കവിമൊഴി
text_fieldsജനാധിപത്യ, മതേതര ഭരണകൂടത്തെ ‘ജുറാസിക് റിപ്പബ്ലിക്കാ’യി പരിവർത്തിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ അമിത് ഷാ മുേന്നാട്ടുവെച്ച ബില്ലിനെച്ചൊല്ലി പാർലമെൻറിൽ കലഹം മുർച്ഛിച്ചപ്പോൾ ഓർമവന്നത് മറ്റൊരു സംഭവമാണ്. 20 വർഷം മുമ്പ് ഇതേ വേദിയിലായിരുന്നു ആ കലഹവും അരങ്ങേറിയത്. ആ സമയത്ത്, മോദിയും അമിത് ഷായുമൊന്നും ചിത്രത്തിലേ ഇല്ല. കാവിപക്ഷത്ത് അക്കാലത്ത് നിലയുറപ്പിച്ചത് ആചാര്യന്മാരായ വാജ്പേയിയും അദ്വാനിയുമൊക്കെ. പ്രതിപക്ഷം ദുർബലം. ശരദ് പവാർ അടക്കമുള്ളവർ കൂടാരം വിട്ടതിെൻറ ക്ഷീണത്തിലാണ് ദേശീയ പ്രസ്ഥാനം.
മുന്നിൽനിന്ന് നയിക്കാൻ പരിണതപ്രജ്ഞരായ നേതാക്കൾ കാര്യമായിട്ട് ഇല്ല എന്നുതന്നെ പറയാം. കാർഗിൽ യുദ്ധം അവസാനിച്ച സമയംകൂടിയാണത്. യുദ്ധ വിജയം പാർലമെൻറിൽ ആഘോഷിച്ച് രാഷ്ട്രീയ മൈലേജ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാജ്പേയിയും സംഘവും സഭയിലെത്തിയത്. സഭാനടപടികൾ തുടങ്ങിയപ്പോൾ കാര്യങ്ങൾ ശരിക്കും കൈവിട്ടു. യുദ്ധസമയത്ത്, പാകിസ്താനിൽനിന്ന് പഞ്ചസാര ഇറക്കുമതി ചെയ്തതെന്തിന് എന്ന കപിൽ സിബലിെൻറ ഒറ്റ ചോദ്യത്തിൽ അടൽജി വിയർക്കാൻ തുടങ്ങി. പറഞ്ഞു പറഞ്ഞു എവിടെയെത്തിയെന്നു ചോദിച്ചാൽ, ഈ സമയത്ത് പഞ്ചസാര കയറ്റുമതിചെയ്ത വകയിൽ പാകിസ്താനു ലഭിച്ച വരുമാനം മൂലമാണ് ഇന്ത്യൻ സൈനികർ കാർഗിലിൽ കൊല്ലപ്പെട്ടതെന്നുവരെ കപിൽ സിബൽ സ്ഥാപിച്ചു. നോക്കണേ, പാർലമെൻററി രാഷ്ട്രീയത്തിൽ ആ സമയത്ത് ഒരു വർഷം പോലും അനുഭവമില്ലാതിരുന്ന കപിലിെൻറ പ്രകടനം. അദ്ദേഹത്തിെൻറ ഒറ്റയാൾ പട്ടാളം പാർലമെൻറിലെ ‘കാർഗിൽ സേന’യെ നിലംപരിശാക്കിക്കളഞ്ഞു. രണ്ടു പതിറ്റാണ്ടിനിപ്പുറം ആ ശൗര്യം കൂടിയിട്ടേയുള്ളൂ. അതാണ് പൗരത്വ ബിൽ രാജ്യസഭയിലെത്തിയപ്പോൾ കണ്ടത്. ബിൽ പാസാകുമെന്നുറപ്പുണ്ടായിട്ടും പൊതുജനാഭിപ്രായം അതിനെതിരാക്കുന്നതിൽ കപിൽ വിജയിെച്ചന്ന് ഇന്നലത്തെ രാംലീല മൈതാനം സാക്ഷ്യം പറയും. ഇക്കാര്യത്തിൽ പോരാട്ടം അവസാനിക്കുന്നില്ല. ബാക്കി അങ്കം പരമോന്നത നീതിപീഠത്തിനു മുന്നിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
രണ്ടാം യു.പി.എ സർക്കാറിൽ ടെലി കമ്യൂണിക്കേഷൻ വകുപ്പിെൻറ ചുമതല വഹിക്കുന്ന കാലം. ആ സമയത്ത് കേരളത്തിലെത്തിയ കപിൽ വിശ്രമത്തിനായി തെരഞ്ഞെടുത്തത് കുമരകത്തെ ഒരു റിസോർട്ടാണ്. കായൽക്കരയിൽ പ്രശാന്ത സന്ധ്യയിൽ ചെറിയൊരു സദസ്സിനു മുമ്പാകെ, തെൻറ ഫോണിൽ നോക്കി അദ്ദേഹം ഇപ്രകാരം വായിച്ചു. ‘‘ഉസ്പാർ ക്യാ ഹേ/ഖുദാ യേ തോ ബതാ/മേ ഇസ്പാർ ബൈഠാ/മേരേ മുഖദം മേ/ ക്യാ ഹേ ലിഖാ ഹുവാ...’’ ഡൽഹിയിൽനിന്നുള്ള വിമാനത്തിലിരുന്നപ്പോൾ കുത്തിക്കുറിച്ച വരികളായിരുന്നു അത്. ദൈവവുമായി കാഴ്ചപരിമിതനായ ഒരാൾ നടത്തുന്ന സംഭാഷണമാണ് ഈ കവിത. നമ്മുടെ സുധാകര മന്ത്രിയെപ്പോലെയാണ് ആളെന്നർഥം. ഇത്തരം കുഞ്ഞുസദസ്സുകൾ ഒത്തുവന്നാൽ മുമ്പ് മനസ്സിൽകുറിച്ച രണ്ടുവരി കവിത ചൊല്ലുക എന്നത് പതിവാണ്. ആ വകയിൽ രണ്ടു മൂന്ന് കവിതാ സമാഹാരങ്ങളുടെ കർത്താവുമാണ്. ഇക്കാര്യത്തിൽ കൃത്യമായ നിലപാടുണ്ട്: രാഷ്ട്രീയത്തിൽ പാർട്ടി ലൈൻ വിട്ടൊരു കളിയുമില്ല;
പേക്ഷ, കവിതയിൽ അത്തരം ഒരു നിഷ്കർഷയുമില്ല; അതിരുകളില്ലാതെ ഏതു ദിക്കിലേക്കും യഥേഷ്ടം പറക്കാം. പേക്ഷ, ഇക്കുറി കാര്യങ്ങൾ നേരെ തിരിച്ചായി. കപിൽ കവിതയിലാണ് കൃത്യമായ പാർട്ടിലൈൻ സ്വീകരിച്ചത്. അങ്ങനെയാണ് ‘ജുറാസിക് റിപ്പബ്ലിക്കിലെ രണ്ട് ദിനോസറുകൾ’ എന്ന കവിത സംഭവിക്കുന്നത്. പൗരത്വ ബില്ലിനെ മുസ്ലിംകളാരും ഭയപ്പെടേണ്ടതില്ലെന്ന അമിത് ഷായുടെ ‘ആശ്വാസ വാക്കുകളാ’ണ് കവിക്ക് പ്രചോദനമെന്ന് കരുതണം. കാരണം, ആദ്യവരികളിൽ അക്കാര്യം വരുന്നുണ്ട്: ‘‘താങ്കളെ ആര് ഭയപ്പെടുന്നുവെന്നാണ് ധരിച്ചിരിക്കുന്നത്/ ഒരു മുസ്ലിമും അങ്ങനെ ഭയപ്പെടുന്നില്ല/ എനിക്കും ഭയമില്ല/ഞങ്ങൾക്ക് ഭയം ഭരണഘടനയെക്കുറിച്ച് മാത്രമാണ്’’. കണ്ണുരുട്ടിയ അമിത് ജിയോട് ഇത്രകൂടി പറഞ്ഞാണ് കവിത അവസാനിക്കുന്നത്:‘‘ ഇന്ത്യയെന്ന ആശയത്തെ അറിയാത്തവർക്ക് ഇന്ത്യയെ രക്ഷിക്കാനുമാകില്ല’’. ഈ വരികളാണ് തൊട്ടടുത്ത മണിക്കൂറുകളിൽ പതിനായിരങ്ങളെ തെരുവിലിറക്കിയത്; കാമ്പസ് ഗേറ്റുകൾ ലോങ് മാർച്ചുകൾക്ക് തുറന്നുകൊടുക്കപ്പെട്ടതും രാം ലീല മൈതാനം ഒരിക്കൽ കൂടി ജനസാഗരമായതും ഇങ്ങനെയൊക്കെയാണ്.
ചോദിച്ചാൽ പറയാനൊരു ജോലിയുണ്ട്: അഭിഭാഷകനാണ്. കപിലിനെ സംബന്ധിച്ച്, രാഷ്ട്രീയക്കാർ അലങ്കാരത്തിനു കൊണ്ടുനടക്കുന്ന പദവിയല്ല ആ ജോലി. പിടിപ്പതു പണിയുള്ള വക്കീലുമാരുടെ കൂട്ടത്തിലാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി അതു വൃത്തിയായി ചെയ്യുന്നുമുണ്ട്. 70കളുടെ തുടക്കത്തിൽ, എൽ.എൽ.ബി ബിരുദം മാത്രമുള്ള കാലത്ത് സിവിൽ സർവിസ് യോഗ്യത നേടിയിരുന്നു. അന്ന് ഡൽഹി ബാർ അസോസിയേഷനിലെ സാധാരണ അംഗം മാത്രമായിരുന്ന കപിൽ സിബലിന് അതൊരു വലിയ സാധ്യതയായിരുന്നു. എന്നിട്ടും ഐ.എ.എസ് പട്ടം വേണ്ടെന്നുവെച്ചു. അഭിഭാഷകവൃത്തിയിൽ തുടർന്നു. അതൊക്കെ കഴിഞ്ഞാണ് ഹാർവഡിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദമൊെക്ക നേടിയത്. 1983 മുതൽ സീനിയർ അഭിഭാഷകനാണ്. 89ൽ അഡീഷനൽ സോളിസിറ്റർ ജനറലായി.
ഈ കാലത്തുതന്നെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് വരെയായി. 1998ലാണ് ആദ്യമായി പാർലമെൻറിലെത്തുന്നത്. രാജ്യസഭ വഴിയായിരുന്നു പ്രവേശനം. 2004ൽ, ഡൽഹി ചാന്ദ്നി ചൗക്കിൽനിന്ന് 72 ശതമാനം വോട്ട് വാങ്ങി സ്മൃതി ഇറാനിയെ തറപറ്റിച്ചാണ് ആദ്യമായി ലോക്സഭയിലെത്തിയത്. ഒന്നാം യു.പി.എ സർക്കാറിൽ ശാസ്ത്ര സാങ്കേതിക മന്ത്രിയായി. 2009ലും ചാന്ദ്നി ചൗക്കിൽ വിജയം ആവർത്തിച്ചു. രണ്ടാം യു.പി.എയിൽ ഐ.ടി, മാനവശേഷി, നിയമം തുടങ്ങിയ വകുപ്പുകൾ വിവിധ സമയത്തായി കൈകാര്യം ചെയ്തു. സൂനാമി, ഭൂകമ്പം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ മുൻകൂട്ടി അറിയുന്നതിനുള്ള യന്ത്രങ്ങൾ രാജ്യത്ത് ആദ്യമായി സ്ഥാപിച്ചയാൾ എന്ന ഖ്യാതികൂടിയുണ്ട്. പക്ഷേ, ആ ഡിറ്റക്ടറുകളിൽ രാഷ്ട്രീയ സൂനാമിയെക്കുറിച്ച മുന്നറിയിപ്പുകളില്ലായിരുന്നു. 2014ൽ, 17 ശതമാനം വോട്ടാണ് ആകെ കിട്ടിയത്; എട്ടുനിലയിൽ പൊട്ടി. രണ്ടു വർഷം കഴിഞ്ഞ് വീണ്ടും രാജ്യസഭ വഴി പാർലമെൻറിലെത്തി.
1948 ആഗസ്റ്റ് എട്ടിന് പഞ്ചാബിലെ ജലന്ധറിൽ ജനനം. നിയമജ്ഞരിൽ ജീവിക്കുന്ന ഇതിഹാസം എന്ന് ഡൽഹി ബാർ അസോസിയേഷൻ വിശേഷിപ്പിച്ച പത്മഭൂഷൺ ജേതാവ് ഹീരാ ലാൽ സിബൽ ആണ് പിതാവ്. മാതാവ് കൈലാശ് റാണി. ചണ്ഡിഗഢിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കോളജ് പഠനം ഡൽഹിയിലെ സെൻറ് സ്റ്റീഫൻസിലും. എൽ.എൽ.ബിക്കു പുറമെ, ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്. അക്കാലത്ത്, കാമ്പസിലെ ഷേക്സ്പിയർ ക്ലബിലൊക്കെ അംഗമായിരുന്നു. അന്ന് ജൂലിയസ് സീസറായി വേഷമിട്ടപ്പോൾ നായികയായി അരങ്ങിലെത്തിയത് ജൂനിയറായി പഠിച്ചിരുന്ന വൃന്ദ കാരാട്ടാണ്. അന്നവർ വൃന്ദാ ദാസ് ആയിരുന്നു. ഹാർവഡിൽനിന്ന് പഠച്ചിറങ്ങിയശേഷമാണ് വക്കീൽപണിയിൽ കൂടുതൽ ശ്രദ്ധിച്ചത്. പിന്നീടത് പാർലമെൻററി രാഷ്ട്രീയത്തിലേക്കും എത്തി. എന്തൊക്കെ പറഞ്ഞാലും ആളൊരു കോൺഗ്രസുകാരനാണല്ലോ. അതിെൻറ ചില കുറവുകളുണ്ടാകും.
വോഡഫോൺ അഴിമതിയിൽ ചെന്നുപെട്ടതും 2ജി കേസിൽ അനാവശ്യമായ പ്രസ്താവനകൾ നടത്തിയതുമൊക്കെ അങ്ങനെ കണ്ടാൽ മതി. രാജ്യത്ത് ഇൻറർനെറ്റ് സെൻസർഷിപ്പിനുള്ള ചുവടുവെച്ചതിെൻറ മറ്റൊരു പേരുദോഷവുമുണ്ട്. നല്ലൊരു ക്രിക്കറ്റ് പ്രേമികൂടിയാണ്. ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിനായി കമൻററി ബോക്സിലും എത്തിയിട്ടുണ്ട്. ആദ്യ ഭാര്യ നീന സിബൽ 2000 ത്തിൽ അന്തരിച്ചു. ഐ.എഫ്.എസ് ഉദ്യോഗസ്ഥയായിരുന്നു അവർ. 2005ൽ, പ്രോമില സിബലിനെ വിവാഹം ചെയ്തു. ആദ്യ വിവാഹത്തിൽ രണ്ട് മക്കൾ: അമിത്, അഖിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.