Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകെയർ സ്റ്റാർമറുടെ...

കെയർ സ്റ്റാർമറുടെ തിരിച്ചറിവ്​

text_fields
bookmark_border
കെയർ സ്റ്റാർമറുടെ തിരിച്ചറിവ്​
cancel

‘ഓഫ്കോം’ ബ്രിട്ടനിലെ വാർത്താവിതരണരംഗത്ത് സർക്കാർ അംഗീകാരമുള്ള ഏജന്‍സിയാണ്. ഈ ആഗസ്റ്റ്​ ആദ്യവാരം ഇംഗ്ലണ്ടിൽ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ‘ഓഫ്കോം’ അതി​ന്റെ നിരീക്ഷകരുടെ എണ്ണം 460ൽനിന്ന്​ 550 ആയി ഉയര്‍ത്തുകയുണ്ടായി. പൊതുജന താൽപര്യം സംരക്ഷിക്കാൻ അതാവശ്യമായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടതിന് കാരണം ഒരു തെറ്റായ വാര്‍ത്തയുടെ ബോധപൂർവമായ പ്രചാരണമായിരുന്നു. എന്നാൽ, തുടര്‍ന്നുണ്ടായ കുഴപ്പത്തിനു കടിഞ്ഞാണിടാൻ പുതുതായി ഭരണത്തിലേറിയ കെയർ സ്റ്റാർമർ സർക്കാറിന് ഏറെ പണിപ്പെടേണ്ടിവന്നു. ഇംഗ്ലണ്ടിന്റെ ഉത്തര- പശ്ചിമ ഭാഗത്തെ സൗത്ത്​ പോർട്ടിലെ ഒരു നൃത്തശാലയിൽ ജൂലൈ 29ന് ഒരു കത്തിക്കുത്ത്...

‘ഓഫ്കോം’ ബ്രിട്ടനിലെ വാർത്താവിതരണരംഗത്ത് സർക്കാർ അംഗീകാരമുള്ള ഏജന്‍സിയാണ്. ഈ ആഗസ്റ്റ്​ ആദ്യവാരം ഇംഗ്ലണ്ടിൽ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ‘ഓഫ്കോം’ അതി​ന്റെ നിരീക്ഷകരുടെ എണ്ണം 460ൽനിന്ന്​ 550 ആയി ഉയര്‍ത്തുകയുണ്ടായി. പൊതുജന താൽപര്യം സംരക്ഷിക്കാൻ അതാവശ്യമായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടതിന് കാരണം ഒരു തെറ്റായ വാര്‍ത്തയുടെ ബോധപൂർവമായ പ്രചാരണമായിരുന്നു. എന്നാൽ, തുടര്‍ന്നുണ്ടായ കുഴപ്പത്തിനു കടിഞ്ഞാണിടാൻ പുതുതായി ഭരണത്തിലേറിയ കെയർ സ്റ്റാർമർ സർക്കാറിന് ഏറെ പണിപ്പെടേണ്ടിവന്നു. ഇംഗ്ലണ്ടിന്റെ ഉത്തര- പശ്ചിമ ഭാഗത്തെ സൗത്ത്​ പോർട്ടിലെ ഒരു നൃത്തശാലയിൽ ജൂലൈ 29ന് ഒരു കത്തിക്കുത്ത് നടന്നെന്നും, അതിൽ മൂന്നു പെൺകുട്ടികൾ മൃതിയടഞ്ഞെന്നുമുള്ള വ്യാജവാർത്തയാണ് കാട്ടുതീപോലെ പടർന്നത്. വലതുപക്ഷ തീവ്രവാദ സംഘങ്ങൾ സോഷ്യൽ മീഡിയയിലൂടെ സമർഥമായി ഈ കള്ളവാര്‍ത്ത പ്രചരിപ്പിച്ചപ്പോൾ പലരും അത് വിശ്വസിച്ചു. കുറ്റം ചുമത്താൻ കുടിയേറ്റക്കാരനായ ഒരു മുസ്‍ലിമിനെയും കണ്ടെത്തി. ഇതോടെ എത്രയോ തെരുവുകൾ യുദ്ധക്കളമായി. പള്ളികൾ ആക്രമിക്കപ്പെട്ടു. കുടിയേറ്റ കേന്ദ്രങ്ങൾ നിശ്ചലമായി. ലഹള നടത്തിയതിനും ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ചതിനും കേസെടുക്ക​ുന്നതിൽ പൊലീസ്​ അമാന്തം കാണിച്ചില്ല എന്നത്​ എടുത്തു പറയണം.

ഏതാണ്ട് തൊള്ളായിരം പേർ അറസ്റ്റ് ചെയ്യപ്പെട്ടു. ഭാഗ്യമെന്നു പറയാം, താമസിയാതെ നിയമപാലകരിൽനിന്ന്​ അറിയിപ്പുണ്ടായി: ആക്സൽ റുദാകുബാന എന്നു പേരുള്ള പതിനേഴു വയസ്സുകാരനാണ്​ ഈ കുറ്റകൃത്യംചെയ്തത്. കാർഡിഫിൽ ജനിച്ച ഈ യുവാവ് റുവാണ്ടയിൽനിന്ന് കുടിയേറിയ ക്രൈസ്​തവ കുടുംബത്തിലെ അംഗമാണെന്നും പൊലീസ് വ്യക്തമാക്കി.

കലാപം ബ്രിട്ടനിലെ ഇരുപതിലേറെ നഗരങ്ങളെ പിടിച്ചുലച്ചു. പൊതുമുതൽ നശിപ്പിക്കപ്പെട്ടു. സ്വകാര്യ സ്വത്തുക്കൾ -പ്രത്യേകിച്ചും മുസ്‍ലിംകളുടേത്- കൈയേറ്റംചെയ്യപ്പെട്ടു! ഇതെല്ലാം സംഭവിച്ചത് വലതുപക്ഷ രാഷ്ട്രീയക്കാരുടെ ബോധപൂർവമായ തീവ്രവാദ പ്രചാരണങ്ങൾ മൂലമായിരുന്നു! കുറ്റം ചെയ്യാത്തവരെ അവർ തീവ്രവാദികളും കലാപകാരികളുമായി ചിത്രീകരിച്ചു! വലതുപക്ഷ സംഘടനകൾ ലോകശ്രദ്ധ നേടുന്നത് അങ്ങനെയാണ്. എന്നാൽ, ബ്രിട്ടനിൽ ഇടതു-വലതു തീവ്രവാദ സംഘടനകൾക്ക് ദീർഘകാല ചരിത്രമുള്ളതുകൊണ്ട്​ ആരും പെട്ടെന്നതു മുഖവിലക്കെടുത്തില്ലയെന്നുവേണം കരുതാൻ. ബ്രിട്ടനിലെ ഏറ്റവും വലിയ തീവ്രവാദ സംഘടന ആദ്യം ജോൺ ടിന്റലും പിന്നീട് നിക്ക് ഗ്രിഫിനും നയിച്ച ബ്രിട്ടീഷ് നാഷനൽ പാർട്ടി (BNP)യാണ്. ഇംഗ്ലീഷ് ഡിഫൻസ് ലീഗ് (EDL) മുൻ ബി.എൻ.പി മെംബറായ ടോമി റോബിൻസൺ സ്ഥാപിച്ചതാണ്. തെരുവ് പ്രകടനങ്ങളും പ്രതിഷേധങ്ങളും ന്യൂനപക്ഷമായ മുസ്​ ലിംകൾക്കെതിരെയുള്ള വിദ്വേഷപ്രചാരണവുമാണ്​ ഇവരുടെ കർമപരിപാടി. ഫാഷിസ്റ്റ് ഗ്രൂപ്പായ ‘ബ്ലാക്ക്​ ഷേട്ട്സ്’ മറ്റൊരു പ്രധാന തീവ്രവാദ കൂട്ടായ്മയാണ്.

കലാപത്തെയും കള്ളക്കഥകളെയും നിർവീര്യമാക്കുന്നതിൽ സമൂഹത്തിന്റെ സമാധാനവും പുരോഗതിയും ലക്ഷ്യമാക്കി 1896 മുതൽ പ്രവര്‍ത്തിക്കുന്ന ഹ്യൂമനിസ്റ്റ്സ് യു.കെ വഹിച്ച പങ്ക്​ പ്രത്യേകം പരാമര്‍ശമർഹിക്കുന്നു. മതവിശ്വാസികളല്ലാത്ത ആളുകളെ തങ്ങളുടേതായ ചുറ്റുപാടിലെ വിവിധ സമുദായങ്ങളെക്കുറിച്ചു ബോധവത്കരിക്കാനാണവർ ശ്രമിക്കുന്നത്. എന്നാൽ, റോയൽ

യുനൈറ്റഡ് സർവിസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പഠനങ്ങളനുസരിച്ചു ന്യൂനപക്ഷ സമുദായങ്ങളെ തെറ്റായി മനസ്സിലാക്കുന്നതിന് പല കാരണങ്ങളുണ്ട്. ഭരണകൂട നിയമസംവിധാനങ്ങൾതന്നെ ന്യൂനപക്ഷ സമൂഹത്തിലെ അംഗങ്ങളെ കുറ്റവാളികളായി കാണുന്നതാണ്​ ഒന്നാമത്തെ കാരണം. തീവ്രവാദിയായ വെള്ളക്കാരൻ സായ്പ് കുറ്റം ചെയ്യുമ്പോൾ അയാളെ ‘തലക്ക് വെളിവില്ലാതെ’ കുറ്റം ചെയ്തുപോയതായി ചിത്രീകരിച്ചു വെള്ളപൂശി രക്ഷപ്പെടുത്തുന്നു. ഈയൊരു തന്ത്രം ഇന്ന് -നമ്മുടെ നാട്ടിൽ ഉൾപ്പെടെ- ലോകവ്യാപകമായി വലതുപക്ഷ തീവ്രവാദികൾ ഭരണകൂട സഹകരണത്തോടെ പ്രയോഗിച്ചു വരികയാണ്! പക്ഷേ, പ്രധാനമന്ത്രി കെയർ സ്റ്റാർമർ മടികൂടാതെ തുറന്നു പറഞ്ഞു: ‘നാം സങ്കടകരമായ അവസ്ഥയിലാണ്. ഒരു കറുത്ത ഗർത്തം നമ്മെ പിന്തുടരുന്നുണ്ട്. അത് സാമ്പത്തികത്തകർച്ച മാത്രമല്ല, നമ്മുടെ സാമൂഹിക ബന്ധങ്ങളിലും വിള്ളലുകളുണ്ട്.’ ഇംഗ്ലണ്ടിലും ഉത്തര അയർലൻഡിലും ആഗസ്റ്റ് മാസം ആദ്യത്തിൽ അരങ്ങേറിയ ലഹളയെ അപലപിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. *വിദേശികളോടുള്ള അകാരണമായ വിദ്വേഷത്തെയും ഇസ്‍ലാമിനോടുള്ള അകാരണമായ വിദ്വേഷത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു.

പുതുതായി ഭരണത്തിലേറിയ കെയർ സ്റ്റാർമർ, പ്രക്ഷോഭം ഭരണകൂടത്തിനു വെല്ലുവിളിയാണെന്നും, അത് നാട്ടിൽ സ്വൈരജീവിതം അസാധ്യമാക്കുമെന്നും വിലയിരുത്തി. ബ്രിട്ടൻ ഒരു പുതിയ സാമൂഹിക സാഹചര്യത്തിലാണെന്ന കാര്യം വിസ്മരിക്കാവുന്നതല്ല: കുടിയേറ്റം വർധിക്കുന്നു, സോഷ്യൽ മീഡിയയും ഇലക്ട്രോണിക് മാധ്യമങ്ങളും സർക്കാർ നിയന്ത്രണമില്ലാതെ വളരുകയാണ്. സാമ്പത്തികത്തകർച്ച ജനജീവിതം ദുസ്സഹമാക്കുന്നു. ഇതെല്ലാം വിലയിരുത്തിയ സ്റ്റാർമർ കുഴപ്പക്കാർക്കെതിരെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. അതോടെ, വ്യാജ വാര്‍ത്തകളും തുടര്‍ന്നു ഛിദ്രവാസനകളും കെട്ടടങ്ങി. യഥാർഥത്തിൽ വിദേശികളോടുള്ള വിദ്വേഷവും അന്യമതവിശ്വാസികളോടുള്ള വിരോധവുമൊക്കെ വളർത്തിയെടുത്തതിൽ പാശ്ചാത്യ സമൂഹങ്ങൾ -പ്രത്യേകിച്ച് മാധ്യമങ്ങൾ- വഹിച്ച പങ്ക് ചെറുതല്ല. ഇപ്പോൾ, വിഷം ചീറ്റുന്ന ഈ സംഘടനകൾ തങ്ങളെത്തന്നെ കടന്നാക്രമിക്കുന്ന അവസ്ഥ വന്നപ്പോഴാണ് അവർക്ക് ബോധോദയം ഉണ്ടാകുന്നത്!

ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്നും വേർപിരിയുമ്പോൾ വലിയ വീരവാദങ്ങളൊക്കെ മുഴക്കിയത് ഓർക്കുമല്ലോ. ലണ്ടൻ ലോകത്തിന്റെ തന്നെ തലസ്ഥാനമാണെന്നും അതിനാൽ ഏതു രാജ്യാന്തര സൗഹൃദവും ബ്രിട്ടീഷുകാർ സ്വാഗതം ചെയ്യുന്നതാണെന്നും അവർ വീമ്പിളക്കി. ബ്രിട്ടന്റെ നാഗരികത എല്ലാ മാനുഷിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനാൽ, സമാധാനവും സഹവർത്തിത്വവും രാജ്യത്ത് നിലനില്‍ക്കുമെന്നും, അതിനു യൂറോപ്യൻ യൂനിയനിൽ അംഗമാവേണ്ട ആവശ്യമില്ലെന്നും അവർ വാദിച്ചു. വലതുപക്ഷ സംഘടനകൾ തന്നെയായിരുന്നു ഇതിന്റെയെല്ലാം മുൻപന്തിയിൽ.

എന്നാൽ, ഇന്നു നാം കാണുന്നത് ഇതര പാശ്ചാത്യ രാജ്യങ്ങളിലെ പരമതവിദ്വേഷവും, വിദേശികളോടുള്ള വെറുപ്പും ഒക്കെയാണ് ബ്രിട്ടനിലും നിലനില്‍ക്കുന്നതെന്നാണ്. എല്ലാവിധത്തിലും പാശ്ചാത്യരെ അനുകരിക്കാൻ വെമ്പുന്ന ഏഷ്യൻ രാഷ്ട്രങ്ങളിലും ഈ ച്യുതി പടർന്നുപിടിക്കുന്നതിനെ നാം ഭയപ്പെടേണ്ടിയിരിക്കുന്നു!

നാഗരികത വ്യത്യസ്ത ജനവിഭാഗങ്ങളെ കൂട്ടിയിണക്കുന്നു. അവിടെ പ്രശ്നങ്ങൾ പരിശോധിക്കുന്നതും പരിഹരിക്കുന്നതും പരസ്പരം കൂടിയാലോചിച്ചാണ്. വിശ്വാസപരമായ കാര്യങ്ങളിൽ നിർബന്ധം ചെലുത്തുന്നത് ആധുനിക സംസ്കൃതിക്ക് യോജിച്ചതല്ല. എന്നാൽ,

ആധുനികനെന്നും സംസ്കൃതനെന്നും അവകാശപ്പെടുന്ന പരിഷ്കൃത മനുഷ്യരാണിപ്പോൾ വിശ്വാസകാര്യങ്ങൾ പറഞ്ഞു തല്ലുകൂടുന്നത്! വാർത്താമാധ്യമങ്ങളും വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും ലോകം ഒന്നടങ്കം ഒറ്റ കുടുംബമാണെന്നു ബോധ്യപ്പെടുത്തുന്നു. ഈ അവസ്ഥയിൽനിന്നും തിരിച്ചുപോകാൻ മനുഷ്യന് സാധ്യവുമല്ല. ഈ യാഥാര്‍ഥ്യം അംഗീകരിക്കാൻ മടിക്കുന്നവരാണ് പരസ്പരം തല്ലുകൂടാൻ നില്‍ക്കുന്നത്.

പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റിയയക്കുന്നത് വെട്ടിക്കുറച്ചെന്ന വാർത്ത സന്തോഷം നല്‍കുന്നു. അമേരിക്കയുടെ സഹായത്തോടെ നിരാലംബരായ ഫലസ്തീനികളെ -പ്രത്യേകിച്ചും കുഞ്ഞുങ്ങളെയും സ്ത്രീകളെയും- കൂട്ടക്കൊല ചെയ്യുകയാണ് നെതന്യാഹു! ഐക്യരാഷ്ട്ര സംഘടനയുടെയും ലോക കോടതിയുടെയും നിർദേശങ്ങളൊന്നും അവർ പാലിക്കുന്ന കൂട്ടത്തിലല്ല! ഈ തീരുമാനത്തെ മുൻ പ്രധാനമന്ത്രിയായിരുന്ന ഋഷി സ​ുനകും ഇസ്രായേലി പ്രതിരോധമന്ത്രി യോവ് ഗാലന്റും ബ്രിട്ടനിലെ ജൂതലോബിയും ചോദ്യംചെയ്യുന്നു. എന്നാൽ, സ്റ്റാർമറുടെ ഉത്തരം സുതാര്യമാണ്: ‘നമ്മുടേത് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്ന രാഷ്ട്രമാണ്. ഈ തീരുമാനം നിയമാനുസൃതമാണ്. ജനങ്ങളുടെ സുരക്ഷയും സഹവർത്തിത്വവും ഉറപ്പുവരുത്തുക എന്നത് ഒരു ജനാധിപത്യ രാജ്യത്തിലെ പൗരരുടെ ഉത്തരവാദിത്തമാണ്.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainWorld NewsKeir Starmeranti immigrant riots
News Summary - Keir Starmer-anti immigrant riots
Next Story