അത്യുന്നതങ്ങളിലെ അഭിമാന വിജയം
text_fieldsകശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിച്ച് മഞ്ഞുമൂടിയ സിയാച്ചിൻ മലനിരകളിൽ ഇന്ത്യൻ സൈനികരെ ഒറ്റപ്പെടുത്താനും കശ്മീർ തർക്കം പരിഹരിക്കുന്നതിന് ഇന്ത്യയെ ചർച്ചക്ക് നിർബന്ധിക്കാനുമാണ് പാക് സൈന്യം ലക്ഷ്യമിട്ടതെന്നാണ് ഇന്ത്യൻ കരസേനയുടെ വിലയിരുത്തൽ.
പിറവിയെടുത്ത നാൾ മുതൽ തന്നെ പാകിസ്താൻ ഇന്ത്യയുമായി സംഘർഷം ആരംഭിച്ചിരുന്നുവെന്ന് പറയാം. ജമ്മു-കശ്മീരിനെ ഏതുവിധേനയും തങ്ങളോട് കൂട്ടിച്ചേർക്കാനുള്ള പാകിസ്താന്റെ കുതന്ത്രങ്ങളാണ് സംഘർഷത്തിന്റെ ഹേതു.
സ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും വൈരത്തിന് അറുതിയായില്ല എന്നതിന്റെ സ്പഷ്ടമായ തെളിവാണ് 1999ലെ കാർഗിൽ യുദ്ധം. ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് യുദ്ധം ആരംഭിച്ചതെന്നതാണ് ഇതിലെ വിരോധാഭാസം. അതിശൈത്യകാലത്ത് ഇന്ത്യൻ സൈന്യം ഒഴിഞ്ഞ പോസ്റ്റുകൾ പാകിസ്താൻ സൈന്യം രഹസ്യമായി കൈവശപ്പെടുത്തിയതാണ് കാർഗിൽ യുദ്ധത്തിലേക്ക് വഴിതെളിച്ചത്. അന്നത്തെ പാകിസ്താൻ സൈനിക മേധാവിയായിരുന്ന ജനറൽ പർവേസ് മുഷർറഫിന്റെ തലയിലുദിച്ചതാണ് ഈ അതിസാഹസ കൈയേറ്റം എന്ന് കരുതപ്പെടുന്നു. 1999 മേയ് മൂന്നിനാണ് ഇന്ത്യ നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. മേയ് 26ന് ഇന്ത്യൻ എയർഫോഴ്സ് ആദ്യത്തെ വ്യോമാക്രമണം നടത്തി. തുടർന്ന് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപറേഷൻ വിജയ്’ എന്ന സൈനിക നീക്കം. രണ്ടുമാസത്തെ ഏറ്റുമുട്ടലിനൊടുവിൽ 1999 ജൂലൈ 26 ന് ഇന്ത്യൻ വിജയത്തോടെ യുദ്ധം അവസാനിച്ചു.
പശ്ചാത്തലം
1947-48, 1965 വർഷങ്ങളിലെ യുദ്ധങ്ങൾക്ക് ശേഷം, 1966ൽ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താൻ പ്രസിഡൻറ് ജനറൽ അയൂബ് ഖാനും താഷ്കൻറ് ഉടമ്പടി ഒപ്പുവെച്ചു. കരാറിലെ വ്യവസ്ഥകൾ അനുസരിച്ച്, 1965 ആഗസ്റ്റ് അഞ്ചിന് മുമ്പുണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് സായുധ സേനകളെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും സാമ്പത്തികം, അഭയാർഥി പ്രശ്നം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും തീരുമാനിച്ചു.
എന്നാൽ 1971ൽ, കിഴക്കൻ പാകിസ്താന്റെ (ഇപ്പോൾ ബംഗ്ലാദേശ്) സ്വാതന്ത്ര്യ പോരാട്ടത്തിനിടെ ഇന്ത്യൻ പ്രദേശത്തേക്ക് അഭയാർഥികളുടെ ഒഴുക്കുണ്ടായപ്പോൾ ഇടപെടാൻ ഇന്ത്യ നിർബന്ധിതരായി. ഇരു രാജ്യങ്ങളും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് ഇത് നയിച്ചു. 1971 ഡിസംബർ മൂന്നിന് ആരംഭിച്ച യുദ്ധം 14 ദിവസം നീണ്ടുനിന്നു.
ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രത്തിന്റെ രൂപവത്കരണമായിരുന്നു യുദ്ധത്തിന്റെ ഫലം. 1972 ജൂലൈയിൽ, ഷിംല കരാർ പ്രകാരം ഇരു രാജ്യങ്ങളുടെയും സേനകളെ പിൻവലിച്ചു. വെടിനിർത്തലിന്റെ ഫലമായി ജമ്മു-കശ്മീരിൽ നിയന്ത്രണ രേഖ (എൽ.സി) ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു. കൂടാതെ, സൈനിക ശക്തി ഉപയോഗിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും സൈന്യത്തെ പിൻവലിക്കാനും തീരുമാനമായി.
1998 മേയ് മാസത്തിൽ, ഇന്ത്യയും പാകിസ്താനും ആണവശക്തികളായി പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളുടെയും സുരക്ഷാ ആശങ്കകൾ വർധിച്ചു. എന്നാൽ, 1999 ഫെബ്രുവരി 20-21 തീയതികളിൽ പാകിസ്താനിലെ ലാഹോറിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫും ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതോടെ ഇരുവരും തമ്മിൽ ആണവായുധ പ്രയോഗത്തിനുള്ള സാധ്യത ലഘൂകരിച്ചു. എന്നാൽ, വൈകാതെതന്നെ ഷിംല കരാറിന്റെയും ലാഹോർ പ്രഖ്യാപനത്തിന്റെയും അന്തഃസ്സത്തക്ക് നിരക്കാത്ത പ്രവൃത്തിയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്.
നുഴഞ്ഞുകയറ്റം
‘ഓപറേഷൻ ബദർ’ എന്നുപേരിട്ട സൈനിക നീക്കത്തിലൂടെ കശ്മീരി ഭീകരരുടെ വേഷം ധരിച്ച് പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറുകയും ഇന്ത്യൻ സൈന്യത്തിന്റെ ഒഴിഞ്ഞ ശീതകാല പോസ്റ്റുകൾ കൈയടക്കുകയും ചെയ്തതോടെയാണ് കാർഗിൽ യുദ്ധത്തിന് തുടക്കം കുറിച്ചത്. കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിച്ച് മഞ്ഞുമൂടിയ സിയാച്ചിൻ മലനിരകളിൽ ഇന്ത്യൻ സൈനികരെ ഒറ്റപ്പെടുത്താനും കശ്മീർ തർക്കം പരിഹരിക്കുന്നതിന് ഇന്ത്യയെ ചർച്ചക്ക് നിർബന്ധിക്കാനുമാണ് പാക് സൈന്യം ലക്ഷ്യമിട്ടതെന്നാണ് ഇന്ത്യൻ കരസേനയുടെ വിലയിരുത്തൽ.
ഇന്ത്യൻ സൈനിക നീക്കം
1999 മേയ് മൂന്നിന് അജ്ഞാതരുടെ സാന്നിധ്യത്തെക്കുറിച്ച് പ്രദേശവാസികളാണ് കാർഗിൽ സെക്ടറിലെ ബഞ്ചു ഹെഡ്ക്വാർട്ടേഴ്സിലെ സൈനിക യൂനിറ്റിനെ ആദ്യം വിവരമറിയിച്ചത്. ഉടൻതന്നെ നുഴഞ്ഞകയറ്റക്കാരെ കണ്ടെത്താൻ സൈന്യത്തെ അയച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിപുലമായ പട്രോളിങ്ങും വ്യോമ നിരീക്ഷണവും നടത്തി. പാകിസ്താൻ അധിനിവേശത്തിന്റെ വ്യാപ്തിയും തയാറെടുപ്പുകളും എത്രത്തോളമെന്ന് അതോടെ വ്യക്തമായി. പാക് സൈനികരെ പുറത്താക്കാനുള്ള പദ്ധതി അതിവേഗം തയാറായി. സംഘർഷം വ്യാപിക്കാതിരിക്കാൻ ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടക്കരുതെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി.
ഉയരങ്ങളിലെ പോരാട്ടം
പാകിസ്താൻ കൈവശപ്പെടുത്തിയ കുന്നുകൾ തിരിച്ചുപിടിക്കുക അതീവ ദുഷ്കരമാണെന്ന് വേഗം തന്നെ വ്യക്തമായി. പർവതമുകളിൽ നിന്ന് ആക്രമണം നടത്തുമ്പോൾ ആനുകൂല്യം ആക്രമണം നടത്തുന്നവർക്കല്ല ശത്രുവിനാണെന്നത് വസ്തുതയാണ്. അതിനാൽ, കരസൈന്യം ആക്രമണം നടത്തുന്നതിനുമുമ്പ് വ്യോമസേന പരമാവധി ആക്രമണം നടത്തി കളമൊരുക്കണമെന്ന് സൈനിക ആസ്ഥാനത്ത് തീരുമാനിച്ചു.
ശത്രു സൈന്യം നിലയുറപ്പിച്ച പല സ്ഥലങ്ങളും കരസേനക്ക് കാണാൻ കഴിയാത്തതായിരുന്നു. അതിനാൽ, വ്യോമാക്രമണമാണ് കൂടുതൽ ഫലപ്രദം. സ്വന്തം പ്രദേശത്ത് വ്യോമാക്രമണം നടത്തുന്നതിനുള്ള അനുമതി കേന്ദ്ര മന്ത്രിസഭ നൽകി. ഓപറേഷൻ സഫേദ് സാഗറിന്റെ ഭാഗമായി 1999 മേയ് 26ന് ആദ്യ വ്യോമാക്രമണം നടത്തി.
മൂന്ന് സേനാവിഭാഗങ്ങളും യോജിച്ച് കർമപദ്ധതി തയാറാക്കി. തടയുക-പുറത്താക്കുക-നിഷേധിക്കുക എന്നതായിരുന്നു ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപറേഷൻ വിജയ്’ എന്ന നീക്കത്തിന്റെ തന്ത്രം. ശ്രീനഗർ-ലേ ദേശീയ പാതയോടുചേർന്ന ടോളോലിങ് പോലെയുള്ള കുന്നിൻ മുകളിൽനിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുന്നതിനായിരുന്നു മുഖ്യ പരിഗണന. ലഡാക്ക്-സിയാച്ചിൻ മേഖലയോടുചേർന്ന ബതാലിക്-തർതോക് സബ് സെക്ടറിനായിരുന്നു അടുത്ത പരിഗണന. ജൂലൈ നാലിന് സൈന്യം ടൈഗർ ഹിൽസ് തിരിച്ചുപിടിച്ചു.ജൂലൈ 12 മുതൽ 18 വരെ പാക് സൈനികർക്ക് പിൻവാങ്ങുന്നതിന് വെടിനിർത്തൽ പ്രഖ്യാപിച്ചു. ജൂലൈ 24ന് അവസാന കൈയേറ്റ സ്ഥലമായ സുല്ലു സ്പർ സൈന്യം തിരിച്ചുപിടിച്ചു. അങ്ങനെ ജൂലൈ 26ന്, ഇന്ത്യൻ സൈനിക ചരിത്രത്തിൽ അത്യുജ്വല വിജയമായി കാർഗിൽ യുദ്ധം അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.