിപന്മാർ
text_fieldsരാജ്യത്തെ മുഖ്യധാരാ പത്ര-ചാനലുകള്‍ മുഖംതിരിച്ചതോടെ സൊഹ്റാബുദ്ദീന്‍ ശൈഖ്, തുൽസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹർകിഷൻ ലോയുടെ മരണത്തില്‍ ബന്ധുക്കള്‍ ഉന്നയിച്ച ദുരൂഹത ഒരു കാറ്റായി വീശിയടങ്ങി. പതിവുശൈലി വെടിഞ്ഞ് മുഖ്യധാര മാധ്യമങ്ങൾ, ജഡ്ജി ലോയുടെ ബന്ധുക്കളും സുഹൃത്തും ‘കാരവന്’ പ്രസിദ്ധീകരണത്തിലൂടെ ഉന്നയിച്ച ചോദ്യങ്ങൾക്ക് സംശയത്തിെൻറ നിഴലില്‍ നിൽക്കുന്നവരുടെതന്നെ മൊഴികളിലൂടെ ഉത്തരങ്ങള്‍ ‘കെണ്ടത്തി’ ധൃതിയില്‍ ‘ധർമം’ നിർവഹിച്ചു പിൻവാങ്ങുകയാണുണ്ടായത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവർെക്കതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസില്‍ ജഡ്ജി ലോയ വലിയ സമ്മർദം അനുഭവിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിെൻറ പിതാവ് ഹർകിഷന്‍ ലോയ, സഹോദരി ഡോ. അനുരാധ ബിയാനി, സഹോദരി പുത്രി നുപുര്‍ ബാലപ്രസാദ് ബിയാനി, സുഹൃത്തും അഭിഭാഷകനുമായ ഉദയ് ഗവാരെ എന്നിവര്‍ കാരവന് നൽകിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയത്. അമിത് ഷാ ഉൾപ്പെടെയുള്ളവരെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന ഹരജിയില്‍ അനുകൂല വിധിക്ക് അന്നത്തെ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപയും സ്വത്തും ജഡ്ജി ലോയക്ക് വാഗ്ദാനം ചെയ്തെന്ന അതി ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടു. മാത്രമല്ല, അനുകൂല വിധി നൽകുന്ന ദിവസം ജനശ്രദ്ധ തിരിക്കാന്‍ മാധ്യമങ്ങൾക്ക് മറ്റൊരു പ്രധാന വാർത്ത ഇട്ടുകൊടുക്കാമെന്ന ഉറപ്പും നൽകിയത്രെ. തനിക്കോ അമ്മക്കോ സഹോദരിക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ജസ്റ്റിസ് മോഹിത് ഷാ ആയിരിക്കുമെന്ന് ലോയയുടെ മകന് അനൂജ് എഴുതിയ കത്ത് ഡോ. അനുരാധ ബിയാനിയുടെ കൈവശമുണ്ടെന്നാണ് പറയുന്നത്. സംഗതി വിവാദമായതോടെ അച്ഛെൻറ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും ഹൃദയാഘാതത്തെ തുടർന്നുതന്നെയാണ് അച്ഛന് മരിച്ചതെന്ന് പിന്നീട് ബോധ്യമായെന്നും ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് അനൂജ് പറഞ്ഞതിലും അടിമുടി ദുരൂഹതയുണ്ട്.
ന്യായമല്ലാത്ത വിധിക്ക് നിൽക്കുകയില്ലെന്നും രാജിവെച്ച് നാട്ടില്‍ കൃഷിക്കാരനായി കഴിയുമെന്നുമത്രെ ജഡ്ജി ലോയ സുഹൃത്ത് ഉദയ് ഗവാരെയോട് പറഞ്ഞത്. അമിത് ഷാ പ്രതിയായ കേസില്‍ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ നാഗ്പൂരില്‍ സഹപ്രവർത്തകയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ലോയ മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത് 2014 ഡിസംബര്‍ ഒന്നിന് പുലർച്ചെയാണ്. ഹൃദയാഘാതം, ചികിത്സ, മരണസമയം, പോസ്റ്റ്മോർട്ടം, മൃതദേഹം വീട്ടിലെത്തിച്ച വിധം, തങ്ങളുടെ സംശയങ്ങളോടുള്ള സംസ്കാര സമയത്ത് വീട്ടിലെത്തിയ ജഡ്ജിമാരുടെ പ്രതികരണം തുടങ്ങി ബന്ധുക്കൾക്കുണ്ടായ സംശയങ്ങളും ചോദ്യങ്ങളും അങ്ങനെതന്നെ നിൽക്കുന്നു. ഭരണകൂടത്തിനോ ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രത്തിനോ ബോധിക്കാത്ത ജഡ്ജിമാരെ സമ്മർദത്തിലാക്കുന്നതും സ്ഥലംമാറ്റുന്നതും പുതുമയുള്ളതല്ല. ജഡ്ജി ലോയക്കു മുമ്പ് സൊഹ്റാബുദ്ദീന്‍, പ്രചാപതി കേസില്‍ വാദം കേട്ട കർക്കശക്കാരനായ ജഡ്ജി ജെ.ടി. ഉട്പടിനെ പുണെ ജില്ല ജഡ്ജിയായി സ്ഥലം മാറ്റുകയായിരുന്നു. അമിത് ഷാ അടക്കമുള്ള വി.ഐ.പി പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് നിലപാട് കടുപ്പിച്ചതോടെയാണ് ഉട്പടിെൻറ സ്ഥലം മാറ്റം. ഒരു ജഡ്ജിതന്നെ കേസില്‍ വാദംകേട്ട് വിധി പറയണമെന്ന സുപ്രീം കോടതി നിർദേശം അവഗണിച്ചാണ് ഈ നടപടി. ഉട്പടിനുശേഷം നിയോഗിക്കപ്പെട്ട ജഡ്ജി ലോയ, അമിത് ഷാക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവു നൽകിയെങ്കിലും കേസ് നടക്കുന്ന ദിവസം അമിത് ഷാ മുംബൈയില്‍ ഉണ്ടാകുന്ന പക്ഷം ഹാജരാകണമെന്ന നിബന്ധനവെച്ചിരുന്നു. അത് ലംഘിക്കപ്പെട്ടതോടെ ലോയയും നിലപാട് കടുപ്പിച്ചു. ലോയയുടെ മരണശേഷം നിയമിതനായ ജഡ്ജി എസ്.ജെ. ശർമ അമിത് ഷാ അടക്കം 15 പേരെ കേസില്‍നിന്ന് ഒഴിവാക്കി. മാത്രമല്ല, തെൻറ മുൻഗാമിയുടെ മരണം വിവാദമായിരിക്കെ കേസിലെ വിചാരണ റിപ്പോർട്ട്് ചെയ്യരുതെന്ന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
സമ്മർദങ്ങൾ
മുമ്പ് 2012 ഗുജറാത്ത് കലാപത്തിനിടെ ബെസ്റ്റ് ബേക്കറി ആക്രമിച്ച് 14 പേരെ ചുട്ടുകൊന്ന കേസില്‍ വിചാരണ കേട്ട പ്രത്യേക ജഡ്ജി അഭയ് എം. തിപ്സെയും താന്‍ വലിയ സമ്മദങ്ങള് നേരിട്ടതായി പറഞ്ഞിട്ടുണ്ട്. സമ്മർദങ്ങൾക്ക് വഴങ്ങാതെ വിചാരണ നേരിട്ട 17 പേരില്‍ ഒമ്പതുപേർക്ക് ജീവപര്യന്തം തടവാണ് ജസ്റ്റിസ് അഭയ് തിപ്സെ വിധിച്ചത്. എട്ടു പേരെ വെറുതെ വിടുകയും മുഖ്യസാക്ഷികളായ ബേക്കറി ഉടമയുടെ ഭാര്യയെയും മകളെയും പ്രതിജ്ഞ തെറ്റിച്ച് കോടതിയില്‍ നുണപറഞ്ഞതിന് ശിക്ഷിക്കുകയും ചെയ്തു അദ്ദേഹം. വിചാരണക്കിടെ ഒരു ഹിന്ദുവിനെപ്പോലെ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുകള്‍ ലഭിച്ചതായി അദ്ദേഹം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംകളോട് പകരംവീട്ടാനുള്ള അവസരമാണിതെന്നത്രെ അവര്‍ എഴുത്തിലൂടെ പറഞ്ഞത്. പ്രതികളെ വെറുതെവിട്ടാല്‍ ഹിന്ദുസമൂഹം ഒപ്പമുണ്ടാകുമെന്നും ദൈവം പ്രതിഫലം നൽകുമെന്നുമുള്ള നിലയില്‍നിന്ന് പിന്നീട് ഭീഷണി സ്വരത്തിലേക്ക് അവ മാറിയെന്നും അദ്ദേഹം പറയുകയുണ്ടായി. പിന്നീട് അദ്ദേഹത്തിെനതിരെ നുണ പ്രചാരണങ്ങളായിരുന്നു.
സമ്മർദങ്ങൾ അതിജയിച്ച് നീതിക്കൊപ്പം നിന്ന ജ. അഭയ് തിപ്സെയെ വിരമിക്കുന്നതിനു തൊട്ടുമുമ്പ് ബോംബെ ഹൈകോടതിയില്‍നിന്ന് അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റുകയാണുണ്ടായത്. ഈ സ്ഥലംമാറ്റത്തിെനതിരെ ബാര്‍ അസോസിയേഷനുകളും മറ്റും രംഗത്തുവന്നിട്ടും സുപ്രീംകോർട്ട് കൊളീജിയം വഴങ്ങിയില്ല. സ്ഥലംമാറി പോകാന്‍ താൽപര്യമില്ലെന്ന് തിപ്സെ കൊളീജിയത്തെ രണ്ടുതവണ അറിയിച്ചിട്ടും കേട്ടില്ല. കഴിഞ്ഞവർഷം ഏപ്രിലില്‍ ഡൽഹി ഹൈകോടതിയില്‍നിന്ന് ജ. രാജീവ് ഷക്ധേറിനെ മദ്രാസ് ഹൈകോടതിയിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു ജ. അഭയ് തിപ്സെയുടെയും സ്ഥലംമാറ്റം. ഗ്രീൻപീസ് പ്രവർത്തക പ്രിയ പിള്ളെക്കതിരെ കേന്ദ്ര സർക്കാര്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന് സ്റ്റേ വിധിച്ച പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് രാജീവ് ഷക്ധേറിെൻറ സ്ഥലംമാറ്റം. തീവ്രവാദ, നക്സല്‍ കേസുകളില്‍ പൊലീസിെൻറ മുൻവിധിയിൽ തളക്കപ്പെട്ട യുവാക്കളുടെ ആശ്രയമായിരുന്നു ജസ്റ്റിസ് അഭയ് തിപ്സെ. ഇത്തരം വിഷയങ്ങളില്‍ സർക്കാർ ഏജൻസികൾ മുൻവിധിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് തുറന്നുപറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. ഉന്നത പൊലീസ് ഉദ്യോഗസ്ഥനു മുമ്പാകെ പ്രതി നടത്തുന്ന കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകളുടെ സാന്നിധ്യമില്ലാതെ കുറ്റം തെളിയിക്കാവുന്ന കാടന്‍ നിയമമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം കൈകാര്യം ചെയ്യുന്നിടത്തും അഭയ് തിപ്സെ കാണിച്ച സൂക്ഷ്മത ഏജൻസികളെയും അധികാരികളെയും അലോസരപ്പെടുത്തി. ഇന്ത്യന്‍ മുജാഹിദീന്‍, ഒൗറംഗാബാദ് ആയുധവേട്ട കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകിയത് ചരിത്രവിധിയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച കേസില്‍ നടന് സൽമാൻഖാന് കോടതി വിധിച്ച ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയതും അഭയ് തിപ്സെയാണ്. സൽമാൻഖാന് എതിരെ തെളിവ് ശേഖരിക്കുന്നിടത്തും കേസ് സമർപ്പിക്കുന്നിടത്തും പൊലീസിന് പറ്റിയ വീഴ്ചയാണ് ഇവിടെ മുഴച്ചുനിന്നത്.
സമ്മർദങ്ങൾക്ക് വഴങ്ങാത്ത ജ. അഭയ് തിപ്സയെ മാനംകെടുത്താന്‍ 2014 ലാണ് സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടന്നത്. ഏറ്റവും അഴിമതിക്കാരനായ ജഡ്ജി എന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. ‘ജാമ്യം നൽകുന്ന ജഡ്ജി’ എന്നാണ് പ്രചാരണം. ഈ കുപ്രചാരണത്തിെൻറ ഉദ്ഭവം ഗുജറാത്താണെന്ന് പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് അറിഞ്ഞതായി അഭയ് തിപ്സെ ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞു. വിരമിക്കാന്‍ മാസങ്ങള്‍ ബാക്കിനിൽക്കെ 2016 ഏപ്രിലിലാണ് ജ. അഭയ് തിപ്സെയെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയത്. കഴിഞ്ഞ മാർച്ചില്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു.
ജനപക്ഷത്ത് നിലയുറപ്പിച്ച ന്യായാധിപൻ
ഇതിനിടയില്‍ ജനപക്ഷത്തു നിന്ന മറ്റൊരു ജഡ്ജിയെ സർക്കാര്‍ വിരുദ്ധനെന്ന് മഹാരാഷ്ട്ര സർക്കാർ വിളിച്ച സംഭവവുമുണ്ടായി. ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് അഭയ് ഓകെക്ക് എതിരെയായിരുന്നു സർക്കാറിെൻറ കടുംകൈ. ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ പിന്നീട് ഇതിന് നിരുപാധികം മാപ്പുപറയേണ്ടിവന്നു. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയില്‍ സർക്കാറിന് എതിരെ നിലപാട് സ്വീകരിച്ചതോടെയാണ് ജ. അഭയ് ഓക സർക്കാറിന് അനഭിമതനായത്. പൊതുതാൽപര്യ ഹരജികളില്‍ ജനപക്ഷത്തുനിന്നുകൊണ്ടായിരുന്നു അദ്ദേഹത്തിെൻറ നിരീക്ഷണങ്ങള്‍. അത് ചില്ലറ പ്രയാസങ്ങളല്ല സർക്കാറിനുണ്ടാക്കിയത്. അഭയ് ഓകയുടെ നിരീക്ഷണങ്ങള്‍ സർക്കാറിന് നിരന്തരം തലവേദന സൃഷ്ടിച്ചതോടെയാണ് സർക്കാർ വിരുദ്ധനെന്ന് വിളിച്ചും ഹരജികള്‍ അദ്ദേഹത്തില്‍നിന്ന് മാറ്റണമെന്ന് അപേക്ഷിച്ചും സർക്കാർ ചീഫ് ജസ്റ്റിസിന് കത്തു നൽകുന്നത്. എന്നാല്‍, ബാര്‍ അസോസിയേഷനുകള്‍ ശക്തമായ നിലപാടുമായി അഭയ് ഓകയെ പ്രതിരോധിച്ചതോടെ സർക്കാർ വെട്ടിലായി. മാപ്പുപറയുകയല്ലാതെ പിന്നെ രക്ഷയുണ്ടായിരുന്നില്ല. ജഡ്ജി ആയാലും അധികാര കരുത്തിനെ എത്രകണ്ട് അതിജയിക്കാനാകുമെന്നതാണ് കാതലായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.