വിലപ്പോവില്ല, കുതന്ത്രങ്ങൾ
text_fieldsസി.പി.എം ഏകപക്ഷീയമായി കോൺഗ്രസ് പ്രവർത്തകരെ അരിഞ്ഞുവീഴ്ത്തുന്ന കാലഘട്ടത്തിലാണ് കെ. സുധാകരൻ കോൺഗ്രസിെൻറ സംഘടനാരംഗത്തേക്ക് നേതൃത്വപരമായ ഉത്തരവാദിത്തത്തോടെ കടന്നുവരുന്നതും 1992ലെ സംഘടനാ തെരഞ്ഞെടുപ്പിൽ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായി ചുമതലയേൽക്കുന്നതും. കോൺഗ്രസും സി.പി.എമ്മും തമ്മിൽ ഒരു സംഘർഷവും ഇല്ലാത്ത സമയത്തും സി.പി.എം ജില്ല നേതൃത്വത്തിെൻറ അറിവോടെയും സമ്മതത്തോടെയും കോൺഗ്രസ് പ്രവർത്തകരെ കൊലചെയ്യുന്ന പാരമ്പര്യമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. പിണറായി വിജയൻ സി.പി.എം സംസ്ഥാനനേതൃത്വത്തിലേക്ക് എത്തുന്ന സമയത്തും ജില്ലയിലെ പാർട്ടി കാര്യങ്ങൾ അദ്ദേഹത്തിെൻറ അറിവോ സമ്മതമോ ഇല്ലാതെ നടത്താറില്ല എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.
കെ. സുധാകരൻ ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻപദവി ഏറ്റെടുത്തയുടൻ സി.പി.എം അക്രമത്തിന് അറുതിവരുത്തണമെന്ന ആഗ്രഹത്തിെൻറ ഭാഗമായി കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി പ്രതിരോധിക്കാൻ രാഷ്ട്രീയപരമായി ഇടപെട്ടു എന്നതാണ് വസ്തുത. പ്രവർത്തകരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലിനെ ക്രിമിനൽ മുദ്രചാർത്തി ചിത്രീകരിച്ച് വർഷങ്ങളായി സി.പി.എം പ്രചാരണം നടത്തിവരുന്നുണ്ട്.
1984 മുതൽ 2018വരെ ജില്ലയിൽ നടന്ന 125 രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരകളിൽ 78 കേസുകളിൽ സി.പി.എം പ്രവർത്തകരാണ് പ്രതികളായി വന്നിട്ടുള്ളത്. 1986ൽ പുതിയാണ്ടി ഭരതനിൽ തുടങ്ങി 1988ൽ പീറ്റക്കണ്ടി പ്രഭാകരൻ, 1988ൽ മൗവ്വഞ്ചേരി രാജൻ, 1990ൽ പുല്ലായിക്കൊടി പത്മനാഭൻ,1991ൽ കാപ്പാട് വസന്തൻ, 1991ൽ ജോസഫ്, 1992ൽ കല്ലാടൻ ചന്ദ്രൻ, 1992ൽ ബാലകൃഷ്ണൻ, 1993ൽ ശ്രീകാന്ത്, 1993ൽ യോഹന്നാൻ, 1994ൽ ഗോവിന്ദൻ,1994ൽ കൊച്ചുപുരക്കൽ ജോസ്,1995ൽ കെ.പി. സജിത് ലാൽ,1995ൽ വടക്കേക്കര എബ്രഹാം,1995ൽ വി. ദാസൻ,1997ൽ ദേവസ്യ എന്ന കുഞ്ഞൂഞ്ഞ്, 2018ൽ ഷുഹൈബ് എന്നീ കോൺഗ്രസ് പ്രവർത്തകരെ മറ്റ് പ്രകോപനങ്ങൾ ഇല്ലാതെ രാഷ്ട്രീയവൈരാഗ്യം വെച്ച് സി.പി.എം കൊലചെയ്തിട്ടുണ്ട്.
കണ്ണൂർ സേവറി ഹോട്ടലിൽ നടന്ന ആക്രമണത്തിൽ നാണു കൊല്ലപ്പെട്ടതും മട്ടന്നൂരിൽ നാൽപാടി വാസു കൊല്ലപ്പെട്ടതുമായ നിർഭാഗ്യകരമായ സംഭവങ്ങൾ മാത്രമാണ് ഇതിനൊരു അപവാദം. 1964ൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കുമ്പോൾ കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയും പിന്നീട് കെ.എസ്.യു താലൂക്ക് യൂനിയൻ പ്രസിഡൻറുമായി തുടങ്ങി ആറുപതിറ്റാണ്ടിലധികം പൊതുപ്രവർത്തന പാരമ്പര്യമുള്ള കെ. സുധാകരന് കോൺഗ്രസ് പ്രവർത്തനപാരമ്പര്യം ഇല്ലെന്നാണ് സി.പി.എം നേതൃത്വം ആസൂത്രിതമായി നടത്തുന്ന മറ്റൊരു പ്രചാരണം.
കോൺഗ്രസിലെ ഉൾപ്പിരിവിെൻറ ഭാഗമായി സംഘടനാ കോൺഗ്രസിെൻറ ഭാഗമായിനിന്ന ചുരുക്കം കാലഘട്ടമൊഴിച്ചാൽ നാലര പതിറ്റാണ്ടിലധികമായി കോൺഗ്രസ് നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്ന നേതാവിനെതിരെയാണ് ഇങ്ങനെ നട്ടാൽമുളക്കാത്ത നുണകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നത്. സുധാകരൻ സംസ്ഥാന അധ്യക്ഷപദവിയിലെത്തിയത് കോൺഗ്രസിന് വലിയ കരുത്താകും എന്ന ഭയപ്പാടാണ് ഇത്തരം പ്രചാരണങ്ങൾ അഴിച്ചുവിടാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്.
ഒരു ക്രിമിനൽ കേസിൽപോലും പ്രതിയല്ലാത്ത കെ. സുധാകരനെ ക്രിമിനൽ എന്ന് വിളിച്ച് ആക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം നേതൃത്വത്തിൽ ക്രിമിനൽ പ്രവർത്തനങ്ങളൊക്കെ നടന്ന കാലഘട്ടത്തിൽ ഉത്തരവാദപ്പെട്ട പാർട്ടി സ്ഥാനത്ത് ഉണ്ടായിരുന്നു എന്നകാര്യം വിസ്മരിക്കരുത്. കെ. സുധാകരനും കണ്ണൂർ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയെൻറ അറിവോടെ നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ മറക്കാൻ കഴിയില്ല എന്നുള്ളത് വസ്തുതയാണ്.
സി.പി.എമ്മിെൻറ ഭയപ്പാട് ന്യായമാണ്. അണികൾക്കും പ്രവർത്തകർക്കും ആവേശംകൊടുത്ത് താഴേത്തട്ടുമുതൽ കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി പാർട്ടിയെ കരുത്തുറ്റതാക്കാൻ കഴിയും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ആറുപതിറ്റാണ്ടോളം പൊതു സാമൂഹിക സംഘടനാപ്രവർത്തന പാരമ്പര്യമുള്ള കെ. സുധാകരനെ കെ.പി.സി.സിയുടെ അമരത്തേക്ക് ഹൈകമാൻഡ് നിയോഗിച്ചതുതന്നെ.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ബി.ജെ.പിക്കും കേരളത്തിൽ സി.പി.എമ്മിനുമെതിരെ ശക്തമായ പ്രവർത്തനം നടത്താനും അവരുടെ വെല്ലുവിളികളെ നേരിടാനും കെൽപുള്ള നേതാവ് എന്നനിലയിൽ തന്നെയാണ് ഹൈകമാൻഡ് സുധാകരനെ നോക്കിക്കാണുന്നത്. ആ ദൗത്യത്തിലേക്ക് അദ്ദേഹം നീങ്ങുമ്പോൾ വളഞ്ഞിട്ട് ആക്രമിക്കുക എന്നത് സി.പി.എമ്മിെൻറ അജണ്ടതന്നെയാണ്. അതിന് മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പരിഹാസ്യമായ കാഴ്ചയാണ് നാം കാണുന്നത്.
കെ. സുധാകരൻ കണ്ണൂരിലെ കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് കടന്നുവരുന്ന ഘട്ടത്തിൽ പ്രവർത്തകർക്ക് ഏറെ ആവേശംപകർന്നിരുന്നു. അതിൽനിന്ന് ഉടലെടുത്ത വിഷമത്തിൽനിന്നാണ് സുധാകരനുനേരെ അക്രമം നടത്താനും വധിക്കാൻപോലും സി.പി.എം ശ്രമിച്ചത്. സ്വതന്ത്രമായ രാഷ്ട്രീയപ്രവർത്തനം നടത്താൻ അനുവദിക്കാതെ, സഞ്ചാര സ്വാതന്ത്ര്യംപോലും ഹനിക്കുന്നരൂപത്തിൽ ഏത് സ്ഥലത്ത് പോയാലും അക്രമിക്കാൻ പദ്ധതി തയാറാക്കി വേട്ടയാടുന്ന സാഹചര്യം സൃഷ്ടിക്കുകയായിരുന്നു സി.പി.എം ചെയ്തത്.
ഈ ജനാധിപത്യവിരുദ്ധ രാഷ്ട്രീയശൈലിക്ക് കണ്ണൂർ ജില്ലയിൽനിന്ന് സംസ്ഥാനതലത്തിലേക്ക് ഉയർന്നുവന്ന എല്ലാ സി.പി.എം നേതാക്കൾക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധമുണ്ട് എന്നുള്ളത് വസ്തുതയാണ്. ടി.പി. ചന്ദ്രശേഖരൻ വധത്തിലും ജില്ലയിലെ ഉന്നത സി.പി.എം നേതാക്കൾക്ക് ബന്ധം ഉണ്ടായിരുന്നു എന്നത് പകൽപോലെ വ്യക്തം.
വരുംകാല കേരളരാഷ്ട്രീയത്തിൽ കെ. സുധാകരൻ കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും വലിയ കരുത്തായി മാറും എന്നത് സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്.എന്തെല്ലാം കള്ളപ്രചാരണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചാലും സി.പി.എമ്മിെൻറ കാപട്യവും ഫാഷിസവും തുറന്നുകാട്ടി ജനാധിപത്യ കേരളത്തിന് കരുത്തുപകർന്ന് നാടിെൻറ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ സുധാകരൻ കോൺഗ്രസിനെ നയിക്കും.
സുധാകരൻ ബി.ജെ.പിയിൽ ചേക്കേറാൻ പോകുന്നു എന്നാണ് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വസ്ഥാനത്തേക്ക് കടന്നുവന്ന നാൾമുതൽ സി.പി.എം നടത്തുന്ന മറ്റൊരു വ്യാജ പ്രചാരണം. സി.പി.എമ്മിെൻറ കപട പ്രചാരണത്തിെൻറ മറ്റൊരു രീതിയാണിത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിെൻറ പശ്ചാത്തലത്തിലാണ് സുധാകരൻ മുഖ്യ എതിരാളിയായി സി.പി.എമ്മിനെ കാണുന്നത്. ഇന്ത്യാ രാജ്യത്ത് കോൺഗ്രസിെൻറ മുഖ്യശത്രു ബി.ജെ.പി ആണെന്ന് ലോകത്ത് എല്ലാവർക്കും അറിവുള്ളകാര്യമാണ്.
ഇന്ത്യയിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അവരെ തറപറ്റിക്കാൻ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ ബി.ജെ.പി രാഷ്ട്രീയശക്തിയല്ലെന്നും സി.പി.എമ്മാണ് ഇവിടെ മുഖ്യ എതിരാളി എന്നും പറയുന്നതിനെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് സി.പിഎം.
അതേസമയം തന്നെ പിണറായി വിജയെൻറ സ്വന്തം കണ്ണൂർ ജില്ലയിൽ പലസ്ഥലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എമ്മും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. എന്നിട്ടും മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾതന്നെ ഇത്തരം പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് അപഹാസ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.