പെണ്ണുങ്ങള് വാഴാത്തിടത്തേക്ക് കമല ഹാരിസ്
text_fieldsവരുന്ന നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജമൈക്കന്വംശജ കമല ഹാരിസ് വൈസ് പ്രസിഡൻറ് സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് എത്തിയതോടെ അമേരിക്കന്‍ രാഷ്ട്രീയ ഗോദയിൽ ഉയരുന്നത് വംശീയവും ലൈംഗികവുമായ അധിക്ഷേപങ്ങളാണ്. എന്തുകൊണ്ടാണ് ഉദാര സ്ത്രീവാദം ഘോഷിക്കുന്ന അമേരിക്കക്ക് ഒരു വനിത വൈസ് പ്രസിഡൻറ് സ്ഥാനാർഥിയെ സഹിക്കാനാകാത്തത്?
വെള്ള ഡംഭില്‍ അഹങ്കരിക്കുന്ന അമേരിക്കന്‍ ജനതയുടെ സെനറ്റിൽ 1789 തുടക്കം മുതല്‍ 130 വര്‍ഷം സ്ത്രീകളില്ലായിരുന്നു. ഇന്ത്യയടക്കമുള്ള പല ഏഷ്യന്‍ ആഫ്രിക്കന്രാജ്യങ്ങളിലും ദേശീയപ്രസ്ഥാനത്തിെൻറ ഭാഗമായും മറ്റും സ്ത്രീകള്‍ രാഷ്ട്രീയ മുഖ്യധാരയിലേക്കു പ്രവേശിച്ചപ്പോഴും അമേരിക്കന്‍ സ്ത്രീകള്‍ മറക്കുടക്കുള്ളിലായിരുന്നു. 1922ല്‍ അത് തിരുത്തിയ റെബേക്കാ ലാറ്റിമര്‍ സെനറ്റിലിരുന്നത് ഒറ്റ ദിവസം.
പിന്നീട് 1931 വരെ ഒരു വനിതപോലും സെനറ്റര്‍ പദവിയിലെത്തിയില്ല. 1945-47ലും 1973-1978 ലും ആണ്‍പ്രജകളുടെ സ്വന്തം സെനറ്റായിരുന്നു. ലോക സ്ത്രീസമത്വത്തിെൻറ കൊടിവാഹകരെല്ലാം ഉറ്റുനോക്കുന്ന അമേരിക്ക, 1992 വനിത വര്‍ഷമായി ആചരിച്ചിരുന്നു. കാരണം 1992ല്‍ ആയിരുന്നു ആദ്യമായി അഞ്ച് സ്ത്രീകള്‍ ഒന്നിച്ച് അമേരിക്കന്‍ സെനറ്റിലെത്തിയത്. ഏറ്റവും കൂടുതല്‍ സ്ത്രീ പ്രാതിനിധ്യമുണ്ടായ 2016ൽ 26 ശതമാനം സ്ത്രീകള്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇക്കാലയളവിലൊക്കെയും ലോകത്ത് ജനാധിപത്യവും സ്ത്രീസ്വാതന്ത്ര്യവും കയറ്റിയയക്കാന്‍ മുന്‍പന്തിയില്‍നിന്നു അമേരിക്ക. ജനപ്രതിനിധി സഭയുടെ പടിയില്‍ രണ്ടു നൂറ്റാണ്ടിനു ശേഷമാണ് ഒരു മുസ്ലിമിന് കയറാനായത്-2007ല്‍ കത്തോലിക്ക മതത്തില്‍നിന്നും ഇസ്ലാം സ്വീകരിച്ച കീത്ത് മൗറിസ് എല്ലിസന്‍ എന്ന െഡമോക്രാറ്റ്.
ജനാധിപത്യം പൂര്‍ണത പ്രാപിച്ചുവെന്ന് അവകാശപ്പെടുന്ന, ലിംഗ സമത്വവാദത്തിെൻറ പേറ്റില്ലമെന്ന് പറയപ്പെടുന്ന അമേരിക്കയിലെ സ്ത്രീകളുടെ രാഷ്ട്രീയ അധികാരപങ്കാളിത്തം അത്ര കേമമല്ല. എങ്കിലും ഈ പഴി മറികടക്കുംവിധം അമേരിക്കൻ രാഷ്ട്രീയത്തില്‍ കഴിവു തെളിയിച്ച സ്ത്രീകളും ഉണ്ടായിരുന്നു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന െമഡലീന് ആല്‍ബ്രൈറ്റ്, 2001ല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതയാവുകയും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത ആദ്യത്തെ ആഫ്രോ അമേരിക്കന്‍ വനിത കോണ്ടലീസ റൈസ്, ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവും യു.എസ് ചരിത്രത്തില്‍ സ്പീക്കറായി സേവനമനുഷ്ഠിച്ച ഒരേയൊരു വനിതയും യുനൈറ്റഡ് സ്റ്റേറ്റ്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥയുമായ നാൻസി പെലോസി, എലേന റൂസ്വെല്‍റ്റ്, ഹിലരി ക്ലിൻറൺ, മിഷേല്‍ ഒബാമ എന്നിവര്‍ ഈ ഗണത്തില്‍പെടും.
അമേരിക്കന്‍ മതേതര ജനാധിപത്യഭരണവ്യവസ്ഥ ഇപ്പോഴും കെട്ടിമറിയുന്നത് വംശീയതയിലും സ്ത്രീകള്‍ക്കെതിരായ അശ്ലീലപ്രയോഗങ്ങളിലും തന്നെയാണ്. ഒബാമ പ്രസിഡൻറായി മത്സരിക്കുന്ന സമയത്ത് മിഷേല്‍ ഒബാമക്കെതിരെയുള്ള വംശീയാധിക്ഷേപം കടുത്തതായിരുന്നു. അന്നത്തെ വെര്‍ജീനിയ ഡെവലപ്മെൻറ് ഗ്രൂപ് ഡയറക്ടറും ക്ലേ കൗണ്ടി മേയറുമാണ് മിഷേല്‍ ഒബാമക്കെതിരെ കടുത്ത വംശീയ പരാമര്‍ശം നടത്തിയത്.
അവരുടെ കണ്ണില്‍ വെറുമൊരു ആള്‍ക്കുരങ്ങായിരുന്നു മിഷേല്‍. റിയല്‍ എസ്റ്റേറ്റു കച്ചവടക്കാരനില്‍നിന്നും റിയാലിറ്റി ഷോയില്‍നിന്നും നടന്ന് പ്രസിഡൻറുപദമേറിയ ഡോണൾഡ് ട്രംപ്് സ്ത്രീകളെ, അവര്‍ ആകര്‍ഷണീയതകള്‍ നല്കുന്നവരല്ലെങ്കില് അംഗീകരിക്കുകയേ വേണ്ട എന്ന പക്ഷക്കാരനായിരുന്നു. യുവജനത പാരമ്പര്യങ്ങളില്‍നിന്നും മാമൂലുകളില്‍നിന്നും മാറി പുതിയ ചിന്താപദ്ധതികള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന നവയുഗത്തിലാണ് അമേരിക്കന്‍ ജനത വംശീയതയും സ്ത്രീവിരുദ്ധതയും ആദര്‍ശമായി സ്വീകരിച്ച, 90ല്‍ എത്തിയിരിക്കുന്ന രാഷ്ട്രീയപാരമ്പര്യങ്ങളേതുമില്ലാത്ത ട്രംപെന്ന ഒരു പണക്കാരനെ തെരഞ്ഞെടുക്കുന്നത്.
രണ്ടാം ഊഴത്തിനായി വീണ്ടും രാഷ്ട്രീയ ഗോദയിലിറങ്ങുമ്പോള്‍ ട്രംപ് എടുത്തുപയോഗിക്കുന്നത് മുമ്പേ പയറ്റിയ വംശീയ വിരുദ്ധായുധം തന്നെയാണ്. അമേരിക്കയെ മഹത്തരമാക്കുക എന്ന മുദ്രാവാക്യത്താല്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ട്രംപ് തെരഞ്ഞെടുപ്പ് റാലിക്കായി തെരഞ്ഞെടുത്ത സ്ഥലവും തീയതിയും അദ്ദേഹത്തിെൻറ വംശീയബോധത്തെ ഉറപ്പിക്കുന്നതായിരുന്നു.
കറുത്ത വംശജനായ ഫ്ലോയിഡിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം അലയടിക്കുമ്പോഴാണ് 1921ലെ വംശീയ കലാപത്തില്‍ 300 ഓളം വരുന്ന കറുത്ത വംശജരുടെ ശ്മശാനഭൂമിയായി മാറിയ ഒക്ലഹോമയിലെ ടള്‍സയില്‍ അദ്ദേഹം ആദ്യ റാലി നടത്താന്‍ തെരഞ്ഞെടുത്തത് എന്നത് യാദൃച്ഛികമല്ല. വെള്ളക്കാര്ക്കൊപ്പമാണ് താനെന്നുറപ്പിക്കുന്ന തീയതിയാണ് അദ്ദേഹം തെരഞ്ഞെടുത്തതും.
ജൂണ്‍ 19 അമേരിക്കയിലെ കറുത്തവര്‍ഗക്കാരായ അടിമകളുടെ സ്വാതന്ത്ര്യത്തിെൻറ പ്രഖ്യാപനദിവസമായി കൊണ്ടാടപ്പെടുന്ന ദിവസമാണ്. ആ ദിനം പല സ്റ്റേറ്റുകളിലും അവധിയായിരുന്നു. എന്നിട്ടും ആ അവധിതന്നെ തെരഞ്ഞെടുത്ത് വെള്ള മേധാവിത്വത്തെ ഉറപ്പിക്കാന്‍ നടത്തിയ ശ്രമം വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് വിജയിക്കാതെ പോയി. അടുത്ത ദിവസം റാലി നടത്തേണ്ടി വന്നു.
അമേരിക്കന്‍ കോണ്‍ഗ്രസിലെ നാലു കറുത്ത നിറക്കാരായ വനിത അംഗങ്ങളോട് നിങ്ങള്‍ സ്വന്തം നാട്ടിലേക്കു പോയി പ്രശ്നങ്ങള്‍ തീര്‍ക്കൂ എന്നായിരുന്നു അദ്ദേഹം ആജ്ഞാപിച്ചത്. കോണ്‍ഗ്രസ് അംഗമാകുന്ന ആദ്യ സോമാലി വംശജയായ അമേരിക്കന്‍ വനിതയും മിനിസോട പ്രവിശ്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട വെള്ളക്കാരിയല്ലാത്ത ഇല്‍ഹാന്‍ ഉമര്‍, റശീദ തലൈബ്, അലക്സാൻഡ്രിയ ഒകോഷിയോ കോര്‍ട്ടസ്, അന്ന പ്രസ്ലി തുടങ്ങിയ അമേരിക്കയിലെ വംശീയാതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന 'ദി സ്ക്വാഡ്' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഈ നാല്‍വര്‍ സംഘം ട്രംപിെൻറ കടുത്ത വംശീയാതിക്രമത്തിന് ഇരയായവരായിരുന്നു.
2020 നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുടെ തുടക്കത്തിലാണ് അമേരിക്കന്‍ പ്രതിനിധി സഭയുടെ പ്രമേയം തള്ളി ഈ സ്ത്രീകള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. ഇല്‍ഹാന്‍ വെള്ളക്കാരോട് വിദ്വേഷം പുലര്‍ത്തുന്നുവെന്നും അൽഖാഇദയെ പിന്തുണക്കുന്നുവെന്നുമായിരുന്നു ട്രംപിെൻറ വാദം.
''നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കുന്നത് വൈവിധ്യമാണ്. ഇവിടെ ജനിച്ചവരാണെങ്കിലും കുടിയേറിയവരാണെങ്കിലും ഇവിടെ എല്ലാവര്ക്കും ഇടമുണ്ട്. ഇത് എെൻറ അമേരിക്കയോ നിങ്ങളുടെ അമേരിക്കയോ അല്ല, നമ്മുടെ അമേരിക്കയാണ്. അതു മറക്കരുത്'' എന്നു പറഞ്ഞാണ് ട്രംപിെൻറ വംശീയതയെ അവർ മറികടക്കാന്‍ ശ്രമിച്ചത്.
ഇപ്പോഴിതാ മറ്റൊരു സ്ത്രീ കൂടി; കമല ഹാരിസ്
അശ്ലീലച്ചുവയുള്ളതും സ്ത്രീവിരുദ്ധവും വംശീയാധിക്ഷേപം ചൊരിയുന്നതുമായ രാഷ്ട്രീയപ്രസംഗങ്ങളാണ് അവരെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍നിന്നു ലോകം ശ്രവിച്ചുകൊണ്ടിരിക്കുന്നത്. കറുത്തവര്‍ഗക്കാര്‍ക്ക് അനുകൂലമായ വികാരങ്ങള്‍ ശക്തിപ്രാപിക്കുകയും കറുത്ത ജീനുകള്‍ക്കും വിലയുണ്ടെന്നു പറയുന്ന -അലീസിയ ഗാര്‍സ, പാട്രീസ് കുല്ലോര്സ്, പെല്‍ ടോമറ്റ് എന്നീ സ്ത്രീകള്‍ 2013ല്‍ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപവത്കരിച്ച ബ്ലാക്ക് ലിവ്സ് മാറ്റര്‍ പ്രസ്ഥാനം അമേരിക്കയില്‍ കരുത്താർജിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കമല ഹാരിസിെൻറ സ്ഥാനാര്‍ഥിത്വം നിര്‍ണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.