നീതിയെ പരിഹസിക്കുന്ന വിധി
text_fieldsനീതിന്യായ വ്യവസ്ഥയെ പരിഹാസ്യമാക്കി പ്രത്യേക സി.ബി.ഐ കോടതി ബാബരി മസ്ജിദ് ധ്വംസന കേസിലെ ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിൽനിന്ന് 32 മുൻനിര ബി.ജെ.പി-വി.എച്ച്.പി നേതാക്കളെ കുറ്റമുക്തരാക്കിയിരിക്കുന്നു. ഒരു ജുഡീഷ്യൽ അന്വേഷണ കമീഷൻ 17 വർഷം നീണ്ട പ്രയത്നത്തിലൂടെ ആയിരം താളുകളിലായി ചേർത്തുവെച്ച തെളിവുകൾക്കുനേരെ കണ്ണടച്ചാണ് ഈ വിധിപ്രസ്താവന.
ഭരണഘടന ഉറപ്പുനൽകുന്ന നിയമവാഴ്ചയെ എല്ലാ അർഥത്തിലും കാറ്റിൽപറത്തിയ ദുർദിനമായിരുന്നു 1992 ഡിസംബർ ആറ്. ഉന്മത്തരായ ആയിരക്കണക്കിന് കർസേവകർ 'ഏക് ധക്കാ ഔർ ദോ, ബാബരി മസ്ജിദ് തോഡ് ദോ (ഒരു തള്ളുകൂടി കൊടുക്കൂ, ബാബരി മസ്ജിദ് പൊളിക്കൂ) എന്ന് ആർത്തലക്കുകയും ഒരുപറ്റമാളുകൾ താഴികക്കുടത്തിൽ വലിഞ്ഞുകയറുകയും ഭ്രാന്താവേശത്തോടെ അടിച്ചുതകർക്കുകയുമായിരുന്നു. അക്രമിക്കൂട്ടം താഴികക്കുടങ്ങളിലേക്ക് ജയ് ശ്രീരാം വിളികൾ മുഴക്കി പാഞ്ഞുകയറുകയും തകർക്കൽ തുടരുകയും ചെയ്യുേമ്പാൾ സന്തോഷംകൊണ്ട് മതിമറന്ന ഉമാഭാരതി മുരളിമനോഹർ ജോഷിയെ ആലിംഗനം ചെയ്യുന്ന ചിത്രം മിന്നിമറയുന്നു. മണിക്കൂറുകൾകൊണ്ട് മസ്ജിദിെൻറ മൂന്ന് താഴികക്കുടങ്ങളും തകർന്നടിഞ്ഞു. ഈ സംഭവങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയെല്ലാം ക്രൂരമായി മർദിക്കുകയും ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ സംഘടിത ഹീനകൃത്യത്തിെൻറ തെളിവുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു അക്രമികൾ.
കറുത്ത ഞായറിെൻറ തനിയാവർത്തനം
ഇപ്പോഴിതാ, ആ നശിച്ച ദിനം കഴിഞ്ഞ് 28 ആണ്ടുകൾ പിന്നിട്ടശേഷം മസ്ജിദ് ധ്വംസനത്തിലേക്കു നയിച്ച സാഹചര്യങ്ങൾ പരിശോധിച്ച പ്രത്യേക സി.ബി.ഐ കോടതി ഇതിലൊന്നും ലവലേശം ഗൂഢാലോചനയോ കുറ്റമോ കുറ്റാസൂത്രണമോ ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. കുറ്റപത്രത്തിൽ പേരുചേർക്കപ്പെട്ട 32 മുൻനിര ബി.ജെ.പി-വി.എച്ച്.പി നേതാക്കളെ തെളിവുകളേയില്ലെന്നു പറഞ്ഞ് കുറ്റമുക്തരാക്കിയിരിക്കുന്നു. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തത് ആസൂത്രിതമായല്ലെന്നും സാമൂഹികവിരുദ്ധരാണത് ചെയ്തതെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ഗൂഢാലോചനയുണ്ടായിട്ടില്ലെന്നും കുറ്റാരോപിതർ തകർച്ച തടയാനാണ് ശ്രമിച്ചതെന്നും വിധിപറഞ്ഞ പ്രത്യേക സി.ബി.ഐ ജഡ്ജി എസ്.കെ. യാദവിന് ഈ ദൗത്യത്തിനായി സർവിസ് കാലാവധി നീട്ടിനൽകിയിരുന്നതാണെന്നതും ശ്രദ്ധേയമാണ്.
ഒന്നോർത്താൽ ഇൗ വിധിപ്രസ്താവനയിലൂടെ പുറത്തുവന്ന നീതിലംഘനം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയുകവയ്യ. മുസ്ലിംകളുടെ അവകാശങ്ങളെ കണ്ടില്ലെന്നുനടിച്ച് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയൊന്നാകെ ഹിന്ദുവിഭാഗത്തിന് ക്ഷേത്രനിർമാണത്തിനായി നൽകാൻ കഴിഞ്ഞ നവംബർ ഒമ്പതിന് സുപ്രീംകോടതി വിധിച്ചപ്പോൾതന്നെ പലരും പ്രതീക്ഷിച്ചതുതന്നെയാണിത്. അപ്പോൾപോലും 400 വർഷം മുമ്പ് നിർമിക്കപ്പെട്ട മസ്ജിദ് നിയമവിരുദ്ധരീതിയിൽ തകർക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അയോധ്യയിൽ മറ്റൊരിടത്ത് പള്ളിപണിയാൻ മുസ്ലിംകൾക്ക് സുപ്രീംകോടതി ഭൂമി അനുവദിച്ചത് എന്നതു മറക്കാനാവില്ല.
ജസ്റ്റിസ് ലിബർഹാെൻറ നിരീക്ഷണങ്ങൾ
മസ്ജിദ് ധ്വംസനത്തിലേക്കു നയിച്ച സംഭവവികാസങ്ങൾ അന്വേഷിക്കാൻ അന്നത്തെ കോൺഗ്രസ് സർക്കാർ നിയോഗിച്ച ലിബർഹാൻ കമീഷൻ ഇന്ന് കുറ്റമുക്തരാക്കപ്പെട്ടവരുൾപ്പെടെ നിരവധി ബി.ജെ.പി-വി.എച്ച്.പി നേതാക്കൾ ഈ കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്ന് സംശയലേശമന്യേ കണ്ടെത്തിയിരുന്നു. നൂറുകണക്കിന് മനുഷ്യരുടെ ജീവനെടുത്ത അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഭരണകൂട അധികാരികൾ പുലർത്തിയ പങ്ക് എടുത്തുപറഞ്ഞ റിപ്പോർട്ട് അന്നത്തെ നരസിംഹറാവു സർക്കാറിനെയും വെറുതെവിട്ടില്ല. കേന്ദ്രം പുലർത്തിയ ഉപേക്ഷയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയതെന്ന് ലിബർഹാൻ നിരീക്ഷിച്ചു. രാമക്ഷേത്ര നിർമാണത്തിനുവേണ്ടിയുള്ള ശ്രമം ബി.ജെ.പി പങ്കുചേർന്നശേഷമാണ് ഒരു പ്രസ്ഥാനത്തിെൻറ രൂപംപ്രാപിച്ചത്. രാമെൻറ നാമം വലിച്ചിഴച്ച് സഹിഷ്ണുതാലുക്കളായ സമുദായങ്ങളെ അസഹിഷ്ണുത നിറഞ്ഞ അക്രമിക്കൂട്ടമാക്കി മാറ്റിയതിൽ സംഘ്പരിവാരത്തിലെ 'മിതവാദി' നടിച്ചുപോന്ന ദുഷ്ടബുദ്ധി നേതാക്കളുടെ പങ്കും റിപ്പോർട്ട് വ്യക്തമാക്കി.
മുൻനിര നേതാക്കളുടെ പങ്ക് വിശദമാക്കവെ പള്ളിപൊളിക്ക് ദിവസങ്ങൾക്കുമുമ്പ് വാജ്പേയിയും അദ്വാനിയും ആർ.എസ്.എസ്-വി.എച്ച്.പി നേതാക്കൾ എന്നിവർക്കൊപ്പം നരസിംഹറാവുവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് വി.എച്ച്.പി രാമജന്മഭൂമി വിമോചന കാമ്പയിന് തുടക്കംകുറിച്ചതെന്നും കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങൾ മുസ്ലിംകൾക്ക് എതിരല്ലെങ്കിലും ക്ഷേത്ര പുനർനിർമാണത്തിെൻറ വിഷയത്തിൽ ഒരാളുമായും ഒത്തുതീർപ്പിനില്ലെന്നാണ് വാജ്പേയി അന്ന് ഡൽഹിയിൽ പറഞ്ഞത്. അദ്വാനിയാകട്ടെ, ബാബരി ധ്വംസനത്തിനു പിന്നിലെ ചാലകശക്തിയായിരുന്നുവെന്ന് ലിബർഹാൻ കണ്ടെത്തിയിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ നിറഞ്ഞ രഥയാത്രയിലൂടെ അതിനായി പിന്തുണ സമാഹരിച്ച അദ്വാനി ഈ വിഷയത്തിന് ജീവൻ പകർന്നു.
തുടർന്ന് 1991 മുതൽ 93 വരെ ബി.ജെ.പി അധ്യക്ഷസ്ഥാനം വഹിച്ച മുരളി മനോഹർ ജോഷിയും രാമക്ഷേത്രപദ്ധതിക്ക് ആൾപിന്തുണയും സർക്കാറിെൻറ പങ്കാളിത്തവും വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാൺ സിങ്ങിനൊപ്പം ജോഷി അയോധ്യയിലെ വിവാദ ഭൂമി സന്ദർശിച്ചവേളയിൽ 'രാം ലല്ല ഹം ആയേ ഹേ, മന്ദിർ യഹി ബനായേംഗേ' (രാം ലല്ല, ഞങ്ങളെത്തി. ക്ഷേത്രം ഇവിടെത്തന്നെ പണിയും) മുദ്രാവാക്യങ്ങൾ മുഴക്കി അവിടെ കൂടിയവർക്കൊപ്പം അതിനായി പ്രതിജ്ഞയെടുത്തെന്നും റിപ്പോർട്ടിലുണ്ട്.
മസ്ജിദ് ധ്വംസനത്തിന് അധ്യക്ഷത വഹിച്ച കല്യാൺ സിങ് 1991ൽ മുഖ്യമന്ത്രിയായശേഷമാണ് ബാബരി മസ്ജിദ്-രാമജന്മഭൂമി സമുച്ചയത്തിലെ 2.77 ഭൂമി ഏറ്റെടുത്തത്. ബാബരിധ്വംസന നീക്കത്തോട് വിയോജിപ്പുള്ള ഉദ്യോഗസ്ഥരെ സിങ് സ്ഥലംമാറ്റിയിരുന്നു. മസ്ജിദ് സംരക്ഷിക്കാൻ നിയോഗിച്ചിരുന്നവരിൽ 90 ശതമാനം പേരും അദ്ദേഹത്തിെൻറ അനുഭാവികളായിരുന്നു. ബാക്കിയുള്ളവർക്കാവട്ടെ, കർസേവകർക്കെതിരെ ബലംപ്രയോഗിച്ചുപോകരുത് എന്ന് കർശന നിർദേശവും നൽകി.
ബാബരിധ്വംസന-ക്ഷേത്രനിർമാണ പ്രയത്നങ്ങളിൽ മുഖ്യറോളായിരുന്നു മുഖ്യമന്ത്രിക്ക്. കല്യാണും മന്ത്രിമാരും അവർ തിരഞ്ഞെടുത്ത് നിയോഗിച്ച ഉദ്യോഗസ്ഥരും ചേർന്നാണ് തർക്കമന്ദിരത്തിെൻറ തകർച്ചയല്ലാതെ മറ്റൊന്നും സാധ്യമാവാത്ത രീതിയിലെ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചെടുത്തത്. പള്ളിയുടെ തകർച്ച രണ്ടു സമുദായങ്ങൾ തമ്മിലെ വിടവ് ഭീകരമാംവിധം വലുതാക്കുകയും രാജ്യമൊട്ടുക്കും കൂട്ടക്കൊലകളിൽ കലാശിക്കുകയും ചെയ്തു.
ഏതെങ്കിലും പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്നവരോ നൈതികമായ എന്തെങ്കിലും ഭയവിചാരങ്ങളുള്ളവരോ ഇല്ലാത്തവരായ ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി, ശിവസേന, ബജ്റംഗ്ദൾ തുടങ്ങിയ പ്രസ്ഥാനങ്ങളിൽനിന്ന് ഉയർന്നുവന്ന പല നേതാക്കളും അധികാരത്തിെൻറയോ സ്വത്തിെൻറയോ മോഹത്താലാണ് ഇതെല്ലാം ചെയ്തുകൂട്ടിയതെന്നതിന് തർക്കരഹിതമായി തെളിവുകളുണ്ടെന്ന പരാമർശത്തോടെയാണ് റിപ്പോർട്ട് ഉപസംഹരിച്ചിരുന്നത്.
ഇവ്വിധമെല്ലാമുള്ള കുറ്റാരോപണങ്ങളെല്ലാം മുന്നിൽ നിൽക്കുേമ്പാഴും പള്ളിയുടെ തകർച്ചയിലേക്ക് വഴിതെളിയിച്ച സംഭവങ്ങളിൽ എന്തെങ്കിലും മുൻകൂർ ആസൂത്രണമോ ഗൂഢാലോചനയോ കണ്ടെത്താൻ പ്രത്യേക കോടതി ജഡ്ജിക്കായില്ല എന്നത് അത്ഭുതകരംതന്നെ.
തികച്ചും പരിഹാസ്യം എന്നാണ് റിട്ട. ജസ്റ്റിസ് ലിബർഹാൻ ഇന്നലത്തെ പ്രത്യേക കോടതി വിധിയെക്കുറിച്ച് പ്രതികരിച്ചത്. സി.ബി.ഐ ഹാജരാക്കിയ വിഡിയോ-ഓഡിയോ തെളിവുകളുടെ ആധികാരികത തെളിയിക്കാനായില്ല എന്ന വിചാരണ കോടതിയുടെ വിധിതീർപ്പ് കേട്ട അദ്ദേഹം വിഡിയോ-ഓഡിയോ റെക്കോഡുകൾ തെളിവുകളുടെ തീരെ ചെറിയ ഒരു ഭാഗമാണെന്നും ബി.ജെ.പി നേതാക്കളുടെ ഗൂഢാലോചനകൾക്ക് തർക്കരഹിതമായ നിരവധി തെളിവുകളുണ്ടെന്നും തീർത്തുപറയുന്നു. കമീഷൻ റിപ്പോർട്ടിൽതന്നെ അസംഖ്യം തെളിവുകൾ കാണാനാവും. വിധിതീർപ്പ് കൽപിക്കുംമുമ്പ് വിചാരണ കോടതി അവയേതെങ്കിലും ഗൗരവമായ രീതിയിൽ പരിശോധിച്ചുവോ എന്നതിലും അവ ശരിയാംവണ്ണം ഹാജരാക്കുന്നതിൽ സി.ബി.ഐ താൽപര്യമെടുത്തുവോ എന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.