കരിപ്പൂർ ദുരന്തം: നടുക്കുന്ന ഓർമകൾക്ക് ഒരാണ്ട്
text_fields2020 ആഗസ്റ്റ് 7. കേരളംഅക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ച ദിനം! കോവിഡ് ഭീതിയുടെ ആദ്യനാളുകളിലെ ആ രാത്രിയിൽ ഇടിമുഴക്കത്തിന് സമാനമായ ശബ്ദത്തോടെ ദുബൈയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലെ മണ്ണിൽ ലാൻഡിങ്ങിനിടെ തലകുത്തി വീണു. അപകടത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനായി ദുരന്ത ഭൂമിയിലേക്ക് ഒരു നാട് ഇരമ്പിയടുക്കുന്ന കാഴ്ചയാണ് ലോകം പിന്നാലെ കണ്ടത്. കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ മാത്രമല്ല, സ്വന്തം പ്രാണനെത്തന്നെ മറന്ന് ഒരു ജനത ഒന്നടങ്കം മനുഷ്യസ്നേഹത്തിെൻറ ചിറകിലേറി അവിടെ പറന്നിറങ്ങി. ഔദ്യോഗിക രക്ഷാപ്രവർത്തന ഏജൻസികൾ എത്തുന്നതിനു മുമ്പുതന്നെ അപകടത്തിൽപെട്ടവരെയും കൊണ്ട് അവർ ആശുപത്രികളിലേക്ക് പാഞ്ഞു. സുരക്ഷാഭടന്മാർ, പൊലീസ്, രക്ഷാപ്രവർത്തന ഏജൻസികൾ എന്നിവർക്കൊപ്പം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ നാട്ടുകാരെയും ഡ്രൈവർമാരെയും പരിചരണങ്ങൾ നൽകിയ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും മറക്കാനാവില്ല.
കൊണ്ടോട്ടിയിലെയും പരിസരപ്രദേശങ്ങളിലെയും സകല സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രവർത്തകരും അന്നവിടെ സന്നിഹിതരായിരുന്നു. സംഭവം നടന്ന ഉടനെത്തന്നെ അപകട സ്ഥലത്തും ആശുപത്രികളിലും ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകി അവരോടൊപ്പം ചേരാനും പ്രവർത്തിക്കാനും എനിക്കും സാധിച്ചു. രക്ഷാപ്രവർത്തനം ഒരു ദേശം മുഴുവൻ ഏറ്റെടുത്തു നടത്തുന്ന മഹാമാതൃകക്ക് ഞാനും ദൃക്സാക്ഷിയായി. മാനവ സ്നേഹത്തിെൻറയും കാരുണ്യത്തിെൻറയും മലപ്പുറം മാതൃക രാജ്യത്തിനാകമാനം പ്രതീക്ഷയേകുന്നതായിരുന്നു .
കോവിഡ് വാഹകരെന്ന് മുദ്രകുത്തി പ്രവാസികളെ ആട്ടിപ്പായിക്കുവാൻ ഒരുെമ്പട്ടിരുന്ന ഒരു കാലത്ത് മുറിവേറ്റ മനുഷ്യരെ കോരിയെടുത്ത് അവർ നെഞ്ചോട് ചേർത്തുപിടിച്ചു, ആതുര ശുശ്രൂഷാ രംഗത്തും ഗതാഗതം അടക്കമുള്ള ഭൗതിക സൗകര്യങ്ങളിലും കൊണ്ടോട്ടിക്ക് ഏറെ പരിമിതികളുണ്ടായിരുന്നു. പക്ഷേ, ഇവിടെ നാം കണ്ട മനുഷ്യസ്നേഹത്തിന് പരിധിയില്ലായിരുന്നു.
വിമാനത്താവളം അടുത്തുള്ള പ്രദേശമായിട്ടും കൊണ്ടോട്ടിയിൽ അത്യാധുനിക സൗകര്യമുള്ള ആശുപത്രി ഇല്ലാത്തതിെൻറ പ്രയാസം നമ്മൾ ശരിക്കും മനസ്സിലാക്കി. പരിമിത സൗകര്യങ്ങളുള്ള കൊണ്ടോട്ടി ഗവൺമെൻറ് ആശുപത്രി ഒരു പ്രത്യേക പാക്കേജ് സ്കീമിൽ ഉൾപ്പെടുത്തിക്കൊണ്ട് കേരള ഗവൺമെൻറ് നേരിട്ട് ഏറ്റെടുക്കേണ്ടതുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള റഫറൽ ആശുപത്രിയായി കൊണ്ടോട്ടി സർക്കാർ ആശുപത്രിയെ മാറ്റാൻ ഇനി ഒട്ടും അമാന്തിച്ചു കൂട. അതുപോലെ വൺവേ അടക്കമുള്ള സൗകര്യത്തോടുകൂടി എയർപോർട്ടിൽനിന്ന് കൊണ്ടോട്ടിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ബൈപ്പാസും ഉണ്ടാകേണ്ടതുണ്ട്. എന്തെങ്കിലുമൊക്കെ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മൾ ഇക്കാര്യങ്ങളെക്കുറിച്ച് പുനരാലോചന നടത്താറ്.
ദുരന്തത്തിെൻറ ബാക്കിപത്രമായി തീരാ വേദനയിലും തീരാനഷ്ടത്തിലും കഴിയുന്ന അനേകർ ഇപ്പോഴുമുണ്ട്. അധികൃതരുടെയും പൊതുസമൂഹത്തിെൻറയും ഭാഗത്തുനിന്ന് അവർക്കുവേണ്ടിയുള്ള ഇടപെടലുകൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.