രോഗികൾ കാഷ്ലെസ്; കാരുണ്യ, മെഡിസെപ്, ആവാസ്... രക്ഷയില്ലാതെ ഇൻഷുറൻസ് പരിരക്ഷകൾ
text_fieldsഏറെ പ്രതീക്ഷയോടെ തുടങ്ങിയ സർക്കാർ വക ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഗുണഭോക്താക്കളെ സംബന്ധിച്ച് രക്ഷയില്ലാത്ത പരിരക്ഷകളാവുകയാണ്. കാർഡിലും കടലാസിലും മാത്രമായി പരിരക്ഷകൾ ചുരുങ്ങുകയും ചികിത്സക്ക് കാശ് എണ്ണിനൽകുകയും ചെയ്യേണ്ട സ്ഥിതിയാണ്. സാമ്പത്തികമായി പിന്നാക്കം നൽകുന്നവർക്കുള്ള കാരുണ്യയിലും സർക്കാർ ജീവനക്കാർക്കായി തുടക്കമിട്ട് താളംതെറ്റിയ മെഡിസെപിലും അതിഥി തൊഴിലാളികളെന്ന് സ്നേഹപൂർവം വിശേഷിപ്പിക്കുന്ന ഇതരസംസ്ഥാനെതാഴിലാളികൾക്കായുള്ള ആവാസിലുമെല്ലാം നിഴലിക്കുന്നത് ഒരേ ഭാവമാണ്, സർക്കാറിെൻറ അനാസ്ഥയും ഒപ്പം നിസ്സഹായതയും.
വൈദ്യസേവനങ്ങൾ ചെലവേറിയ കാലത്ത് ഭാരിച്ച ചികിത്സ ചെലവുകൾ വഹിക്കാൻ ത്രാണിയില്ലാത്ത സാധാരണക്കാരെ സംബന്ധിച്ച് പിടിവള്ളിയും ആശ്രയവുമായാണ് കാരുണ്യ ആരോഗ്യ ഇൻഷുൻസ് പരിരക്ഷ. പണമില്ലാത്തതിനാൽ ചികിത്സമുടങ്ങുമെന്ന ഭീതിയിലും നിസ്സഹാതയിലും അരക്ഷിതാവസ്ഥയിലും കഴിഞ്ഞവർക്കുള്ള ആത്മവിശ്വാസമായിരുന്നു സർക്കാർ ഉറപ്പുനൽകുന്ന പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറസ്. കൊട്ടിഘോഷിച്ച തുടക്കമിട്ട പദ്ധതി ഇന്ന് കുടിശ്ശികക്കയത്തിൽ മുങ്ങിയിരിക്കുന്നു. സർക്കാർ ആശുപത്രികളും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളും വഴി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം.
തുടക്കത്തിൽ തന്നെ പ്രധാന സ്വകാര്യ ആശുപത്രികളെല്ലാം പദ്ധതിയോട് മുഖംതിരിച്ചു. ഏതാനും സ്വകാര്യ ആശുപത്രികളിൽ മാത്രമായി പദ്ധതി പരിമിതപ്പെെട്ടങ്കിലും ഇവിടങ്ങളിൽ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുമെന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. എന്നാൽ ചികിത്സ നൽകിയ ഇനത്തിൽ ആശുപത്രികൾക്കുള്ള കുടിശ്ശിക കുമിഞ്ഞതോടെ സ്വകാര്യ ആശുപത്രികൾ ഒാരോന്നായി പദ്ധതിയിൽ നിന്ന് പിൻമാറാൻ തുടങ്ങി. ഇത് ഇരുട്ടടിയായതാകട്ടെ സാധാരണക്കാർക്കും. സർക്കാർ-സ്വകാര്യ മേഖലകളിലായി 761 ആശുപത്രികളാണ് നിലവിൽ കാരുണ്യയിൽ എം പാനൽ ചെയ്തിട്ടുള്ളത്. ഇതിൽ സ്വകാര്യ ആശുപത്രികൾ നന്നേ ചുരുക്കം.
സർക്കാർ ഇൻഷുറൻസ് പദ്ധതികൾ ഒറ്റനോട്ടത്തിൽ
കാരുണ്യയിലെ കുടിശ്ശിക 1128.68 കോടി
കാരുണ്യ പദ്ധതിവഴി സൗജന്യ ചികിത്സ നൽകിയതുവഴി 269.07 കോടിയാണ് സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത്. സർക്കാർ ആശുപത്രികൾ 2741 കോടി ക്ലെയിം ചെയ്തിട്ടുണ്ടെങ്കിലും 859.61 കോടിയേ അനുവദിച്ചിട്ടുള്ളൂ. ഇതോടെ ആകെ കുടിശ്ശിക 1128.68 കോടിയാകും. സ്വകാര്യ ആശുപത്രികൾക്കുള്ള 130 ഓളം കോടിയുടെയും സർക്കാർ ആശുപത്രികൾക്കുള്ള 1882 കോടിയുടെയും ക്ലെയിമുകൾ തീർപ്പാക്കാനുണ്ട്. 42 ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലായി 62 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.
15 ദിവസത്തിനകം പണം നൽകണം, പക്ഷേ...
ഡിസ്ചാർജ് നടപടി പൂർത്തിയാക്കിയാൽ 15 ദിവസത്തിനകം ചികിത്സത്തുക സർക്കാർ ആശുപത്രിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും നിശ്ചിത ശതമാനം പലിശ നൽകണം. പക്ഷേ, അഞ്ചും ആറും മാസങ്ങളിലെ കുടിശ്ശിക കിട്ടാനുള്ള ആശുപത്രികളുണ്ട്. സ്വകാര്യ ആശുപത്രികൾക്കുള്ള കുടിശ്ശിക പൂർണമായും തന്നുവീട്ടണമെന്നതിനൊപ്പം കേന്ദ്രസർക്കാർ 2022 നവംബറിൽ വരുത്തിയ ചികിത്സ നിരക്ക് ദേഭഗതിയായ ‘ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് 2.2’ (എച്ച്.ബി.പി-2.-2) നടപ്പാക്കണമെന്നതാണ് സ്വകാര്യ ആശുപത്രി ഉടമകളടെ ആവശ്യം. നിലവിൽ 2020ലെ ആയുഷ്മാൻ ഭാരത് സ്കീമിനെ അടിസ്ഥാനപ്പെടുത്തിയാണ് നൽകുന്നത്.
അർഹരാണെങ്കിലും ആയിരങ്ങൾ പുറത്ത്
അർഹരാണെങ്കിലും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാറിന്റെ ഇൻഷുറൻസ് പദ്ധതിയായ കാസ്പിൽ (കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ) ചേരാനാകാതെ ഇപ്പോഴും പുറത്ത്. 2018^19 കാലയളവിൽ ആർ.എസ്.ബി.വൈ കാർഡുള്ളവരും അല്ലെങ്കിൽ 2011ലെ സെൻസസ് പ്രകാരം ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെന്ന് കണ്ടെത്തയവരെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഈ ഡേറ്റ ബേസിൽ ഉൾപ്പെട്ടവർക്ക് മാത്രമേ കാസ്പിൽ പുതുതായി രജിസ്റ്റർ ചെയ്യാനാകൂ. 11 വർഷമായിട്ടും സെൻസസ് ഡാറ്റ പരിഷ്കരിക്കാത്തതാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പദ്ധതിയിൽനിന്ന് പുറത്ത് നിർത്തുന്നത്. സംസ്ഥാനത്ത് 42 ലക്ഷം കുടുംബങ്ങളിലായി 70 ലക്ഷം അംഗങ്ങളാണ് കാസ്പിലുള്ളത്.
കാരുണ്യ പദ്ധതി
സാർവത്രിക ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി 2019 ഏപ്രിലിൽ നിലവിൽവന്നു. അന്നുവരെ നിലവിലുണ്ടായിരുന്ന ആർ.എസ്.ബി.വൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് കാസ്പ് ആഥവ കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി രൂപവത്കരിച്ചത്. 2018-19 കാലയളവിൽ ആർ.എസ്.ബി.വൈ, ചിസ് പദ്ധതികളിൽ അംഗത്വമുണ്ടായിരുന്നവർ, 2011 ലെ സെൻസസ് പ്രകാരം ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ എന്നിവരാണ് ഗുണഭോക്താക്കൾ. 26 സ്പെഷാലിറ്റികളിലായി 1675 പാക്കേജുകൾ, എല്ലാ പാക്കേജുകളിലും ഹോസ്പിറ്റലൈസേഷൻ ചാർജുകൾ, ഡേ കെയർ സിറ്റിങ് ചാർജുകൾ, ഡിസ്ചാർജിന് ശേഷമുള്ള 15 ദിവസത്തെ മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതല സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ)ക്കാണ്.
കാരുണ്യ ബനവലൻറ് ഫണ്ട്
നിലവിൽ കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാത്തതും എന്നാൽ, മൂന്നുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരുമായ രോഗികൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണിത്. രണ്ടുലക്ഷം വരെയാണ് ഈ പദ്ധതി മുഖേന നൽകിവരുന്ന ചികിത്സ ആനുകൂല്യം. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് മൂന്നു ലക്ഷം രൂപവരെ ലഭിക്കും.
ആവാസിലും ആശ്വാസമില്ല...
അതിഥിതൊഴിലാളികളുടെ ആരോഗ്യസുരക്ഷയുടെയും കണക്കെടുപ്പിന്റെയും വിവരശേഖരണത്തിന്റെയും പേരിൽ സർക്കാർ പാതിവഴിയിൽ ഉപേക്ഷിച്ചത് മൂന്ന് പദ്ധതികൾ: കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യ ഇൻഷുറൻസ് പദ്ധതി എന്ന പേരിൽ ‘ആവാസ്’, കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി, ‘അതിഥി’ എന്ന പേരിൽ ആരംഭിച്ച പുതിയ രജിസ്ട്രേഷൻ ദൗത്യം എന്നിവയാണവ.
ആരോഗ്യവിഹിതം വർഷം തോറും മെലിയുന്നു
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെല്ലാം താളം തെറ്റിയിട്ടും ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം വർഷംതോറും കുറയുകയാണ്.2021-22 സാമ്പത്തിക വർഷം 13198.94 കോടിയായിരുന്നുവെങ്കിൽ 2024^25 കാലയളവിലേക്ക് നീക്കിവെച്ചത് 11397.-88 കോടിയിലേക്ക് ചുരുങ്ങി. 2021^21 ൽ മൊത്തം ചെലവിന്റെ 8.9 ശതമാനമായിരുന്നു ആരോഗ്യമേഖലക്കെങ്കിൽ പുതുതലമുറ പകർച്ചവ്യാധികളടക്കം ഗുരുതരമാകുന്ന സാഹചര്യത്തിൽ വിഹിതം 6.84 ശതമാനത്തിലേക്കാണ് കുറഞ്ഞത്.
മെഡിസെപ്
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ പരിരക്ഷ പദ്ധതി. വർഷം 3 ലക്ഷം രൂപവരെയാണ് എംപാനൽ ചെയ്ത ആശുപത്രികളിൽനിന്ന് ചികിത്സ ആനുകൂല്യം ലഭിക്കുക. 300 രൂപയാണ് പ്രതിമാസ പ്രീമിയം.
മറ്റു പദ്ധതികൾ
● 18 വയസ്സിന് താഴെയുള്ളവർക്കായി ആരോഗ്യകിരണം, ആർ.ബി.എസ്.കെ, ഹൃദ്യം, താലോലം, കാൻസർ സുരക്ഷ സ്കീം, മിഠായി.
● ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ, തലസ്സീമിയ രോഗചികിത്സക്കായി ആശാധാര പദ്ധതി
● ഗർഭിണികൾക്കുള്ള ചികിത്സക്കായി ജെ.എസ്.എസ്.കെ, സുമൻ, മാതൃയാനം.
● പട്ടികവർഗക്കാർക്കായി സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി.
● ഇതരസംസ്ഥാനക്കാർക്കായി ആവാസ്.
● അഞ്ച് വയസ്സുവരെ പ്രായമുള്ള ഗുരുതര ശ്രവണ വൈകല്യമുള്ള കുഞ്ഞുങ്ങൾക്കായി ശ്രുതി തരംഗം.
മെഡിസെപ്പിലെ കണ്ണീർക്കഥ...
പ്രഖ്യാപിത വാഗ്ദാനങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടതിന്റെ കഠിന അനുഭവങ്ങളാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയായ മെഡിസെപ്പിന് പറയാനുള്ളത്. 2022 ജൂലൈ ഒന്നിന് ആരംഭിച്ച് 2025 ജൂണ്‍ 30 ന് അവസാനിക്കുന്ന മൂന്ന് വര്‍ഷ കാലയളവിലേക്കാണ് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സര്‍ക്കാര്‍ ധാരണപത്രം ഒപ്പിട്ടത്.
ഈ ധാരണാപത്ര പ്രകാരം എം-പാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍, കിടത്തി ചികിത്സക്ക് എത്തുന്നവർക്ക് പണം അടയ്ക്കാതെ ചികിത്സ ലഭ്യമാകുന്ന കാഷ്ലെസ് സൗകര്യം എന്നതായിരുന്നു പ്രധാന വാഗ്ദാനവും ആകർഷണവും. ഇതിന് പുറമെ 12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയക്കും അധികപരിരക്ഷ നല്‍കുന്നതിനായി 35 കോടിയുടെ ഒരു കോര്‍പസ് ഫണ്ടും രൂപീവത്കരിച്ചിരുന്നു. 1920 ചികിത്സകള്‍ക്കുള്ള അടിസ്ഥാന പരിരക്ഷയാണ് തുടക്കത്തിൽ മെഡിസെപ്പിൽ ലഭ്യമാക്കിയിരുന്നത്. സർക്കാർ ജീവനക്കാരും പെൻഷൻകാരുമടക്കം പത്ത് ലക്ഷത്തോളം പേരാണ് സംസ്ഥാനത്തുള്ളത്. നിബന്ധനകൾക്ക് വിധേയമായി ഇവരുടെ ആശ്രിതർ കൂടിയാകുമ്പോൾ ഗുണഭോക്താക്കളുടെ എണ്ണം 30 ലക്ഷത്തോളമാണ്.
കാഷ്ലെസില്ല, കൈയിൽ പണം കരുതണം
പ്രധാന സ്വകാര്യ ആശുപത്രികളെല്ലാം മെഡിസെപ്പിനെ കൈയൊഴിഞ്ഞതായിരുന്നു ആദ്യ തിരിച്ചടി. ഗുണഭോക്താക്കളുടെ എണ്ണമനുസരിച്ച് ആശുപത്രികള്‍ മെഡിസെപ് പദ്ധതിയിൽ എം-പാനല്‍ ചെയ്തിരുന്നില്ല. മാത്രമല്ല ആശുപത്രികൾ പലതും മെഡിസെപ് വ്യവസ്ഥകൾ കാറ്റിൽ പറത്തി. പിന്നാലെ കാഷ്ലെസ് ചികിത്സ സംവിധാനം അട്ടിമറിച്ചതോടുകൂടി പ്രഹരം ഇരട്ടിയായി. കരാറിൽ ഏർപ്പെട്ട ആശുപത്രികളിലാകട്ടെ മാർഗരേഖയിൽ പറയുന്ന എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നുമില്ല. പാക്കേജിൽ ഉൾപ്പെടുന്നില്ലെന്ന് പറഞ്ഞ് രോഗികളിൽനിന്ന് ഈടാക്കുന്ന സംഭവങ്ങളും വ്യാപകമാകുന്നു. രണ്ടു ലക്ഷം രൂപ ബിൽ ആകുമെങ്കിൽ 50 ശതമാനത്തോളമേ ആശുപത്രികൾ കാഷ്ലെസ് ആയി അനുവദിക്കൂ. ശേഷിക്കുന്ന തുക രോഗി അടക്കണം.
ഡിസ്ചാർജിലും കള്ളക്കളി
ഡോക്ടർ ഡിസ്ചാർജ് എഴുതിയ ശേഷമാണ് ഇൻഷുറൻസ് ക്ലെയിമിനുള്ള നടപടികൾ ആരംഭിക്കുന്നത്. മിക്കവാറും വൈകുന്നേരമായിരിക്കും ഡിസ്ചാർജ്. എന്നാൽ അഞ്ചുമണിയോടെ ഇൻഷുറൻസ് ക്ലെയിമുകൾ പരിശോധിക്കുന്ന ഓഫിസുകളുടെ പ്രവർത്തനം അവസാനിക്കും. ഇൻഷുറൻസ് കമ്പനി ബില്ലുകളും രേഖകളും പരിശോധിച്ച് ക്ലെയിം പാസാക്കാൻ വൈകിയാൽ ഡിസ്ചാർജ് ലഭിക്കണമെങ്കിൽ രോഗി മുഴുവൻ തുകയും അടക്കണം. അപ്പോൾ പണമില്ലെങ്കിൽ ക്ലെയിം പാസാകുന്നതുവരെ ആശുപത്രിയിൽ തുടരണം.
ആശുപത്രിപ്പട്ടിക വലുത്, പക്ഷേ
വെബ്സൈറ്റിലും ആപ്പിലുമെല്ലാം എം.പാനൽ ചെയ്ത ആശുപത്രികളുടെ നീണ്ട പട്ടികയുണ്ടെങ്കിലും ഇത് പലതും കബളിപ്പിക്കലാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഒരു ആശുപത്രിയിലെ ഒന്നോ രണ്ടോ വിഭാഗത്തിൽ മാത്രമാണ് മെഡിസെപ് എങ്കിലും ആശുപത്രിയിൽ മുഴുവൻ വിഭാഗത്തിലും മെഡിസെപ് ആനുകൂല്യമെന്ന നിലയിലാണ് പട്ടികയിൽ പേര് ഉൾപ്പെടുത്തുക. കുടിശ്ശികയുടെ പേരിൽ പദ്ധതിയിൽനിന്ന് പിൻമാറിയ ആശുപത്രികളുടെ േപരുപോലും പട്ടികയിലുണ്ട്.
പാക്കേജ് കുരുക്ക്
പാക്കേജ് അടിസ്ഥാനത്തിലാണ് മെഡിസെപ്പിൽ വിവിധ രോഗങ്ങൾക്കുള്ള ചികിത്സ അനുവദിക്കുന്നത്. ഒന്നിലധികം അസുഖങ്ങൾക്ക് ഒരേ സമയം ചികിത്സ അനുവദിക്കില്ലെന്നതാണ് ഇതിന്റെ മറുവശം. ശസ്ത്രക്രിയക്കായി ചികിത്സ തേടുന്നയാളിന് ഹൃദയാഘാതമുണ്ടായി അതേ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയാൽ ശസ്ത്രക്രിയയ്ക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. ഒരു സമയം ഒരു രോഗത്തിനു മാത്രമേ ഇൻഷുറൻസ് തുക ലഭിക്കൂ എന്ന നിബന്ധനയാണ് ഇതിന് കാരണം. നേരത്തേ ഇത്തരം രോഗികൾക്കു തുക പൂർണമായി അനുവദിച്ചിരുന്നു. പിന്നീട് ഇൻഷുറൻസ് വ്യവസ്ഥകൾ മാറ്റുകയായിരുന്നു.
-പാക്കേജിന്റെ പരിധിയിൽ വരുന്ന അവകാശപ്പെട്ട തുക മുഴുവനായും രോഗിക്ക് അനുവദിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. എം.ആർ.ഐ, സി.ടി സ്കാൻ എന്നിവയെല്ലാം ചേർന്നതാണ് പാക്കേജ്. എന്നാൽ, ആശുപത്രികൾ ഇവക്ക് പ്രത്യേകം ബിൽ നൽകും. ഇത് ഇൻഷുറൻസ് കമ്പനി വെട്ടുമെന്നതിനാൽ ഈ ചെലവുകൾ രോഗിയുടെ ചുമലിലാകും. -സർക്കാർ ആശുപത്രികളിലെ ചികിത്സക്ക് പലപ്പോഴും പാക്കേജ് പ്രകാരമുള്ള തുക വേണ്ടി വരില്ല. ആശുപത്രി അധികൃതർ യഥാർഥ ബിൽ തുക ക്ലെയിമിനായി അയക്കുമെങ്കിലും പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ തുകയും ഉപഭോക്താവിന്റെ ഇൻഷുറൻസ് അകൗണ്ടിൽനിന്ന് കുറവുവരുത്തുകയാണ്. ഈ സാഹചര്യത്തിൽ പാക്കേജ് സംവിധാനം ഒഴിവാക്കി ചികിത്സക്ക് ചെലവാകുന്ന തുക അനുവദിക്കുന്ന രീതിയിലേക്ക് പദ്ധതി പുനഃക്രമീകരിക്കണമെന്ന ആവശ്യം തന്നെ ശക്തമായിരിക്കുന്നു.
മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് അട്ടിമറിച്ചു
മെഡിസെപ്പിന്റെ മറവിൽ കെ.ജി.എസ്.എം.എ റൂൾസ് പ്രകാരം ജീവനക്കാർക്കുള്ള മെഡിക്കൽ റീഇമ്പേഴ്സ്മെന്റ് സംവിധാനം അട്ടിമറിച്ചുവെന്നതാണ് പുതിയ വർത്തമാനം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ പരിപാലനം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ് എന്ന് വ്യവസ്ഥചെയ്യുന്നതാണ് 1960ലെ കേരള ഗവൺമെന്റ് സർവന്‍സ് മെഡിക്കൽ അറ്റന്റൻസ് റൂൾസ് (കെ.ജി.എസ്.എം.എ). ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ആരംഭിച്ചെങ്കിലും കെ.ജി.എസ്.എം.എ പ്രകാരമുളള റീ ഇമ്പേഴ്സ്മെന്റ സംവിധാനം തുടരുമെന്നായിരുന്നു അന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതും. എന്നാൽ, മെഡിസെപ് രണ്ട് വർഷത്തിലേക്കടുക്കുമ്പോൾ ഇതിന് കടകവിരുദ്ധമായ സർക്കുലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചുരുക്കത്തിൽ നിയമപ്രകാരമുള്ള ബാധ്യതയിൽനിന്ന് സർക്കാർ പിൻമാറി സ്വകാര്യ കമ്പനികളെ ഏൽപിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.