ആ വിജയഭേരിക്ക് വയസ് 21
text_fieldsരാജ്യം കാർഗിൽ യുദ്ധ വിജയത്തിൻെറ സ്മരണ പുതുക്കുകയാണ്. പിറന്ന നാടിനെ സംരക്ഷിക്കാൻ ജീവൻ ബലി നൽകിക്കൊണ്ട് ധീര ജവാൻമാർ കാർഗിൽ മലമുകളിൽ വിജയഭേരി മുഴക്കിയിട്ട് 21 വർഷം പൂർത്തിയാകുന്നു.
1999 മേയ് മൂന്നിനാണ് ജമ്മു-കശ്മീരിെല കാർഗിലിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം തുടങ്ങുന്നത്. ജൂലൈ 26 വരെ രണ്ടര മാസത്തോളം നീണ്ട യുദ്ധത്തിൽ ഔദ്യോഗിക കണക്കു പ്രകാരം 527 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചു. 1363 പേർക്ക് പരിക്കേറ്റു. ഏകദേശം രണ്ട് ലക്ഷത്തോളം ജവാൻമാരാണ് യുദ്ധത്തിൽ പങ്കെടുത്തത്. അർധ സൈനിക വിഭാഗങ്ങളും വ്യോമസേനയും പ്രത്യേക സേനാവിഭാഗങ്ങളുമൊക്കെയായി ഏകദേശം 30,000ത്തോളം സൈനികർ നേരിട്ട് പങ്കാളികളായി. ആളും ആയുധങ്ങളുമായി ഇരു രാജ്യങ്ങൾക്കും കനത്ത നഷ്ടങ്ങളാണ് യുദ്ധം സമ്മാനിച്ചത്.
െചറുതും വലുതുമായ അനേകം കുന്നുകളും മലകളുമടങ്ങിയ കാർഗിൽ ദുർഘടം പിടിച്ച വഴികൾ നിറഞ്ഞ പ്രദേശമാണ്. ഇൗ പ്രദേശത്ത് അതിർത്തിക്കപ്പുറത്തു നിന്ന് നുഴഞ്ഞു കയറ്റം ആരംഭിച്ചതോെടയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമായത്. പ്രദേശത്ത് ആടിനെ മേയ്ക്കാനായി പോയ ഗ്രാമീണരാണ് ആയുധധാരികളായ അജ്ഞാതരെ കുറിച്ച് ഇന്ത്യൻ സേനക്ക് വിവരം നൽകിയത്. തെരച്ചിലിനായി പോയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ച് സൈനികരെ പാക് പട്ടാളം പിടികൂടി വധിച്ചു. കണ്ണുകൾ ചൂഴ്ന്നെടുത്തും ശരീരത്തിൽ സിഗരറ്റ് കുറ്റികൾെകാണ്ടും ചുട്ടുപഴുപ്പിച്ച കമ്പികൊണ്ടും പൊള്ളിച്ചും ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയും വികൃതമാക്കിയ മൃതദേഹങ്ങളാണ് പാകിസ്താൻ ഇന്ത്യക്ക് നൽകിയത്.
ഇന്ത്യൻ സൈന്യം മലയോരത്ത് തിരച്ചിൽ നടത്തുന്നതിനിടെ വീണ്ടും പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് തുടർച്ചയായി ഷെല്ലിങ് നടത്തുകയും ഒട്ടേറെ പോസ്റ്റുകൾ തകർക്കുകയും ചെയ്തു. കാർഗിലിൻെറ വിവിധ ഭാഗങ്ങളിൽ ശത്രു സൈന്യം തീവ്രവാദികൾക്കൊപ്പം കടന്നതായും ഇവർ വിവിധ സ്ഥലങ്ങളിൽ പതിയിരിക്കുന്നതായും ഇന്ത്യക്ക് രഹസ്യ വിവരം ലഭിച്ചു. ഏറ്റവും ഉയർന്ന പ്രദേശമായ ടൈഗർ ഹില്ലിലടക്കം കയറിപ്പറ്റിയ പാക് സൈന്യത്തിനെതിരെ വലിയ സൈനിക നീക്കം തന്നെ വേണമെന്ന് രാജ്യം തീരുമാനമെടുക്കുകയായിരുന്നു. ഓപറേഷൻ വിജയ് എന്ന പേരിൽ സൈനിക നടപടിക്ക് പിന്നീട് ഇന്ത്യ തുടക്കം കുറിച്ചു. താഴ്വാരത്ത് നിന്ന് മല മുകളിലേക്ക് പോരാട്ടം വ്യാപിപ്പിച്ചു. അതിനിടെ ഇന്ത്യയുടെ രണ്ട് യുദ്ധ വിമാനങ്ങൾ പാകിസ്താൻ തകർക്കുകയുമുണ്ടായി.
ഗ്രനേഡ് ലോഞ്ചറുകളും മോർട്ടാറുകളുമടക്കം സർവ സന്നാഹങ്ങളുമായി ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കി. ബൊഫോഴ്സ് പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും പാക് സൈന്യത്തിന് നേരെ തീ തുപ്പി. കാർഗിൽ മലയുടെ മുകൾഭാഗം കൈയടക്കിവെച്ച പാക് സൈന്യത്തെ അവിടെ നിന്ന് തുരത്താനായതോടെ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. നിരന്തരമായ പ്രത്യാക്രമണത്തിലൂടെ തന്ത്രപ്രധാന മേഖലകളായ ടൈഗർ ഹിൽസ്, പോയിൻറ് 4590, തൊലോലിങ് തുടങ്ങിയ മേഖലകൾ ഇന്ത്യ തിരിച്ചു പിടിച്ചു. 1999 ജൂലൈ 26ന് കാർഗിലിൽ ഇന്ത്യയുടെ വിജയ പതാക ഉയരത്തിൽ പാറി. ഇതിനിടെ നിരവധി സൈനികരെ രാജ്യത്തിന് നഷ്ടമായി.
രാജ്യത്തിന് വേണ്ടി വീരചരമം പുൽകിയ മലയാളി ജവാൻമാരായ ലഫ്. കേണൽ ആർ. വിശ്വനാഥൻ, ക്യാപ്റ്റൻ പി.വി. വിക്രം, ക്യാപ്റ്റൻ എം വി. സൂരജ്, ക്യാപ്റ്റൻ ആർ. ജെറി പ്രേംരാജ്, സജീവ് ഗോപാല പിള്ള, യുദ്ധമുഖത്ത് സജീവമായിരുന്ന എയര്‍ വൈസ് മാര്‍ഷല്‍ നാരായണ മേനോന്‍, വിങ് കമാന്‍ഡര്‍ രഘുനാഥ് നമ്പ്യാര്‍, ക്യാപ്റ്റൻ സാജു ചെറിയാൻ, ക്യാപ്റ്റൻ മാത്യൂസ്, കുഞ്ഞികൊമ്പിൽ ജോസഫ് എന്നിവരെ സ്മരിക്കാതിരിക്കാനാവില്ല.
ഇന്ത്യൻ സൈനിക ശക്തിയുടെയും പോരാട്ട വീര്യത്തിേൻറയും വിജയമായിരുന്നു കാർഗിലിൽ സംഭവിച്ചത്.1999 മുതൽ എല്ലാ വർഷവും ജൂലൈ 26 കാർഗിൽ വിജയദിവസമായി രാജ്യം ആചരിച്ചു വരികയാണ്.
കാർഗിലിൽനിന്ന് ഏകദേശം 50 കി.മീ അകലെ ദ്രാസിലെ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരമായി കത്തിച്ചുവെച്ച കെടാ ദീപം ഇപ്പോഴും കാണാം. കാർഗിൽ രക്തസാക്ഷികളുടെ പേരുകൾ കൊത്തിെവച്ച സ്മാരകശിലകൾ അർധവൃത്താകൃതിയിൽ അവിടെ വിന്യസിച്ചിട്ടുമുണ്ട്. പാക് പട്ടാളക്കാരിൽനിന്ന് പിടിച്ചെടുത്ത യന്ത്രത്തോക്കുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ ജവാന്മാരുടെ പേരുകൾ കൊത്തിെവച്ച മെമോറിയൽ വാളും യുദ്ധത്തിെൻറ 13ാം വർഷത്തിൽ സ്ഥാപിച്ച 15 കിലോയോളം ഭാരം വരുന്ന ഇന്ത്യൻ പതാകയും അഭിമാനമായി നിലകൊള്ളുന്നു.
ക്യാപ്റ്റൻ വിക്രം പാണ്ഡെയുടെ പേരിലുള്ള മ്യൂസിയം ഇന്ത്യൻ സൈനികരുടെ ത്യാഗോജ്വലതയുടേയും ധീരതയുടേയും അനുഭവ സാക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.