ചിന്തിക്കാം, കോവിഡാനന്തര കേരളത്തെക്കുറിച്ചും
text_fieldsകോവിഡാനന്തര കേരളത്തെയും അതിെൻറ ഭാവിയെയും ആസൂത്രിത പുരോഗതിയെയും ചിന്തിക്കേണ്ട സമയമായിരിക്കുന്നു. കോവിഡ് നേരിടുന്നതിൽ കേരളം കാട്ടിയ പ്രായോഗികമാതൃക ലോകത്താകെ ചർച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പൊതുവിൽ സംസ്ഥാന ഭരണകൂടവും അഭിനന്ദനാർഹരാണ്. രാഷ്ട്രീയമായി, പൊതുവിൽ, സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിന് എതിരായ നിലപാടുകളാണ് സ്വീകരിക്കാറുള്ളതെങ്കിലും കോവിഡ്കാര്യത്തിൽ ഇരു സർക്കാറുകളും യോജിച്ച പ്രവർത്തനവും സഹകരണവും പ്രദർശിപ്പിച്ചു എന്നതും എടുത്തുപറയേണ്ടതുണ്ട്. എല്ലാ പ്രതിസന്ധികളിലും ഭാവിയുടെ വിജയസാധ്യത ഒളിഞ്ഞുകിടക്കുന്നു. എെൻറ അഭിപ്രായത്തിൽ കോവിഡാനന്തര ലോകത്ത് ഏറെ വികസനത്തിനും പുരോഗതിക്കും സാധ്യതയുള്ള നാടാണ് കേരളം. കേരളത്തിെൻറ ഭാവിയെപ്പറ്റി എന്നും ശുഭപ്രതീക്ഷയും വിശ്വാസവും െവച്ചുപുലർത്തിയ ആളാണ് ഞാൻ. ഓരോ പ്രദേശത്തും, പ്രകൃതിയും ജീവിതസംസ്കാരവും ചേർന്ന് സൃഷ്ടിച്ച തനതായ സാധ്യതകൾ പരമാവധി വികസിപ്പിക്കുകയെന്നതാണ് ഓരോ പ്രദേശത്തിെൻറയും വിജയമന്ത്രം.
ഇൗ സാധ്യതകൾ തിരിച്ചറിയുകയും അത്തരം മേഖലകൾക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിച്ചുനടപ്പാക്കുകയുമാണ് വേണ്ടത്. ടൂറിസം, മെഡിക്കൽ ടൂറിസം, ആയുർവേദം, ഹോളിസ്റ്റിക് ഹെൽത്ത്, മനുഷ്യശക്തിയുടെ വികസനവും ആഗോള വിന്യാസവും, വിവര സാേങ്കതികവിദ്യ, തെരഞ്ഞെടുക്കപ്പെട്ട വ്യവസായ മേഖലകൾ, ലോഹമണലുകളുടെ സംസ്കരണം തുടങ്ങിയവയാണ് നിലവിലെ സാഹചര്യത്തിൽ നമുക്ക് ഏറെ സാധ്യതയുള്ളത്. വൻകിട വ്യവസായങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല എന്ന് ആദ്യമേ മനസ്സിലാക്കണം. നമ്മുടെ പരിശുദ്ധമായ പ്രകൃതിയെ കളങ്കപ്പെടുത്തി, മലിനീകരണം സൃഷ്ടിക്കുന്ന രാസവ്യവസായങ്ങൾ കേരളത്തിന് ആവശ്യമില്ല. നമ്മുടെ പ്രകൃതിയും മനുഷ്യനും നൽകിയിട്ടുള്ള വിഭവങ്ങൾകൊണ്ടുതന്നെ ഐശ്വര്യപൂർണമായ കേരളം സൃഷ്ടിക്കാൻ സാധിക്കും. പ്രകൃതിയുടെ നൈസർഗികതയാണ് നമ്മുടെ ഏറ്റവും മഹത്തായ പൈതൃകസമ്പത്ത്. 500 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരവും കായലുകളുടെയും നദികളുടെയും ശൃംഖലയും സഹ്യപർവതവും സസ്യസമൃദ്ധമായ ഇടനാടുകളും എല്ലാം സന്തുലിതമായി നൽകിയ പരിസ്ഥിതി നാം കാത്തുസൂക്ഷിക്കേണ്ടതാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തി, സമഗ്രമായ ടൂറിസം പദ്ധതി തയാറാക്കണം. കോവിഡ്കാലത്ത് നാം നേടിയ സൽപ്പേര് ഇതിനായി ഉപേയാഗപ്പെടുത്തണം.
കേരളത്തിെൻറ വിസ്തീർണം ഇന്ത്യയുടെ രണ്ടര ശതമാനവും ജനസംഖ്യ മൂന്നു ശതമാനവുമാണ്. എന്നാൽ, രാജ്യത്തിെൻറ ആരോഗ്യപരിപാലന ചികിത്സകേന്ദ്രങ്ങളുടെ 30 ശതമാനത്തോളം ഇവിടെയാണ്. ഈ ശൃംഖല ലോകത്തിലെതന്നെ ഒരു പ്രധാന ആരോഗ്യസംരക്ഷണ ചികിത്സമേഖലയായി കേരളത്തെ വികസിപ്പിച്ചെടുക്കാൻ പര്യാപ്തമാണ്. അതിനാൽ, മെഡിക്കൽ ടൂറിസം മേഖലയിൽ അപാരമായ സാധ്യതയാണ് നമുക്കുള്ളത്. അതുപോലെതന്നെ നമ്മുടെ പാരമ്പര്യചികിത്സ സമ്പ്രദായമായ ആയുർവേദത്തെയും ഹോളിസ്റ്റിക് ചികിത്സയെയും ലോകം ഉറ്റുനോക്കുന്നു. ആഗോളജനത അലോപ്പതി ചികിത്സയിൽനിന്ന് പരമ്പരാഗത ഹോളിസ്റ്റിക് ചികിത്സാരീതികളിലേക്ക് ക്രമേണ മാറിക്കൊണ്ടിരിക്കുകയാണ്. ആയുർവേദ ചികിത്സ ശാസ്ത്രീയമായി സംഘടിപ്പിക്കുന്നതിനും ലോകാന്തരങ്ങളിൽ കേരള ആയുർവേദകേന്ദ്രങ്ങൾ സംഘടിപ്പിക്കുന്നതിനുമായി 'കേരള ആയുർവേദ ഗ്ലോബൽ വിഷൻ' സംഘടിപ്പിക്കണം.
ഏറ്റവുമധികം, ശ്രദ്ധിക്കേണ്ട കേരളത്തിെൻറ തനതായ വൈദഗ്ധ്യമേഖലയാണ് നഴ്സിങ് വിദ്യാഭ്യാസം. രാജ്യത്ത് ബഹുഭൂരിപക്ഷം നഴ്സിങ് വിദ്യാർഥികളെയും പരിശീലിപ്പിച്ചെടുക്കുന്നത് കേരളമാണ്. ലോകത്ത്, ലക്ഷക്കണക്കിന് പരിശീലനം ലഭിച്ച നഴ്സുമാരെ ആവശ്യമുണ്ട്. ജാപ്പനീസ് ഭാഷ പഠിച്ച ഒരു നഴ്സിന് സാധാരണ നഴ്സിനെക്കാൾ മൂന്നിരട്ടി ശമ്പളം നൽകാൻ ജപ്പാൻ ഗവൺമെൻറ് തയാറാണ്. അതുപോലെതന്നെ, മുതിർന്ന പൗരന്മാരുടെ ശതമാനം കൂടിവരുകയാണ്. ഇവരെ പരിചരിക്കാൻ ലക്ഷക്കണക്കിന് പാരാമെഡിക്കൽ ൈവദഗ്ധ്യമുള്ളവരെയും ഫിസിയോ തെറപ്പിസ്റ്റുകളെയും ജറിയാട്രിക് നഴ്സുമാരെയും ആവശ്യമുണ്ട്. നഴ്സുമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും പരിശീലിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ശൃംഖലതന്നെ സ്ഥാപിക്കാവുന്നതാണ്. ഇതിനായി, കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകളുടെ സംയുക്ത സംരംഭമായി, ഒരു അന്തർദേശീയ നഴ്സിങ് യൂനിവേഴ്സിറ്റി സ്ഥാപിക്കണം. നമ്മുടെ മറ്റൊരനുഗ്രഹമാണ് വിദ്യാസമ്പന്നമായ മനുഷ്യശക്തി. കേരളീയർ ഇതരസംസ്ഥാനങ്ങളിലും ലോകാന്തരങ്ങളിലും വിശിഷ്ടസേവനമാണ് നൽകുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള നമ്മുടെ മനുഷ്യശക്തിയുടെ വിന്യാസം സംസ്ഥാനത്തിെൻറ സാമൂഹിക, സാമ്പത്തിക വളർച്ചയുടെ സുപ്രധാനഘടകമാണ്. നിലവിലെ സാഹചര്യങ്ങളിൽ ഗൾഫിലെ തൊഴിൽസാധ്യതകളിൽ കുറവുണ്ടെങ്കിലും ഭാവിയിൽ സാങ്കേതിക മുൻതൂക്കമുള്ള തൊഴിലവസരങ്ങൾ ഉണ്ടാവും.
ലോകത്താകെയുള്ള തൊഴിൽസാധ്യതകളിലേക്ക് ചെന്നെത്തത്തക്കവിധം മനുഷ്യശക്തിയെ ശാസ്ത്രീയമായി വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യണം. 'നോർക്ക' പോലുള്ള സംവിധാനങ്ങൾ കുറെയൊക്കെ ഇക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്. എങ്കിലും ഈ സാധ്യതയെ ഒരു മഹാപ്രസ്ഥാനമായി സർക്കാറും മറ്റ് ഏജൻസികളും വളർത്തിയെടുത്താൽ, ലക്ഷക്കണക്കിനാളുകൾക്ക് പുതിയതായി അന്തസ്സാർന്ന തൊഴിലിടങ്ങൾ ലഭിക്കും. മറ്റു രാജ്യങ്ങളിൽനിന്ന് തിരികെയെത്തുന്നവരുടെ ജീവിതം സുഗമമാക്കുന്നതിന് ബൃഹത്തായ പദ്ധതി സർക്കാറിനും സേവനസംഘടനകൾക്കും ഏറ്റെടുക്കാനാവും. ഓരോ പ്രവാസിയുടെയും കഴിവുകളുടെയും അനുഭവസമ്പത്തിെൻറയും അടിസ്ഥാനത്തിൽ ആരംഭിക്കാവുന്ന സംരംഭങ്ങളുടെ രൂപരേഖ തയാറാക്കണം. ഇതിനായി ഗൾഫ് മലയാളികളെ കോർത്തിണക്കി, പൊതു-സ്വകാര്യ പങ്കാളിത്തത്തിെൻറ അടിസ്ഥാനത്തിൽ, സർക്കാറിന് ഉപയോഗപ്പെടുത്താൻ കഴിയാത്ത ആസ്തികൾ ലാഭകരമായി ഉപയോഗിക്കാനാവുന്ന പദ്ധതികളുടെ പരമ്പരതന്നെ സൃഷ്ടിക്കാനാവും. ഉദാഹരണമായി, ഒരു പഞ്ചായത്തിൽ ഒരു പഴയ വില്ലേജ് ഓഫിസ് 40 സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്നു എന്നിരിക്കട്ടെ. ആ സ്ഥലം സർക്കാറിൽതന്നെ എന്നെന്നേക്കുമായി നിലനിർത്തി, ഗൾഫ് മലയാളിക്ക് അവിടെ ഒരു ഷോപ്പിങ് സെൻററോ മെഡിക്കൽ സെൻററോ ആരംഭിക്കാം. അതിെൻറ ഭാഗമായി വില്ലേജ് ഓഫിസ് പുനർനിർമിച്ച് ജനങ്ങൾക്കും ഉദ്യോഗസ്ഥന്മാർക്കും കൂടുതൽ സൗകര്യപ്രദമാക്കാനുമാവും. ഇങ്ങനെ ഓരോ പഞ്ചായത്തിലും 10 സംരംഭങ്ങൾ വീതം ആരംഭിക്കുകയാണെങ്കിൽ ആയിരം പഞ്ചായത്തുകളിലായി പതിനായിരം സംരംഭങ്ങൾ എല്ലാവർക്കും പ്രയോജനംകിട്ടുന്ന രീതിയിൽ സർക്കാറിന് മുതൽമുടക്കില്ലാതെ ആരംഭിക്കാനാവും. സംരംഭകരെ ശാസ്ത്രീയമായി ഒരുക്കിയെടുക്കുന്ന 'കേരള യൂനിവേഴ്സിറ്റി ഓഫ് എൻട്രപ്രണർഷിപ്പും' സ്ഥാപിക്കണം. സ്ത്രീ-പുരുഷ സമത്വത്തിൽ കേരളത്തിന് അഭിമാനകരമായ സ്ഥാനമാണുള്ളത്.
കുടുംബശ്രീ തുടങ്ങിയ പദ്ധതികളിലൂടെയും തദ്ദേശസ്ഥാപനങ്ങളിലെ സംവരണം മൂലവും ഇക്കാര്യത്തിൽ നാം മുന്നോട്ടുപോയിട്ടുണ്ട്. നമ്മുടെ വനിതാശക്തി പരമാവധി വികസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിക്കണം. രാജ്യത്ത് സാമൂഹികമായും സാമ്പത്തികമായും ഉച്ചനീചത്വം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പൊതുവിൽ ജനത ഒരു വലിയ മധ്യവർഗമാണ്. രൂക്ഷമായ ദാരിദ്ര്യവും കേരളത്തിലില്ല. അഞ്ചോ പത്തോ വർഷത്തെ കേന്ദ്രീകൃതമായ പ്രയത്നത്തിൽകൂടി ദാരിദ്ര്യനിർമാർജനം സമ്പൂർണമാക്കാനാവും. ലോഹമണലുകളുടെ ശാസ്ത്രീയ വിനിയോഗം, ഗതാഗതം ഉൾപ്പെടെയുള്ള അടിസ്ഥാന സംവിധാനങ്ങൾ ലോകോത്തരമാക്കൽ, സമഗ്രമായ ജലഗതാഗത സംവിധാനം തുടങ്ങിയ എല്ലാം സമ്പൽസമൃദ്ധമായ കേരളത്തിന് സുസാധ്യമാണ്. ഇവിടെ, ഊർജസ്വലരായ സാമൂഹികപ്രവർത്തകരും സംഘടനകളും ഉണ്ട്. അത്തരം സംഘടനകളെയെല്ലാം കോർത്തിണക്കി നവകേരള സൃഷ്ടിക്കായി അണിനിരത്തണം. കേരള ജനത അർഹിക്കുന്ന ഐശ്വര്യപൂർണമായ ഭാവി പടുത്തുയർത്തുന്നതിന് കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും ഒത്തൊരുമിക്കണം.
(മുൻ കേന്ദ്രമന്ത്രിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.