ബഹുസ്വരതയും സുതാര്യതയുമില്ലാതെ ജുഡീഷ്യൽ നിയമനങ്ങൾ
text_fieldsഇക്കഴിഞ്ഞയാഴ്ച കേരള ഹൈകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് െകമാല്‍ പാഷ അദ്ദേഹത്തിെൻറ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഉന്നത നീതിപീഠങ്ങളിലെ നിയമനങ്ങളെ സംബന്ധിച്ച് നടത്തിയ പ്രസ്താവന ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ജഡ്ജിമാരുടെ നിയമനം ആരുടെയെങ്കിലും കുടുംബസ്വത്ത് ഭാഗംവെക്കുന്നപോലെ ചെയ്യേണ്ട ഒന്നല്ലെന്നും, ജഡ്ജിപദം ഓരോരോ മത-ജാതി-ഉപജാതികള്ക്കായി വീതം വെക്കപ്പെടേണ്ടതാണെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നുമായിരുന്നു പ്രസ്താവന. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ച് സമാനമായ അഭിപ്രായം എന്‍.ഡി.എ മുന്നണിയിലെ കക്ഷിയും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുടെ നേതാവുമായ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ഉപേന്ദ്ര കുശ്വാഹയും കഴിഞ്ഞ ഡിസംബറില്‍ പറയുകയുണ്ടായി. ഇരുനൂറ്റിഅമ്പതോ മുന്നോറോ കുടുംബങ്ങളില്‍നിന്നാണ് ഇതഃപര്യന്തം സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ ഉണ്ടായത് എന്നും സുപ്രീംകോടതി നിയമനത്തില്‍ ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം വേണ്ടതുണ്ട് എന്നുമായിരുന്നു അദ്ദേഹത്തിെൻറ പ്രസ്താവന.
അദ്ദേഹത്തിെൻറ വാദങ്ങളെ പിന്തുണച്ച് ജുഡീഷ്യറിയില്‍ സംവരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ നടത്തേണ്ടത് സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയും ലോക് ജനതാ പാര്‍ട്ടി നേതാവുമായ രാം വിലാസ് പാസ്വാനും ഇക്കഴിഞ്ഞ മാസം പ്രസ്താവന പുറപ്പെടുവിച്ചു. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മേയ് 21നും ജഡ്ജിമാരുടെ നിയമനങ്ങള്‍ നടത്തുന്ന കൊളീജിയം സംവിധാനത്തെ കടന്നാക്രമിച്ച ഉപേന്ദ്ര കുഷ്വാഹ, ഇന്ത്യയിലെ 80 ശതമാനം ജഡ്ജിമാരും ഇപ്പോഴത്തെ സിറ്റിങ് ജഡ്ജിമാരുടെ ബന്ധുക്കളാണ് എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ആരോപിക്കുകയും ചെയ്തു. ജസ്റ്റിസ് െകമാല്‍ പാഷയുടെ പ്രസ്താവന ജഡ്ജിമാരുടെ നിയമനം ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നതിനെ സംബന്ധിച്ചുള്ളതാവാമെങ്കിലും ജഡ്ജിപദം ഏതെങ്കിലും മത-ജാതി-ഉപജാതികള്‍ക്ക് വീതംവെക്കുന്നതിനെ സംബന്ധിച്ചുള്ള അദ്ദേഹത്തിെൻറ അഭിപ്രായം ജുഡീഷ്യറിയിലെ വൈവിധ്യവത്കരണം സംബന്ധിച്ചുള്ള പല രാജ്യങ്ങളിലും നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
ഉന്നത നീതിപീഠങ്ങളും
പ്രാതിനിധ്യത്തിെൻറ കണക്കുകളും
ഇന്ത്യയില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചുള്ള സംവിധാനം എന്തായിരിക്കണമെന്ന ചര്‍ച്ചകള്‍ മാത്രമാണ് പൊതുവേ നടക്കാറുള്ളതെന്ന് മാത്രമല്ല അത്തരം ചര്‍ച്ചകള്‍ ജുഡീഷ്യറിക്കാണോ എക്സിക്യൂട്ടിവിനാണോ നിയമനത്തില്‍ കൂടുതല്‍ അധികാരം എന്ന മൂപ്പിളമ തര്‍ക്കത്തില്‍ പരിമിതവുമാണ്. ഏറ്റവുമൊടുവില്‍ 2014ല്‍ ദേശീയ ജുഡീഷ്യല്‍ അപ്പോയിൻമെൻറ് ആക്ട് ഭരണഘടന വിരുദ്ധമാണെന്ന വിധിയോടെ കൊളീജിയം വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാക്കുകയെന്നതിനപ്പുറം അതിന് പകരംവെക്കാവുന്ന ഒരു സംവിധാനമില്ലെന്ന നില വന്നിരിക്കയാണ്. രണ്ടു പതിറ്റാണ്ടിലേറെ തുടർന്നുവരുന്ന കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്നും വിവിധ മത-ജാതി സമൂഹങ്ങള്‍ ജീവിക്കുന്ന ഇന്ത്യയുടെ വൈവിധ്യം നീതിന്യായ വ്യവസ്ഥയില്‍ പ്രതിഫലിപ്പിക്കുന്നതില്‍ ഈ വ്യവസ്ഥ പരാജയമാണെന്നുള്ള വിമര്‍ശനം ഈയൊരവസരത്തില്‍ ഏറെ പ്രസക്തമാണ്. ഇന്ത്യയുടെ ഭൂരിപക്ഷം വരുന്ന ദലിത് ആദിവാസി മുസ്ലിം പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം ജുഡീഷ്യറിയില്‍ -വിശിഷ്യാ ഹൈകോടതികളിലും സുപ്രീംകോടതിയിലും വളരെ കുറവാണ് എന്നാണ് പരിമിതമായി മാത്രം ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷമാദ്യം 11 ഹൈകോടതികള്‍ കീഴ്കോടതികളിലെ ദലിത്-ആദിവാസി-ഒ.ബി.സി പ്രാതിനിധ്യം പുറത്തുവിടുകയുണ്ടായി. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 16 ശതമാനംവരുന്ന ദലിതര്‍ക്ക് 14 ശതമാനം പ്രാതിനിധ്യവും 8.6 ശതമാനം വരുന്ന ആദിവാസികള്‍ക്ക് 12 ശതമാനം പ്രാതിനിധ്യവും കീഴ്കോടതികളിലുണ്ട്. എന്നാല്‍, ജനസംഖ്യയില്‍ 40 ശതമാനത്തിലധികമുള്ള ഒ.ബി.സി വിഭാഗങ്ങളുടെ പ്രാതിനിധ്യം കേവലം 12 ശതമാനം മാത്രം. കണക്കുകള്‍ പുറത്തുവിട്ട സംസ്ഥാനങ്ങളില്‍ ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് സംവരണമുള്ളതിനാലാണ് മെച്ചപ്പെട്ട പ്രതിനിധ്യമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം വ്യവസ്ഥ ചെയ്യാത്തതിനാലാണ് കുറഞ്ഞ പ്രാതിനിധ്യമുള്ളതെന്നും അനുമാനിക്കാം. അതേസമയം, ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമീഷന് 2011ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആകെയുള്ള 24 ഹൈകോടതികളിലെ 850 ജഡ്ജിമാരില്‍ 24പേരാണ് ദലിത്-ആദിവാസി വിഭാഗങ്ങളില്നിന്നുള്ളവരെന്നും അതില്‍പോലും 14 ഹൈകോടതികളില്‍ ഒരൊറ്റ ദലിത്/ആദിവാസി ജഡ്ജി ഇല്ലെന്നും വ്യക്തമാകുകയുണ്ടായിട്ടുണ്ട്. സുപ്രീംകോടതിയുടെ ഏഴു പതിറ്റാണ്ടിെൻറ ചരിത്രത്തില്‍ നാലുപേരാണ് ദലിത് വിഭാഗത്തില്‍നിന്ന് സുപ്രീംകോടതി ജഡ്ജിയായവരെന്ന വസ്തുത കേവല മെറിറ്റ് വാദംകൊണ്ട് മാത്രം മറി കടക്കാനാവില്ല. എറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര നിയമ മന്ത്രി പി.പി. ചൗധരി ഭരണഘടനയുടെ സെക്ഷന്‍ 217 പ്രകാരമാണ് ഹൈകോടതി ജഡ്ജിമാരുടെ നിയമനമെന്നും പ്രസ്തുത വകുപ്പ് ജഡ്ജിമാരുടെ നിയമനത്തിന് ജാതിയുടെയോ വര്ഗത്തിെൻറയോ അടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കുന്നില്ല എന്നുമാണ് ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. എന്നാല്‍, എസ്.സി/എസ്.ടി കമീഷെൻറ 2011ലെ റിപ്പോര്‍ട്ട് തന്നെ മന്ത്രിയുടെ ഈ ഉത്തരെത്ത ഖണ്ഡിക്കുന്നുണ്ട്.
സ്ത്രീ പ്രാതിനിധ്യത്തിെൻറ കണക്കുകള്‍ നോക്കിയാല്‍ കീഴ്കോടതികളില്‍ 27 ശതമാനം പ്രാതിനിധ്യമുള്ളപ്പോള്‍ ഹൈകോടതി തലത്തില്‍ 10 ശതമാനം മാത്രമാണ് ഇതെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ലീഗല്‍ സെൻറര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കീഴ്കോടതികളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കാനുള്ള കാരണം പല സംസ്ഥാനങ്ങളിലും അഞ്ച് മുതൽ 35 ശതമാനം വരെ സംവരണം ഏര്പ്പെടുത്തിയതുകൊണ്ടാെണന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. എന്നാല്‍, 24 ഹൈേകാടതികളില് ആകെ 692 ജഡ്ജിമാരില്‍ 70 സ്ത്രീകള്‍ ഉള്ളപ്പോള്‍ ഒമ്പത് ഹൈകോടതികളില്‍ സ്ത്രീ പ്രാതിനിധ്യം തീരെ ഇല്ല എന്ന് നിയമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. ഇനി മുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച് 2016ല്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് ആയ ക്യുൻറ്റ് പുറത്തുവിട്ട കണക്കുകള്‍ നോക്കിയാല്‍ ജനസംഖ്യയില്‍ 15 ശതമാനം വരുന്ന മുസ്ലിം സമുദായത്തില്‍നിന്ന് ഇതുവരെയുള്ള 154 സുപ്രീംകോടതി ജഡ്ജിമാരില്‍ 10 സുപ്രീംകോടതി ജഡ്ജിമാരാണ് ഉണ്ടായതെന്നും (അതായത് 6.5 ശതമാനം പ്രാതിനിധ്യം), ആകെ ഉണ്ടായിട്ടുള്ള 43 ചീഫ് ജസ്റ്റിസുമാരില്‍ നാല് മുസ്ലിംകള് മാത്രമാണ് (9.3 ശതമാനം പ്രാതിനിധ്യം) ചീഫ് ജസ്റ്റിസ് ആയതെന്നും കാണാം. ഇന്ത്യയിലെ 24 ഹൈകോടതികളിലുള്ള 601 ജഡ്ജിമാരില്‍ ആകെ 26 മുസ്ലിം ജഡ്ജിമാരാണുള്ളത് എന്ന് വ്യക്തമാക്കിയ പ്രസ്തുത റിപ്പോര്‍ട്ട് ഇത് ഇന്ത്യയുടെ ഉന്നത നീതിത്തിപീഠങ്ങളിലെ വൈവിധ്യെൻറ അഭാവമാണ് കാണിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
വാജ്പേയി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം.എന്‍. വെങ്കടച്ചലയ്യ കമീഷനും കരിയമുണ്ട എം.പി ചെയര്‍മാനായ കമ്മിറ്റി റിപ്പോര്‍ട്ടും നാച്ചിയപ്പന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം ഹൈകോടതികളിലും സുപ്രീംകോടതികളിലും ദലിത് ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടു. എന്നാല്‍, ജുഡീഷ്യറിയിലെ ദലിത്-ആദിവാസി-പിന്നാക്ക സംവരണം സംബന്ധിച്ച ചോദ്യങ്ങളെ ഭരണഘടന അതിന് അനുവദിക്കുന്നില്ല എന്ന ഒഴുക്കന്‍ മറുപടിയിലൂടെ കേന്ദ്രം കൈമലര്‍ത്തുമ്പോള്‍ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ നിയമവൃത്തങ്ങള്‍ക്കിടയിലും പാര്‍ലമെൻറിനും പ്രയാസമില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കീഴ്കോടതികളിലും ദേശീയ നിയമ സര്‍വകലാശാലകളിലും 50 ശതമാനം സംവരണം നല്‍കണമെന്നുമുള്ള ആവശ്യം പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ 96ാമത് റിപ്പോര്‍ട്ടിലൂടെ രാജ്യസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. മേല്‍കോടതികളില്‍ സമൂഹത്തിെൻറ വൈവിധ്യം പ്രതിഫലിപ്പിക്കുംവിധം കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും കമ്മിറ്റി വ്യക്തമാക്കുകയുണ്ടായി.
വൈവിധ്യവത്കരണം
നീതിപീഠങ്ങളുടെ വൈവിധ്യവത്കരണമെന്ന ആശയം ലോക വ്യാപകമായി പല രാജ്യങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യമാണ്. ബ്രിട്ടൻ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ കീഴ്കോടതി മുതല്‍ മേല്‍കോടതി വരെ സ്ത്രീകളെയും ബ്ലാക്, ഏഷ്യന്‍, മൈനോറിറ്റി, എത്നിക് (BAME)വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുംവിധം വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടി കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നടത്തിവരുന്നുണ്ട്. നമ്മുടെ നാട്ടില്‍ ജുഡീഷ്യറിയിലെ സംവരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ മെറിറ്റ് വാദം കൊണ്ടാണ് സംവരണ വിരുദ്ധര്‍ എതിരിടാറുള്ളത്. യു.കെയില്‍ ഇത്തരത്തില്‍ മെറിറ്റ് വാദങ്ങള്‍ ഉയര്‍ത്തുന്നവരെ എതിരിടാന്‍ െതരഞ്ഞെടുപ്പിെൻറ ഘട്ടത്തില്‍ ഈ വിഭാഗങ്ങള്‍ പുറത്താക്കപ്പെടാതിരിക്കാന്‍ മെറിറ്റിനെ അളക്കുന്ന മാനദണ്ഡങ്ങളില്‍ ഒന്നായി വൈവിധ്യത്തെക്കൂടി ഉള്‍പ്പെടുത്താന്‍ പ്രവർത്തകർ ശിപാർശ ചെയ്യുകയുണ്ടായി.
യു.എസിലും കാനഡയിലും നെതർലൻഡ്സിലുമെല്ലാം ആഫ്രോ അമേരിക്കന്‍, ഹിസ്പാനിക് വിഭാഗങ്ങളെയും കുടിയേറ്റക്കാരെയും അവരുടെ പുതിയ തലമുറയെയും എങ്ങനെ ജുഡീഷ്യറിയുടെ ഉന്നത കേന്ദ്രങ്ങളില്‍ എത്തിക്കാമെന്നതിനെക്കുറിച്ച് കൂലങ്കഷമായ ആലോചനകള്‍ ഉയര്‍ന്നുവരികയും തദടിസ്ഥാനത്തില്‍ സർവരെയും ഉൾക്കൊള്ളുന്ന (inclusive) നയനടപടി കൈക്കൊണ്ടുവരുകയാണ്. ഇന്ത്യയില്‍ നീതിന്യായ മേഖലയുടെ വൈവിധ്യവത്കരണത്തിന് കൃത്യമായ കണക്കുകളുടെ അഭാവമുള്ളതിനാല്‍ വേണ്ടത് യു.കെ മാതൃകയില്‍ വൈവിധ്യവത്കരണത്തിെൻറ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടുകയാണ്. ജുഡീഷ്യറിയുടെ ഉന്നത മേഖലകളില്‍ സ്ത്രീകള്‍ക്കും ദലിത്-ആദിവാസി-മുസ്ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്താനുള്ള നടപടികൾ ശക്തിപ്പെടുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.