Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകശ്മീര്‍: സംഭാഷണം ഏക...

കശ്മീര്‍: സംഭാഷണം ഏക സമാധാനവഴി

text_fields
bookmark_border
കശ്മീര്‍: സംഭാഷണം ഏക സമാധാനവഴി
cancel

കശ്മീര്‍ താഴ്വരയില്‍ തിങ്കളാഴ്ച ഒരു വിദ്യാലയത്തെക്കൂടി അഗ്നി വിഴുങ്ങി. കഴിഞ്ഞ മൂന്നുമാസത്തിനിടെ 19 സ്കൂളുകളാണ് ഈ വിധം ‘സാമൂഹികവിരുദ്ധ’ ഘടകങ്ങളുടെ തീവെപ്പില്‍ ചാമ്പലായത്. ആരിലും നടുക്കമുളവാക്കുന്ന വാര്‍ത്തയാണിതെങ്കിലും നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇത്തരം സംഭവവികാസങ്ങളില്‍ അമ്പരപ്പോ ആശങ്കയോ പ്രകടിപ്പിക്കുന്നില്ല. പരാജയപ്പെടുന്നതും വേദനകള്‍ ഏറ്റുവാങ്ങുന്നതും കശ്മീരിലെ ജനസാമാന്യമാണ്. അറുതിയില്ലാതെ തുടരുന്ന നിത്യജീവിത ദുരിതങ്ങള്‍ക്കുമേല്‍ വീണ്ടും അശനിപാതങ്ങള്‍ വന്ന് പതിക്കുമ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഭരണകര്‍ത്താക്കള്‍ നിര്‍ഭാഗ്യകരമായ നിഷ്ക്രിയനയം മാത്രമാണ് അവലംബിക്കുന്നത്.

ഇവിടെ ഒരുകൂട്ടം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരാണ് വിദ്യാലയങ്ങള്‍ക്ക് തീകൊളുത്തുന്നത്? ‘ ഈ സാമൂഹികവിരുദ്ധര്‍’ എന്തുകൊണ്ട് അറസ്റ്റ് ചെയ്യപ്പെടുന്നില്ല. മുമ്പില്ലാത്തവിധം വ്യാപകമായ രീതിയില്‍ സൈനികര്‍ വിന്യസിക്കപ്പെട്ട ശേഷവും സംസ്ഥാനത്ത് എന്തുകൊണ്ട് ഇത്തരം അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുന്നു? തീവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഒറ്റ സ്കൂളില്‍പോലും എന്തുകൊണ്ട് സൈനിക കാവല്‍ പ്രഖ്യാപിക്കപ്പെടുന്നില്ല? സ്കൂളിന്‍െറ സ്വത്തിനും വിദ്യാര്‍ഥികളുടെ ജീവനും സംരക്ഷണം അനിവാര്യമല്ളെന്നാണോ സര്‍ക്കാറിന്‍െറ ധാരണ?

കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും സംഘവും താഴ്വര സന്ദര്‍ശിച്ചതാണ് പ്രത്യാശയുണര്‍ത്തുന്ന ഏക സംഭവവികാസം. ഹുര്‍റിയത്ത് നേതാക്കളുമായി സംഭാഷണം നടത്താനുള്ള അദ്ദേഹത്തിന്‍െറ നീക്കം സമാധാന ചര്‍ച്ചയുടെ കവാടങ്ങള്‍ തുറക്കാന്‍ സഹായകമായേക്കാം. വൈകിയുദിച്ച വിവേകമെന്ന് വിശേഷിപ്പിക്കാമെങ്കിലും പുതിയ ചുവടുവെപ്പ് എന്ന നിലയില്‍ ആ നീക്കം ലക്ഷ്യം കൈവരിച്ചാല്‍ ജനജീവിതം വീണ്ടും ചൈതന്യപൂര്‍ണമാകും. കശ്മീരിന്‍െറ വേദനകള്‍ അനായാസം ഭേദമാക്കുന്ന ഒറ്റമൂലികളില്ല. മൂര്‍ത്ത നടപടികള്‍ സ്വീകരിച്ചുകൊണ്ട് സ്വച്ഛമായ ജനജീവിതം താഴ്വരയില്‍ തിരികെയത്തെിക്കാന്‍ സര്‍വരും യത്നിക്കുകയെന്നതാണ് അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. ഭരണകര്‍ത്താക്കള്‍ തന്നെ രാഷ്ട്രീയ പരിഹാര പദ്ധതികളോട് പുറംതിരിഞ്ഞുനിന്നാല്‍ സമാധാനം പാഴ്കിനാവ് മാത്രമാകും.

എഴുത്തുകാരുടെ പ്രതിസന്ധി

ടെലിവിഷനില്‍ ബിഗ്ബോസ് റിയാലിറ്റിഷോയുടെ പുതിയ എപ്പിസോഡ് വീക്ഷിക്കെ പുതിയൊരാശയം മുളപൊട്ടി. നമ്മുടെ എഴുത്തുകാരെ ‘ബിഗ്ബോസ്’ എന്ന വീട്ടുതടങ്കലിലടച്ച് അല്‍പനേരം പരീക്ഷിച്ചുനോക്കാന്‍ ചാനലുകള്‍ തയാറാകുമോ? പേനയും ലാപ്ടോപ്പും ഒന്നും നല്‍കാതെയാകണം അവരെ ബിഗ്ബോസിലേക്ക് ആനയിക്കേണ്ടത്. ആദ്യ ദിവസംതന്നെ അവര്‍ ഭ്രാന്തെടുത്ത് തുള്ളുമെന്ന് പ്രൊഡ്യൂസര്‍ക്ക് ഞാന്‍ ഉറപ്പുനല്‍കാം. വികാരങ്ങള്‍ ആവിഷ്കരിക്കാനുള്ള മാധ്യമം ലഭ്യമാകാതെ എഴുത്തുകാര്‍ കടുത്ത നിരാശയില്‍ വീണ് കോപ്രായം കളിക്കുമെന്നും ഞാന്‍ ഉറപ്പുതരാം. അമര്‍ഷവും ദുഖവും സംത്രാസങ്ങളും എഴുത്തിലൂടെ ആവിഷ്കരിച്ചുകൊണ്ടാണ് സര്‍ഗപ്രതിഭകള്‍ സ്വന്തം മനസ്സിന്‍െറ ഭാരങ്ങള്‍ ലഘൂകരിക്കാറുള്ളത്. പ്രതിഷേധിക്കാന്‍ അവര്‍ക്ക് കല്ലുകളോ ചെരിപ്പോ ആവശ്യമില്ല. വാക്കുകള്‍ കൊണ്ടാകും അവരുടെ കല്ളേറുകള്‍.

ജയില്‍വാസം എന്ന തീവ്രാനുഭവത്തെ പുസ്തകരചനകളിലൂടെയാണ് നമ്മുടെ പ്രശസ്തരായ രാഷ്ട്രീയ നേതാക്കളില്‍ പലരും മറികടന്നത്. ചിലര്‍ തടവിലിരുന്ന് മാസ്റ്റര്‍പീസുകള്‍വരെ രചിച്ചു. ബാഹ്യലോകത്തുനിന്നും ജനക്കൂട്ടങ്ങളില്‍നിന്നും അകന്ന് ശുദ്ധമായ ഏകാന്തതയില്‍ പൂര്‍ണ ഹൃദയസാന്നിധ്യത്തോടെ രചന നിര്‍വഹിക്കാന്‍ ഇത്തരം ഉര്‍വശീശാപങ്ങള്‍ അവര്‍ക്ക് അനുഗ്രഹമായിട്ടുണ്ടാകാം. എന്നാല്‍, ഇന്നത്തെ ജയിലുകളില്‍നിന്ന് സര്‍ഗപ്രേരണയുടെ അന്തരീക്ഷം പടിയിറങ്ങിയതായി സംശയിക്കണം. യഥാര്‍ഥത്തില്‍ ഓരോ ഡയറി നല്‍കി ഓരോ ദിവസത്തേയും മനോനിലയും ഹൃദയവ്യാപാരങ്ങളും അതില്‍ കുറിച്ചുവെക്കാന്‍ ഓരോ തടവുപുള്ളിക്കും നിര്‍ദേശം നല്‍കുന്നത് ഗുണകരമാകും. ഒരുപക്ഷേ, കൊടും കുറ്റവാളിയില്‍പോലും എഴുത്ത് മാനസാന്തരത്തിന്‍െറ പ്രകാശം നിറച്ചെന്നുവരാം. തടവറകളില്‍നിന്ന് അസാമാന്യ ഭാവനയുടെ പുതിയ രചനകള്‍ പിറന്നേക്കാം. സാമ്പ്രദായിക പൊലീസിങ് രീതിക്കുപകരം സ്വാത്മാവലോകനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന, സ്വയം കണ്ടത്തെലുകള്‍ക്ക് പ്രതികള്‍ക്ക് അവസരംനല്‍കുന്ന മന$ശാസ്ത്രരീതി അവലംബിക്കാന്‍ നിയമപാലകര്‍ തയാറാകുമോ?

കശ്മീരി കവിത
കശ്മീരി കവിതകളുടെ പാരായണം ഹൃദ്യാനുഭവമാണ്. കശ്മീരില്‍ പ്രചാരത്തിലുള്ള ഒരു നാടോടി സൂഫി രചന ഇവിടെ ഉദ്ധരിക്കാം.

കുങ്കുമ പുഷ്പങ്ങളേ, നിങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം
പൂക്കളേ ഞാന്‍ എല്ലാം നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു
നിലാവ് വര്‍ഷിക്കുന്ന രാവിലും
നിങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്നു.
കുങ്കുമപുഷ്പങ്ങളേ നിങ്ങള്‍ക്കാരേകീ ഈ വര്‍ണം
ആരേകീ ഈ പ്രണയപരിമളം
നിങ്ങള്‍ക്കെന്‍െറ മധുരാലിംഗനം!
എന്‍െറ കമിതാവ് പാമ്പോറിലേക്ക് പറന്നുപോയിരിക്കുന്നു
കുങ്കുമ പുഷ്പങ്ങളുടെ മധുരബന്ധനത്തിലാണവന്‍
അദ്ദേഹം അവിടേയും വിരഹിയായി ഞാന്‍ ഇവിടേയും
ആ സ്നേഹമുഖം ദൈവമേ ഇനിയെപ്പോള്‍ കാണുമാറാകും?
തോഴീ, നമുക്ക് പാമ്പോറിലേക്ക് പോകാം.
കുങ്കുമച്ചെടികള്‍ പുഷ്പിക്കുമ്പോള്‍
നേരം കളയാതെ നമുക്കാ
സന്നിധിയില്‍ അണയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir conflict
News Summary - kashmir conflict
Next Story