ജോർജ് ഫ്ലോയ്ഡ് വിധിയും ഇന്ത്യയിലെ പൊലീസ് കുറ്റങ്ങളും
text_fieldsനീതിക്കായി ആശിച്ച മനസ്സുകളിൽ ആശ്വാസംപകർന്ന് അമേരിക്കയിൽനിന്നൊരു കോടതിവിധിയെത്തി. കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ കേസിൽ മിനിയപൊളിസ് പൊലീസ് ഡിപ്പാർട്മെൻറിലെ വെള്ളക്കാരനായ മുൻ ഉദ്യോഗസ്ഥൻ ഡെറിക് ഷൗവിന് 22.5 വർഷം തടവിനു വിധിച്ചിരിക്കുന്നു. ൈകകളിൽ വിലങ്ങിട്ട് മുഖം നിലത്താക്കി കിടത്തിയ ഫ്ലോയ്ഡിെൻറ കഴുത്തിൽ ഒമ്പതു മിനിറ്റിലേറെ മുട്ടുകാൽകൊണ്ട് ഞെക്കിപ്പിടിച്ചതാണ് മരണകാരണമായത്. എനിക്ക് ശ്വാസം കിട്ടുന്നില്ല എന്ന മരണക്കരച്ചിൽ യു.എസിലുടനീളം കറുത്ത വർഗക്കാരോടുള്ള പൊലീസ് അതിക്രമത്തിനെതിരായ ശബ്ദമായി ഉയർന്നുവന്നു.
ഏറ്റവും സവിശേഷവും സംതൃപ്തി പകരുന്നതുമായ ഒരു കാര്യം നീതി ലഭ്യമാക്കിയതിലെ വേഗമാണ്. 2020 മേയ് 25നാണ് ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെടുന്നത്. ഒരു വർഷം തികയാൻ ഒരു മാസം ശേഷിക്കേ ഏപ്രിൽ 21ന് ഡെറിക് ഷൗവിൻ കുറ്റക്കാരനാണെന്ന് വിധി വന്നു. ജൂൺ 25ന് ശിക്ഷയും പ്രഖ്യാപിച്ചു. ഷൗവിനെതിരായ കുറ്റം തെളിയിക്കാനും ശിക്ഷ വിധിക്കാനും കഴിഞ്ഞത് ഇന്ത്യയിൽനിന്ന് വിഭിന്നമായി പൊലീസും ഭരണകൂടവും ഉൾപ്പെടുന്ന സംവിധാനം ഈ നിഷ്ഠുര കുറ്റകൃത്യം ചെയ്തയാളെ പ്രതിരോധിക്കാൻ കൈകോർക്കാഞ്ഞതുകൊണ്ടാണ്.
പൊലീസ് മേധാവി മെഡാറിയ അറഡോണ്ടോ ഉൾപ്പെടെ മിനിയപൊളിസ് സ്റ്റേഷനിലെ പല ഉദ്യോഗസ്ഥരും ജോർജ് ഫ്ലോയ്ഡിനുനേരെ ഡെറിക് ചെയ്തത് കടുത്ത അപരാധവും പൊലീസിെൻറ ബലപ്രയോഗ ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് വിചാരണക്കിടെ സാക്ഷ്യംപറഞ്ഞിരുന്നു. പട്ടാപ്പകൽ നടന്ന അറുകൊലയെന്ന് വിശേഷിപ്പിച്ച പ്രസിഡൻറ് ജോ ബൈഡൻ വംശീയത രാഷ്ട്രത്തിെൻറ ആത്മാവിലെ കളങ്കമാണെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ കേസ് നടത്തിപ്പ്: ഒരു താരതമ്യം
ഇന്ത്യയിൽ ഇത്തരം കേസുകളിൽ പൊലീസും ഭരണകൂടവും പ്രതിരോധം തീർക്കാനെത്തും. എന്തുകൊണ്ടെന്നാൽ, ഇവിടത്തെ സംവിധാനം പ്രവർത്തിക്കുന്നതുതന്നെ ഭരണകൂടത്തിന് ഒരു കാരണവശാലും തെറ്റുപറ്റില്ല എന്ന തത്ത്വത്തിലൂന്നിയാണ്. ഭരണകൂടത്തിെൻറയോ അതിെൻറ ജോലിക്കാരുടെയോ പിഴവുകൾ സമ്മതിച്ചുകൊടുത്താൽ പൗരജനങ്ങളെ 'ഭരിക്കാൻ' ഉള്ള ധാർമിക അവകാശത്തിന് ഭംഗം സംഭവിച്ചേക്കുമെന്നും കരുതപ്പെടുന്നു.
പൊലീസ് നടത്തിയ അതിഭയാനകമായ കൂട്ടക്കുരുതികളിലൊന്ന് ഹാഷിംപുരയിലേതാണ്. യു.പി പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി)യിലെ 19 പൊലീസുകാരാണ് സംഭവത്തിൽ പ്രതിചേർക്കപ്പെട്ടത്. ഒരു വർഗീയ ലഹളക്കാലത്ത് 1987 മേയ് 22ന് ഹാഷിംപുരയിലെ വയോധികരും ചെറുപ്പക്കാരും ഉൾപ്പെടെയുള്ള 45ഓളം മുസ്ലിംകളെ ഒരു ട്രക്കിൽ കയറ്റി നഗരപ്രാന്തപ്രദേശത്ത് കൊണ്ടുപോയി വെടിവെച്ചുകൊന്ന് മൃതദേഹങ്ങൾ ഒരു ജലസേചന കനാലിൽ തള്ളുകയായിരുന്നു. മൂന്നുനാലു ദിവസം കഴിഞ്ഞ് ചില ജഡങ്ങൾ പൊന്തിവന്നതോടെയാണ് സംഭവം പുറത്തറിയുന്നതുപോലും. ഏതെങ്കിലും അതിവിദൂര മേഖലയിലൊന്നുമല്ല, ഇന്ത്യൻ തലസ്ഥാനനഗരയിൽനിന്ന് 82 കിലോമീറ്റർ മാത്രം അകലെയാണ് ഈ നിഷ്ഠുര സംഭവം നടമാടിയത്.
2015ൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിചാരണ കോടതി പ്രതികളെ വെറുതെവിട്ടു. എന്നാൽ, 2018ൽ ഡൽഹി ഹൈകോടതി ഈ വിധിന്യായം റദ്ദാക്കുകയും 16 പ്രതികൾക്ക് ജീവപര്യന്തം വിധിക്കുകയും ചെയ്തു. മൂന്നു പേർ ഇതിനിടയിൽ മരിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരുപക്ഷേ തീർത്തും അപര്യാപ്തമായിരിക്കാമിതെന്നും നീതിക്കായി 31 വർഷം അവർക്ക് കാത്തിരിക്കേണ്ടിവന്നുവെന്നുമാണ് ഹൈകോടതി നിരീക്ഷിച്ചത്.
ഹാഷിംപുരയിൽ ഭരണകൂടം ന്യൂനപക്ഷങ്ങൾക്കെതിരെ അതിഭയാനകമായ കുറ്റം ചെയ്തുവെന്നു മാത്രമല്ല, അധികാരം ദുർവിനിയോഗം ചെയ്ത് ആവുംവിധമെല്ലാം അതിന് മറപിടിക്കാനും ശ്രമിച്ചു. കേസുമായി ബന്ധപ്പെട്ട് യു.പി സർക്കാറിെൻറ കൈവശമുള്ള നിർണായക രേഖകൾ അന്വേഷണ ഏജൻസികൾക്ക് ലഭ്യമാക്കിയില്ല. ഇരകളുടെ മൃതദേഹങ്ങൾ ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളെയോ കാണിക്കാൻ പൊലീസ് തയാറായിരുന്നില്ല. കൊല്ലാൻ കൊണ്ടുപോയ ട്രക്ക് സംഭവം നടന്ന് എട്ടു മാസത്തിനുശേഷമാണ് ഫോറൻസിക് പരിശോധനക്കയച്ചതുപോലും. ഹാഷിംപുര കേസിൽ ലഭിച്ചത് ഭാഗിക നീതിയെന്നേ പറയാനാവൂ, എന്തുകൊണ്ടെന്നാൽ, കുറച്ച് പൊലീസ് കോൺസ്റ്റബ്ൾമാരുടെയും ഒരു എസ്.ഐയുടെയും ആദേശാനുസരണം ഒരു ദേശത്തെ 42 മനുഷ്യരെ കൂട്ടക്കശാപ്പ് ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നത് തീർത്തും നിഷ്കളങ്കമായിപ്പോവും. ഉന്നത പൊലീസ് ഉേദ്യാഗസ്ഥരുടെയും രാഷ്ട്രീയ അധികാരികളുടെയും താൽപര്യാർഥം മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ. എന്നിട്ടും അവരാരും ശിക്ഷിക്കപ്പെട്ടില്ലെന്നത് പോയിട്ട് തുറന്നുകാട്ടപ്പെട്ടതുപോലുമില്ല.
മലിയാന: മറ്റൊരു കൂട്ടക്കശാപ്പിെൻറ കഥ
ഹാഷിംപുര കൂട്ടക്കൊലയുടെ അടുത്ത ദിവസമാണ് മലിയാന കൂട്ടക്കൊല അരങ്ങേറുന്നത്. 72 മുസ്ലിംകളെങ്കിലും കൊലചെയ്യപ്പെട്ട ഈ സംഭവത്തിലും പി.എ.സിയും ഭൂരിപക്ഷ സമുദായത്തിലെ കലാപകാരികളും കൈകോർത്തിരുന്നതായാണ് ആരോപണം.
പ്രദേശത്തെ വഴികളെല്ലാം അടച്ചശേഷം പൊലീസ് കണ്ണിൽ ചോരയില്ലാത്തവിധം നിറയൊഴിക്കുേമ്പാൾ കൊള്ളയും കൊള്ളിവെപ്പുമായി ആറാടുകയായിരുന്നു കലാപകാരികളെന്ന് ജീവൻ നഷ്ടപ്പെടാതെ അവശേഷിച്ചവർ ആരോപിക്കുന്നു. 214 മുസ്ലിം വീടുകളിൽ 106 എണ്ണം ചുട്ടെരിച്ചിരുന്നു. വെടിയേറ്റും വെട്ടേറ്റും മരിച്ചവർക്കു പുറമെ മറ്റു ചിലരെ ജീവനോടെ കത്തിക്കുകയും ചെയ്തിരുന്നു. അതിവേഗ കോടതിയെ നിയോഗിച്ചെങ്കിലും 34 വർഷത്തിനിടെ കേസ് മാറ്റിവെക്കപ്പെട്ടത് 900 തവണയാണ്. എഴുപതോളം സാക്ഷികളുണ്ടായിരുന്നതിൽ എട്ടുപേരുടെ മൊഴികൾ മാത്രമാണ് രേഖപ്പെടുത്തിയത്.
ഇരകൾക്കായി കേസ് നടത്തുന്ന അഡ്വ. അലാവുദ്ദീൻ സിദ്ദീഖി പറയുന്നത് എഫ്.ഐ.ആർ ഉൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളിൽ പലതും കോടതിരേഖകളിൽനിന്ന് കാണാതെ പോയിരിക്കുന്നു. എഫ്.ഐ.ആർ ഇല്ലാത്തതിനാൽ കേസുമായി മുന്നോട്ടുപോകാനാവില്ല എന്നാണ് മീററ്റ് സെഷൻ കോടതിയുടെ നിലപാട്. എഫ്.ഐ.ആർ കണ്ടുപിടിക്കാനുള്ള 'തിരച്ചിൽ' ഔദ്യോഗികമായി നടന്നുകൊണ്ടിരിക്കുകയാണ്.
മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും കേസ് നടത്തിപ്പിൽ പുരോഗതിയില്ലെന്നും കോടതിരേഖകൾ ദുരൂഹമായി നഷ്ടപ്പെട്ടതും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിൽ എതിർ സത്യവാങ്മൂലം നൽകാൻ 2021 ഏപ്രിലിൽ അലഹബാദ് ഹൈകോടതി യു.പി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മൊഴി നൽകരുതെന്നാവശ്യപ്പെട്ട് സാക്ഷികളെയും ഇരകളെയും യു.പി പൊലീസും പി.എ.സിയും ഭീഷണിപ്പെടുത്തുന്നതായും അവർ ആരോപിച്ചിരുന്നു. വളരെ പഴയ കേസായതിനാൽ അതിനിപ്പോൾ പ്രസക്തിയില്ലെന്ന ധാർഷ്ട്യമാർന്ന വാദമാണ് സർക്കാറിെൻറ അഭിഭാഷകൻ മുന്നോട്ടുവെച്ചത്. എന്നാൽ, ആവശ്യത്തിൽ ഉറച്ചുനിന്നു കോടതി.
പൊലീസ് പീഡനങ്ങൾക്കെതിരായ നിയമമെവിടെ?
കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തി നിരപരാധിയാണെന്ന് വ്യക്തമായാൽ അയാൾ അനുഭവിച്ച ശിക്ഷക്കും വേദനകൾക്കും നഷ്ടപരിഹാരം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന അന്താരാഷ്ട്ര പ്രമാണമാണ് ഇൻറർനാഷനൽ കോവിനൻറ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ് 1966 (ICCPR). നിയമവിരുദ്ധമായ അറസ്റ്റിനും തടങ്കലിനും നഷ്ടപരിഹാരം നൽകണമെന്നും ഇതിൽ വ്യവസ്ഥയുണ്ട്. 1979ൽതന്നെ ഇന്ത്യ ഇത് അംഗീകരിച്ചുവെങ്കിലും നാളിതുവരെ നിയമനിർമാണമുണ്ടായിട്ടില്ല. ഭരണകൂടം അതിന് മുതിരാത്തതെന്തുകൊണ്ടെന്നാൽ, ചരിത്രപരമായി ഇന്ത്യൻ ഭരണകൂടം അമിതാധികാരം ആസ്വദിച്ചുവരുകയാണ്. തങ്ങൾ ചെയ്ത തെറ്റിെൻറ പേരിൽ ജനങ്ങളോട് പ്രായശ്ചിത്തം ചെയ്ത് മുഖം നഷ്ടപ്പെടുത്താൻ അവർ ഇഷ്ടപ്പെടുന്നില്ലതന്നെ.
പീഡനങ്ങൾക്കും മനുഷ്യത്വരഹിതമായ പീഡന-ശിക്ഷാമുറകൾക്കുമെതിരായ ഐക്യരാഷ്ട്രസഭ ചട്ടവും ഇന്ത്യ ഒപ്പുവെച്ചതാണ്. എന്നാൽ, അതും പ്രയോഗത്തിൽ കൊണ്ടുവരാൻ ഒരു നിയമനിർമാണം ആവശ്യമുണ്ട്. അത് ഇതുവരെ ഉണ്ടായിട്ടില്ല. സുഡാൻ, ബ്രൂണെ, ബഹാമസ്, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, അംഗോള, കോമോറോസ്, ഗാംബിയ, പലാവു എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പുറമെ ഈ അലംഭാവം കാണിക്കുന്നത് എന്നറിയുേമ്പാൾ വ്യക്തമാണ് കാര്യങ്ങൾ.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പാവപ്പെട്ടവരും പാർശ്വവത്കൃതരും പൊലീസിൽനിന്ന് അനുഭവിക്കേണ്ടിവരുന്ന യാതനകൾ, വ്യക്തികളിൽനിന്ന് നേരിടേണ്ടിവരുന്ന വംശീയ, ജാതീയ, വർഗീയ, സാമ്പത്തിക മുൻവിധികളേക്കാൾ ഏറെ വലുതാണ്. കാരണമെന്തെന്നാൽ, അത് മിക്കപ്പോഴും നടപ്പാക്കപ്പെടുന്നത് രാഷ്ട്രീയ സന്ദർഭങ്ങൾക്കനുസൃതമായി അവരെ ശത്രുപക്ഷക്കാരായി മുദ്രകുത്തി അവതരിപ്പിക്കാനുള്ള ഭരണകൂടത്തിെൻറ ആഖ്യാനങ്ങളുടെ ഭാഗമായാണ്.
േജാർജ് ഫ്ലോയ്ഡ് കേസിലേതുപോലെ നീതിപൂർവമായ ഒരു വിധി വരുന്ന നാളിലേ ഇന്ത്യയിലെ പൊതുസമൂഹത്തിന് ഒന്നാശ്വസിക്കാനാവൂ, സാമൂഹിക നീതി നടപ്പാക്കാനുള്ള ദൗത്യത്തിലേക്ക് ഭരണകൂടം ആദ്യ ചുവടുവെക്കുന്നുവെന്നോർത്ത്.
(കേരള പൊലീസ് മുൻ ഡി.ജി.പിയും ദീർഘകാലം സി.ആർ.പി.എഫിൽ എ.ഡി.ജി.പിയുമായിരുന്നു ലേഖകൻ). NcAsthana.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.