Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കശ്മീർ ഫയൽസ് വ്യാജ സിനിമതന്നെ
cancel
camera_alt

ബാറ്റിൽഷിപ് പോ തംകിന്റെ പോസ്റ്റർ

പാരിസിൽ വസിക്കുന്ന ഞാൻ ഇന്ത്യൻ യാഥാർഥ്യങ്ങളുടെ ഭാഗമേയല്ല. ചലച്ചിത്രമേളയുടെ ജൂറി ദൗത്യത്തിനായി നടത്തിയ ചെറുസന്ദർശനം ഇവ്വിധത്തിലെല്ലാം മാറിമറിയുമെന്ന് സങ്കൽപിച്ചതുപോലുമല്ല. എന്തായാലും രണ്ടു മൂന്നു നാളിനകം ഇതൊക്കെ വിസ്മരിക്കപ്പെടും.

ഞാനോ കശ്മീർ ഫയൽസ് എന്ന സിനിമയോ അല്ല വിഷയം. ചോദ്യം വ്യത്യസ്തമാണ്. ആളുകൾക്ക് എന്നോട് വിയോജിക്കാം, പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കൊരു ചുക്കുമറിയില്ലെന്നും വിശ്വസിക്കാം. ജനങ്ങൾക്ക് ഒരു സിനിമ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം, അതുപോലെ പ്രശംസിക്കുകയോ വെറുക്കുകയോ ചെയ്യാം. വൈകാരികമായ ഒരു സംവാദത്തിനും ഞാൻ എതിരല്ല.

എന്നിരുന്നാലും, ഞാൻ പറഞ്ഞതിനോടുള്ള പ്രതികരണങ്ങളിൽ വലിയൊരു ഭാഗവും തികഞ്ഞ വെറിപിടിച്ചമട്ടിലുള്ളതായിരുന്നു. മാധ്യമങ്ങളിൽ അവ കണ്ടും വായിച്ചും ഒരു സിനിമ നിരൂപണത്തോട് ഇങ്ങനെ പ്രതികരിക്കുന്നത് സാധാരണമാണോ എന്ന് ഞാൻ ചിന്തിച്ചു.

ഇതു നിങ്ങളുടെ രാജ്യമാണ്, ഇതു നിങ്ങളുടെ സമൂഹമാണ്. എന്നാലും ഞാനൊന്നു ചോദിക്കട്ടെ- അക്രമത്തിന്റെയും ഭീഷണിയുടെയും കൊടുങ്കാറ്റിൽ കലാശിക്കുമെന്നതിനാൽ നിങ്ങളുടെ സത്യങ്ങൾ പറയാൻ നിങ്ങൾ ഭയപ്പെടുന്നുണ്ടോ?

എനിക്ക് ഇഷ്ടപ്പെടാത്ത മറ്റു സിനിമകളുണ്ടാകാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം 'ദ കശ്മീർ ഫയൽസ്' ഒരു വ്യാജ ചിത്രമാണ്. അതൊരു പ്രൊപഗൻഡ സിനിമയാണ്. മറ്റു മിക്ക സിനിമകളെയുംപോലെ ജീവിതം, അസ്തിത്വം, ചരിത്രം, മനുഷ്യർ എന്നിവയെയെല്ലാം കുറിച്ച് ഒരു കലാസൃഷ്ടി തയാറാക്കാൻ ശ്രമിക്കുന്നതുപോലെയാണ് അതു പെരുമാറുന്നത്.

എന്നാൽ അവസാനം, അതു തീർത്തും വിലകുറഞ്ഞ, അശ്ലീല രീതിയിൽ, വളരെ വിലകുറഞ്ഞ സിനിമാറ്റിക് കൃത്രിമങ്ങൾ എന്നു ഞാൻ കരുതുന്ന സങ്കേതങ്ങൾ ഉപയോഗിച്ച് വ്യക്തമായ ചില രാഷ്ട്രീയ നിലപാടുകളെ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.

പുറമെനിന്ന് നോക്കിയാൽ തമാശയായി തോന്നുന്ന ഈ സിനിമയെ ഗൗരവത്തോടെ സമീപിക്കാൻ എനിക്കാവില്ല. എന്നാൽ, നിർമാതാക്കളും നിരവധി പ്രേക്ഷകരും ഈ സിനിമയെ അതിഗൗരവത്തോടെ കാണുകയും ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ അതിന്മേൽ ഒരു നിലപാടെടുക്കാൻ നിർബന്ധിതമാവുന്നു.

ഒരു കലാസൃഷ്ടിയെ സംബന്ധിച്ചിടത്തോളം രൂപമാണ് ഉള്ളടക്കം, ഉള്ളടക്കമാണ് രൂപം. ഔപചാരികവും സൗന്ദര്യാത്മകവുമായ തീരുമാനങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ ഒരർഥമുണ്ട്. കശ്മീർ ഫയൽസിന്റെ കാര്യത്തിൽ, എത്ര പേർ മരിച്ചുവെന്നോ എത്ര ഇരകളുണ്ടെന്നോ വിലയിരുത്താൻ എന്റെ പക്കൽ മാർഗങ്ങളില്ല.

എത്രപേർ കൊലക്കിരയായെന്ന് പറയാനുള്ള ശേഷിയുമില്ല. സിനിമയിൽ കാണിക്കുന്ന ഈ ഭയാനകമായ കാര്യങ്ങൾ ശരിക്കും നടന്നവയാണോ എന്നെനിക്ക് പറയാൻ കഴിയില്ല. ഈ ഭയാനകമായ കാര്യങ്ങൾ ഇത്തരമൊരു സിനിമയിലേതുപോലെ ചിത്രീകരിക്കേണ്ടതുണ്ടോ എന്ന് ചോദിക്കാനേ എനിക്കാവൂ.

സിനിമയിൽ, മോശം ആളുകളെ ചിത്രീകരിച്ചിരിക്കുന്നതുപോലും നിലവാരം കുറഞ്ഞ രീതിയിലാണ്. ഏറ്റവും മോശമായ മനുഷ്യർപോലും വിശ്വസിക്കുന്നത് തങ്ങൾ ശരിയാണ് ചെയ്യുന്നത് എന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ജീവിതത്തെ അതിസങ്കീർണവും ഭയാനകവുമായ ഒരു സംഘർഷമാക്കി മാറ്റുന്നത്.

അത്തരമൊരു ഫീൽ ഈ സിനിമയിൽ കിട്ടുന്നില്ല. അജണ്ട എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നത്ര വിധം അശ്ലീലമായ രീതിയിലാണ് അതു തയാറാക്കിയിരിക്കുന്നത്. ഒരു പ്രൊപഗണ്ട സിനിമയാണ് ചെയ്യുന്നതെങ്കിൽ, കുറഞ്ഞപക്ഷം ഭംഗിയോടെയെങ്കിലും അത് ചെയ്യൂ എന്നാണ് ഞാൻ പറയുന്നത്.

സെർജി ഐസൻസ്റ്റീന്റെ ബാറ്റിൽഷിപ് പോതംകിൻ ഒരു പ്രൊപഗണ്ട സിനിമയാണെന്ന് ചിലർ കരുതുന്നുണ്ട്. പക്ഷേ, അതൊരു മാസ്റ്റർപീസാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലെ അതിനികൃഷ്ടവും ഭയങ്കരവുമായ ആശയങ്ങൾക്കുവേണ്ടി പണിയെടുത്തു ലെനി റൈഫെൻസ്റ്റാൾ.

എന്നാൽ, അവരുടെ സിനിമയിൽ ആകർഷകമായ പാറ്റേണുകൾ ഉണ്ടായിരുന്നുവെന്ന വസ്തുത നിങ്ങൾക്ക് അവഗണിക്കാനാവില്ല. സ്വാധീനം സൃഷ്ടിക്കത്തക്ക വശ്യതയും അവക്കുണ്ടായിരുന്നു. സത്യത്തിൽ, പ്രൊപഗൻഡ സിനിമകളായി സ്വയം വെളിപ്പെടുത്തുന്ന ചിത്രങ്ങളോട് ഞാൻ എതിരല്ല.

കലാകാരൻ ഒരു പ്രത്യയശാസ്ത്രത്തിന്റെ യഥാർഥ വിശ്വാസിയായിരിക്കുമ്പോൾ, ആ പ്രത്യയശാസ്ത്രത്തെ സേവിക്കുന്നതിനായി ഒരു സൗന്ദര്യാത്മക സ്മാരകംപോലെ അവൻ കലാരൂപങ്ങളെ സൃഷ്ടിക്കുന്നു. ഇതാണ് കലയുടെ മാസ്മരികത. കാമറ ഉപയോഗിക്കുമ്പോഴെല്ലാം മാസ്മരികത സൃഷ്ടിക്കാനാവുന്ന കലാകാരന്മാരുണ്ട്. ഞാൻ സംസാരിക്കുന്നത് പ്രൊപഗണ്ടയുടെ ധാർമികതയെക്കുറിച്ചല്ല, സിനിമയുടെ സൗന്ദര്യാത്മകത സംബന്ധിച്ചാണ്.

സിനിമയുടെ കപടവേഷമണിഞ്ഞു നിൽക്കുന്ന കശ്മീർ ഫയൽസ് ഒരു യഥാർഥ സിനിമയേ അല്ല. അശ്ലീലമായ അഭിരുചിയുടെയും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയും പ്രശ്നകരമായ സംയോജനമാണ്.

വീടുകളിൽനിന്നും ഉറ്റ ബന്ധുക്കളിൽനിന്നും വേർപിരിയേണ്ടി വന്നവരും ഈ ക്രൂരതകൾ അനുഭവിച്ചവരും ഇത്തരമൊരു സിനിമയോട് എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല. പല തരത്തിലുള്ള പ്രതികരണങ്ങളുണ്ട്. എന്നാൽ, ഇത്തരമൊരു സംഭവവുമായി എനിക്ക് ബന്ധമുണ്ടായിരുന്നുവെങ്കിൽ, എന്റെ ശബ്ദത്തെ പ്രതിനിധാനം ചെയ്യാൻ കശ്മീർ ഫയൽസ് പോലൊരു സിനിമയെക്കാൾ ഗൗരവസ്വഭാവമുള്ള ഒരു പ്രതികരണമാണ് ഞാൻ ആഗ്രഹിക്കുക.

ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് എന്റെ വിനോദമല്ല. പക്ഷേ, ചിലപ്പോൾ വിമർശനാത്മക ചിന്തയെയും കലാപരമായ വ്യവഹാരത്തെയും നിശ്ശബ്ദമാക്കാനുള്ള എളുപ്പമുള്ള ഉപകരണങ്ങളാണ് പ്രകോപനവും അപമാനവുമെന്നു ഞാൻ കരുതുന്നു. നമ്മൾ കുട്ടികളൊന്നുമല്ലല്ലോ.

കലയുടെ ദൗത്യം ആളുകളെ സുഖത്തിൽ നിലനിർത്തുക മാത്രമല്ലെന്നു ഞാൻ കരുതുന്നു. കല പലപ്പോഴും കടിച്ചുകീറുന്നതും ചിലപ്പോൾ നിർദയവും കോപജനകവുമായിരിക്കണം. അപ്പോഴും ബുദ്ധിയോടെ, രൂപഭംഗിയോടെ വേണം അതു ചെയ്യാൻ. അല്ലാതെ വിഡ്ഢിത്തമാർന്ന അശ്ലീലതയോടെയല്ല.

എന്റെ സിനിമകൾ ചിലപ്പോൾ രാഷ്ട്രീയമായി ഗണിക്കപ്പെടാറുണ്ട്. പക്ഷേ, അവ ക്ലാസിക്കൽ രാഷ്ട്രീയ രീതിയിലുള്ളവയാണെന്ന് ഞാൻ കരുതുന്നില്ല. എന്റെ സിനിമകളിൽ ആളുകൾക്ക് കൃത്യമായ ആശയങ്ങളുണ്ടെന്നുവെച്ച് ആ സിനിമകൾ ആ ആശയങ്ങളാൽ നയിക്കപ്പെടുന്നവയാണെന്ന് ഞാൻ കരുതുന്നില്ല.

ആശയമുള്ള ആളുകൾ അവ അതേ രീതിയിൽ സിനിമയിൽ അവതരിപ്പിക്കുന്നു. ചിന്തയും നൃത്തവും മുത്തവുംപോലെത്തന്നെ. സ്വന്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നിരിക്കിലും എതിർ പ്രത്യയശാസ്ത്ര ക്യാമ്പിൽനിന്നുള്ള ചിത്രങ്ങൾ കാണാൻ ഉത്സുകനാണു ഞാൻ.

എനിക്ക് എന്റേതായ രാഷ്ട്രീയ ആശയങ്ങളുണ്ടെങ്കിലും വിപരീത പ്രത്യയശാസ്ത്ര ക്യാമ്പിൽനിന്നു വരുന്ന സിനിമകൾ കാണാൻ ഞാൻ അത്യധികം ആകൃഷ്ടനാണ്. വലതുപക്ഷ സിനിമകളും ഇടതുപക്ഷ സിനിമകളുമൊക്കെയുണ്ടെങ്കിലും സിനിമകളെ രാഷ്ട്രീയ പാർട്ടികളായി ഞാൻ കരുതുന്നില്ല.

പക്ഷേ, കലാപ്രവർത്തകർ ഭരണത്തിന്റെ ലാളനയിൽ അകപ്പെടാതിരിക്കുന്നതാണ് ആരോഗ്യകരമെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ അവർ സ്വയം അകലം പാലിക്കുന്നതും ഭരണകൂടവുമായി വൈരുധ്യം പുലർത്തുന്നതും യുക്തിസഹമാണെന്നു ഞാൻ കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goa international film festivalkashmir files
News Summary - Kashmir Files is a fake movie
Next Story