കോൺഗ്രസിന്റെ സിദ്ധൗഷധം
text_fieldsബംഗളൂരു: കർണാടകയിലെ ദലിത്, പിന്നാക്ക, മുസ്ലിം വോട്ടുകൾ കോൺഗ്രസിലേക്ക് ഏകീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. കുറുബ സമുദായക്കാരനായ അദ്ദേഹം ബി.ജെ.പിയുടെ മുസ്ലിം-ന്യൂനപക്ഷവിരുദ്ധ നിലപാടുകളെയും വിദ്വേഷ രാഷ്ട്രീയത്തെയും തുറന്നെതിർത്തു.
കർണാടകയിലെ വ്യാപകമായ അഴിമതിക്കഥകളിൽ അദ്ദേഹത്തിന്റെ പേര് കേട്ടിരുന്നില്ല. ജനകീയനായ അദ്ദേഹം 2013 മുതൽ 2018വരെ മുഖ്യമന്ത്രിയായിരുന്നു. ഏറെ കാലത്തിനുശേഷം സംസ്ഥാനത്ത് കാലാവധി തികച്ച സർക്കാറായിരുന്നു അത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ഇത്തവണ ഒരാളെ ഉയർത്തിക്കാണിച്ചിട്ടില്ലെങ്കിലും ആ സ്ഥാനം സിദ്ധരാമയ്യക്ക് ജനം കൊടുത്തിരുന്നു.
ഇത് തന്റെ അവസാന തെരഞ്ഞെടുപ്പ് രാഷ്ട്രീയമായിരിക്കുമെന്ന് അദ്ദേഹം നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. അതിനാൽതന്നെ ഇത്തവണ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം കിട്ടാൻ സാധ്യത കൂടുതലാണ്. മിക്ക ദലിത് വോട്ടുകളും കോൺഗ്രസിന്റെ പെട്ടിയിൽ വീഴാൻ സിദ്ധരാമയ്യ പ്രധാന കാരണമായി.
സംസ്ഥാനത്ത് 17.15 ശതമാനം വരും ദലിതുകൾ. ഇദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കർണാടകയിൽ ‘ടിപ്പു ജയന്തി’ സർക്കാർ പരിപാടി എന്ന നിലയിൽ നടത്തിയത്. ഇത്തവണ കോൺഗ്രസിന് 14 ശതമാനത്തിലധികം ദലിത് വോട്ടുകൾ കിട്ടിയിട്ടുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.