നീതി മരിച്ചത് അറിയാതെ പോയ നമ്മൾ
text_fieldsലോകമെമ്പാടും ജനാധിപത്യത്തിെൻറ ചരമക്കുറിപ്പ് എഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം ഇനിയും മരിച്ചിട്ടില്ലെങ്കിലും ശവപ്പെട്ടി തയാറാക്കിക്കഴിഞ്ഞു. അധികാരത്തിെൻറ കോക്പിറ്റിൽനിന്ന് ഭരണഘടനയെ ഏതാണ്ട് ഒഴിവാക്കിയ മട്ടാണ്. ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്നത് തെരഞ്ഞെടുപ്പിൽ മാത്രമേയുള്ളു. അതു കഴിഞ്ഞാൽ ഒരു രാജ്യം, ഒരു നേതാവ്, ഒരു ശബ്ദം, ഒരു സംസ്കാരം ... ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്. ഇതൊരു ഫാഷിസ്റ്റ് രീതിയാണ്, അപകടകരവുമാണ്. വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയത്തിെൻറ പോക്ക് പക്ഷേ, ഈ ദിശയിലാണ്. ഇതിെൻറ പ്രതിഫലനം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെ പ്രകടവുമാണ്.
മരുഭൂമിയാകുന്ന സമൂഹം
രാഷ്ട്രീയത്തിൽ ഫാഷിസത്തെ നിലനിർത്തുന്നതിലും പരാജയപ്പെടുത്തുന്നതിലും സമൂഹം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് ചരിത്രം പറയുന്നത്. എന്നാൽ, നമ്മെ കുഴക്കുന്ന ചോദ്യം. സമൂഹം തന്നെ ഫാഷിസ്റ്റായാൽ എങ്ങനെ നേരിടുമെന്നതാണ്. ഇതാണ് ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹം ആൾക്കൂട്ടമായി മാറുന്നതിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ചാൾസ് ഡിക്കൻസിെൻറ പിക്ക് വിക്ക് പേപ്പേഴ്സിലെ കഥാപാത്രങ്ങളായ, പിക്ക് വിക്കും സ്നോഡ് ഗ്രാസും തമ്മിലെ സംഭാഷണമാണ് ഓർമയിൽ തെളിയുന്നത്-
പിക്ക് വിക്ക്: എപ്പോഴും ആൾക്കൂട്ടത്തിനൊപ്പം ചേർന്ന് ബഹളം വെക്കുന്നതാണ് നല്ലത്
സ്നോഡ് ഗ്രാസ്: രണ്ട് ആൾക്കൂട്ടമുണ്ടെങ്കിലോ?
പിക്ക് വിക്ക്: ഏറ്റവും വലിയ ആൾക്കൂട്ടത്തിനൊപ്പം ചേരുക.
അവ്വിധത്തിൽ വലിയ ആൾക്കൂട്ടത്തിനൊപ്പം ചേർന്നുള്ള ബഹളമാണ് ഇന്ത്യയിൽ പലയിടത്തും നടക്കുന്നത്. നിസ്സഹായരായ മനുഷ്യരെ ആൾക്കൂട്ടം നടുറോഡിൽ തല്ലിക്കൊല്ലുന്ന ദൃശ്യം മൊബൈലിൽ പകർത്തുകയും ഇരകൾക്കൊപ്പം നിന്ന് സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇതിെൻറ ഫലമായാണ്. ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചെഴുതിയ ചരിത്രകാരന്മാർ സമാനമായ പല സന്ദർഭങ്ങളും വിവരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അതിലൊന്ന്, ഗില്ലറ്റിൻ ചെയ്യാൻ കൊണ്ടുപോകുന്ന ഇരയെ വളർത്തുനായ കുരച്ചുകൊണ്ട് അനുഗമിക്കുന്നതും, ഒടുവിൽ അയാളുടെ ശിരസ്സറ്റു വീഴുമ്പോൾ അതിൽനിന്നൂറി വരുന്ന രക്തം നക്കി കുടിക്കാൻ ശ്രമിക്കുന്നതും, ഇതിൽ ക്രുദ്ധരായ പടയാളികൾ അതിനെ കൊല്ലുമ്പോൾ ജനം 'മിണ്ടാപ്രാണിയെ കൊന്നതിന്' ഉറഞ്ഞുതുള്ളുന്നതുമാണ്. ജനത്തിന് മനുഷ്യനല്ല പ്രശ്നം, ശ്വാനനാണ്. ഇതുതന്നെയല്ലെ ബീഫിെൻറ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തിെൻറ മനഃശാസ്ത്രവും. നമ്മുടെ സംഘചേതനയുടെ ഉറവ വറ്റിയിരിക്കുന്നു. ഇന്ത്യൻ സമൂഹത്തിന് ഒരു പൊതുമനസ്സ് ഇല്ലാതായിരിക്കുന്നു.
ഭരണത്തിെൻറ നിയന്ത്രണം സംഘ്പരിവാർ ഏറ്റെടുത്തതോടെ സമൂഹത്തിെൻറ സമസ്ത മേഖലകളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇതിെൻറ ഉത്തമ ഉദാഹരണമാണ് 2002ൽ സബർമതി ആശ്രമത്തിൽ നടന്നത്. വർഗീയ സംഘർഷത്തെ തുടർന്ന് ആശ്രമത്തിൽ അഭയം തേടിയ മുസ്ലിംകളെ അതിെൻറ ഭാരവാഹികൾ ആട്ടിപ്പായിച്ചുവത്രെ. മതമൈത്രിക്കായി ഗാന്ധിജി സ്ഥാപിച്ച ആശ്രമത്തിെൻറ അവസ്ഥയാണിത്. വേദന ഉളവാക്കുന്ന മറ്റൊരു കാര്യം, 1967നു ശേഷം ഇന്ത്യയിൽ ഏറ്റവുമധികം വർഗീയ സംഘർഷങ്ങൾ നടന്ന സ്ഥലവും സബർമതി ആണെന്നതാണ് -ചെറുതും വലുതുമായ 19 സംഘർഷങ്ങൾ. അനുകൂല സാഹചര്യമുണ്ടെങ്കിൽ എതു സമൂഹവും ഫാഷിസ്റ്റായി മാറും എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലല്ലോ.
ആസ്ട്രേലിയൻ സാമൂഹിക ശാസ്ത്രജ്ഞ കരെൻ സ്റ്റെന്നറുടെ അഭിപ്രായത്തിൽ ഏതു സമൂഹത്തിലേയും മൂന്നിലൊന്നുപേർ സ്വേച്ഛാധിപത്യ മാനസികാവസ്ഥ ഉള്ളവരാണ്. ഇന്ത്യയെപ്പോലെ ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായൊരു രാജ്യത്ത് ഇത്തരക്കാരുടെ സംഖ്യ ഗണനീയമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഫാഷിസത്തിെൻറയും ജാതി സമ്പ്രദായത്തിെൻറയും സംഘടനാ തത്വത്തിലുള്ള സമാനതയാണ് ഇതിനു കാരണം- സാമൂഹിക അടിമത്തം, ജന്മനിബദ്ധമായ വേർതിരിവ്, അധികാര കേന്ദ്രീകരണം, ഹിംസ. ജാതിശ്രേണിയിൽ ഏറ്റവും താഴെയുള്ളവർ ഒഴികെ മറ്റെല്ലാവരും, ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ, ഫാഷിസ്റ്റ് മനോഘടനയുള്ളവരാണ്. ഏറ്റവും പരിതാപകരമായ വസ്തുത, ഇതിെൻറ ഇരകൾപോലും ജാതിശ്രേണിയിൽ മുകളിലുള്ളവരോട് കൂറുപുലർത്തുന്നു എന്നതാണ്. ഫ്രാൻസിനെപ്പോലെ ഇന്ത്യയിൽ എന്തുകൊണ്ടൊരു േവാൾട്ടയർ ഉണ്ടായില്ല എന്ന ഡോ. ബി.ആർ. അംബേദ്കർ ഉന്നയിച്ച ചോദ്യത്തിെൻറ ഉത്തരം ഇതിൽ അടങ്ങിയിരിക്കുന്നു. ഇതുതന്നെയാണ് സാംസ്കാരിക രംഗത്തേക്കുള്ള ഫാഷിസത്തിെന്റ വരവ് സുഗമമാക്കുന്നതും.
സാംസ്കാരിക ഫാഷിസം
സമൂഹവും സംസ്കാരവും സംയോജിക്കുന്നതിനാൽ ഒന്നിൽനിന്ന് മറ്റതിലേക്കുള്ള ഫാഷിസത്തിെൻറ പകർന്നാട്ടം സുഗമമാകുന്നു, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ളൊരു സമൂഹത്തിൽ. അർഥവും അധികാരവും ഉപയോഗിച്ചുള്ള സംഘ്പരിവാറിെൻറ പ്രചരണവും അതിന് ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും മുഖ്യധാരാ മാധ്യമങ്ങളും നൽകുന്ന പിന്തുണയും സാംസ്കാരിക രംഗത്തെ വിഷലിപ്തമാക്കുന്നു. ബഹുസ്വരത ഭാരതത്തിന് അപകടകരമാണെന്നും നമുക്ക് വേണ്ടത് ഏകശിലാരൂപത്തിലുള്ളൊരു രാജ്യമാണെന്നും അതിെൻറ ഉള്ളടക്കം സാംസ്കാരിക ദേശീയത ആകണമെന്നുമാണ് ഇവരുടെ വാദം. ഇതിന് വിലങ്ങുതടിയായി നിൽക്കുന്ന സംസ്കാരങ്ങളെ ഇല്ലായ്മ ചെയ്യണമെന്നും ഇവർ തുടർന്ന് വാദിക്കുന്നു. 'വംശഹത്യ' എന്ന പദം ആദ്യമായി ഉപയോഗിച്ച റാഫേൽ ലെംകിെൻറ(Raphael Lemkin) വാക്ക് കടമെടുത്താൽ, ''സംസ്കാരത്തെ നശിപ്പിക്കുന്നത് ഒരു ജനതയെ ഉന്മൂലനം ചെയ്യുന്നതിന് തുല്യമാണ്''. സ്ഥലങ്ങളുടെ പുനർനാമകരണവും ചരിത്രത്തെ തിരുത്തുന്നതും പള്ളിപൊളിച്ച് അമ്പലം പണിയുന്നതും അഭിപ്രായ സ്വാതന്ത്ര്യം മുതൽ ആരാധനാ സ്വാതന്ത്ര്യംവരെ നിഷേധിക്കുന്നതും, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതും പ്രതിമകൾ പൊളിച്ചുമാറ്റി പുതിയവ സ്ഥാപിക്കുന്നതുമെല്ലാം ഇതിെൻറ ഭാഗമാണ്.
ഒരു ചെറുപക്ഷം വരുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും പൊതു-സാംസ്കാരിക പ്രവർത്തകരും മാത്രമേ ഇതിനെ എതിർക്കുന്നുള്ളു എന്നതാണ് ഏറ്റവും നിർഭാഗ്യകരം. ശേഷിക്കുന്നവരിൽ ഒരു വിഭാഗം ഫാഷിസത്തെ നേരിടുന്നത് അതിനെ അവഗണിച്ചുകൊണ്ടാണെന്ന കാര്യവും ശ്രദ്ധേയമാണ്. എല്ലാം തനിയെ ശരിയാകുമെന്ന മൂഢസ്വർഗത്തിൽ കഴിയുന്ന ഇവർ ഒരുതരം കംഫർട്ട് കൾച്ചറിെൻറ വക്താക്കളാണ്. ശേഷിക്കുന്നവരാകട്ടെ, സംഘ്പരിവാറിെൻറ ആശയ പ്രചാരകരും. മോദിയുടെ മുഖംമൂടിയണിഞ്ഞ് ഇവർ ജനങ്ങളോട് സംസാരിക്കുന്നു.
അപവാദങ്ങൾ മാറ്റിവച്ചാൽ, ബുദ്ധിജീവികൾ പൊതുവെ ഇങ്ങനെയാണ്. അവർ എപ്പോഴും ഇരിക്കാൻ ആഗ്രഹിക്കുന്നു. ഇതിനവർക്ക് കസേരകൾ ആവശ്യമുണ്ട് - അധികാര കസേരകൾ. ഇത്തരം കസേരമോഹികളാണ് സാംസ്കാരിക രംഗത്തെ ഫാഷിസത്തിെൻറ ഇലയെടുപ്പുകാർ. ബുദ്ധിജീവികളുടെ ഈ കാപട്യത്തിന് യൂദാസിെൻറ കാലത്തോളം പഴക്കവുമുണ്ട്. മനുഷ്യ ജീവിതത്തിനോടുള്ള ബഹുമാനത്തിെൻറ സൂചകമല്ല സംസ്കാരം എന്ന വലിയ പാഠമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
മാധ്യമരംഗത്തെ സ്ഥിതിയും സാംസ്കാരിക മേഖലയിൽ ഫാഷിസത്തിെൻറ വളർച്ചക്ക് അനുകൂലമാണ്. വക്കം മൗലവിയുടെയും ഛലപതി റാവുവിെൻറയും രാമനാഥ് ഗോയങ്കയുടെയും കാലത്തെ പത്രപ്രവർത്തനമല്ലല്ലോ ഇന്നത്തേത്. അടിയന്തരാവസ്ഥയെ എതിർക്കാൻ എങ്ങനെ ചങ്കൂറ്റമുണ്ടായി എന്ന് ഗോയങ്കയോട് കുൽദീപ് നയ്യാർ ചോദിച്ചതിന് അദ്ദേഹം നൽകിയ ഉത്തരമാണ് ഇത്തരുണത്തിൽ ഓർമവരുന്നത്. ''ലോട്ട ലേക്കർ ആയാ. ലോട്ട ലേക്കർ വാപ്പസ് ചല് ജാവൂങ്ക" -അദ്ദേഹം പറഞ്ഞു (ലോട്ടയുമായി വന്നു. ലോട്ടയുമെടുത്ത് തിരികെ പോകും). ലോട്ട ഏന്തിയ പത്രപ്രവർത്തനത്തിെൻറ സ്ഥാനത്ത് ഇപ്പോൾ ലോട്ടസ് ഏന്തിയ പത്രപ്രവർത്തനമാണ് നടക്കുന്നത്.
ഫാഷിസത്തിനെതിരായ പ്രതിരോധത്തിെന്റ ദൗർബല്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ജോസെ സരമാഗോയുടെ 'മണി മുഴങ്ങുന്നതാർക്കു വേണ്ടി' എന്ന കഥയിലെ ഗ്രാമീണരുടെ അവസ്ഥയാണ് നമ്മുടേത് . പള്ളിമണി മുഴങ്ങുന്നു. പക്ഷേ, ഗ്രാമത്തിൽ ആരും മരിച്ചതായി അവർക്കറിവില്ല. ഒടുവിൽ പള്ളിയിൽ എത്തി മണിയടിക്കുന്നയാളോട് കാര്യം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: ''നിങ്ങൾ അറിഞ്ഞില്ലെ. നീതി മരിച്ചു പോയി''. ഗ്രാമവാസികൾ ആരും അന്ധരായിരുന്നില്ല. പക്ഷേ നീതി മരിച്ചു പോയത് അവർ കാണുകയുണ്ടായില്ല, നമ്മളെപ്പോലെ.
എൻ.ഇ. ബാലറാം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാർക്സിയൻ സ്റ്റഡീസിൽ 'ഇന്ത്യയുടെ സാമൂഹികസാംസ്കാരിക മേഖലകളിലെ ഫാഷിസ്റ്റ് അധിനിവേശം' എന്ന വിഷയത്തിൽ നടത്തിയ എൻ.ഇ. ബാലറാം അനുസ്മരണ പ്രഭാഷണത്തിെൻറ പ്രസക്തഭാഗം.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.