കപിലിന് ജാമ്യം, ഷാറൂഖിന് ജയിൽ
text_fieldsഷാറൂഖ് പത്താനും കപിൽ ഗുജ്ജാറും നമ്മുടെ നീതിന്യായ സംവിധാനത്തിെൻറ രണ്ടു വശങ്ങളാണ്. സമാനമായ കുറ്റകൃത്യത്തിെൻറ പേരിൽ അറസ്റ്റിലായതാണ് ഇരുവരും. കപിൽ ഗുജ്ജാർ എന്ന പേര് പെെട്ടന്ന് ഓർക്കാനിടയില്ലെങ്കിലും ചുറ്റിലും പൊലീസ്സംഘം നിൽെക്ക ഒരു പ്രകോപനവും കൂടാതെ ശാഹീൻബാഗ് സമരക്കാരുടെ നേരെ തോക്കെടുത്ത് ഇയാൾ വെടിയുതിർത്ത കാഴ്ച ആരും മറന്നിരിക്കാനിടയില്ല. ഇതേ കുറ്റം തന്നെയാണ് ഷാറൂഖും ചെയ്തത്.
ജയിലിലായി ഏതാനും നാളുകൾക്കുള്ളിൽ കപിൽ ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ 2020 മാർച്ച് മുതൽ ജയിലിൽ തുടരുകയാണ് ഷാറൂഖ്. പുറത്തിറങ്ങിയാൽ അയാൾ മുങ്ങിക്കളഞ്ഞേക്കുമെന്നു പറഞ്ഞാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.
ഒരേ കുറ്റമായിട്ടും ഷാറൂഖ് മാത്രം ജയിലിൽ തുടരേണ്ടി വരാൻ കാരണം അയാളുടെ മതമാണോ എന്നു കൂട്ടുകാരും ബന്ധുക്കളും ചോദ്യമുയർത്തുേമ്പാൾ ഉത്തരമില്ല. ചെയ്ത കുറ്റവും അയാൾക്കെതിരായ ആരോപണങ്ങളും അതിഗൗരവതരമാണെന്നും അയാളുടെ സ്വഭാവരീതി ജാമ്യം നൽകത്തക്ക വിധമുള്ളതല്ല എന്നുമാണ് ജാമ്യം നിഷേധിച്ച് അഡീഷനൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്ത് പ്രസ്താവിച്ചത്. താൻ ഉന്നയിച്ച കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ ഖാലിദ് അഖ്തർ പറയുന്നു. 2020 ഡിസംബർ 15നാണ് ഷാറൂഖ് ജാമ്യപേക്ഷ സമർപ്പിക്കുന്നത്. 2021 ജനുവരി 11ന് വിചാരണക്കെടുത്തെങ്കിലും വിധിപറയാൻ 18ലേക്കും പിന്നീട് 27ലേക്കും ഫെബ്രുവരി മൂന്നിലേക്കും മാറ്റിവെച്ചു. മാർച്ച് നാലിനാണ് ജാമ്യം നിഷേധിച്ച് വിധിപറയുന്നത്.
കേസിന്‍റെ പശ്ചാത്തലം
രാജ്യത്തെ നടുക്കി തലസ്ഥാനനഗരിയുടെ വടക്കുകിഴക്കൻ മേഖലകളിൽ 2020 ഫെബ്രുവരി 24ന് പൊട്ടിപ്പുറപ്പെട്ട വർഗീയ അതിക്രമങ്ങൾക്കിടയിലാണ് സംഭവം. അന്നുച്ചക്ക് ഒന്നേ മുക്കാലോടെ കൈകളിൽ തോക്കുമായി വന്ന ഷാറൂഖ് ജനക്കൂട്ടത്തിനുനേരെ മൂന്നുവട്ടം നിറയൊഴിച്ചുവെന്നാണ് ഹെഡ്കോൺസ്റ്റബിൾ ദീപക് ദഹിയ നൽകിയ പരാതി. സൗരഭ് ത്രിവേദി എന്ന മാധ്യമപ്രവർത്തകൻ ഈ സംഭവം വിഡിയോയിൽ പകർത്തിയതായും പറയുന്നു (കുറ്റപത്രത്തിൽ ഈ വിഡിയോ തെളിവായി ചേർത്തിട്ടുണ്ട്. എന്നാൽ, അതിെൻറ പകർപ്പിനായി ഏറെ മുമ്പ് അപേക്ഷ നൽകിയിട്ടും ലഭിച്ചിട്ടില്ല). അസ്വാഭാവികമായി 56 മണിക്കൂർ വൈകിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 147,148,149,186,216,307,353 വകുപ്പുകളും ആയുധ നിയമത്തിലെ 25/27 വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.
എഫ്.ഐ.ആർ ഉടനടി രജിസ്റ്റർ ചെയ്യണമെന്നും കാരണം കാണിക്കാതെയുള്ള എഫ്.ഐ.ആർ വൈകിക്കൽ സംശയത്തോടെ മാത്രമേ കാണാനാവൂ എന്നും പലവുരു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കെ അപ്രകാരം വൈകി സമർപ്പിക്കപ്പെട്ട എഫ്.ഐ.ആറിെൻറ അടിസ്ഥാനത്തിൽ ജാമ്യം നിഷേധിച്ചതിനെതിരെ ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ഷാറൂഖിെൻറ അഭിഭാഷകൻ.
ഷാറൂഖിനെതിരായ എഫ്.ഐ.ആറിൽ തന്നെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഷാറൂഖ് തലയിലേക്ക് വെടിവെച്ചെന്നും തലനാരിഴക്ക് രക്ഷപ്പെട്ടുെവന്നും ആരോപിക്കുന്ന അതേ പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലെല്ലാം വ്യക്തമായി പറയുന്നത് അയാൾ തനിക്കുനേരെ വെടിയുതിർത്തിട്ടില്ല എന്നാണ്. അഭിമുഖങ്ങളുടെ പകർപ്പുകൾ സമർപ്പിച്ചെങ്കിലും കോടതി പറഞ്ഞത് അതൊന്നും കുറ്റപത്രത്തിെൻറ ഭാഗമല്ല എന്നായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ തന്നെ പരാതിക്കാരും അന്വേഷണ അധികാരികളുമാകുേമ്പാൾ തെളിവുകൾ അവർക്ക് ഇഷ്ടമുള്ളതു മാത്രം പെറുക്കിക്കൂട്ടുകയാണല്ലോ ചെയ്യുക. ഷാറൂഖിനെ അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥർ വാർത്തസമ്മേളനം നടത്തി പറഞ്ഞതും പ്രതി കോൺസ്റ്റബിളിനുനേരെ തോക്ക് ചൂണ്ടിയെങ്കിലും വെടിയുതിർത്തില്ല എന്നാണ്. ഇക്കാര്യവും കോടതി സൗകര്യപൂർവം അവഗണിച്ചു. ഇൗ വൈരുധ്യം വെറും നിസ്സാരമെന്നായിരുന്നു നിലപാട്. വെടിവെപ്പിൽ തലനാരിഴക്ക് രക്ഷപ്പെെട്ടാരാൾ അങ്ങനെയാരു സംഭവേമ ഉണ്ടായിട്ടില്ല എന്നുപറയുന്നത് അത്ര നിസ്സാരമാണോ? മറ്റൊരു എഫ്.െഎ.ആറിൽ പരാതിക്കാരൻ ദീപക് ദഹിയാ പൂർണമായും നിലപാട് മാറ്റിയിട്ടുണ്ട്. ഷാറൂഖ് കൊല്ലാൻ ശ്രമിച്ചു എന്ന ഭാഗം തന്നെയില്ല. എന്നാൽ, ഫെബ്രുവരി 24ന് ഏറ്റ മുറിവുകൾ ചികിത്സിക്കാൻ മാർച്ച് രണ്ടാം തീയതി ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
28ന് എ.ബി.പി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരൻ പറയുന്നത്: നിന്നെ ഞങ്ങൾ വെറുതെ വിടില്ലെന്നു പറഞ്ഞതുകേട്ട് ഭയന്ന അക്രമി ഒരു വശത്തേക്ക് വെടിവെച്ച് കടന്നുകളഞ്ഞു, എനിക്കെതിരെ വെടിയുതിർത്തിട്ടില്ല എന്നാണ്. എന്നിരിക്കെ 307ാം വകുപ്പ് (ബോധപൂർവമുള്ള നരഹത്യാ ശ്രമം) പ്രതിക്കെതിരെ ചുമത്തിയത് പൊലീസ് ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗമാണെന്നും രാഷ്ട്രീയ പകപോക്കലിന് ഉൗർജം പകരാനുള്ള നീക്കമായിരുന്നുവെന്നും അഭിഭാഷകൻ വാദിക്കുന്നു.
മുന്നിൽവന്ന കടലാസുകൾ സ്വീകരിക്കുന്ന പോസ്റ്റ് ഒാഫിസുകളല്ല കോടതികളെന്നും ഹാജരാക്കപ്പെട്ട കാര്യങ്ങളും തെളിവുകളും ശ്രദ്ധാപൂർവം വിശകലനം ചെയ്ത് പരിശോധിക്കണമെന്നും പലതവണ സുപ്രീംകോടതി ആവർത്തിച്ചിട്ടുള്ള കാര്യമാണ്.
കേസിന്‍റെ ചില വസ്തുതകൾ കൂടി:
ഫെബ്രുവരി 24ന് നടന്ന സംഭവത്തിൽ എഫ്.െഎ.ആർ ഇടുന്നത് 26ാം തീയതി, ആരോപിതനെ പിടികൂടി കോടതിയിൽ ഹാജരാക്കിയത് മാർച്ച് മൂന്നിന്. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണെന്നൊക്കെ ക്രിമിനൽ നീതിന്യായവ്യവസ്ഥയിൽ പറയാറുണ്ടെങ്കിലും അറസ്റ്റിലായ നിമിഷം മുതൽ ഷാറൂഖിനെ തടവുപുള്ളിയെപ്പോലെയാണ് പരിഗണിക്കുന്നത്. വിചാരണ കൂടാതെ 11മാസമായി ജയിലിൽ കഴിയുന്ന യുവാവിന് ജാമ്യത്തിനായി ഉയർത്തിയ വാദങ്ങൾ പോലും കോടതി ഉത്തരവിൽനിന്ന് ഒഴിവാക്കിയതായി അഭിഭാഷകൻ ആരോപിക്കുന്നു. തെൻറ വാദങ്ങളെ ഖണ്ഡിക്കാൻ പ്രോസിക്യൂഷന് കഴിയാഞ്ഞതു തന്നെ കാരണം.
നിരവധി പേരുടെ അറുകൊലക്ക് വഴിവെച്ച കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്രയും അനുരാഗ് ഠാകുറും ഇപ്പോഴും സ്വതന്ത്രരായി സ്വൈരവിഹാരം നടത്തുകയൂം അവർക്കെതിരെ എഫ്.െഎ.ആർ ചുമത്താൻ ഉത്തരവിട്ട ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലം മാറ്റുകയും ചെയ്ത കാലത്ത് ഇതൊക്കെ സംഭവിക്കുന്നതിൽ ആശ്ചര്യപ്പെടുന്നതെങ്ങനെ?
എന്തായാലും ഷാറൂഖിനെതിരെ ഒരേ സംഭവത്തെച്ചൊല്ലി അതേ സാക്ഷികളെയും വിവരങ്ങളും ചേർത്ത് രണ്ട് എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തത് ശ്രദ്ധയിൽപ്പെട്ട ഡൽഹി ഹൈകോടതി ജഡ്ജി സുരേഷ് കുമാർ കൈത് ഒരാഴ്ചക്കകം വിവരം നൽകാൻ ഡൽഹി പൊലീസിന് നോട്ടീസയച്ചിട്ടുണ്ട്. കേസിൽ ഇൗ മാസം 10നാണ് അടുത്ത ഹിയറിങ്.
(സ്വതന്ത്ര മാധ്യമപ്രവർത്തകനും കോളമിസ്റ്റുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.