കരുവന്നൂർ മോഡലുകളെ മുളയിലേ നുള്ളണം
text_fieldsസഹകരണ പ്രസ്ഥാനം ജനജീവിതത്തെ നേരിട്ട് സ്വാധീനിക്കുംവിധത്തിൽ വികസിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 1600ലധികം വരുന്ന പ്രാഥമിക സഹകരണസംഘങ്ങളും വിവിധ പേരുകളിൽ അറിയപ്പെടുന്ന ആയിരക്കണക്കിന് മറ്റു വായ്പാസംഘങ്ങളും കേരള ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നിർണായക ഘടകങ്ങളിലൊന്നാണ്. ഇതിനിടയിലാണ് സംഘങ്ങളുടെ പൊതു വിശ്വാസ്യത തകർക്കുന്ന രീതിയിലെ ചില പ്രവണതകൾ അങ്ങിങ്ങായി വളർന്നുവന്നത്. ഇത്തരമൊരു ചുറ്റുപാടിൽ മേഖലയെ സ്നേഹിക്കുന്നവരും നിയന്ത്രിക്കുന്നവരും നിർബന്ധമായും ആത്മപരിശോധന നടത്തേണ്ടതുണ്ട്.
പരിശീലനം മുഖ്യം; സുതാര്യതയും
ജനാധിപത്യ ഭരണക്രമത്തിെൻറ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി സഹകാരികളുടെ ഒരു കൂട്ടമാണ്. നയരൂപവത്കരണവും മൊത്തമായുള്ള നിയന്ത്രണാധികാരവുമുള്ള ഈ സമിതികൾക്കും ഇത്തരം കൊള്ളരുതായ്മകളിൽ ഉത്തരവാദിത്തമുണ്ട്. അതായത്, അവരിൽ നിക്ഷിപ്തമായ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും കൃത്യമായി വിനിയോഗിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതിനു പ്രധാന കാരണം അംഗങ്ങൾക്ക് അത്തരം കാര്യങ്ങളെപ്പറ്റി മതിയായ ഗ്രാഹ്യം ഇല്ല എന്നതാണ്.
സഹകരണ മാനേജ്മെൻറിെൻറ വിവിധ വശങ്ങൾ മനസ്സിലാക്കുന്നതിന് അവർക്ക് അധികം അവസരം നൽകുന്നില്ല, അല്ലെങ്കിൽ ലഭ്യമായ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല എന്നു പറയേണ്ടിവരുന്നു. രാഷ്ട്രീയ പാർട്ടികളുടെ നിർദേശപ്രകാരം ഭരണസമിതി അംഗം ആകുന്നവർ നിർദേശിച്ചവരുടെ നിർദേശങ്ങൾക്കും താൽപര്യങ്ങൾക്കുമനുസൃതമായി പ്രവർത്തിക്കുമ്പോൾ ഭരണനിർവഹണത്തിനായി നിയോഗിക്കപ്പെട്ട ജീവനക്കാരെ നിയന്ത്രിക്കാൻ കഴിയാതെപോകുന്നു എന്നതാണ് വാസ്തവം.
ഭരണസമിതി അധികാരമേറ്റെടുത്ത ശേഷം ചുരുങ്ങിയത് ആദ്യത്തെ ഒന്നോ രണ്ടോ യോഗങ്ങൾക്കുള്ളിൽ ഒരു നിർബന്ധ പരിശീലനം സംഘടിപ്പിക്കുക എന്നത് സഹകരണ നിയമത്തിൽ തന്നെ കൊണ്ടുവരേണ്ടതുണ്ട്. മാത്രമല്ല, ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറും ജീവനക്കാരുടെ കാര്യക്ഷമതയും പരിശോധിക്കുന്നതിനും മറ്റുമുള്ള അധികാരവും അതിനുള്ള കഴിവും ഭരണസമിതി ആർജ്ജിക്കേണ്ടതിനാൽ വർഷത്തിൽ ഒരു പരിശീലനം നിർബന്ധമാക്കാവുന്നതാണ്.കോർപറേറ്റ് ഗേവണൻസിെൻറ ഭാഗമായ അക്കൗണ്ടബിലിറ്റി പ്രതിപാദിക്കുന്ന സഹകരണ നിയമത്തിലെ വ്യവസ്ഥകൾ ഓരോ അംഗവും ശരിയായ അർഥത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ഭരണസമിതികളിലെ പ്രതിപക്ഷത്തിെൻറ അഭാവവും സംഘങ്ങളുടെ പ്രവർത്തന സുതാര്യതയെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.
വാണിജ്യ ബാങ്കുകളെ അനുകരിക്കലല്ല പ്രഫഷനലിസം
കൈകാര്യം ചെയ്യുന്ന വിഷയത്തിലെ പ്രാവീണ്യം, മൂല്യങ്ങൾ പാലിക്കൽ, മികവുറ്റ പ്രവർത്തനരീതികളും അതനുവർത്തിക്കുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളുമായി നിരന്തര ബന്ധം എന്നിവയാണ് പ്രഫഷനലിസത്തെ നിശ്ചയിക്കുന്ന മൂന്നു ഘടകങ്ങൾ. പക്ഷേ, സഹകരണമേഖലയിൽ പ്രഫഷനലിസം ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയമാണ്. വാണിജ്യ ബാങ്കുകളുടെ രീതികൾ അതേപടി അനുകരിക്കുമ്പോൾ സഹകരണ ബാങ്കുകൾ പ്രഫഷനൽ ആകുന്നു എന്ന മൂഢവിശ്വാസമാണ് പല അധികാരികളും വെച്ചുപുലർത്തുന്നത്. കാര്യനിർവഹണത്തിന് നിയോഗിക്കപ്പെട്ടവർക്ക് അവരുടെ പ്രാവീണ്യം വർധിപ്പിക്കാൻ നിരവധി സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും സർക്കാർ നിർബന്ധിച്ചാലല്ലാതെ അത്തരം സേവനങ്ങളെ ഉപയോഗപ്പെടുത്താൻ മടിയുമാണ്. ധനകാര്യ മാനേജ്മെൻറിൽ അവശ്യം പാലിക്കേണ്ട ചില അന്താരാഷ്്ട്ര മാനദണ്ഡങ്ങളൊന്നും നമുക്ക് ബാധകമല്ല എന്ന അയഞ്ഞ നിലപാടുമുണ്ട്.
നിക്ഷേപ വായ്പ അനുപാതംപോലുള്ള വളരെ സാധാരണമായ കാര്യങ്ങളെങ്കിലും കണക്കിലെടുത്തിരുന്നുവെങ്കിൽ ഇപ്പോൾ കേൾക്കുന്ന തരം ക്രമക്കേടുകൾ ആവർത്തിക്കപ്പെടില്ലായിരുന്നു. സംഘങ്ങളിലെ ആഭ്യന്തര പരിശോധനകൾ (Internal Audit/ Inspection) അതീവ ദുർബലമായാണ് നടക്കുന്നതെന്ന് പറയാതെ വയ്യ. മറ്റു ജോലികൾ കാര്യക്ഷമമായി ചെയ്യാൻ മടികാണിക്കുന്നവരെയാണ് പലപ്പോഴും ഇത്തരം പരിശോധനകൾക്ക് നിയോഗിക്കുന്നത്. വളരെ സുരക്ഷിതമായി സൂക്ഷിക്കേണ്ട അഡ്മിൻ പാസ്വേർഡ് നിരവധി പേർ കൈകാര്യം ചെയ്യുന്നു എന്ന വളരെ വിചിത്രവും ഗുരുതരവുമായ കാര്യം കരുവന്നൂരിൽ സംഭവിച്ചിട്ടുണ്ട് എന്ന ആക്ഷേപം എല്ലാ സംഘങ്ങൾക്കും പാഠമാവേണ്ടതുണ്ട്.
ജീവനക്കാരിലൊതുങ്ങരുത് നവീകരണം
സംഘം ജീവനക്കാരിൽ മാത്രമല്ല, പ്രഫഷനലിസം ആവശ്യമായിട്ടുള്ളത് മറിച്ച്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കും ആവശ്യമാണ്. കോടികളുടെ വെട്ടിപ്പ് നടക്കുമ്പോൾ ഇത്തരം വീഴ്ചകളെ കണ്ടെത്താനും അപകടസാധ്യതകളെ മുൻകൂട്ടി തിരിച്ചറിയാനുമുതകുന്ന പഠനരീതികൾ അവലംബിച്ചേ തീരൂ. സഹകരണ വകുപ്പുദ്യോഗസ്ഥർ വൈദഗ്ധ്യം ഉയർത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ഔപചാരികമായും അനൗപചാരികമായും ശ്രമിക്കേണ്ടതുണ്ട്. ചാർട്ടേഡ് അക്കൗണ്ടൻറ് നിർവഹിക്കുന്ന ഓഡിറ്റ് ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ നിർബന്ധിക്കപ്പെടുന്ന സഹകരണ ഓഡിറ്റർമാരും ഇൻസ്പെക്ടർമാരും നിരന്തര പഠനത്തിന് തയാറായേ മതിയാവൂ.
പുതിയ കാലത്ത് കുറ്റകൃത്യങ്ങളുടെ സ്വഭാവവും സാധ്യതയും വ്യാപ്തിയും വ്യത്യസ്തമാണ്. അത് തിരിച്ചറിയാനും തടയിടാനും പര്യാപ്തമായ ഓഡിറ്റ് ടൂളുകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ഓഡിറ്റിൽ ഒതുങ്ങിപ്പോവാതെ ഫിനാൻഷ്യൽ ഓഡിറ്റിലും ശ്രദ്ധകേന്ദ്രീകരിക്കാനും റിപ്പോർട്ടുകൾ കൃത്യമാക്കാനും പരിശ്രമം ആവശ്യമാണ്. മാത്രമല്ല, തയാറാക്കുന്ന റിപ്പോർട്ടുകളിന്മേൽ എന്തു തുടർനടപടി ഉണ്ടായി എന്നതും പ്രസക്തമാവുന്ന സന്ദർഭമാണിത്. സമയബന്ധിതമായ പരിശോധനയും പരിശോധനകളിന്മേലുള്ള കൃത്യമായ നടപടികളും നടപടികളിലെ സുതാര്യതയും മാതൃകാപരമാക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റുവാൻ സർക്കാർ നിർദേശങ്ങൾ ആവശ്യമാണ്. ഒപ്പം, നടപടികൾ പക്ഷപാതരഹിതമാണെന്നും നീതിയുക്തമാണെന്നും സഹകാരികളെ ബോധ്യപ്പെടുത്തുവാനും ശ്രദ്ധിക്കേണ്ടതുണ്ട്.
കരുവന്നൂർ മാതൃകയിലെ ദുഷ്പ്രവണതകളെ മുളയിലേ നുള്ളിക്കളയുന്നതിനുള്ള ജാഗ്രതയും കരുതലും സഹകാരി സമൂഹം കൈക്കൊള്ളുന്നില്ല എങ്കിൽ ഇതുവരെ സഹകരണപ്രസ്ഥാനം ആർജിച്ച വിശ്വാസ്യത തകരാൻ ഏറെനാൾ വേണ്ടിവരില്ല. ഇതുവഴി കേരളീയ ജീവിതത്തിെൻറ വിഖ്യാത മാതൃകകളാണ് നമുക്ക് അന്യമാവുക എന്നുകൂടി ഓർമിപ്പിക്കട്ടെ.
(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെൻറ് ഡയറക്ടറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.