വിശ്വാസ്യത നഷ്ടപ്പെടുന്ന ജുഡീഷ്യറി
text_fieldsഭരണഘടന സ്ഥാപനങ്ങളായ നിയമനിർമാണ സഭകളുടെയും എക്സിക്യൂട്ടീവിെൻറയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആക്ഷേപങ്ങളുയരാറുണ്ടെങ്കിലും ജുഡീഷ്യറിയെക്കുറിച്ച് തുറന്ന വിമര്‍ശനങ്ങള്‍ സാധാരണ ഉണ്ടാകാറില്ല. ജുഡീഷ്യല്‍ സംവിധാനത്തിലെ വീഴ്ചകളും ആക്ഷേപങ്ങളും സംബന്ധിച്ച് അത്യപൂര്‍വമായി മാത്രമേ പൊതുവേദികളില്‍ ചർച്ചയുണ്ടാവാറുള്ളൂ. ജുഡീഷ്യറിയില്‍ 20 ശതമാനം അഴിമതിക്കാരുണ്ടെന്ന മുന്‍ ചീഫ് ജസ്റ്റിസ് ബറൂച്ചയുടെ അഭിപ്രായം ശ്രദ്ധേയമാണ്. ഇതുൾെപടെ മുന്‍ ന്യായാധിപരുടെ സ്വയംവിമര്‍ശനങ്ങള്‍ വന്നത് വിസ്മരിക്കുന്നില്ല. എങ്കിലും ജുഡീഷ്യറിയിലെ പാകപ്പിഴകളിൽ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ പൊതുനിയന്ത്രണം എല്ലാ ഭാഗത്തുനിന്നും പാലിക്കപ്പെടാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ജുഡീഷ്യറിതന്നെ വിവിധ വിധികളിലൂടെ വിശ്വാസ്യത തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിെൻറ നടപടികള്‍ക്കെതിരെ നാല് സീനിയര്‍ ജഡ്ജിമാര്‍തന്നെ പ്രതികരിക്കുകയും പിന്നീട് അതിൽപെട്ട ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യന്‍ ജോസഫും തുടര്‍ പ്രതികരണങ്ങളുമായി മുന്നോട്ടുവരുകയും ചെയ്തിരിക്കുന്നു. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെൻറിന് പ്രതിപക്ഷം ശ്രമിക്കുന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങള്‍.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ലോയയുടെ മരണത്തിലെ ദുരൂഹത ദേശവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹരജികള്‍ തള്ളിയ സുപ്രീംകോടതി ദുരൂഹത ആരോപിക്കുന്ന ഹരജികള്‍ക്ക് ഒരു യോഗ്യതയുമില്ലെന്നും മരണം സ്വാഭാവികമാണെന്നും വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള പൊതുതാല്‍പര്യ ഹരജികള്‍ നീതിന്യായ വ്യവസ്ഥക്ക് ആക്ഷേപകരമാണെന്നും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗുരുതരമായ നീക്കമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ പരസ്യമായി ആക്ഷേപം ഉന്നയിക്കുന്നതിലേക്ക് എത്തിയ കേസിലാണ് മൂന്നംഗ െബഞ്ചിെൻറ ഈ വിധിയെന്നത് ശ്രദ്ധേയമാണ്. ജഡ്ജി ലോയയുടെ മരണത്തിലെ ദുരൂഹത ശക്തിപ്പെടുത്തുന്നതാണ് സുപ്രീംകോടതിവിധി. സത്യം അന്വേഷിച്ച് കെണ്ടത്താനല്ല; മറച്ചുവെക്കാനുള്ള വ്യഗ്രതയാണ് ഈ വിധിയില്‍ പ്രതിഫലിച്ചത്. ജഡ്ജി ലോയ കേസ് എടുത്തുപറഞ്ഞ് ജസ്റ്റിസ് ചെലമേശ്വറിെൻറ നേതൃത്വത്തില്‍ ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതെല്ലാം ശരിവെക്കുന്നതാണ് ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള ബെഞ്ചിെൻറ വിധി. ലോയയുടെ മരണത്തിെൻറ സത്യസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ബാധ്യതപ്പെട്ട സുപ്രീംകോടതി അതെല്ലാം തമസ്കരിക്കാനാഗ്രഹിക്കുന്ന നിക്ഷിപ്ത താല്‍പര്യ ശക്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന വിചിത്രമായ നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിെൻറ നിലപാട് അതുപോലെ ആവര്‍ത്തിക്കുന്നതാണ് ലോയ കേസിലെ സുപ്രീംകോടതി വിധി.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്ററിന് അകത്തുള്ള മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീംകോടതി വിധി അട്ടിമറിച്ച അസാധാരണ തുടര്‍വിധികളും ഇതുപോലെ തന്നെ. മദ്യലോബിക്ക് വ്യാപകമായ മദ്യമൊഴുക്കിന് കളമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാറുകളെ സൗകര്യപ്പെടുത്തുന്ന ഈ വിധികളില്‍ പ്രതിഫലിക്കുന്നതും ജനതാല്‍പര്യങ്ങളല്ല, ജനദ്രോഹ നിക്ഷിപ്ത താൽപര്യങ്ങളാണ്.
പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ വെള്ളംചേര്‍ക്കുന്ന വിധമുള്ള സുപ്രീംകോടതി വിധിയിലും വ്യക്തമാകുന്നത് വരേണ്യ താല്‍പര്യങ്ങളാണ്. ശക്തമായ നിയമമുണ്ടായിട്ടും ദലിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും എതിരെയുള്ള അതിക്രമ കേസുകളിലെ പ്രതികളില്‍ പത്തില്‍ എട്ടുപേരും ശിക്ഷിക്കപ്പെടുന്നില്ലെന്ന ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ട് രാജ്യത്തിെൻറ യഥാർഥ അവസ്ഥയാണ് പുറത്തുകൊണ്ടുവരുന്നത്. അപ്പോള്‍ പിന്നെ സുപ്രീംകോടതി വിധിയില്‍ പറയുന്നതുപോലെ നിയമത്തില്‍ വെള്ളം ചേര്‍ത്താൽ ഒരു കുറ്റവാളിപോലും ശിക്ഷിക്കപ്പെടാത്ത തലത്തിലേക്കാണ് സുപ്രീംകോടതി വിധിയിലൂടെ കാര്യങ്ങളെത്തിയിരിക്കുന്നത്. അതിനെതിരായ പ്രതിഷേധവികാരങ്ങള്‍ കണ്ടില്ലെന്നു നടിച്ച് പുന$പരിശോധനക്ക് തയാറാകാത്ത സുപ്രീംകോടതി വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസിമാനന്ദയേയും മറ്റ് പ്രതികളെയും കുറ്റമുക്തരാക്കിയ വിധി പറഞ്ഞതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായ പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജിയുടെ രാജിയിൽ എന്തൊക്കെയോ പന്തികേട് കാണാം.
വളരെയേറെ പ്രബുദ്ധമാണെന്ന് നാം അഭിമാനിക്കുന്ന കേരളത്തിലും ജുഡീഷ്യല്‍ രംഗത്ത് ഇത്തരം അനഭിലഷണീയമായ പ്രവണതകള്‍ പ്രകടമാകുന്നുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹ ജഡ്ജിമാർ ഉന്നയിച്ച ഒരു ആരോപണം പ്രമാദമായ കേസുകൾ സീനിയര്‍ ജഡ്ജിമാരെ മറികടന്നു ജൂനിയര്‍ ജഡ്ജിക്ക് കൈമാറി എന്നായിരുന്നു. ആ നിലയില്‍തന്നെയാണ് ഹാരിസണ്‍ കേസ് കേരള ഹൈകോടതിയില്‍ സീനിയര്‍ ജഡ്ജിമാരെ മറികടന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രെൻറ ബെഞ്ചിന് നല്‍കിയത് എന്നത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നു. ക്ഷേമരാഷ്ര്ടത്തിെൻറ നിലനിൽപിന് വന്‍കിട കോർപറേറ്റുകളുടെയും സാന്നിധ്യം ആവശ്യമാണെന്ന വിധിപ്രസ്താവത്തിലെ പരാമര്‍ശംതന്നെ ഈ കേസില്‍ വിചിത്രമായ സമീപനമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ റോബിന്‍ ഹുഡിനെ പോലെ ആകരുതെന്ന പരാമര്‍ശത്തിലൂടെ ഹൈകോടതി തള്ളിപ്പറഞ്ഞത് സുപ്രീംകോടതി അംഗീകരിച്ച ഭൂപരിഷ്കരണ നിയമത്തെയാണ്. വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ഭൂമി ൈകയേറ്റം, സര്‍ക്കാറിന് നഷ്ടം വരുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളും റഫറന്‍സ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നു. സിംഗിള്‍ െബഞ്ചിെൻറ കണ്ടെത്തലുകളും നിഗമനങ്ങളും പാടേ തള്ളിക്കളഞ്ഞ ഡിവിഷന്‍ െബഞ്ചിെൻറ നടപടികളില്‍ ദുരൂഹയുണ്ടെന്ന ആക്ഷേപം പ്രസക്തമാണ്.
വിജിലൻസ് പിടിച്ചെടുത്ത വ്യാജമെന്ന് ആക്ഷേപം ഉയർന്നുവന്ന ആധാരം തിരികെ നല്‍കണമെന്ന് കാട്ടി ഹാരിസണ്‍ ഫയല്‍ ചെയ്ത കേസില്‍ ആധാരം ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടു. തൊണ്ടി മുതലായ ആധാരം വിട്ടുനല്‍കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ വിജിലന്‍സിെൻറ വാദംകൂടി കേള്‍ക്കാതെയുള്ള കോടതിനടപടി ആരെ സഹായിക്കാനാണ് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. വിജിലന്‍സ് അന്വേഷണത്തില്‍ ഈ വ്യാജ ആധാരം നിർണായകമാണെന്നിരിക്കേ അത് ഹൈകോടതി രജിസ്ട്രാറുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നത് ക്രിമിനല്‍ കേസ് അട്ടിമറിക്കപ്പെടാൻ സാഹചര്യമൊരുക്കുമെന്ന് ഹാരിസണ്‍ കേസ് കാര്യക്ഷമമായി കൈകാര്യം ചെയ്ത അഡ്വക്കറ്റ് സുശീല ഭട്ട് പറഞ്ഞത് ശ്രദ്ധേയമാണ്. ഇത്തരം അസാധാരണ നടപടികള്‍ ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ആശ്ചര്യജനകമാണ്. കേന്ദ്രസര്ക്കാറിെൻറയും സുപ്രീംകോടതിയുടെയും കാര്യത്തിലെന്നപോലെ ഇത്തരം വിധികളിലൂടെ നഷ്ടപ്പെടുന്നത് സംസ്ഥാന സര്‍ക്കാറിെൻറയും ഹൈകോടതിയുടെയും വിശ്വാസ്യത തന്നെയാണ്.
ഈ കേസില്‍ ഹാരിസണ്‍ താല്‍ക്കാലികമായി നേടിയെങ്കിലും സര്‍ക്കാറിെൻറ നിലപാടിലും കോടതിവിധിയിലും പുനഃപരിശോധന അനിവാര്യമാണ്. ആത്യന്തികമായി ജനതാല്‍പര്യം സംരക്ഷിക്കപ്പെടേണ്ടത് ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലും ഭരണഘടനാ സ്ഥാപനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമാണ്. അതുകൊണ്ട് അടിയന്തരമായി ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തയാറാകണം. ഇക്കാര്യത്തില്‍ വീഴ്ചവന്നാല്‍ അത് ജനങ്ങളോടുള്ള വഞ്ചനയായിരിക്കും.
ജുഡീഷ്യറിയില്‍ പ്രകടമാകുന്ന തെറ്റായ പ്രവണതകള്‍ തിരുത്തപ്പെടണം. അതിന് ജുഡീഷ്യറിയില്‍നിന്നുതന്നെ ക്രിയാത്മക പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണം. അതോടൊപ്പം ഇക്കാര്യത്തില്‍ രാഷ്ര്ടപതിക്കും പാര്‍ലമെൻറിനും ഉത്തരവാദിത്തമുണ്ട്. ഇതെല്ലാം ചേര്‍ന്നുള്ള തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെ ഗുണപരമായ മാറ്റം ജുഡീഷ്യറിയിലുണ്ടാകണം. ഇതേ രീതിയില്‍തന്നെ നിയമനിര്‍മാണ സഭകളുടേയും ജനാധിപത്യ സര്‍ക്കാരുകളുടെയും പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും പാളിച്ചകളും തിരുത്തപ്പെട്ടേ മതിയാകൂ. എങ്കിലേ ജനാധിപത്യം പ്രവര്‍ത്തനക്ഷമമാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.