വൻ വീഴ്ച
text_fieldsരണ്ടില പോലെയല്ല കൈതച്ചക്ക. ഉഷ്ണമേഖലയിൽ കൈതച്ചെടി നല്ല വിളവ ് നൽകുമെങ്കിലും രാഷ്ട്രീയ ചുടുകാറ്റിൽ അത് കരിഞ്ഞുണങ്ങുമെന്നാ ണ് പാലായിൽനിന്നുള്ള പുതിയ കൃഷിപാഠം. വിറ്റാമിനുകളും കാൽസ്യവും മെ ഗ്നീഷ്യവും പൊട്ടാസ്യവുമൊക്കെ അടങ്ങിയ പോഷകസമ്പുഷ്ടമാണ് ആളെ ങ്കിലൂം തെരഞ്ഞെടുപ്പ് ഗോദയിൽ അതൊന്നും കണ്ടെന്നുവരില്ലെന്ന് സമർഥിക്കാൻ ഇനിയും തെളിവ് വേണോ? രാഷ്ട്രീയത്തിൽ നല്ലൊരു ചിഹ്നമേ അല്ല കൈതച്ചക്ക. രണ്ടിലക്ക് ഇപ്പറഞ്ഞ പോഷകമാഹാത്മ്യങ്ങളൊന്നുമില്ലെങ്കിലും രാഷ്ട്രീയകൃഷിയിൽ അതിെൻറ ഔഷധമൂല്യം പതിന്മടങ്ങാണ്. ഇൗ രഹസ്യം കണ്ടെത്തിയത് സാക്ഷാൽ കെ.എം. മാണിയും. അതിെൻറ പിൻബലത്തിലാണല്ലോ അദ്ദേഹത്തിെൻറ അധ്വാനവർഗ സിദ്ധാന്തം ഇത്രമേൽ ജനപ്രിയമായത്. ഈ ഔഷധ രഹസ്യം ഇന്ന് ഭൂമിമലയാളത്തിൽ അറിയാവുന്നവർ രണ്ടുപേരാണ്: മകൻ ജോസ് കെ. മാണിയും സഹപ്രവർത്തകനായിരുന്ന പി.ജെ. ജോസഫും. സംഗതിവശാൽ ഇരുവരും ഒറ്റപാർട്ടിയാണെങ്കിലും ഫലത്തിൽ രണ്ട് ഗ്രൂപ്പായിട്ടാണ് പ്രവർത്തിക്കുന്നത്. തമ്മിൽ പോരിന് ഒരു കുറവുമില്ല. എന്നിട്ടും ടോം ജോസിനുവേണ്ടി, എല്ലാ വൈരവും മറന്ന് ജോസ് കെ. മാണി ജോസഫിനെ സമീപിച്ചത് രണ്ടിലക്കാണ്. ക്രൂരനായ ജോസഫ് അത് നൽകിയില്ല. പിന്നെ ‘കൈതച്ചക്ക’യായി ആശ്രയം. അപ്പോഴേ ടോം ജോസിെൻറ വിധി തീരുമാനിക്കപ്പെട്ടിരുന്നു. എന്നിട്ടും പഴി പാവം േജാസ് മോന്. സ്വന്തം പാർട്ടിക്കാരും മുന്നണിയും മാധ്യമങ്ങളും ഒരുപോലെ പറയുന്നു, ജോസിെൻറ അമിത ആത്മവിശ്വാസമാണ് സർവകുഴപ്പത്തിനും കാരണമെന്ന്. മാണി സാർ കെട്ടിപ്പൊക്കിയ ‘പാലാ കോട്ട’ സ്വന്തം മകൻതന്നെ തകർത്തുകളഞ്ഞുവത്രെ. മാണിസാറിെൻറ പാർട്ടിയുടെ ഗതിയും ഇതുവഴിതന്നെയാകുമോ എന്നാണ് ജോസിനെ നോക്കി പലരുമിപ്പോൾ ചോദിക്കുന്നത്.
ഏതാണ്ട് 16 വർഷം മുമ്പാണ്. നിയമസഭയിൽ റവന്യൂവകുപ്പിലേക്കുള്ള ധനാഭ്യർഥന ചർച്ച നടക്കുന്നു. വകുപ്പുമന്ത്രി മാണി സാർ ചർച്ചക്കിടെ ഇങ്ങനെ പറഞ്ഞുപോയി: ‘‘ഹോ, ഈ ജോസ് കെ. മാണി ഇല്ലാതിരുന്നെങ്കിൽ ഇന്നത്തെ റവന്യൂ ചർച്ച ശുഷ്കമായിപ്പോയേനെ... അതെ, ഞാൻ വെരി ഹാപ്പി. അവന് ഇതിലും വലിയ പബ്ലിസിറ്റി ഇനി കിട്ടാനുണ്ടോ?’’ അതുകേട്ട് എല്ലാവരും സ്തംഭിച്ചു എന്നാണ് കഥ. ജോസ് കെ. മാണി ആദ്യമായി നടത്തിയ കേരളയാത്രയിൽ നടന്ന അനധികൃത ഫണ്ടുപിരിവ് സഭയിൽ പ്രതിപക്ഷം ഉയർത്തിയപ്പോഴായിരുന്നു മാണിയുടെ ഈ ആത്മഹർഷം. പ്രതിപക്ഷം പറഞ്ഞ ആ വികസന സന്ദേശയാത്രയിലൂടെയാണ് കേരളത്തിൽ മക്കൾ രാഷ്ട്രീയത്തിെൻറ പുതിയൊരു അധ്യായം രചിക്കപ്പെടുന്നത്. 2003 ഏപ്രിൽ 19ന് തുടങ്ങി മൂന്നാഴ്ച നീണ്ട യാത്രക്കൊടുവിൽ ജോസ് കെ. മാണി യുവാക്കളുടെ പുതിയൊരു സേനക്ക് രൂപം നൽകി: വികസന സേന. 25 ലക്ഷം പേരുണ്ടായിരുന്നുവെന്നാണ് അവകാശവാദം. അത്രയും ലക്ഷം രൂപ അടിച്ചുമാറ്റിയെന്നാണ് പ്രതിപക്ഷം ആരോപിച്ചതും. ഏതായാലും പിതാവിെൻറ വഴിയിൽ കർഷകരുടെ പ്രശ്നംതന്നെയാണ് വികസന സേനയും ഉയർത്തിയത്. പക്ഷേ, കാര്യങ്ങൾ റബറിൽ മാത്രമൊതുക്കാതെ ഇത്തിരി മോഡേണാക്കി. വാനില, ഔഷധ സസ്യം, അലങ്കാര മത്സ്യം തുടങ്ങിയ നൂതന കാർഷിക വിളകൾ കൂടുതലായി ഉൽപാദിപ്പിച്ച് ഹരിതവിപ്ലവത്തിന് പുതിയൊരു മാനം നൽകുകയായിരുന്നു ലക്ഷ്യം. പക്ഷേ, കൃഷിപ്പരിപാടി മൂവാറ്റുപുഴയിലെത്തിയപ്പോൾ പണിപാളി. തൊട്ടടുത്ത വർഷം നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ പി.സി. തോമസിനോട് അടിയറവ് പറഞ്ഞു. അതായത്, കന്നി തെരഞ്ഞെടുപ്പിൽ പൊട്ടി. യൂത്ത് ഫ്രണ്ടിെൻറ സംസ്ഥാന പ്രസിഡൻറാണ് അന്ന്. അതുവഴി യാത്ര തുടർന്നു. അഞ്ചു വർഷങ്ങൾക്കുശേഷം അതിെൻറ ഫലം കണ്ടു. തുടർച്ചയായി രണ്ടുതവണ കോട്ടയത്തുനിന്ന് പാർലമെൻറിലെത്തി. ഇപ്പോൾ രാജ്യസഭയിലാണ്.
വികസന സന്ദേശയാത്ര രാഷ്ട്രീയ ഉദയത്തിെൻറ സൂചനയായിരുന്നുവെങ്കിൽ, ഇൗ വർഷം തുടക്കത്തിൽ നടത്തിയ കേരള യാത്ര അസ്തമയത്തിെൻറ ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നാണ് നിരീക്ഷകർ. ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്ന സമയം. എങ്ങാനും യു.പി.എ അധികാരത്തിൽവന്നാൽ മന്ത്രിപദവി ഒപ്പിക്കുക എന്ന ലക്ഷ്യത്തിൽ ജോസിനെ ആദ്യമേ രാജ്യസഭയിലേക്ക് എത്തിച്ചിട്ടുണ്ട് മാണി. അത് അരക്കിട്ടുറപ്പിക്കാനാണ് കേരള യാത്ര. ഉടക്കാനൊരു അവസരം കാത്തുകിടക്കുകയായിരുന്ന ജോസഫ് ആദ്യ വെടിപൊട്ടിച്ചു. പാർട്ടിയിൽ ചർച്ചയില്ലാതെയാണ് ജോസിെൻറ യാത്ര. ആ പ്രസ്താവന ഫലിച്ചു. അതൊരു ആളില്ലായാത്രയായി; ജോസഫ് ഗ്രൂപ് പാലം വലിച്ചുവെന്നർഥം. പിന്നെയാണ് കോട്ടയം സീറ്റ് തർക്കം വന്നത്. അതിൽ മാണി വിഭാഗത്തിന് മേൽെക്കെ ലഭിച്ചു. പക്ഷേ, മാണിയുടെ മരണത്തോടെ കാര്യങ്ങൾ ഓരോന്നായി ജോസിന് കൈവിട്ടു തുടങ്ങി. ചെയർമാൻ സ്ഥാനത്തിനുവേണ്ടിയുള്ള പിടിവലിയിൽ സാങ്കേതികമായി ജയിച്ചുവെന്നത് നേരാണ്. സംസ്ഥാന കമ്മിറ്റി വിളിച്ച് മൂന്ന് മിനിറ്റുകൊണ്ട് ചെയർമാൻ പദവി നേടിയത് ഇപ്പോൾ കോടതിയിൽ കിടക്കുകയാണ്. നിയമസഭയിലും ആളെണ്ണം കൂടുതൽ വർക്കിങ് ചെയർമാെൻറ കൂടെയാണ്. സംസ്ഥാന കമ്മിറ്റിയൊഴികെ ബാക്കി കാക്കത്തൊള്ളായിരം സമിതികളിലും ജോസഫിെൻറ ആളുകളാണ്. എന്തിന്, തെരഞ്ഞെടുപ്പ് കമീഷൻ പോലും കൈവിട്ടതുകൊണ്ടാണല്ലോ ചിഹ്നം ലഭിക്കാൻ വർക്കിങ് ചെയർമാെൻറ അടുത്തുപോകേണ്ടിവന്നത്. ചുരുക്കിപ്പറഞ്ഞാൽ, തെരഞ്ഞെടുപ്പിനു മുന്നേ കാര്യങ്ങൾ കൈവിട്ടിരുന്നു. പക്ഷേ, അണികൾ തന്നെ മറന്നാലും മാണിസാറിനെ മറക്കില്ലെന്ന് കരുതി. പിളർപ്പായാലും ലയനമായാലും, കമിഴ്ന്നുവീണാൽ കാൽപണം എന്നാണ് ഈ പാർട്ടിയുടെ അടിസ്ഥാന തത്ത്വമെന്ന് ജോസ് ഒരു നിമിഷം മറന്നുപോയി. അവിടെയാണ് പിഴച്ചത്. ഇനി അനുഭവിക്കുകതന്നെ.
1965 മേയ് 29നാണ് ജനനം. ഏതാണ്ട് ആ സമയത്തുതന്നെയാണ് പാലാ നിയോജക മണ്ഡലത്തിെൻറയും ജനനം. കരിങ്കോഴക്കൽ മാണി മാണി-കുട്ടിയമ്മ ദമ്പതികളുടെ ആറു മക്കളിലെ ഏക ആൺതരി. പഠിക്കാൻ മിടുക്കനായിരുന്നു. പാലാ സെൻറ് വിൻസൻറ് സ്കൂൾ, ഏർക്കാട് മൗണ്ട് ഫോർട്ട് സ്കൂൾ എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ലയോള കോളജിൽനിന്ന് ബിരുദം. കോയമ്പത്തൂർ പി.എസ്.ജി കോളജിൽനിന്ന് എം.ബി.എ. 80കളുടെ രണ്ടാം പകുതി മുതൽ രാഷ്ട്രീയത്തിലുണ്ട്. 87ൽ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 15 വർഷത്തിനുശേഷം സംസ്ഥാന പ്രസിഡൻറുമായി. വികസന സന്ദേശ യാത്രക്കൊരുങ്ങുേമ്പാൾ, ജി.ഐ.സി ഹൗസിങ് ഫിനാൻസിൽ സീനിയർ മാനേജറായിരുന്നു. 2009ലാണ് ആദ്യമായി പാർലമെൻറിലെത്തിയത്. സുരേഷ് കുറിപ്പിനെ 70,000ത്തിലധികം വോട്ടുകൾക്ക് തോൽപിച്ചാണ് പാർലമെൻററി ജീവിതത്തിന് തുടക്കംകുറിച്ചത്. 2014ൽ മാത്യു ടി. തോമസിനെ ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി. 2018ൽ എം.പി സ്ഥാനം രാജിവെച്ച് കേരളത്തിൽനിന്ന് രാജ്യസഭയിലെത്തി. വിവിധ പാർലമെൻററി കമ്മിറ്റികളിൽ അംഗം. പാർലമെൻറിലെ ഹാജർ നിലയും ചർച്ചകളിലെ പങ്കാളിത്തവുമെല്ലാം സംസ്ഥാന ശരാശരിക്കൊപ്പം നിൽക്കുന്നു. റബർ കർഷകരുടെ പ്രശ്നങ്ങൾതന്നെയാണ് ഏറ്റവും കൂടുതൽ അവിടെ ഉന്നയിച്ചത്. പക്ഷേ, ഒറ്റ സ്വകാര്യ ബില്ലുകളും കഴിഞ്ഞ ടേമിൽ അവതരിപ്പിച്ചതായി കാണുന്നില്ല. നിഷ ജോസ് ആണ് ഭാര്യ. മൂന്ന് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.