കരുണാകരെൻറ മുന്നണി പാഠങ്ങൾ
text_fieldsകടന്നുപോയ നേതാക്കൾ തിരിച്ചുവരില്ല. കാലവും മാറിപ്പോയിരിക്കുന്നു. എന്നാൽ, ലീഡർ കെ. കരുണാകരൻ ഇന്നും യു.ഡി.എഫിന് മാതൃകയായി നിൽക്കുന്നു. അദ്ദേഹത്തിന് പകരം വെക്കാൻ ഒരാളില്ല. അതേസമയം, പകരം വെക്കും വിധം നിലവിലെ നേതാക്കൾക്ക് പ്രവർത്തിക്കാൻ കഴിയും. അതാണ് കരുണാകരെൻറ ചരമവാർഷികത്തിൽ കോൺഗ്രസിനും യു.ഡി.എഫിനുമുള്ള സന്ദേശം എന്ന് എനിക്കു തോന്നുന്നു.
നിയമസഭയിൽ ഒറ്റ അംഗം മാത്രമുണ്ടായിരുന്ന 1967ൽനിന്ന് മുന്നണി ബന്ധങ്ങളിലേക്കും യു.ഡി.എഫിലേക്കും കോൺഗ്രസിനെ വഴി നടത്തിയത് കെ. കരുണാകരനാണ്. മുന്നണി ബന്ധങ്ങളുടെ കാര്യത്തിൽ ഉറച്ച കാൽവെപ്പുകളായിരുന്നു അദ്ദേഹത്തിേൻറത്. കോൺഗ്രസിന് മുന്നണി രാഷ്ട്രീയം തന്നെ ഇഷ്ടമല്ലാതിരുന്ന കാലം. എന്നാൽ, കേരളത്തിലെ സാഹചര്യങ്ങളിൽ മുന്നണി എന്ന അനിവാര്യത കോൺഗ്രസിനെ കരുണാകരൻ ബോധ്യപ്പെടുത്തി.
കാലം മുന്നോട്ടു പോയപ്പോൾ യു.ഡി.എഫ് എവിടെ എത്തിനിൽക്കുന്നു എന്ന് ചിന്തിക്കേണ്ട ഘട്ടമാണ്. കേന്ദ്രാധികാരത്തിെൻറ ബലത്തിൽ വളരുന്ന ബി.ജെ.പി ഒരു വശത്തും തെറ്റായ നയങ്ങൾക്കിടയിലും ചില തന്ത്രങ്ങൾ കൊണ്ട് പിടിച്ചുനിൽക്കുന്ന സി.പി.എം മറുവശത്തും കോൺഗ്രസിനെ നേരിടുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണം സംഭവിച്ചു എന്നത് യാഥാർഥ്യം മാത്രമാണ്. എന്നാൽ, മുന്നണി ദുർബലമായെന്ന് കാണേണ്ടതില്ല. അത് ശക്തിപ്പെടുത്താനും മുന്നേറാനുമുള്ള വഴികൾ തുറന്നുതന്നെ കിടക്കുന്നു.
ഇന്ന് പ്രധാനമായും സംഭവിച്ചത്, ചിലർ മുന്നണി വിട്ടതാണ്. 1981ൽ യു.ഡി.എഫിലേക്ക് വന്ന കെ.എം. മാണിയുടെ പാർട്ടിയാണ് ഇറങ്ങിപ്പോയത്. എം.പി. വീരേന്ദ്രകുമാറിെൻറ പാർട്ടിക്ക് വലിയ ശക്തിയൊന്നും അവകാശപ്പെടാനില്ല. എന്നാൽ, യു.ഡി.എഫ് മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്ക് ബലംനൽകുന്ന തലയെടുപ്പ് വീരേന്ദ്രകുമാറിന് ഉണ്ടായിരുന്നു. ജോസ് കെ. മാണി മുന്നണിയിൽനിന്ന് പുറത്തുപോയത്, കേരള കോൺഗ്രസിനെ പിന്തുണച്ചുപോന്ന ഒരു വിഭാഗത്തിന് മുറിവേറ്റ പ്രതീതി ഉണ്ടാക്കി. കെ.എം. മാണി മറഞ്ഞപ്പോൾ കേരള കോൺഗ്രസിനെയും അതിെൻറ വോട്ടുബാങ്കിനെയും ഉപേക്ഷിച്ചു എന്ന തോന്നൽ വന്നു. ആ വോട്ടർമാരെല്ലാം ജോസ് കെ. മാണിക്കൊപ്പം ഉള്ളവരല്ല. പുറത്താക്കി എന്ന തോന്നലാണ് പ്രശ്നം സൃഷ്ടിച്ചത്.
യു.ഡി.എഫ് തെറ്റു തിരുത്തണം. മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരാൻ കഴിയണം. ജോസ് കെ. മാണി ഇടതുമുന്നണി വിട്ട് ഉടനെയൊന്നും വരില്ല. പക്ഷേ, മധ്യതിരുവിതാംകൂറിൽ കോൺഗ്രസിന് വോട്ടുചെയ്ത വിഭാഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരണം. ഇക്കാര്യങ്ങളിലൊക്കെ കെ. കരുണാകരെൻറ പ്രവർത്തനങ്ങൾ കോൺഗ്രസിനും യു.ഡി.എഫിനും മാതൃകയാണ്.
യു.ഡി.എഫ് തകർന്നുേപായി എന്നു തോന്നിച്ച ഒരു ഘട്ടമാണ്1990. ജില്ല കൗൺസിലിൽ തോറ്റു. 14ൽ 13ലും തോറ്റ ചരിത്രമില്ല. മുസ്ലിംലീഗ് മുന്നണി വിട്ടു. എല്ലാവരും യു.ഡി.എഫ് തീർന്നു എന്നു വിചാരിച്ചു. ആ അമിതവിശ്വാസത്തിലാണ് ഇ.കെ. നായനാർ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പാർലമെൻറ് തെരഞ്ഞെടുപ്പും വന്നു.
യു.ഡി.എഫിൽ കോൺഗ്രസും കേരള കോൺഗ്രസും എൻ.ഡി.പി, എസ്.ആർ.പി എന്നീ പാർട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് ലീഗിനെ തിരിച്ചുകൊണ്ടുവന്നു. തെരഞ്ഞെടുപ്പ് നേരിട്ടു. ഡൽഹിയിലേക്ക് 16 പേരെ അയക്കാൻ സാധിച്ചു. അസംബ്ലിയിൽ 90 സീറ്റ് കിട്ടി. തകർന്നു എന്ന് തോന്നിയ സ്ഥലത്തുനിന്നായിരുന്നു ആ മുന്നേറ്റം.
പിണറായി സർക്കാറുമായി തട്ടിച്ചുനോക്കിയാൽ നായനാരുടെ കാലം എത്രയോ പോസിറ്റിവായിരുന്നു. എന്നാൽ, അതിനെയും നെഗറ്റിവാക്കി മാറ്റാൻ കരുണാകരനു സാധിച്ചു. അതാണ് അദ്ദേഹത്തിെൻറ രാഷ്ട്രീയതന്ത്രം. നിരന്തരം സർക്കാറിനെ നേരിട്ടു. പാർട്ടിക്കുള്ളിൽ ആൻറണി, കരുണാകരൻഗ്രൂപ് ശക്തമായിരുന്നെങ്കിലും പാർട്ടിയുടെ ജയസാധ്യതയെ ബാധിക്കുന്ന വിഷയങ്ങളിൽ കൃത്യമായ കൂടിയാലോചന നടന്നിരുന്നു. മുന്നണിരാഷ്ട്രീയം ഫലപ്രദമായി കൈകാര്യം ചെയ്തു. ഒപ്പം ആരുടെയും അപ്രമാദിത്തം അംഗീകരിച്ചതുമില്ല.
ഇന്നിപ്പോൾ കൂട്ടായ ചർച്ച നടക്കുന്നില്ല എന്ന ഫീൽ ഞങ്ങൾക്കൊക്കെയുണ്ട്. ഞാൻ ഈ പാർട്ടിയുടെ ഒരു ഭാഗമാണെന്ന് എനിക്കു തോന്നുന്നില്ല എന്ന് വി.എം. സുധീരൻ മുമ്പു പറഞ്ഞു. പഞ്ചായത്തു തെരഞ്ഞെടുപ്പിെൻറ പട്ടിക തയാറാക്കലും മറ്റും കണ്ടപ്പോൾ ഈ പാർട്ടിയുടെ ഭാഗമാേണാ എന്ന സംശയം എനിക്കും തോന്നി. ജോസ് കെ. മാണി പടിയിറങ്ങിയ ഘട്ടത്തിൽ പാർട്ടിയിലെ പല നേതാക്കളും പറഞ്ഞ അഭിപ്രായങ്ങൾ മുഖവിലക്കെടുത്തില്ല. തീരുമാനങ്ങൾ എടുക്കുന്നു, നടപ്പാക്കുന്നു. പേരിനൊരു ചർച്ച വെക്കുന്നു. പൊതുവായ വികാരം ഉൾക്കൊള്ളുന്നില്ല.
എന്തു വന്നാലും ജയിക്കുമെന്ന അമിതവിശ്വാസവും കൂടിയായപ്പോൾ ഉള്ള സാധ്യത പോയി. യു.ഡി.എഫിെൻറ ദൗർബല്യം നോക്കി എൽ.ഡി.എഫ് കളിച്ചു. യു.ഡി.എഫിന് അതു ചെയ്യാൻ പറ്റിയില്ല. യു.ഡി.എഫിന് ഇല്ലാത്ത കുറ്റങ്ങൾ ഉണ്ട് എന്നുപറഞ്ഞ് പ്രചാരണം നടത്താൻ എൽ.ഡി.എഫിന് സാധിച്ചു.
ബി.ജെ.പിയും സി.പി.എമ്മും ന്യൂനപക്ഷ, ഭൂരിപക്ഷ കാർഡ് തരാതരം ഉപയോഗിച്ച് കളിക്കുകയാണ്. അവിടെയും കരുണാകരൻ ചില പാഠങ്ങൾ നൽകുന്നുണ്ട്. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനൊപ്പംതന്നെ ഭൂരിപക്ഷത്തിനും സംരക്ഷണമുണ്ട് എന്ന സ്ഥിതിയാണ് അദ്ദേഹം സൃഷ്ടിച്ചത്.
അതുവഴി സന്തുലിതാവസ്ഥ നിലനിർത്തി. കൃത്യമായ ക്ഷേത്രദർശനം. അദ്ദേഹം മതഭക്തനായിരുന്നു. ഒപ്പം സെക്കുലറുമായിരുന്നു. സഭാതർക്കങ്ങളിൽ രണ്ടു കൂട്ടർക്കും കരുണാകരനെ വിശ്വാസമായിരുന്നു. ഇതിനെല്ലാമിടയിൽ ബി.ജെ.പിക്ക് വളരാൻ പറ്റിയില്ല. മത്സരം എപ്പോഴും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായി. ഹിന്ദു മുന്നണി എത്രയോ ഘട്ടങ്ങളിൽ മുതലെടുക്കാൻ നോക്കിയതാണ്. ഒന്നും നടന്നില്ല.
ഇന്ന് ബി.ജെ.പിയുടെ വളർച്ചയുെട കാരണങ്ങൾ പ്രതിരോധിക്കാൻ കഴിയുന്നില്ല. ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രമാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നതെന്ന ആരോപണം ഭൂരിപക്ഷ സമുദായത്തിൽ സംശയങ്ങൾ ഉണ്ടാക്കി. സത്യത്തിൽ യു.ഡി.എഫ് ബാലൻസ് ചെയ്തിരുന്നു. അത് ഉയർത്തിക്കാട്ടാൻ സാധിച്ചാൽ ബി.െജ.പിയുടെ പ്രസക്തി തന്നെ ഇല്ലാതാകും. ഇനിയങ്ങോട്ട് സി.പിഎമ്മിെൻറ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കുന്നതിനൊപ്പം തന്നെ ബി.ജെ.പിയുടെ തെറ്റുകളും ഉയർത്തിക്കാണിച്ചേ മതിയാവൂ. സി.പി.എമ്മിനേക്കാൾ അപകടകരമായ ശത്രു പതിയിരിപ്പുണ്ട് എന്ന് മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ട്.
Latest News:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.