ബലപരീക്ഷണത്തിന് ചെറുപാർട്ടികൾ
text_fieldsഇത്തവണ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളുടെ എണ്ണം കൂടുംതോറും ആശങ്കയേറുന്നത് കോൺഗ്രസിനും ജെ.ഡി.എസിനുമാണ്. ചെറുപാർട്ടികൾ വീതം വെച്ചുപോകുന്ന വോട്ടുകളിലേറെയും കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും പെട്ടിയിൽ വീഴാനുള്ളതാണ് എന്നതുതന്നെ കാരണം. കോൺഗ്രസിനെ ലക്ഷ്യമിട്ട് കർണാടകയിലേക്ക് പാർട്ടികളെ ബി.ജെ.പി കെട്ടിയിറക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആന്ധ്രയിലും ഗൾഫ് നാടുകളിലും വ്യാപിച്ചുകിടക്കുന്ന ബിസിനസ് സംരംഭങ്ങളുടെ തലപ്പത്തുള്ള ഡോ. നൗഹറ ശൈഖിെൻറ അഖിലേന്ത്യ മഹിള എംപവർമെൻറ് പാർട്ടി (എം.ഇ.പി) തന്നെയാണ് അതിൽ മുഖ്യം. 2017ൽ രൂപവത്കരിച്ച പാർട്ടി ബി.ജെ.പി സ്പോൺസർഷിപ്പിലാണ് കർണാടകയിലേക്ക് കടന്നുവന്നതെന്നാണ് പ്രധാന ആരോപണം.
എം.ഇ.പിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച അതേ ആരോപണം തന്നെയാണ് തീപ്പൊരി പ്രസംഗകൻ അസദുദ്ദീൻ ഉവൈസിയുടെ ഒാൾ ഇന്ത്യ മജ്ലിെസ ഇത്തിഹാദുൽ മുസ്ലിമീന് (എ.െഎ.എം.െഎ.എം) നേരെയും ഉയർന്നിരിക്കുന്നത്. മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന മഹാരാഷ്ട്രയിലും യു.പിയിലും പ്രയോഗിച്ച അതേ തന്ത്രമാണ് കർണാടകയിലും ഉവൈസി പയറ്റാൻ ശ്രമിക്കുന്നെതന്നാണ് വിമർശം. നിയമസഭ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. തദ്ദേശതെരഞ്ഞെടുപ്പിൽ ബംഗളൂരു കോർപറേഷനിലേക്ക് അംഗബലം പരീക്ഷിച്ച എ.െഎ.എം.െഎ.എം 28 വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നു. ഒന്നിൽപോലും വിജയിക്കാനായില്ലെങ്കിലും കോൺഗ്രസിെൻറ മുസ്ലിം വോട്ട് ചോർന്നു. ഇതാണ് നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിെൻറ പേടി.
ഒമ്പതു വർഷമായി രാഷ്ട്രീയ രംഗത്തുള്ള എസ്.ഡി.പി.െഎക്ക് കർണാടകയിൽ വേരോട്ടമുണ്ട്. ബംഗളൂരു നഗരത്തിലും മൈസൂരു, ദക്ഷിണ കന്നട, ഉഡുപ്പി മേഖലകളിലും ശക്തിയുള്ള പാർട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനായിട്ടുമുണ്ട്. ബൃഹദ് ബംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി)യിൽ ആരോഗ്യ ചെയർമാൻ സ്ഥാനം കൈയാളുന്നത് എസ്.ഡി.പി.െഎ പ്രതിനിധിയാണ്. തീരദേശ ജില്ലകളിൽ എസ്.ഡി.പി.െഎയുടെ സാന്നിധ്യം ബി.ജെ.പിക്ക് വെല്ലുവിളിയും കോൺഗ്രസിന് ഭീഷണിയുമാണ്. അതേസമയം, ഇത്തവണ മുസ്ലിം വോട്ടുകൾ ചിതറാതിരിക്കാൻ പ്രചാരണങ്ങളും സജീവമാണ്. ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസിനെ പിന്തുണക്കാൻ ബംഗളൂരുവിൽ ചേർന്ന ചില മുസ്ലിം നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. ജെ.ഡി.എസ്, എ.െഎ.എം.െഎ.എം, എസ്.ഡി.പി.െഎ തുടങ്ങിയ സംഘടനകൾക്ക് വോട്ടുചെയ്യരുതെന്നാണ് അവരുടെ അഭ്യർഥന.
അതേസമയം, ഏറെക്കാലമായി മത്സരരംഗത്തുള്ള ഇടതുപാർട്ടികൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യശത്രു ബി.ജെ.പിയായതിനാൽ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിക്ക് േവാട്ട് ചെയ്യാനാണ് സി.പി.എമ്മിെൻറയും സി.പി.െഎയുടെയും തീരുമാനം. ബി.ജെ.പിയുമൊത്ത് ജെ.ഡി.എസിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയ സി.പി.െഎ തങ്ങൾ മത്സരിക്കാത്തയിടങ്ങളിൽ ജെ.ഡി.എസിന് പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്്. എന്നാൽ, പിന്തുണക്കുമെന്നല്ലാതെ ആരെ പിന്തുണക്കുമെന്ന് സി.പി.എം വെളിപ്പെടുത്തിയിട്ടില്ല. സി.പി.എം 19 സീറ്റിലും സി.പി.െഎ നാല് സീറ്റിലുമാണ് പരസ്പര സഹകരണത്തോടെ മത്സരിക്കുന്നത്. കർഷകരും തൊഴിലാളികളുമൊക്കെ സംസ്ഥാനത്ത് കൂടുതലാണെങ്കിലും ജാതിയും മതവും പണവും മുഖ്യഘടകമായ കർണാടക രാഷ്ട്രീയത്തിൽ ഇടതുപാർട്ടികൾക്ക് കാര്യമായ സ്വാധീനം ചെലുത്താനായിട്ടില്ല. കഴിഞ്ഞ രണ്ടു നിയമസഭയിലും ഒരു പ്രതിനിധിപോലും ഇടതിനെ പ്രതിനിധാനംചെയ്തിട്ടില്ല. അവസാനമായി ജയിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീറാം റെഡ്ഡി 2004ൽ കർണാടക^ആന്ധ്ര അതിർത്തിയിലെ ബേഗപ്പള്ളി മണ്ഡലത്തിൽനിന്നാണ്.
ഇത്തവണ യുവാക്കൾക്ക് പ്രാമുഖ്യം നൽകിയ സി.പി.എമ്മിന് ബേഗപ്പള്ളിൽ ശ്രീറാം റെഡ്ഡിക്കും കലബറഗി റൂറലിൽ കർഷക നേതാവായ മാരുതി മാൻപഡെക്കും വിജയം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽ സി.പി.എമ്മും ജെ.ഡി^എസും എൽ.ഡി.എഫിെൻറ ഭാഗമാണെങ്കിലും കർണാടകയിൽ സി.പി.എമ്മിനോട് ജെ.ഡി.എസിന് അയിത്തമാണ്. ബി.എസ്.പിയെ കൂടെ കൂട്ടിയിട്ടും സി.പി.എമ്മിനെ ഇതുവരെ അടുപ്പിച്ചിട്ടില്ല. മാത്രവുമല്ല ബേഗപ്പള്ളിയിൽ ജെ.ഡി.എസും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് ലഭിച്ച വോട്ട് ആകെ പോൾ ചെയ്ത വോട്ടിെൻറ ഒരു ശതമാനത്തിലും താഴെയാണ്. 2013ൽ 16 സീറ്റിൽ മത്സരിച്ച സി.പി.എം 68,775 വോട്ട് (0.22 ശതമാനം) നേടിയപ്പോൾ എട്ടുസീറ്റിൽ മത്സരിച്ച സി.പി.െഎ 25,450 (0.08 ശതമാനം) വോട്ടാണ് നേടിയത്.
27 മണ്ഡലങ്ങളിൽ മത്സരിച്ച സമാജ്വാദി പാർട്ടി ഒരു സീറ്റ് നേടി. കോൺഗ്രസിനെയും ബി.ജെ.പിയെയും ജെ.ഡി.എസിനെയും ഒഴിച്ചുനിർത്തിയാൽ മറ്റു പാർട്ടികൾക്ക് അധികമൊന്നും സീറ്റ് നേടാനായിട്ടില്ലെന്നതാണ് സംസ്ഥാനത്തിെൻറ രാഷ്ട്രീയ ചരിത്രം. ഇത്തവണ ചെറുപാർട്ടികൾക്ക് ഏഴു സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞവർഷം ചെറുപാർട്ടികളുടെ വോട്ടുവിഹിതം ഏഴു ശതമാനമാണ്. മുൻ ഡിവൈ.എസ്.പി അനുപമ ഷേണായിയുടെ ഭാരതീയ ജനശക്തി, യോഗേന്ദ്ര യാദവിെൻറ സ്വരാജ് ഇന്ത്യ, സ്വതന്ത്ര എം.എൽ.എ വർത്തൂർ പ്രകാശിെൻറ അഹിന്ദ പാർട്ടി, നടൻ ഉപേന്ദ്രയുടെ കെ.പി.ജെ. പക്ഷ എന്നിവ ഇൗ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപം കൊണ്ടവയാണ്.
ആം ആദ്മി പാർട്ടിയും ശിവസേനയും ആദ്യമായി കർണാടക തെരഞ്ഞെടുപ്പിനിറങ്ങുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നഗര വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്താൻ എ.എ.പിക്ക് കഴിയും. ബംഗളൂരു നഗരജില്ലയിലടക്കം 70 സ്ഥാനാർഥികളെയാണ് എ.എ.പി രംഗത്തിറക്കുന്നത്. ഒാേട്ടാഡ്രൈവർ മുതൽ എൻജിനീയർമാരും മുൻ െഎ.എ.എസ് ഉദ്യോഗസ്ഥരും വരെ സ്ഥാനാർഥി ലിസ്റ്റിലുണ്ട്. കോൺഗ്രസ് മന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് ഡിവൈ.എസ്.പി സ്ഥാനം രാജിവെച്ച അനുപമ ഷേണായിയുടെ ഭാരതീയ ജനശക്തി 15 മണ്ഡലങ്ങളിലും എ.എ.പിയിൽനിന്ന് പുറത്തുവന്ന യോഗേന്ദ്ര യാദവിെൻറ സ്വരാജ് ഇന്ത്യ 12 സീറ്റിലും മത്സരിക്കും.
മറാത്തവാദികളായ മഹാരാഷ്ട്ര ഏകീകരണ സമിതി(എം.ഇ.എസ്)യുടെ പിന്തുണയിൽ 2013ൽ ബെളഗാവിയിൽനിന്ന് രണ്ടുപേർ നിയമസഭയിലെത്തിയിരുന്നു. ഇൗ സീറ്റുകൾ എം.ഇ.എസ് നിലനിർത്താനാണ് സാധ്യത. ബെളഗാവി, ബിദർ ജില്ലകളിലായി കൂടുതൽ സ്ഥാനാർഥികളെയും നിർത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് പിണങ്ങി യെദിയൂരപ്പയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച കർണാടക ജനത പക്ഷയും ബി. ശ്രീരാമുലുവിെൻറ ബി.എസ്.ആർ കോൺഗ്രസും ഇപ്പോൾ ബി.ജെ.പിയിലാണ്. ഭരണം നിലനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ ബി.ജെ.പിയും തമ്മിൽ നടക്കുന്ന കടുത്ത മത്സരത്തിനിടെ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. വിജയിക്കുന്ന പാർട്ടിക്ക് മന്ത്രിസഭ രൂപവത്കരണത്തിന് സ്വതന്ത്രരെയും ചെറുകിട പാർട്ടികളെയും ചാക്കിട്ടുപിടിക്കേണ്ടിവരും. ചെറുപാർട്ടികൾക്ക് അവരുടെ നിലപാട് പ്രതിഫലിപ്പിക്കാനുള്ള അവസരം കൂടിയാവും അത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.