ജനപ്രീതി തകര്‍ന്ന ഭരണകൂടം
text_fieldsഹിസ്ബുല്‍ മുജാഹിദീന്‍െറ ഐതിഹാസിക പരിവേഷമുള്ള കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധം ഉണര്‍ത്തിവിട്ട ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഇന്നലെയോടെ അഞ്ചു മാസം തികഞ്ഞു. മുഖ്യമന്ത്രി പദത്തില്‍ അവരോധിതയായ മഹ്ബൂബ മുഫ്തി അധികാരത്തില്‍ എട്ടു മാസവും പൂര്‍ത്തീകരിച്ചു. ജനകീയ ഭരണാധികാരിയായി ഉയരുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി പൗരന്മാര്‍ക്കെതിരായ ഏതുതരം സൈനിക ബലപ്രയോഗങ്ങളെയും ന്യായീകരിക്കുന്ന നിഷ്ഠുര കഥാപാത്രമായി മഹ്ബൂബയില്‍ രൂപമാറ്റം സൃഷ്ടിച്ച സംഭവപരമ്പരകളുടെ തീവ്രത ലഘൂകരിക്കപ്പെടാന്‍ തുടങ്ങി എന്നതില്‍ ഈ വൈകിയവേളയില്‍ ചിലരെങ്കിലും സമാശ്വസിക്കുന്നു. ജനങ്ങള്‍ കൂട്ടത്തോടെ തെരുവുകളിലിറങ്ങി നടത്തുന്ന പ്രതിഷേധറാലികള്‍ നിലച്ചതില്‍ മുഖ്യമന്ത്രി തീര്‍ച്ചയായും ആശ്വസിക്കുന്നുണ്ടാകണം. മന്ത്രിമാര്‍ക്കു പോലും വഴിയിലിറങ്ങാന്‍ വയ്യാത്തവിധം ജനരോഷം തെരുവുകളെ പ്രശ്നനിര്‍ഭരമാക്കിയ അഞ്ചു മാസങ്ങളാണ് കടന്നുപോയിരിക്കുന്നത്. ഈയാഴ്ച കുല്‍ഗാം, അവാന്തിപുര എന്നീ ദക്ഷിണ ഭാഗത്തെ പട്ടണങ്ങളില്‍ പര്യടനം നടത്താന്‍ മഹ്ബൂബക്ക് സാധിച്ചു. സ്പോര്‍ട്സ് കമ്പക്കാര്‍ നിറഞ്ഞ ശ്രീനഗര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടു.
സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ സാധാരണനില പുന$സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന സന്ദേശം നല്‍കുകയായിരുന്നു ഈ പര്യടനങ്ങളുടെ ലക്ഷ്യം. ഒറ്റ ദിവസംതന്നെ 40,000 പേര്‍ പൊലീസിനു നേരെ കല്ളേറ് നടത്തിയ ജൂലൈ മാസത്തെ അനുഭവങ്ങളുമായി തുലനംചെയ്യുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യം ഭേദപ്പെട്ടതെന്നു വാദിക്കാം. വിഘടനവാദി ഗ്രൂപ്പുകളുടെ ആഹ്വാനപ്രകാരം നടന്ന കടയടപ്പ് സമരങ്ങള്‍ക്കും അന്ത്യമായിരിക്കുന്നു. സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍നിലയിലും ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമായിരിക്കുന്നു. യാത്രക്കാര്‍ നേരിട്ടിരുന്ന ദുരിതങ്ങള്‍ക്ക് സ്വകാര്യ വാഹനയോട്ടം പുന$സ്ഥാപിക്കപ്പെട്ടതോടെ തിരശ്ശീല വീണു. അതിനിടെ സയ്യിദ് അലി ഗീലാനി, മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക് എന്നീ വിഘടനവാദി നേതാക്കള്‍ ടൂറിസ്റ്റുകളെയും ഹിന്ദു തീര്‍ഥാടകരെയും സ്വാഗതം ചെയ്യുന്ന പ്രസ്താവന പുറത്തുവിട്ടു. പക്ഷേ, ഇതോടൊപ്പം നാലു ദിവസത്തെ കടയടപ്പ് സമരത്തിന് ഈ നേതാക്കള്‍ ആഹ്വാനംചെയ്യുകയുണ്ടായി. ഇപ്പോള്‍ ടൂറിസ സീസണ്‍ അല്ല എന്നതാണ് മറ്റൊരു വൈരുധ്യം.
പക്ഷേ, ഈ സ്വാഗതവാക്യത്തിന് തൊട്ടുപിറകെ കൗശലക്കാരനായ മുന്‍ ബ്യൂറോക്രാറ്റ് വജാഹത്ത് ഹബീബുല്ലയുടെ സന്ദേശം പ്രത്യക്ഷപ്പെട്ടു. മുന്‍ വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ബി.ജെ.പി സംഘം കശ്മീരില്‍ പര്യടനം നടത്തുമെന്നായിരുന്നു സന്ദേശം. സിന്‍ഹയും സംഘവും ഒക്ടോബര്‍ 25ന് സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഹുര്‍റിയത് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി സിന്‍ഹയും സംഘവും നടത്തിയ ആശയവിനിമയം ആശാവഹമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന പ്രത്യാശ വളര്‍ത്താനിടയാക്കി. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങളുടെ അഭാവം ആ പര്യടനത്തെ പാഴ്വേലയാക്കി മാറ്റി. ഇന്ന് ഡിസംബര്‍ പത്തിന് സിന്‍ഹയും സംഘവും എത്തുമെന്നാണ് സൂചന.
സിന്‍ഹയും സംഘവും ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും സന്ദര്‍ശന റിപ്പോര്‍ട്ട് സംഘം നേരെ മാധ്യമങ്ങള്‍ വഴി പുറത്തുവിടുകയായിരുന്നു. വിഘടനവാദി നേതാക്കള്‍ ഉള്‍പ്പെടെ സര്‍വ വിഭാഗങ്ങളുമായും ചര്‍ച്ചകള്‍ ആരംഭിക്കുക, കശ്മീര്‍ ജനതയുടെ അസംതൃപ്തിക്ക് പരിഹാരം കണ്ടത്തെുക തുടങ്ങിയ ശിപാര്‍ശകള്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചെങ്കിലും മൗനമായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍െറ പ്രതികരണം. തുറന്ന മനസ്സോടെയാണ് വിഘടനവാദി നേതാക്കള്‍ സിന്‍ഹയെയും പ്രതിനിധികളെയും വരവേറ്റത്. സെപ്റ്റംബര്‍ നാലിന് എത്തിയ സര്‍വകക്ഷി പ്രതിനിധിസംഘത്തെ കാണാന്‍ കൂട്ടാക്കാത്ത സയ്യിദ് അലി ഗീലാനിപോലും സിന്‍ഹയെ സ്വീകരിക്കാന്‍ തയാറാവുകയുണ്ടായി. സിന്‍ഹയുടെ സന്ദര്‍ശനത്തിന് തൊട്ടുപിറകെ യാസീന്‍ മാലിക്, മീര്‍വാഇസ് തുടങ്ങിയ നേതാക്കളെ ജയിലില്‍നിന്ന് വീടുകളിലേക്ക് മാറ്റിയത് ശുഭസൂചകമായിരുന്നു.
19 വെള്ളിയാഴ്ചകള്‍ പിന്നിട്ടശേഷവും അടച്ചിട്ട നിലയിലായിരുന്ന ജാമിഅ മസ്ജിദില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞയാഴ്ച മീര്‍വാഇസിന് അനുമതി ലഭിച്ചതാണ് സമാധാനകാംക്ഷയുടെ മറ്റൊരു അടയാളം.നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ സംഭാഷണം, അമൃത്സറില്‍ ചേര്‍ന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ അരങ്ങേറിയ ഇന്ത്യ-പാക് വാഗ്വാദങ്ങള്‍, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെ കശ്മീരിലെ പ്രശ്നസാഹചര്യങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി വിലയിരുത്താനാകില്ല. ഹുര്‍റിയത്തുമായും പാകിസ്താനുമായും സംഭാഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ഥമായ ആഗ്രഹം പ്രകടിപ്പിക്കുംവരെ സംഘര്‍ഷാന്തരീക്ഷം നിലനിര്‍ത്താനാകും വിഘടനവാദ ശക്തികള്‍ പരിശ്രമിക്കുക.
കശ്മീര്‍ ജനത സമാധാനം കാംക്ഷിക്കുന്നു. എന്നാല്‍, ഒരുഭാഗത്ത് തീവ്രവാദ ഗ്രൂപ്പുകളും മറുവശത്ത് മഹ്ബൂബ സര്‍ക്കാറും സ്ഥിതിഗതികള്‍ വഷളാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുന്നില്ല. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍നയം പുതിയ പ്രശ്നങ്ങള്‍ക്ക് നിമിത്തമായിരുന്നു. യുവാക്കളെ നിരന്തരം വേട്ടയാടുന്ന രീതി പുതിയ തീവ്രവാദികള്‍ക്ക് ജന്മം നല്‍കുന്നു. ദുരിതങ്ങളില്‍നിന്ന് ജനങ്ങളെ കരകയറ്റുന്നതില്‍ പരാജയപ്പെട്ട മഹ്ബൂബ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയറ്റു. ഈ ഘട്ടത്തിലാണ് കശ്മീര്‍ജനത സിന്‍ഹയും സംഘവും നടത്തുന്ന സന്ദര്‍ശനത്തെ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.