ഇതിൽ ഇവനേത് യവനൻ?
text_fieldsഒന്ന്
ജീവിതമെന്താണെന്ന ചോദ്യത്തിന് ഉത്തരങ്ങൾ അനവധിയാണ്. ഓരോ ഉത്തരവും അപൂർണമാണെന്ന ഉത്തമബോധ്യത്തോടെ ഒടുവിൽ അതേ ചോദ്യത്തിലേക്കുതന്നെ അസ്വസ്ഥതയോടെ അവ മടങ്ങിപ്പോവുകയും, അവിടെയും നിൽക്കപ്പൊറുതി കിട്ടാതെ വീണ്ടും വീണ്ടും തലചുറ്റിക്കുന്ന അന്വേഷണങ്ങളുടെ അശാന്തിയിലേക്കത് വന്നുവീഴുകയും ചെയ്യും. ഇന്ധനം തീർന്ന വിമാനം പോലെ! അസ്തിത്വത്തിലന്തർഭവിച്ച അപരിഹാര്യമായ ഈയൊരു വൈരുധ്യത്തെ മണ്ണിലിറങ്ങാതെ മറികടന്നുപോവാൻ ഒരിക്കലും ജീവിതത്തിന്നാവില്ല. ഏതൊക്കെയോ വഴിത്തിരിവുകളിൽവെച്ച്, ചൈതന്യമായി മാറിയ ജഢപദാർഥത്തിന്റെ വിസ്മയങ്ങളുടെ ആഴത്തിൽതന്നെയാണ് അശാന്തിയുമെന്ന അറിവിൽവെച്ചാണ് ജീവിതം കൃത്യം അറിയുന്നതും അതോടൊപ്പം ആവിധം അറിയാത്തതുമായി വിഭജിതമാവുന്നത്. അനന്തമജ്ഞാതം അവർണനീയം എന്നുള്ളത് പ്രപഞ്ചത്തിന് മാത്രമല്ല, അതിന്റെ അതിസൂക്ഷ്മ നാനോ പതിപ്പായ ജീവിതത്തിനും ബാധകമാണ്. എന്നാൽ, ഈവിധം എന്തിനെയും കീഴ്മേൽ മറിക്കുന്ന ജീവിതമെന്ന മഹാസമസ്യ, നമ്മുടെ ദൈനംദിന ജീവിതത്തിനുമുമ്പിൽ സ്വയം വിനീതമാവും. അസ്തിത്വസംബന്ധമായ സർവ സങ്കീർണതകളുടെയും കുരുക്ക്, അന്നന്നത്തെ നിലനിൽപിന് വേണ്ടിയുള്ള നാനാതരം ഇടപെടലുകളുടെ ഇടയിൽവെച്ചാണ് സാധാരണ ജീവിതം അഴിക്കുന്നത്. ശാസ്ത്രം പരിഹരിക്കപ്പെട്ട പ്രശ്നങ്ങളിലേക്ക് പിന്നെ തിരിച്ചുവരാതിരിക്കുമ്പോൾ, തത്ത്വചിന്തയും സൗന്ദര്യശാസ്ത്രവും ചരിത്രവും അതിൽനിന്ന് വ്യത്യസ്തമായി, പരിഹരിക്കപ്പെട്ടത് ജീവിതത്തിലെ ചില പ്രശ്നങ്ങളാണെന്നും എന്നാൽ, ജീവിതമെന്ന മഹാപ്രശ്നം ആവിധം പരിഹരിക്കപ്പെടാനാവാത്തതാണെന്നുമുള്ള അഗാധബോധ്യത്തോടെ ഒരിക്കൽ പരാമർശിച്ച പ്രശ്നങ്ങളിലേക്കും, എന്തിന് പരിഹരിച്ചു എന്നു കരുതിയ പ്രശ്നങ്ങളിലേക്കും നിരന്തരം തിരിച്ചു വന്നുകൊണ്ടേയിരിക്കും. ഇതുവരെ കണ്ടുപിടിക്കപ്പെട്ടതിൽ വെച്ചേറ്റവും മഹത്തായ കണ്ടുപിടിത്തം ജീവിതമാണെന്ന് ഗബ്രിയേൽ മാർക്കേസ്. (Life is the best thing that is ever been invented)
മാർക്കേസിന്റെ ഈയൊരു കൊച്ചു വാക്യത്തിലെ ജീവിതം മഹാജീവിതത്തിൽനിന്ന് തെറിച്ച ഒരു ചെറുകഷ്ണമാണ്. ഭാനുമാനിൽനിന്ന് കടപൊട്ടി പറന്നെത്തിയൊരു കതിരുപോലെ!. മികച്ചത് എന്ന അതിന് മുമ്പിലുള്ള വിശേഷണമാവട്ടെ ചരിത്രവും സൗന്ദര്യശാസ്ത്രവും തത്ത്വചിന്തയും സംയുക്തമായി ഭാവനയിൽ കൊഴുപ്പിച്ചെടുത്തതാണ്. പറഞ്ഞുവരുന്നത് ജീവിതം അനിർവചനീയമാണെന്ന ചിരസമ്മതമായ വസ്തുതയല്ല, മറിച്ച് അത് അനിർവചനീയമായിരിക്കുമ്പോഴും അതിനെ നിർവചിക്കാനും നിറപ്പകിട്ടുള്ളതാക്കാനും കഴിയുമെന്നും, ആ കഴിവിലാണ് ദൈനംദിന ജീവിതം കഴിഞ്ഞുകൂടുന്നതെന്നുമാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ചരിത്രവും സൗന്ദര്യശാസ്ത്രവും തത്ത്വചിന്തയും അവയുടെയൊക്കെയും പ്രധാന മാധ്യമമായ സൗന്ദര്യാത്മകഭാഷയും മാറ്റിവെച്ചാൽ, ജീവിതമെന്ന സങ്കീർണതയെ സൂക്ഷ്മത്തിൽ മനസ്സിലാക്കുക അസാധ്യമാവുമെന്നാണ്. നഗ്നപ്രകൃതിയിൽനിന്ന്, ജീവിതപ്രകൃതിയിലേക്കും അവിടെനിന്ന് പിന്നീട് മനുഷ്യാവിർഭാവത്തിലൂടെ വികസിതമായ പ്രജ്ഞാ പ്രകൃതിയിലേക്കുമുള്ള കുതിപ്പുകളെ വിശേഷിപ്പിക്കാൻ വിസ്മയാവഹം എന്ന വാക്ക് ഭാഷയിൽ ഇല്ലായിരുന്നുവെങ്കിൽ, മനുഷ്യർ കുഴഞ്ഞുപോവുമായിരുന്നു! മൃഗങ്ങൾക്കും ജൈവപരിമിതകളിലൊതുങ്ങുന്ന മനുഷ്യർക്കും ഇത്തരം കുഴയ്ക്കുന്ന ഏടാകൂടങ്ങളിൽ കുടുങ്ങിക്കിടക്കേണ്ടൊരു കാര്യവുമില്ല. എന്നാൽ, മനുഷ്യർക്കാർക്കും അവർ മനുഷ്യരായിരിക്കുമ്പോൾ എപ്പോഴെങ്കിലും ഇത്തരം കുഴക്കുന്ന ചോദ്യങ്ങളിൽനിന്ന്, അതിൽവെച്ച് ഏറ്റവും സങ്കീർണവും മറ്റെല്ലാ ചോദ്യങ്ങളുടെയും മൗലിക േസ്രാതസ്സുമായ മഹാജീവിതം എന്ത് എന്ന അസ്വസ്ഥ ചോദ്യത്തിൽനിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. ജീവിക്കാനുള്ള തത്രപ്പാടുകൾക്കിടയിൽ ഈയൊരു ചോദ്യം താൽക്കാലികമായി ഒഴിഞ്ഞുപോവുമെങ്കിലും, അതൊരിക്കലും എന്നെന്നേക്കുമായി ഒഴിഞ്ഞുപോവുകയില്ല. ചെറിയ ജീവിതത്തിന് മഹാജീവിതവുമായുള്ള അഭിമുഖം ഒഴിവാക്കാനോ, പരിമിതമായതിന് അപരിമിതത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനോ ഒരിക്കലും കഴിയില്ല. എന്നാൽ, ദൈനംദിന ജീവിതത്തിന്റെ മൗലികപ്രശ്നം മഹാജീവിതവുമായുള്ള, അതായത് സമസ്ത ജീവിതത്തിന്റെയും ജീവിതമായ ആയൊരു േസ്രാതസ്സുമായുള്ള സ്ഥിരം സംവാദമല്ല, ആത്മാഭിമാനത്തോടെയുള്ള സാധാരണജീവിതത്തിന്റെ നിലനിൽപാണ്. അതുകൊണ്ടാണ് വിശക്കുന്നവർക്ക് ആദ്യം വേണ്ടത് അപ്പമാണെന്നും അല്ലെങ്കിൽ, മറ്റൊന്നിലേക്കും കടക്കുന്നത് പോയിട്ട് കണ്ണ് തുറക്കാൻപോലും അവർക്കാവില്ലെന്നും ചരിത്രവും തത്ത്വചിന്തയും സൗന്ദര്യശാസ്ത്രവും പറയുന്നത്. ‘ഒന്നാംറാങ്ക് കിട്ടിയതിൽ അഭിമാനം തോന്നിയില്ല. കാരണം വയറുവിശക്കുന്നവന് അഭിമാനമില്ല. ദരിദ്രർക്ക് അഭിമാനമില്ല. ഉണ്ടെങ്കിൽതന്നെ ദുരഭിമാനമാണ്. ഭക്ഷണം കഴിച്ചാലേ അഭിമാനം വരൂ’ (‘എതിര്’ എം. കുഞ്ഞാമൻ)
വിശപ്പ് മാറ്റാനുള്ള വിദ്യയുണ്ടെങ്കിൽ മലം തിന്നും അത് പഠിക്കാൻ തയാറാണെന്ന് ശരൺകുമാർ ലിംബാളയുടെ ഉചല്യ എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്നത് നെഞ്ചിടിപ്പോടെയല്ലാതെ വായിച്ചുപോവാനാവില്ല. മനുഷ്യർ അന്നംകിട്ടാത്ത പ്രതികൂലാവസ്ഥകളിൽ ആദ്യം ചിന്തിച്ചിട്ടുണ്ടാവുക തലകൊണ്ടാവില്ല, വയർ കൊണ്ടാവണം! ചില ഗോത്രവർഗക്കാർ ഓർമകളുടെ കലവറയായി വയറിനെ കാണുന്നതും അതുകൊണ്ടാവണം. പയിക്കുന്നേ എന്നൊരൊറ്റ ഉള്ളം കലക്കുന്ന നിലവിളിക്കുമുമ്പിൽ, അത് പരിഗണിക്കാത്ത മറ്റൊന്നിനും നിവർന്ന് നിൽക്കാനാവില്ല. ‘ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കിൽ വെച്ചുകഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങൾക്ക് വിളമ്പിക്കൊടുക്കും. ദൈവത്തിന്റെമേൽ ചാർത്തിയ പട്ടുതിരുവുടയാട അർധനഗ്നരായ പാവങ്ങളുടെ അരമറക്കാൻ ചീന്തിക്കൊടുക്കും’ (വി.ടി).
ഴാങ്പോൾസാർത്ര് വളർന്നത്, സ്വന്തം പ്രായത്തിലുള്ള കുട്ടികൾക്കൊപ്പം കളിച്ചല്ല, പുസ്തകങ്ങൾക്കൊപ്പം യാത്രചെയ്താണ്. വാക്കുകൾ എന്ന ആത്മകഥയിൽ മനോഹരമായി സ്വന്തം കുട്ടിക്കാലം അദ്ദേഹം അടയാളപ്പെടുത്തിയത് ഇങ്ങനെ; ഞാൻ മണ്ണുവാരി കളിച്ചില്ല, പക്ഷിക്കൂടുകൾ തേടിയലഞ്ഞില്ല, ഔഷധച്ചെടികൾ തിരക്കി നടന്നില്ല. കിളികളെ കല്ലെറിഞ്ഞില്ല. പുസ്തകങ്ങളായിരുന്നു എന്റെ കിളികൾ, എന്റെ കിളിക്കൂടുകൾ, എന്റെ വളർത്തുമൃഗങ്ങൾ, എന്റെ തൊഴുത്ത്, എന്റെ ഗ്രാമം എല്ലാം സാർത്ര് വീടുവെച്ചത് അമൂർത്തതകളിലാണ്. കുടുംബത്തിൽ നിലനിന്ന സമൃദ്ധികൂടിയാണ് സാർത്രിന്റെ പുസ്തകപ്രിയത്തിന്റെയും ആശയപ്രിയത്തിന്റെയും അമൂർത്ത കളിസ്ഥലങ്ങളുടെയും പശ്ചാത്തലം. എന്നാൽ, അതുവഴി മഹാജീവിതവുമായി സാർത്ര് നിർവഹിച്ച സംവാദം, ദൈനംദിന ജീവിതപ്രശ്നങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള ഊർജമായി മാറുകയാണുണ്ടായത്. അതുകൊണ്ടാണ് വിശന്ന് മരിക്കുന്ന കുഞ്ഞുങ്ങൾക്ക് മുമ്പിൽ നിങ്ങളുടെ പുസ്തകങ്ങൾക്ക് ഒരു വിലയുമില്ലെന്ന്, ഒരു രണ്ടാംവട്ട ആലോചനകൂടാതെ അദ്ദേഹം തീർത്തുപറഞ്ഞത്. റിയലിസത്തെക്കുറിച്ചുള്ള ചിന്തയുടെ ഭാഗമായി ബ്രഹ്ത് പറഞ്ഞ അമൂർത്ത വിചിന്തനത്തെ േപ്രാത്സാഹിപ്പിക്കുന്ന മട്ടിൽ മൂർത്തമായിരിക്കുക എന്നുള്ളതും ഇതോടൊപ്പം ചേർത്തു മനസ്സിലാക്കപ്പെടേണ്ടതാണ്. വാലും തലയുമില്ലാത്ത അമൂർത്തചിന്തക്ക് മണ്ണിൽ ഉറച്ചുനിൽക്കാനുള്ള കാലും ആകാശം കാണാനുള്ള കണ്ണും ഉണ്ടാവുന്നത്, ചിന്ത അമൂർത്തതയെ കൈയൊഴിക്കുമ്പോഴല്ല, മറിച്ച് മൂർത്ത അവസ്ഥകളുമായി അതിനെ കണ്ണിചേർക്കുമ്പോഴാണ്. ചരിത്രചട്ടക്കൂട്ടിനകത്ത് നിർവചിക്കപ്പെടാവുന്ന മൂർത്ത ജീവിതവും ആവിധം ഒരു നിർവചനങ്ങളിലും ഒതുങ്ങാത്ത അമൂർത്ത മഹാജീവിതവും മൂർത്തയാഥാർഥ്യങ്ങളുടെ ഭാഗമാവുമ്പോൾ, ആശയക്കുഴപ്പങ്ങൾ അവസാനിക്കും. അപ്പോഴും ആ ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങളുടെ നിർവഹണം അസാധ്യമായാൽ, ആവിഷ്കാരങ്ങൾ പിന്നെയും പ്രതിസന്ധിയിലാകും. വിപ്ലവം അപ്പത്തിനുവേണ്ടിയുള്ള സമരമല്ല, ആത്മാഭിമാനത്തിനുവേണ്ടിയുള്ള സമരമാണ്. എന്നാൽ, ആത്മാഭിമാനത്തിൽ അപ്പവും തൊഴിലുമടക്കം ജീവിതാവശ്യങ്ങളെല്ലാം ഉൾപ്പെടും എന്ന് ഫാനൻ. വിശപ്പിന്റെ അഗാധഗർത്തങ്ങളിലേക്ക് എന്നന്നേക്കുമായി വീണുപോയവർക്ക് ഒരിക്കലും ആത്മാഭിമാനത്തിന്റെ ലോകത്തിലേക്ക് എളുപ്പം എഴുന്നേൽക്കാനാവില്ല. അങ്ങനെവന്നാൽ ആവിഷ്കാരം മാത്രമല്ല, അതിജീവനവും വളരെ ശ്രദ്ധിച്ചാൽമാത്രം കേൾക്കാവുന്ന ഒരു ഞരക്കത്തോടെ അപ്പോൾ അവസാനിച്ചേക്കാം.
തുടരും...
അടുത്തലക്കം-പകൽവെളിച്ചത്തിൽ വിളക്കുമായി നടക്കുന്ന ഒരു പുതിയ യവനനുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.