കർണാടക: ന്യൂനപക്ഷങ്ങൾ വേണ്ട, വോട്ട് വേണം
text_fieldsഏതാനും മാസം മുമ്പ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു പ്രസ്താവന നടത്തി കർണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടിയാല്‍ ദലിത്-മുസ്‍ലിം സമുദായങ്ങളില്‍നിന്നുള്ളവരെ മുഖ്യമന്ത്രിയാക്കാന്‍ തന്റെ പാർട്ടിയായ ജെ.ഡി.എസ് മടിക്കില്ലെന്നായിരുന്നു അദ്ദേഹം പഞ്ചരത്ന യാത്രക്കിടെ കോലാറിൽ മാധ്യമങ്ങളോട് പറഞ്ഞത്. മത, ജാതി വോട്ടുകള്‍ രാഷ്ട്രീയ ചായ്‌വുകളുടെ ഗതിനിർണയിക്കുന്ന കർണാടകത്തില്‍ രണ്ടു പ്രബല സമുദായങ്ങളാണ് മാറിമാറി അധികാരം പങ്കിട്ടു വരുന്നത്.
ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ അധികാര പങ്കുവെപ്പാണ് കന്നടിക രാഷ്ട്രീയത്തിന്റെ ചുരുക്കം. രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ജയപരാജയങ്ങള്‍ പലപ്പോഴും ഈ സമുദായങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചിരിക്കും. സംസ്ഥാന ജനസംഖ്യയുടെ 15 ശതമാനം വൊക്കലിഗ സമുദായക്കാരാണ്. ബംഗളൂരു, മാണ്ഡ്യ, ഹാസന്‍, മൈസൂരു, കോലാര്‍, ചിക്കമഗളൂരു എന്നിവിടങ്ങളിലായാണ് അവര്‍ വ്യാപിച്ചുകിടക്കുന്നത്. 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ കര്‍ണാടകയുടെ മധ്യ, വടക്കന്‍ ഭാഗങ്ങളിലാണ് വ്യാപിച്ചുകിടക്കുന്നത്.
വൊക്കലിഗകളും ലിംഗായത്തുകളും ഒരു പാര്‍ട്ടിക്ക് വേണ്ടിയല്ല ഒരു നേതാവിനുവേണ്ടിയാണ് വോട്ട് ചെയ്യുകയെന്നാണ് പറയാറ്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്നു നോക്കിയാണ് അവർ വോട്ടുകുത്തുന്നതും. വൊക്കലിഗ സമുദായത്തില്‍നിന്ന് അഞ്ചും ലിംഗായത്തുകളില്‍ നിന്ന് ആറും മുഖ്യമന്ത്രിമാരുണ്ടായി.ജനസംഖ്യയുടെ 23 ശതമാനം വരുന്ന ദലിതർക്കും 13 ശതമാനം വരുന്ന മുസ്‍ലിംകൾക്കും അധികാരപ്പുരയുടെ ആറടി അകലെ മാത്രമേ ഇന്നേവരെ ഇടംകിട്ടിയിട്ടുള്ളൂ. ഈ സമുദായങ്ങളിൽനിന്ന് നാളിതുവരെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എട്ടു ശതമാനം വരുന്ന കുറുബകൾ, ക്രൈസ്തവർ ഉൾപ്പെടെയുള്ള സമൂഹങ്ങൾ എന്നിവരുടെ അവസ്ഥയും തഥൈവ. പിന്നാക്ക വിഭാഗത്തില്‍നിന്ന് മൂന്നു മുഖ്യമന്ത്രിമാരുണ്ടായപ്പോള്‍ ബ്രാഹ്‌മണര്‍ക്ക് രണ്ടുതവണ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞു.
കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്‍ലിംകളുള്ള തെന്നിന്ത്യൻ സംസ്ഥാനമാണിത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അകറ്റിനിര്‍ത്തുമ്പോഴും ഇവിടത്തെ 224 മണ്ഡലങ്ങളില്‍ 38 എണ്ണത്തിലെങ്കിലും മുസ്‍ലിം വോട്ടുകൾ നിർണായകമാണ്. കലബുറഗി മണ്ഡലത്തില്‍നിന്ന് 2004ല്‍ കോൺഗ്രസിലെ ഇഖ്ബാല്‍ അഹ്‌മദ് സറദ്ഗി ജയിച്ചശേഷം ഒരു മുസ്‍ലിം എം.പി പോലും കർണാടകയില്‍നിന്ന് പാര്‍ലമെന്റിലെത്തിയിട്ടില്ല.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചന സംസ്ഥാനത്തെ ഏഴ് മുസ്‍ലിം എം.എല്‍.എമാരുടെ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ടുവിഹിതം കോണ്‍ഗ്രസിനേക്കാള്‍ ഉയർന്നു എന്നതാണ്. എന്നാല്‍, വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനശേഷം രൂപപ്പെട്ട സാമുദായിക അന്തരീക്ഷം മുസ്‍ലിം വോട്ടുകളെ ബി.ജെ.പിയില്‍നിന്ന് വികര്‍ഷിപ്പിക്കാന്‍ പോന്നതാണ്.
2018ല്‍ സഖ്യമായി മത്സരിച്ച ജെ.ഡി.എസും കോണ്‍ഗ്രസും ചേർന്ന് 17 മുസ്‍ലിം സ്ഥാനാർഥികളെയാണ് കളത്തിലിറക്കിയത്. ഇതില്‍ ജയിച്ചത് ഏഴ് കോണ്‍ഗ്രസ് സ്ഥാനാർഥികൾ മാത്രം. ഇക്കുറി സഖ്യസാധ്യത വിദൂരത്തായതോടെ മുസ്‍ലിം വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസും ജെ.ഡി.എസും ഒരുപോലെ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട മുന്‍കേന്ദ്രമന്ത്രി സി.എം. ഇബ്രാഹീമിനെ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റാക്കിയതുപോലും സമുദായ വോട്ടിൽ കണ്ണുവെച്ചാണ്.
കോണ്‍ഗ്രസ് വന്നാല്‍ മുസ്‍ലിംകളുടെ പുരോഗതിക്കായി പതിനായിരം കോടി രൂപ നീക്കിവെക്കുമെന്നാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.ടിപ്പു സുൽത്താന്‍ ഹൗസിങ് സ്‌കീമിലൂടെ ഒരുലക്ഷം വീടുകള്‍, മൗലാന ആസാദ് റസിഡന്‍ഷ്യൽ സ്‌കൂള്‍ പദ്ധതിയിലൂടെ എല്ലാ ജില്ലകളിലും റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങി മുസ്‍ലിംകളുടെ വിദ്യാഭ്യാസ- സാമൂഹിക ഉന്നമനത്തിന് ചില നിർണായക നിർദേശങ്ങൾ ജസ്റ്റിസ് സച്ചാർ കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, അധികാരം ലഭിച്ച വേളയിൽ ഒരു പാർട്ടിയും ഈ നിർദേശങ്ങൾ പരിഗണിക്കുകയോ നടപ്പാക്കുകയോ ചെയ്തില്ല.
ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളിലും വർഗീയ വേട്ടകളിലും സമീപ കാലത്തെ ഏതാണ്ടെല്ലാ സർക്കാറുകളും സമാനമായിരുന്നു. മുസ്‍ലിംവിരുദ്ധത മുഖ്യ വിപണനതന്ത്രമായതിനാൽ ബി.ജെ.പി അത് മറയില്ലാതെ പുറത്തെടുത്ത് വീശുന്നുവെന്നുമാത്രം. അധികാരത്തിലെത്താന്‍ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായതിനാലാണ് മുഖ്യമന്ത്രിപദം വരെ വാഗ്ദാനം ചെയ്യുന്ന അവസ്ഥയിലേക്ക് പാർട്ടികൾ എത്തുന്നത്. സ്ഥാനാർഥി നിർണയം അടുക്കുമ്പോഴേക്ക് ഈ സ്നേഹവും പ്രഖ്യാപനങ്ങളുമൊക്കെ അവശേഷിക്കുമോ കാറ്റിലലിയുമോ എന്ന് കണ്ടുതന്നെയറിയണം.
(സ്വതന്ത്ര മാധ്യമപ്രവർത്തകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.