നീതിയാണ് പ്രധാനം; സമുദായമല്ല
text_fieldsപിണറായി വിജയെൻറ നേതൃത്വത്തിലെ പുതിയ മന്ത്രിസഭയെ ശ്രദ്ധേയമാക്കുന്ന കുറെ സവിശേഷ ഭാവങ്ങളുണ്ട്. അതിൽ പ്രധാനം പുതു-യുവ രക്തമാണ്. ഭരണവും മന്ത്രിപദവിയും ഏറെ പരിചയസമ്പത്തും അനുഭവങ്ങളും ആവശ്യമുള്ള മേഖലകളല്ലേ? അതിനാൽ, പരിചയസമ്പത്തിെൻറയും പുതുമുഖങ്ങളുടെയും നല്ല ഒരു മിശ്രണമായിരുന്നില്ലേ നന്നാകുമായിരുന്നത്? ജനങ്ങൾ മാൻഡേറ്റ് നൽകിയത് എൽ.ഡി.എഫിനു മാത്രമാണോ? കേരളം ഭരിച്ച മന്ത്രിസഭക്കു കൂടിയായിരുന്നില്ലേ?
ഇടതുപക്ഷത്ത് ഇഷ്ടംപോലെ യോഗ്യരായ ആളുകളുണ്ടെന്നും കഴിഞ്ഞ മന്ത്രിസഭയിൽ നന്നായി പ്രവർത്തിച്ച പലരും പുതുമുഖങ്ങളായിരുന്നുവെന്നതുമെല്ലാം യാഥാർഥ്യമാണ്. പക്ഷേ, കഴിഞ്ഞ മന്ത്രിസഭ പരിചയസമ്പന്നതയുടെയും പുതുരക്തത്തിെൻറയും ഹാർമോണിയസ് ആയ മിശ്രണമായിരുന്നു. ശൈലജ ടീച്ചർ പറഞ്ഞതുപോലെ, എല്ലാവരുടെയും ഒത്തുപിടിച്ചുള്ള പ്രവർത്തനത്തിെൻറ ഫലം കൂടിയായിരുന്നു ആ മന്ത്രിസഭയുടെ കാര്യക്ഷമത.
ഈ പുതിയ മന്ത്രിസഭയെ സംബന്ധിച്ച മറ്റൊരു ആശങ്ക, അത് പ്രാദേശികവും സാമുദായികവുമായ സന്തുലനം പുലർത്തുന്നില്ല എന്നതാണ്. ഈ ആരോപണം ഇടതുസർക്കാറിനെ കുറിച്ച കൃത്യമായ കാഴ്ചപ്പാടില്ലാത്തതുകൊണ്ട് ഉണ്ടാകുന്നതാണ്. സി.പി.എമ്മോ സി.പി.ഐയോ പ്രാദേശിക/ജാതി പാർട്ടിയോ സമുദായ പാർട്ടിയോ അല്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ 11 ശതമാനം മാത്രം ജനസംഖ്യയുള്ള നായർ സമുദായത്തിന് ഈ മന്ത്രിസഭയിൽ 50 ശതമാനം പ്രാതിനിധ്യം ലഭിക്കുമായിരുന്നില്ല. സാമുദായികത തീരെ പരിഗണിക്കാത്തതുകൊണ്ടുതന്നെയാണ്, കേരളത്തിൽ 28 ശതമാനം വരുന്ന മുസ്ലിംകൾക്ക് ഈ മന്ത്രിസഭയിലെ പ്രാതിനിധ്യം വെറും പന്ത്രണ്ട് ശതമാനത്തിലൊതുങ്ങുന്ന രണ്ടര മന്ത്രിയായത്. ജനസംഖ്യയിലെ ശതമാനം നോക്കിയല്ല ദലിതർക്ക് മന്ത്രിസ്ഥാനം ഒന്നു മാത്രമായത്. ഇതേപോലെതന്നെയാണ് പ്രാദേശികസന്തുലനത്തിലെ വിഷയവും. എൽ.ഡി.എഫിന് പരമ്പരാഗതമായി ഏറ്റവും കൂടുതൽ സീറ്റും വോട്ടും ലഭിക്കുന്ന മേഖല മലപ്പുറം ഒഴിച്ചുള്ള മലബാർ ആയതുകൊണ്ട് അവർക്ക് എന്തെങ്കിലും കൂടുതൽ നൽകുന്നത് പ്രാദേശികവാദവും പക്ഷപാതിത്തവുമായിരിക്കും. 21 അംഗ മന്ത്രിസഭയിൽ, കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറു ജില്ലയിൽനിന്ന് മുഖ്യമന്ത്രിയുൾെപ്പടെ ഏഴു മന്ത്രിമാർ മാത്രമേയുള്ളൂവെങ്കിലും, ബാക്കിയുള്ള എട്ടു ജില്ലകൾക്ക് 14 മന്ത്രിമാർ ഉണ്ടായത്, ഇടതിന് പ്രാദേശിക വാദം ഇല്ലാത്തതുകൊണ്ടുമാത്രമാണ്. മന്ത്രി പ്രാതിനിധ്യമില്ലാത്ത രണ്ടു ജില്ലകളും മലബാറിലായതും ഇൗ പ്രാദേശിക വാദം തീരെ ഇല്ലാത്തതുകൊണ്ടാണ്. വികസനമില്ലാത്തതിെൻറ പേരിൽ കൂറ് മാറിപ്പോകുമെന്ന് ഭയപ്പെടുന്നിടത്തല്ലേ പാർട്ടികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുള്ളൂ.
അല്ലെങ്കിലും, ജാതീയതയോ സാമുദായികതയോ പ്രാദേശിക വാദമോ അല്ല വേണ്ടത്. നീതിബോധമാണ്. വെറും രണ്ടു പേരാണെങ്കിലും റിയാസിനെയും അബ്ദുറഹ്മാനെയും മന്ത്രിയാക്കിയത് അവർ മുസ്ലിം നാമധാരികൾ ആയതുകൊണ്ടല്ല. അവർ പൂർണമായും നിസ്സാമുദായീകൃതരായ കറകളഞ്ഞ ഇടത്പ്രവർത്തകരായതുകൊണ്ടാണ്. അവരെ ഒരിക്കലും അവരിലില്ലാത്ത സാമുദായിക ബോധമായിരിക്കില്ല നയിക്കുക. അങ്ങനെയുള്ളവരിൽ സമുദായം നോക്കി കണക്കെടുക്കുന്നതിൽ എന്ത് അർഥമാണുള്ളത്? എന്നാൽ, കേരളീയ സമൂഹത്തിൽ അങ്ങനെ ചിന്തിക്കുന്നവരുടെ കാര്യം വ്യത്യസ്തമാണ്. അവർ താക്കോൽ സ്ഥാനത്തെക്കുറിച്ച് പരാതിപ്പെടുന്നവരാണ്. ആരെ മത്സരിപ്പിക്കണമെന്നും മന്ത്രിയാക്കണമെന്നും ബന്ധപ്പെട്ട പാർട്ടിയോട് പറയും. അങ്ങനെ പറയുമ്പോൾ വോട്ടു ബാങ്ക് പരിഗണനവെച്ചുകൊണ്ട് അത് പരിഗണിക്കാതിരിക്കാനും സാധ്യമല്ല.
ഭരണനിർവഹണത്തിൽ ഏറ്റവും പ്രധാനം നീതിബോധത്തിന്നാണെന്നാണ് ഇടതുപക്ഷം കരുതുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിൽ പിണറായി സർക്കാർ സ്വീകരിച്ച വിവേചനപൂർണമായ ആഭ്യന്തര, പൊലീസ് നയങ്ങളും ഇപ്പോൾ മറാത്ത സംവരണ വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പുനഃപരിശോധിക്കപ്പെടേണ്ട സാമ്പത്തിക സംവരണ തീരുമാനവും പിൻവാതിൽ നിയമനങ്ങളും നികുതിപണം ഉപയോഗിച്ച് വലിയ പ്രതിഫലം നൽകി പ്രഗത്ഭ വക്കീലന്മാരെ നിയോഗിച്ചതുമൊക്കെ ഇടതുപക്ഷ ഭരണകൂടം മുറുകെ പിടിക്കേണ്ട നൈതിക ബോധത്തിന് യോജിച്ചതായില്ലയെന്ന ബോധം ഇടതുപക്ഷ പ്രവർത്തകർക്കുതന്നെ ഉണ്ടായിരുന്നു. പക്ഷേ, ഇതൊക്കെ തുടർഭരണത്തിനും തെരഞ്ഞെടുപ്പ് വിജയത്തിനും അത്യാവശ്യവുമായിരുന്നു.
പറയുന്ന കാര്യങ്ങൾ എത്രത്തോളം സ്വജീവിതത്തിൽ കൊണ്ടുനടക്കുന്നുണ്ട് (Walk the talk) എന്നു നോക്കിയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്ന് ജനങ്ങളെ ഉപദേശിക്കുന്ന ആളുകളുടെ ഇൻറഗ്രിറ്റിയെ ജനങ്ങൾ വിലയിരുത്തുക. കോവിഡ് ടെസ്റ്റിൽ പോസിറ്റിവ് ആവേണ്ടി വന്ന മുഖ്യമന്ത്രിയും ഇപ്പോൾ അധികാരത്തിലേറിയ ഇടതുഭരണകൂടവും ഇൻറഗ്രിറ്റി ടെസ്റ്റിൽ ഇവിടുന്നങ്ങോട്ട്, നേരിടേണ്ടി വരുന്ന ഭീഷണികൾക്ക് മുന്നിൽ, നെഗറ്റിവ് ആവരുതെന്നാണ് കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കുക. പൂർണമായും ഇളക്കിമറിച്ചു മാറ്റിപണിത ഈ രണ്ടാം ഊഴത്തിൽ പിണറായി ഭരണകൂടം നീതിബോധവും ഇൻറഗ്രിറ്റിയും കൈവിടില്ലെന്നു പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.