മതഭ്രാന്തിനെതിരെ ശബ്ദിച്ചുകൊണ്ടേയിരിക്കുക
text_fieldsആദ്യമവർ കമ്യൂണിസ്റ്റുകളെ തേടി വന്നു, ഞാൻ ശബ്ദിച്ചില്ല-
കാരണം ഞാൻ ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല
പിന്നീട് അവർ സോഷ്യലിസ്റ്റുകളെതേടി വന്നു, ഞാൻ ശബ്ദിച്ചില്ല-
കാരണം ഞാൻ ഒരു സോഷ്യലിസ്റ്റ് ആയിരുന്നില്ല
പിന്നീട് അവർ ട്രേഡ് യൂനിയൻകാരെ തേടി വന്നു, ഞാൻ ശബ്ദിച്ചില്ല-
ഞാൻ ട്രേഡ് യൂനിയനിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവർ യഹൂദരെ തേടി വന്നു, ഞാൻ ശബ്ദിച്ചില്ല- ഞാൻ യഹൂദൻ അല്ലായിരുന്നു
പിന്നീട് അവർ എന്നെത്തേടി വന്നു
അന്ന് എനിക്കുവേണ്ടി പ്രതികരിക്കാൻ ആരും തന്നെ അവശേഷിച്ചിരുന്നില്ല
-മാർട്ടിൻ നിമോളർ ജർമൻ ദൈവതത്ത്വശാസ്ത്രജ്ഞൻ
ഡിസംബർ 25 ശനിയാഴ്ച ക്രിസ്മസ് ആയിരുന്നു. ആഘോഷങ്ങൾ അവസാനിക്കുന്നതിന് മുമ്പ് - ചില സ്ഥലങ്ങളിൽ അർധരാത്രിക്ക് മുമ്പുതന്നെ, എന്തിനെല്ലാമെതിരെയാണോ ക്രിസ്തു പ്രസംഗിച്ചിട്ടുള്ളത് അത്തരം സകല തിന്മകളും തലയുയർത്തി. വർഷം അവസാനിച്ചത് അസന്തുഷ്ടമായ ഒരു അവസ്ഥയിൽ ആണെങ്കിൽ, പുതുവർഷം ആരംഭിച്ചത് തീർത്തും അശുഭകരമായ അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടാഴ്ചകൾ ക്രൈസ്തവർക്കും ലിബറലുകൾക്കും ഒരുപോലെ വെല്ലുവിളിയായിരുന്നു.
ഝാർഖണ്ഡിലെ ഗോത്രവർഗക്കാർക്കിടയിൽ ജീവിതകാലം മുഴുവൻ ചെലവിട്ട തമിഴ്നാട്ടിൽനിന്നുള്ള ക്രൈസ്തവ മിഷനറി ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിന് 2021 സാക്ഷ്യംവഹിച്ചു. അദ്ദേഹം തീവ്രവാദ പ്രവർത്തനം ആരോപിക്കപ്പെട്ട് (എെൻറ വീക്ഷണത്തിൽ വ്യാജമായ ആരോപണം) ജയിലിലടക്കപ്പെട്ടു. അവിടെ അദ്ദേഹത്തോട് മനുഷ്യത്വരഹിതമായി പെരുമാറി, ആരോഗ്യ കാരണങ്ങളുടെ പേരിൽപോലും ജാമ്യം നിഷേധിക്കപ്പെട്ടു, വിചാരണ ചെയ്തില്ല, അങ്ങനെ മരിക്കാൻ വിട്ടു. മിഷനറീസ് ഓഫ് ചാരിറ്റി ക്ക് (മദർ തെരേസ സ്ഥാപിച്ച)ഒരു ചെറിയ അക്കൗണ്ടിങ് വീഴ്ചയുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള അവകാശം നിഷേധിച്ചതോടെയാണ് വർഷം അവസാനിച്ചത്.
കലുഷമാക്കപ്പെട്ട ക്രിസ്മസ്
'അവർ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല, അതിനാൽ, അവരോട് ക്ഷമിക്കണ'മെന്ന വാക്യത്തിെൻറ പേരിൽ കുഴപ്പം പ്രവർത്തിച്ചവരോട് പൊറുക്കാൻ ക്രൈസ്തവർ തയാറായാൽപോലും, പൊറുക്കാനാവാത്ത സംഭവങ്ങളാണ് ക്രിസ്മസ് ദിനത്തിൽ നടമാടിയത്.
ഹരിയാനയിലെ അംബാലയിൽ, 1840-കളിൽ പണിത ഹോളി റിഡീമർ ചർച്ച് ഉണ്ട്. അർധരാത്രിയോടെ, പള്ളി അടച്ചശേഷം, രണ്ടു പേർ അകത്തുകടന്ന് യേശുക്രിസ്തുവിന്റെ പ്രതിമ തകർക്കുകയും സാന്താക്ലോസ് രൂപങ്ങൾ കത്തിക്കുകയും ചെയ്തു. രണ്ട് നാൾ മുമ്പ് ഗുരുഗ്രാമിലെ പട്ടൗഡിയിലുള്ള പള്ളിയിൽ കയറി ഒരു സംഘം 'ജയ് ശ്രീരാം' വിളിച്ച് പ്രാർഥന തടസ്സപ്പെടുത്തിയിരുന്നു.
ഉത്തർപ്രദേശിലെ ആഗ്രയിൽ മിഷനറി കോളജുകൾക്കു മുന്നിൽ നിരവധി സാന്താക്ലോസ് രൂപങ്ങൾ കത്തിച്ചു. ഈ നശീകരണത്തിന് ന്യായവാദം ചമച്ച ബജ്റങ്ദളിന്റെ പ്രവർത്തകൻ പറഞ്ഞത് ''ഞങ്ങളുടെ കുട്ടികൾക്ക് സാന്താക്ലോസിനെക്കൊണ്ട് സമ്മാനങ്ങൾ കൊടുപ്പിച്ച് അവരെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നു'' െവന്നാണ്. മിഷനറി കോളജുകൾ പതിറ്റാണ്ടുകളായി 'നമ്മുടെ കുട്ടികളെ' നിസ്വാർഥമായി പഠിപ്പിച്ചിട്ടുണ്ടെന്നു പറയുന്നതിൽ അവർ പരാജയപ്പെട്ടു.
അസമിലെ കച്ചാർ ജില്ലയിൽ, ക്രിസ്മസ് രാത്രി കാവി വസ്ത്രം ധരിച്ച രണ്ടു പേർ പ്രെസ്ബിറ്റീരിയൻ പള്ളിയിൽ അതിക്രമിച്ച് കയറി, എല്ലാ ഹിന്ദുക്കളും സ്ഥലം വിടണമെന്ന് ആവശ്യപ്പെട്ടു. മറ്റ് ക്രിസ്മസ് ആഘോഷ വേദികളിൽ കയറിച്ചെന്ന പ്രവർത്തകർ 'മിഷനറിമാർക്ക് മരണം' എന്ന മുദ്രാവാക്യം മുഴക്കി.
മുഖ്യധാരയാവുന്ന തീവ്രവാദിക്കൂട്ടങ്ങൾ
2021ൽ കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ, ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് മതപരിവർത്തന വിരുദ്ധ ബില്ലുകൾ പാസാക്കുകയോ തയാറാക്കുകയോ ചെയ്തു. മറ്റു മതസ്ഥർ, പ്രത്യേകിച്ച് ഹിന്ദുക്കൾ, ക്രൈസ്തവതയിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു എന്നതിന് കാര്യമായ തെളിവുകളൊന്നുമില്ല. ആർ.എസ്.എസിലും ബി.ജെ.പിയിലും ആർ.എസ്.എസുമായി ബന്ധമുള്ള മറ്റ് സംഘടനകളിലും ധാരാളമായി സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷത്തിെൻറ ലക്ഷ്യം ക്രൈസ്തവരാണെന്ന് വ്യക്തമാണ്. അവർ ഇനിമേൽ ഒറ്റയും തെറ്റയുമല്ല; അവർ മുഖ്യധാരയായി മാറി, കേന്ദ്ര മന്ത്രിസഭയിൽപോലും അവർ പ്രതിനിധാനം ചെയ്യുന്നു.
മുസ്ലിംകളും- ഇപ്പോൾ ക്രൈസ്തവരും വിദ്വേഷ പ്രസംഗങ്ങളുടെ ഉന്നമാണ്. അഹിന്ദുക്കൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിെൻറ ഭാഗമാണ് വിദ്വേഷ പ്രസംഗം. ആറ് മാസം മുമ്പ്, ഡൽഹിയിൽ 'സുള്ളി ഡീൽസ്' എന്ന പേരിൽ ഒരു ആപ് പ്രത്യക്ഷപ്പെട്ടു, ഏതാനും ദിവസങ്ങൾക്ക് മുമ്പ് 'ബുള്ളി ബായ്' എന്ന മറ്റൊരു ആപ് മുംബൈയിൽ പ്രത്യക്ഷപ്പെട്ടു. ആപ്പുകൾ മുസ്ലിം സ്ത്രീകളുടെ മുഖങ്ങൾ ഓൺലൈനിൽ ലേലത്തിൽ വെക്കുന്നു. 'ബുള്ളി ബായ്' പ്രമോട്ട് ചെയ്ത ട്വിറ്റർ ഹാൻഡിൽ 'ഖൽസ സുപ്രിമാസിസ്റ്റ്', 'ജതീന്ദർ സിങ് ഭുള്ളർ', 'ഹർപാൽ' എന്നിങ്ങനെയുള്ള സിഖ് പേരുകൾ ഉപയോഗിച്ചതിൽനിന്ന് ഒരുപക്ഷേ, വിദ്വേഷ വ്യാപാരികളുടെ അടുത്ത ലക്ഷ്യം ആരായിരിക്കുമെന്ന് പ്രവചിക്കാനാകുന്നു - സിഖുകാർ.
മുസ്ലിംകളും ക്രൈസ്തവരും സിഖുകാരും ഹിന്ദുക്കളെപ്പോലെ തന്നെ ഇന്ത്യക്കാരാണ്. അവർക്ക് അവരുടെ മതം ആചരിക്കാനുള്ള അവകാശമുണ്ട്, ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ച് അവരവരുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ട്. തീവ്ര വലതുപക്ഷക്കാർ അവരുടെ മതം ആചരിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുകയാണ്. ഇതു ഭരണഘടന വിരുദ്ധമാണ്.
ശ്രീമാൻ മോദിയുടെ അജണ്ട
ഹരിദ്വാറിൽ നടന്ന വിദ്വേഷ പ്രസംഗങ്ങളിൽ ഉളളിലിരിപ്പ് പലതും വെളിപ്പെടുന്നുണ്ട്. ഒരു പ്രസംഗത്തിെൻറ ഉദ്ധരണി ഇങ്ങനെ:
"നിങ്ങൾക്ക് അവരെ അവസാനിപ്പിക്കണമെങ്കിൽ അവരെ കൊല്ലണം... ഇതിൽ വിജയിക്കാൻ 20 ലക്ഷം പേരെ (മുസ്ലിംകൾ എന്ന് വിവക്ഷ) കൊല്ലാൻ കഴിയുന്ന 100 സൈനികർ നമുക്ക് ആവശ്യമാണ്". "കൊല്ലാനോ കൊല്ലപ്പെടാനോ തയാറാവുക, വേറെ വഴിയില്ല... ഓരോ ഹിന്ദുവും പൊലീസും സൈന്യവും രാഷ്ട്രീയക്കാരും ഉൾപ്പെടെ മ്യാൻമറിൽ നടന്നതുപോലെ ശുചീകരണം ആരംഭിക്കണം.'' ഇത് വിദ്വേഷ പ്രസംഗത്തേക്കാൾ അപ്പുറമാണ്, ഇത് വംശഹത്യയ്ക്കുള്ള ആഹ്വാനമാണ്.
ഇതേതെങ്കിലും ഭ്രാന്തുപിടിച്ച മനുഷ്യരുടെ വാക്കുകളല്ല, ഭ്രാന്തിനും അതിേൻറതായ ഒരു രീതിയുണ്ട്. ദി ഇന്ത്യൻ എക്സ്പ്രസിൽ ഹിലാൽ അഹമ്മദ്, എഴുതിയ ഒരു ലേഖനത്തിൽ മോദി എന്തുകൊണ്ട്, എങ്ങനെ ബി.ജെ.പിയുടെ അജണ്ടയെ പുനർനിർവചിച്ചുവെന്ന് വിശദമാക്കുന്നുണ്ട്. ഹിലാൽ അഹമ്മദ് പറയുന്നതനുസരിച്ച്, കോവിഡ് ദുരന്തവും കർഷക മുന്നേറ്റവും വർധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയും 'ഹിന്ദുത്വരുടെ ആത്യന്തിക നേതാവെന്ന നിലയിൽ തെൻറ സ്ഥാനം ഊട്ടിയുറപ്പിക്കാൻ മോദിയെ നിർബന്ധിതനാക്കി. വികസനവും ഹിന്ദുത്വവും ഇനി വേർതിരിച്ചു പറയേണ്ടതില്ല, ഇതിനായി തീവ്ര വലതുപക്ഷം ഹിന്ദു ഇതര മതങ്ങളെയും (അവരുടെ വിശ്വാസികളെയും) ഹിന്ദുത്വത്തിന് പുറമെ വികസനത്തിെൻറയും ശത്രുക്കളാക്കി.
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ കൈയേറ്റങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, ക്ഷുദ്രകരമായ ആപ്പുകൾ എന്നിവയൊക്കെയുണ്ടായിട്ടും പ്രധാനമന്ത്രിയിൽനിന്ന് അപലപിക്കുന്നു എന്ന ഒരു വാക്കുപോലും പുറത്തുവരുന്നില്ല. വരുംനാളുകൾക്കായി തയാറെടുക്കുക, മതഭ്രാന്ത് അതിരുകളില്ലാത്തതായിരിക്കും. എന്നിട്ട് ശബ്ദിച്ചു കൊണ്ടേയിരിക്കുക. അല്ലെങ്കിൽ നിങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ആരും ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.