Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാണംകെട്ടത്​ പ്രബുദ്ധ...

നാണംകെട്ടത്​ പ്രബുദ്ധ കേരളം​

text_fields
bookmark_border
നാണംകെട്ടത്​ പ്രബുദ്ധ കേരളം​
cancel

നാണംകെട്ടത് സര്‍ക്കാറോ രാഷ്​ട്രീയപാര്‍ട്ടികളോ നേതാക്കളോ അല്ല; കേരള ജനതയാണ്. ഇവരെ​െയാക്കെ നേതാക്കളായി വാഴിച്ച പ്രബുദ്ധ കേരളമാണ്. വിദ്യാർഥികളുടെ പേരില്‍ വൃത്തികെട്ട കച്ചവടത്തിനു ന്യായീകരണവുമായിനില്‍ക്കുന്ന നമ്മുടെ നേതാക്കളെയോര്‍ത്ത് ഇനിയെങ്കിലും നാണിക്കുക. കാരണം, നേതാക്കള്‍ നാണിക്കാറില്ല. നാണമുള്ളവര്‍ക്ക് നേതാക്കളാകാനാകില്ല​േല്ലാ. സ്വന്തം പ്രവര്‍ത്തനമേഖല വിലപേശലും കച്ചവടക്കാര്‍ക്ക് ഒത്താശയുമാണെന്നു പറയാന്‍ അവര്‍ക്ക് മടിയില്ലെന്നുമായിരിക്കുന്നു.

കേരളത്തി​​​െൻറ ജനാധിപത്യബോധത്തെക്കുറിച്ച് അഭിമാനിക്കാന്‍ ഏറെയുണ്ടായിരുന്നു ജനങ്ങള്‍ക്ക്. ശക്തമായ ഒരു പ്രതിപക്ഷം എക്കാലവും കാവലാളായി ഉണ്ടാകുമെന്നത് കേരളത്തി​​​െൻറ അഹങ്കാരമായിരുന്നു. ജനാധിപത്യത്തിലെ ചെക്ക് ആൻഡ്​ ബാലന്‍സ് കൃത്യമായി നടക്കുന്ന ഏക സംസ്ഥാനമെന്ന് കേരളീയര്‍ അഭിമാനിച്ചിരുന്നു. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ അഴിമതി ദല്ലാളന്മാര്‍ കോഴയുമായി ഭരിക്കുന്നവരെ ചെന്നു കാണുമ്പോള്‍ അവര്‍ പ്രതിപക്ഷ നേതാക്കളെ കൂടി ചെന്നു കാണണമെന്നും അവരുടെയും വായടപ്പിക്കണമെന്നും ഭരണകര്‍ത്താക്കള്‍ തന്നെ നിർദേശിക്കാറുണ്ടെന്ന് നമ്മുടെ നേതാക്കളില്‍ പലരും കളിയാക്കിയിരുന്നത് കേട്ടിട്ടുണ്ട്. ഇടതുമുന്നണി അഴിമതിമുക്തമാണെന്നതാണ് വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വിശ്വസിച്ചുപോന്ന കടംകഥ. പിന്നീട്​ അതിന്​ പാഠഭേദം വന്നു. ഇടതുമുന്നണിയില്‍ സി.പി.എം എന്ന പാര്‍ട്ടി ഏതു സര്‍ക്കാര്‍വന്നാലും തിരുത്തൽ ശക്തിയായി നിലകൊള്ളും എന്നായി.

പ്രതിപക്ഷത്തി​​​െൻറ അഴിമതികള്‍ പുറത്തു കൊണ്ടുവരാനും അവരെ തിരുത്തിക്കാനും സി.പി.എം മിടുക്കുകാട്ടിയ കാലമായിരുന്നു എണ്‍പതുകള്‍. സി.പി.എമ്മി​​െൻറ ചാരന്മാര്‍ സെക്രട്ടേറിയറ്റില്‍ വ്യാപരിച്ചിരുന്നു. അവര്‍ ചികഞ്ഞെടുക്കുന്ന അഴിമതി ഫയലുകള്‍ ബൂര്‍ഷ്വാ പത്രങ്ങള്‍വഴി പോലും ആരുമറിയാതെ പുറത്തുവന്നു. കരുണാകര​​​െൻറ കാലത്തെ ‘പാവം പയ്യനി’ല്‍ തുടങ്ങി ‘പാമോയില്‍’ വരെ പലതും പുറത്തുവന്നത് ഇത്തരം ചാരന്മാരിലൂടെയെന്നത് അണിയറരഹസ്യം. ഇടതുമുന്നണിയിലെ തന്നെ ഘടകകക്ഷികള്‍ക്കുപോലും തലവേദനയും ഭയവുമായിരുന്നു ഇത്തരം ചാരന്മാരെ. ഇങ്ങനെ വരുന്ന അഴിമതിക്കഥകളെ ജനങ്ങളിലെത്തിക്കാനും അവക്കെതിരെ പോരാടാനും നേരും നെറിയുമുള്ള നേതാക്കളും വിവിധ കക്ഷികളിലുണ്ടായിരുന്നു.
 


പിന്നെയും കാലം മാറി. പാര്‍ട്ടികളില്‍ അഴിമതിക്കാരുണ്ടായപ്പോള്‍ സി.പി.എമ്മിനുള്ളിലും കോണ്‍ഗ്രസിനുള്ളിലും തിരുത്തല്‍ ശക്തികളുമുണ്ടായി. അഴിമതികള്‍ ആരു ചെയ്താലും പുറത്തുപറയാന്‍ കോണ്‍ഗ്രസില്‍ തിരുത്തല്‍വാദികളുണ്ടായി. സി.പി.എമ്മിനുള്ളിലാകട്ടെ, ഗ്രൂപ്പിസം ശക്തമായതുതുന്നെ അഴിമതികള്‍ക്കെതിരായ പേരാട്ടത്തി​​െൻറ ഭാഗമായാണെന്നോര്‍ക്കണം. സ്വന്തം സര്‍ക്കാറിലും സ്വന്തം പാര്‍ട്ടിയിലും അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ അത്​ തുറന്നുപറഞ്ഞ് സമരമുഖം തുറക്കുന്ന ഉന്നത നേതാക്കളെ കണ്ടത് സി.പി.എമ്മി​​െൻറ മുഖ്യധാരയിലാണ്. 

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഏറ്റവുമധികം ആരോപണ വിധേയമാകുന്ന വകുപ്പുകളിലൊന്ന് വിദ്യാഭ്യാസമാണ്. വദ്യാഭ്യാസക്കച്ചവടമെന്ന പ്രയോഗം പോലും യു.ഡി.എഫി​​െൻറയും കരുണാകര​​​െൻറയും ഭരണത്തിനിടയിലാണ് ഉയര്‍ന്നു വന്നത്. ഇത്തരം പ്രശ്നങ്ങളിലാണ് ഇടതുപക്ഷ വിദ്യാർഥിപ്രസ്ഥാനങ്ങളുടെ വീറും വാശിയും കണ്ടിട്ടുള്ളത്. സ്വാശ്രയസ്​കൂളുകള്‍ക്കെതിരായ സമരകാലമായിരുന്നു, എണ്‍പതുകള്‍. പിന്നെ സ്വാശ്രയപ്രഫഷനൽ കോളജുകള്‍ക്കെതി​െരയായി, അവ അനുവദിച്ച തൊണ്ണൂറുകളില്‍. എത്ര ജീവന്‍ പൊലിഞ്ഞു, എത്ര ജീവിതങ്ങള്‍ ആ സമരങ്ങളില്‍ വഴിമുട്ടി! എത്രപേര്‍ അംഗവിഹീനരും വൈകല്യങ്ങള്‍ പേറുന്നവരുമായി. ജീവിക്കുന്നതും മരിച്ചവരുമായി എത്ര രക്തസാക്ഷികള്‍! ദോഷം പറയരുതല്ലോ, ഇപ്പോഴും സമ്മേളനങ്ങള്‍ക്കു തുടക്കത്തില്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ ഉണ്ടാക്കി അവിടെ രക്തപുഷ്പങ്ങള്‍ അർപ്പിച്ച് മുദ്രാവാക്യം വിളിക്കാറുണ്ട്, നേതാക്കള്‍. വിദ്യാർഥിപ്രസ്ഥാനങ്ങളാകട്ടെ, ഇപ്പോഴും ​േചാരച്ചാലുകള്‍ നീന്തിക്കയറിക്കൊണ്ടേയിരിക്കുന്നു. സമരങ്ങള്‍ അങ്ങനെയാണ്; അനുസ്യൂതമായി തുടര്‍ന്നുകൊണ്ടേയിരിക്കും, നേതാക്കളും നിലപാടുകളും മാറിമറിഞ്ഞാലും. എങ്കിലും നെറികേടുകളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും പരസ്യമായി ഒരുമിക്കുന്ന അവസ്ഥ ഒരിക്കലും കേരളം കണ്ടിരുന്നില്ല. 
 
pinarayi

കാലം മാറുന്നു. നിയമസഭയില്‍ കഴിഞ്ഞ ദിവസം കണ്ടതും സംസ്ഥാനത്തി​​െൻറ മനസ്സാക്ഷിയെ ഞെട്ടിച്ചതും അതാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന മുന്നണിയും പ്രതിപക്ഷ മുന്നണിയും വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കായി കൈകോര്‍ക്കുന്നു. എല്ലാവര്‍ക്കും ഒരേ ശബ്​ദമായിരുന്നു, രണ്ടു പേര്‍ക്കൊഴികെ. വി.ടി ബലറാമിനും നേരിയതെങ്കിലും പി.ടി തോമസിനും ആയിരുന്നു എതിര്‍പ്പ്. ബലറാം അത് ക്രമപ്രശ്നമായിത്തന്നെ സഭയില്‍ അവതരിപ്പിച്ചു. വ്യക്തിപരമായി തനിക്കുള്ള എതിര്‍പ്പില്‍ രാഷ്​ട്രീയം കലര്‍ത്താനില്ലെന്നുപറഞ്ഞപ്പോള്‍ സഭയില്‍ പലരും അസ്വസ്ഥരായി. ബലറാമിനെ എങ്ങനെയെങ്കിലും ഇരുത്താനുള്ള ത്വര പലരുടെയും മുഖത്ത് പ്രകടമായി.

ബില്ലുകളില്‍ സംസാരിക്കാന്‍ മണിക്കൂറുകള്‍ ചെലവഴിക്കാറുള്ള പലരുമായിരുന്നൂ, ബില്ലി​​​െൻറ തുടക്കത്തില്‍ ക്രമപ്രശ്നമുന്നയിച്ച ബലറാമി​​െൻറ മുന്നില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതെന്നത് വിരോധാഭാസമായി. നിയമനിര്‍മാണത്തില്‍ രാഷ്​ട്രീയം മറന്ന് സ്വന്തം അഭിപ്രായം പറയണമെന്ന നിലപാട് ബലറാം പറഞ്ഞപ്പോള്‍ സ്വന്തം പാര്‍ട്ടി എന്തു നെറികേടുകാട്ടിയാലും അതിനോടൊപ്പം നില്‍ക്കുന്നതാണ് അച്ചടക്കമെന്ന്​ പഠിപ്പിക്കാനും ആളുണ്ടായി. ബില്‍ ചര്‍ച്ചയില്‍ സഭയില്‍ ഒരു മുന്‍മന്ത്രി ഇക്കാര്യത്തില്‍ കാട്ടിയ താൽപര്യം ബില്‍ പൈലറ്റുചെയ്ത ആരോഗ്യമന്ത്രിയെക്കാള്‍ വലുതായിരുന്നു! ബില്‍ അധാര്‍മികമാണെന്ന കുറ്റബോധം കൊ​േണ്ടാ എന്തോ പ്രശ്നത്തില്‍ ഒ. രാജഗോപാലി​​​െൻറ പാര്‍ട്ടിയും പ്രതിപക്ഷ നേതാവും പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കത്തുകള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും ആരോഗ്യമന്തി പറയുന്നതു കേട്ട് സഭ ഐകകണ്​​േഠ്യന പുളകമണിഞ്ഞു.
 
Ramesh-Chennithala

മലബാറില്‍ ‘മാളോരുടെ അമ്മായി’ എന്നൊരു പ്രയോഗമുണ്ട്. ആര്‍ക്കും അമ്മായി എന്നു വിളിക്കാവുന്ന വ്യക്തി എന്നാണ് വ്യംഗ്യം. വിദ്യാഭ്യാസക്കൊള്ളയുടെ ഒരു ബില്‍ അങ്ങനെ രാഷ്​ട്രീയനേതാക്കള്‍ക്ക് ‘മാളോരുടെ അമ്മായി’യായി മാറിയത് നിമിഷങ്ങള്‍ കൊണ്ടായിരുന്നു. പ്രവേശനം നേടിയ വിദ്യാർഥികള്‍ക്കുവേണ്ടിയാണീ ത്യാഗമെന്നും അവരെല്ലാം കേരളത്തിലെ ഏറ്റവും മികവുറ്റവരാണെന്നും മന്ത്രിയാല്‍ തന്നെ വാഴ്ത്തപ്പെട്ടു. വ്യക്തമായ ക്രമക്കേടുണ്ടെന്നും അതിനാല്‍ ബില്ലിനു മുമ്പേ ഇറക്കിയ ഓര്‍ഡിനന്‍സ് അധാര്‍മികമാണെന്നും പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടശേഷമാണ് ഈ വിക്രിയകളെന്ന് ഓര്‍ക്കണം. ഓര്‍ഡിനന്‍സിനു പകരമല്ല ബില്ലെന്നു വരുത്താന്‍ അതില്‍ മന്ത്രി വാക്കാല്‍ രണ്ടു ഭേദഗതികള്‍ കൊണ്ടുവന്നത് ഇക്കാര്യത്തില്‍ സര്‍ക്കാറി​​​െൻറ പ്രത്യേക താൽപര്യം വ്യക്തമാക്കാന്‍ പോന്നതാകുന്നു. 

13 ഓര്‍ഡിനന്‍സുകള്‍ നിയമമാകാന്‍ കാത്തുനില്‍ക്കുമ്പോള്‍ ഇതൊന്നു മാത്രമാണ് സര്‍ക്കാര്‍ ബില്ലാക്കിയത്. പതിമൂന്നും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളാണെന്നതും ശ്രദ്ധിക്കണം. നിയമസഭ പിരിഞ്ഞതിനാല്‍ ഇവയെല്ലാം ഇനി ഓര്‍ഡിനന്‍സുകളായിത്തന്നെ പുനപ്പുറപ്പെടുവിക്കണം. അതല്ലെങ്കില്‍ ഭരണസ്​തംഭനം തന്നെ വരുമെന്നിരിക്കെ, ഈ ഓര്‍ഡിനന്‍സ് എത്രയുംവേഗം നിയമമാക്കാനുള്ള ശ്രമത്തിന് പരമോന്നത നീതിപീഠം നല്‍കിയ തിരിച്ചടി കാവ്യനീതി തന്നെ. പ്രവേശനത്തില്‍ അര്‍ഹരായ കുട്ടികളുണ്ടെങ്കില്‍ അവരെ മാത്രമായി യോഗ്യമായ മറ്റൊരു കോളജിലേക്കു മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഈ ദാരുണമായ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അതിനുള്ള ഒരു ശ്രമവും നടന്നില്ല. പകരം സര്‍ക്കാറിനെ പോലും വെല്ലുവിളിച്ച്​ വിദ്യാഭ്യാസക്കൊള്ളക്കാര്‍ നടത്തിയ വൃത്തികേടിന് നിയമപ്രാബല്യം തേടാന്‍ ശ്രമിക്കുകയായിരുന്നു എന്നത് അറപ്പുണ്ടാക്കുന്നു.
 
medical-dental.jpg

അമ്പതോളം വരുന്ന അര്‍ഹരായ കുട്ടികളോടല്ല, പകരം കോളജുകളോടാണ് കൂറെന്നു വ്യക്തമാക്കുന്നതാണ് നിയമനിര്‍മാണ താൽപര്യം. ബില്ലില്‍ കോളജുകള്‍ക്ക് മൂന്നു ലക്ഷം രൂപയുടെ പിഴചുമത്താന്‍ വ്യവസ്ഥയുണ്ടായിരുന്നു. ആ തുക കുട്ടികളില്‍നിന്നു വാങ്ങാതെ കോളജുകളില്‍നിന്നുതന്നെ വാങ്ങണമെന്ന് ഒരുപ്രതിപക്ഷാംഗം ശഠിക്കുന്നതു കേട്ടപ്പോള്‍ ഒരു സിനിമയില്‍ വല്യമ്മാവനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന അനന്തിരവളുടെ സങ്കടവും ഡയലോഗുമാണ് ഓര്‍മ വന്നത്- ‘വല്യമ്മാവനെ അധികം നോവിക്കാതെ കൊല്ലണേ’! എന്നാൽ ‘ആയിക്കോട്ടെ’ എന്ന മട്ടില്‍ മന്ത്രിയുടെ മറുപടിയും. 

അഴിമതി എപ്പോഴും അധികാരസ്ഥാനങ്ങളില്‍ നിന്നാണ് ഉണ്ടാകാറ്. അതിന് തടയിടുക എന്നതാണ് പ്രതിപക്ഷത്തി​​െൻറ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. അതിനാല്‍ പ്രതിപക്ഷം ഈ പാതകത്തിന് കൂട്ടുനിന്നത് കൂടുതല്‍ ഗുരുതരമായ കുറ്റമായി മാറുന്നു. കുട്ടികള്‍ക്കു വേണ്ടിയുള്ള നിഷ്​കളങ്കമായ പ്രവൃത്തി എന്ന് ഇതിനെ ചെറുതാക്കാനാവില്ല. കുറ്റകൃത്യം എന്തും അതി​​െൻറ ഗണത്തില്‍ മാത്രം പെടുന്നതാണ്.  അതിനാലാണ് എ.കെ. ആൻറണിയും വി.എം. സുധീരനുമുൾപ്പെടെ അഴിമതിയില്‍ നിന്ന് അകന്നു നില്‍ക്കുന്നവര്‍ ഇതിനെതിരേ പ്രതികരിക്കുന്നത്. ഇക്കാര്യത്തില്‍ ആദ്യം ശിപാര്‍ശക്കത്തു നല്‍കിയത് ഉമ്മന്‍ചാണ്ടിയാണെന്നത് വിസ്മരിക്കാവുന്നതല്ല.

കൂട്ടുകക്ഷിയായ  ബി.ജെ.പി ഇപ്പോള്‍ ഇതിനെതിരേ പ്രതികരിക്കുന്നത് പൊതുജനവികാരം അറിഞ്ഞിട്ടു മാത്രം. രേഖാമൂലം അവരും കുറ്റകൃത്യത്തില്‍ മുന്‍നിരയിലുണ്ട്. അതിനാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നില്‍, കേരളത്തിലെ മുഖ്യധാരാ രാഷ്​ട്രീയം അഴിമതിയുടെ ചളിപുരണ്ടുനില്‍ക്കുന്നു. ധാര്‍മികത അവകാശപ്പെടാന്‍ അവര്‍ക്കു യോഗ്യതയില്ല. ജനങ്ങള്‍ ഭാവി പ്രതീക്ഷക്കായി മറ്റെന്തെങ്കിലും വഴിതേടേണ്ടിയിരിക്കുന്നു എന്നതി​​​െൻറ  ലിറ്റ്മസ് ടെസ്​റ്റായി പരിണമിക്കുന്നു, ഈ ചീറ്റിപ്പോയ നിയമനിര്‍മാണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimopinionadmissionkaruna medical collegemalayalam newsSelf Finance AdmissionPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kannur karuna medical college admission
Next Story