അധ്യാപകരുടെ മക്കൾ എവിടെയാണ് പഠിക്കേണ്ടത്?
text_fieldsകുട്ടികളെ സ്കൂളുകളിലേക്ക് ആകർഷിക്കാനും ഡിവിഷൻ നിലനിർത്താനുമായി അധ്യാപകർ ഓട്ടം തുടങ്ങിക്കഴിഞ്ഞു. സ്കൂളിെൻറ മേന്മകൾ വിളിച്ചുപറയുന്ന ബുക്ക്ലെറ്റുകൾ മാത്രമല്ല, സ്കൂളിൽ ചേർത്താൽ കിട്ടാൻ പോകുന്ന സമ്മാനങ്ങൾ വരെ ഓഫർ ചെയ്ത് കാൻവാസിങ് നടക്കുന്നുണ്ട്. ഒന്നാം ക്ലാസിലേക്ക് പുതുതായി വരുന്നവർക്കാണ് വലിയ ഡിമാൻഡ്. അഞ്ചിലേക്കും എട്ടിലേക്കും പ്രവേശനം തേടുന്നവരും ഡിവിഷൻഫാൾ നേരിടുന്ന സ്കൂളുകൾക്ക് വി.വി.ഐ.പികൾ തന്നെ. ഏറെ പുതുമകളുമായാണ് പുതിയ അധ്യയനവർഷം. സ്കൂളുകൾ ഹൈടെക്ക് ആവുകയും ഇ–പാഠപുസ്തകങ്ങൾ യാഥാർഥ്യമാവുകയും ചെയ്യുന്നു. ക്ലാസ്മുറികളിൽ ലാപ്ടോപ്പും െപ്രാജക്ടറും വെച്ചാണ് ഇനി അധ്യയനം. പുതിയ രീതിയിൽ അധ്യാപകർക്ക് പരിശീലനങ്ങൾ പൂർത്തിയാക്കി. സ്കൂൾ തുറക്കുംമുേമ്പ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ കിട്ടിയിട്ടുണ്ട്.
സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്തവർ ഞങ്ങളുടെ മക്കളെ പഠിപ്പിക്കാൻ വരേണ്ട എന്ന തരത്തിലുള്ള ബോർഡുകൾ സംസ്ഥാനത്തെ പല സ്കൂളുകൾക്കു മുന്നിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സ്കൂളുകളിലേക്ക് കുട്ടികളെ തേടിച്ചെല്ലുമ്പോൾ സാറന്മാരുടെ കുട്ടികൾ ഏത് പള്ളിക്കൂടത്തിലാ പഠിക്കുന്നതെന്നും ചോദിച്ച് ആട്ടിയോടിച്ചവരുണ്ട്. കുട്ടികളെ അൺ എയ്ഡഡ് സ്കൂളിൽ പഠിപ്പിക്കുന്ന ഒരു റിസോഴ്സ് ടീച്ചറെ അധ്യാപകപരിശീലന സ്ഥലത്തുനിന്ന് അധ്യാപകർ ഇറക്കിവിടുന്നതിെൻറ വിഡിയോ ഈയടുത്ത ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പുതിയ അധ്യയനവർഷത്തെ ആദ്യ പി.ടി.എ യോഗത്തിൽതന്നെ ഇവ്വിഷയകമായി അധ്യാപകരെ ചോദ്യംചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന വാട്സ്ആപ് മെസേജുകൾ പാറിനടക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും നയരൂപവത്കരണ സമിതി അംഗങ്ങളുമൊക്കെ സ്വന്തം മക്കളെ സ്വകാര്യ സ്ഥാപനത്തിൽ പഠിപ്പിക്കുന്നതിെൻറ പേരിൽ പഴികേൾക്കാത്തവരല്ല.
കാൽനൂറ്റാണ്ടിനിടെ മുളച്ചുപൊന്തുകയും ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയ നയങ്ങൾ ചൂഷണംചെയ്ത് തടിച്ചുകൊഴുക്കുകയും മതേതര ജനാധിപത്യ സമൂഹ വളർച്ചക്ക് ഭീഷണിയാവുംവിധം ശക്തിപ്രാപിക്കുകയും ചെയ്ത അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയാൻ കാരണം. ൈപ്രമറി ക്ലാസുകളിൽ മാതൃഭാഷയാവണം പഠനമാധ്യമം എന്ന അടിസ്ഥാന പ്രമാണം ഇവിടെ അട്ടിമറിക്കപ്പെട്ടു. നിഷ്കർഷിക്കപ്പെട്ട യോഗ്യതയുള്ളവരാണോ ഇത്തരം സ്കൂളുകളിൽ പഠിപ്പിക്കുന്നത് എന്നുപോലും ആരും അന്വേഷിച്ചില്ല. മത–സമുദായ സംഘടനകളാണ് ഭൂരിഭാഗം സ്ഥാപനങ്ങളുടെയും നടത്തിപ്പുകാർ എന്നതിനാൽ അവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ വിദ്യാഭ്യാസത്തെ സ്വാധീനിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നു എന്നതും ശ്രദ്ധിക്കാതെപോയി. സാമൂഹികവത്കരണം (സോഷ്യലൈസേഷൻ) എന്ന വിദ്യാഭ്യാസത്തിെൻറ പ്രാഥമിക ധർമം നിറവേറ്റപ്പെടണമെങ്കിൽ ജാതി–മത– ലിംഗ– സാമ്പത്തിക–ബൗദ്ധിക–ശാരീരിക വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാ കുട്ടികൾക്കും ഒന്നിച്ചിരിക്കാനിടമുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കേണ്ടതുണ്ട് എന്നുപോലും നമ്മൾ ഓർത്തില്ല. ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്ന, നാടിനെയും പ്രകൃതിയെയും ഉൾക്കൊള്ളാനാകുന്ന, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന നീതി അട്ടിമറിക്കപ്പെടാത്ത ഒരു സാമൂഹികക്രമം നിലനിർത്താനുള്ള ബാധ്യത സ്റ്റേറ്റിനുണ്ട് എന്ന തിരിച്ചറിവിൽനിന്നാവണം നവകേരള മിഷെൻറ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിക്കാനും ഇതിനായി 7000 കോടി രൂപ മാറ്റിവെക്കാനും സർക്കാർ തയാറായിട്ടുള്ളത്.
അധ്യാപകരാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ബ്രാൻഡ് അംബാസഡർമാർ. കാലവും ലോകവും ആവശ്യപ്പെടുന്ന വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ബാധ്യത മറ്റ് ഏതു മേഖലയിൽ ജോലിചെയ്യുന്നവരേക്കാളും അധ്യാപകർക്കുണ്ട്. സോഷ്യൽ എൻജിനീയേഴ്സ് എന്നാണ് അധ്യാപകരുടെ വിളിപ്പേര്. സാധാരണക്കാർക്ക് പൊതുവിദ്യാലയങ്ങളെക്കുറിച്ച് മതിപ്പുണ്ടായെങ്കിൽ മാത്രമേ അവർ കുട്ടികളെ അങ്ങോട്ടയക്കൂ എന്നിരിക്കെ ആ ഉത്തരവാദിത്തം പ്രാഥമികമായി ഏറ്റെടുക്കേണ്ടതും അധ്യാപകരാണ്. മാത്രവുമല്ല, പൊതുജന വിശ്വാസ്യത നേടിയെടുക്കാനായില്ലെങ്കിൽ മറ്റെന്തെല്ലാമൊരുക്കിയാലും കുട്ടികൾ പൊതുവിദ്യാലയത്തിലെത്തണമെന്നില്ല. ഇവിടെയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾ എവിടെയാണ് പഠിക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാവുന്നത്.
അധ്യാപകർ മക്കളെ നിർബന്ധമായും പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കണമെന്ന, അലഹബാദ് ഹൈകോടതിയുടെ ഈയിടെയുണ്ടായ വിധിയും കേരളത്തിലെ അധ്യാപകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. വലിയൊരു വിഭാഗം അധ്യാപകർ വിധിയെ സ്വാഗതം ചെയ്യുന്നവരും കേരളത്തിലും ഇങ്ങനെയൊരു വിധിയുണ്ടായെങ്കിൽ എന്ന് ആശിക്കുന്നവരുമാണ്. എന്നാൽ, വ്യക്തികളുടെ അവകാശത്തിന്മേൽ കോടതി നടത്തിയ കൈയേറ്റമായാണ് ചില അധ്യാപകരെങ്കിലും വിധിയെ വിലയിരുത്തുന്നത്. ഇതെങ്ങാനും ഇവിടെയും നിയമമായി വന്നാൽ എന്തു ചെയ്യും എന്ന് ആശങ്കപ്പെട്ട ഇക്കൂട്ടർ, വിദ്യാഭ്യാസ അവകാശ നിയമത്തിെൻറ (ആർ.ടി.ഇ ആക്ട്) വ്യാഖ്യാനം മുതൽ തർക്കശാസ്ത്ര യുക്തിയുടെ അങ്ങേത്തല വരെ ഉപയോഗിച്ച് കോടതിവിധിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ബാർ ജീവനക്കാരുടെ മക്കൾ മദ്യപിക്കണമെന്നുണ്ടോ, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മക്കളാരും ൈപ്രവറ്റ് ബസിൽ യാത്ര ചെയ്യാറില്ലേ തുടങ്ങിയ ചോദ്യങ്ങളും ഇവർ ഉന്നയിക്കുന്നു. അധ്യാപകരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇത്തരം ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഭരണ നവീകരണത്തിെൻറ പ്രധാന അജണ്ടകളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട അതേ സന്ദർഭത്തിലാണ് യാദൃച്ഛികമെങ്കിലും അലഹബാദ് കോടതി വിധിയെത്തുടർന്നുള്ള ചർച്ചകളും സജീവമായിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രകടനം നടത്തുകയും സത്യഗ്രഹമിരിക്കുകയും ചെയ്യുന്ന 36 അധ്യാപക സംഘടനകൾ നമുക്കുണ്ടെങ്കിലും സംഘടനയിലെ അംഗങ്ങൾ തങ്ങളുടെ മക്കളെ പൊതുവിദ്യാലയത്തിൽ മാത്രമേ പഠിപ്പിക്കാവൂ എന്ന് ഒരു സംഘടനപോലും ഇതുവരെ നിർബന്ധപൂർവം ആവശ്യപ്പെട്ടിട്ടില്ല.
പാഠ്യപദ്ധതിയുടെയോ പാഠപുസ്തകത്തിെൻറയോ കാര്യത്തിൽ പൊതുവിദ്യാഭ്യാസം മോശമാണെന്ന് ഇന്നാരും പറയില്ല. അധ്യാപകരുടെ യോഗ്യതയുടെ കാര്യത്തിലും സ്വകാര്യ സ്കൂളുകളേക്കാൾ എത്രയോ മുന്നിലാണ് പൊതുവിദ്യാലയങ്ങൾ. എന്നിട്ടും സ്വന്തം മക്കളെ പൊതുവിദ്യാലയത്തിലേക്കയക്കാൻ മടിക്കുന്നവർ പറയുന്ന കാരണം സ്കൂളിലെ അക്കാദമിക നിലവാരം മോശമാണ്, ചില അധ്യാപകരെങ്കിലും കൃത്യമായി ക്ലാസിലെത്തുന്നില്ല, എത്തിയാൽതന്നെ വേണ്ടവിധം പഠിപ്പിക്കില്ല എന്നാണ്. ഈ ആരോപണം പൂർണമായി തള്ളിക്കളയാനാവില്ല.
എന്താണ് ഇതിനുള്ള പരിഹാരം? വിദ്യാഭ്യാസ ഓഫിസർമാരും സർക്കാറും വിചാരിച്ചാൽ പരിഹരിക്കാവുന്ന ഒരു വിഷയമല്ല ഇത്. അധ്യാപകരുടെ അക്കൗണ്ടബിലിറ്റി ഇല്ലായ്മയാണ് യഥാർഥ വില്ലൻ എന്നിരിക്കെ അതിനുള്ള മാർഗങ്ങളുണ്ടാക്കുകയല്ലേ വേണ്ടത്? കുട്ടികളുടെ പഠിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നുണ്ടെങ്കിൽ അവരുടെ രക്ഷിതാക്കളും പ്രാദേശിക ഭരണസംവിധാനങ്ങളും കൂടുതൽ ജാഗ്രത്താവുകയല്ലേ വേണ്ടത്? പി.ടി.എയുടെയും നാട്ടുകാരുടെയും നല്ല ഇടപെടൽ നടക്കുന്ന സ്കൂളുകളെല്ലാം ഇന്ന് മികവിെൻറ കേന്ദ്രങ്ങളാണ്. സ്കൂൾ മോശമാണ് എന്ന് വിധിയെഴുതി അത് മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ നടത്താതെ സ്വന്തം കുഞ്ഞുങ്ങളെയുംകൊണ്ട് വരേണ്യ വിദ്യാലയത്തിലേക്ക് വണ്ടിപിടിക്കുന്നതിനെ മൗലികാവകാശം എന്ന് വിളിച്ച് ന്യായീകരിക്കാൻ കഴിയുമോ? ഇടപെടൽശേഷിയില്ലാത്ത, സാമ്പത്തിക ഭദ്രതയില്ലാത്ത, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനിൽക്കുന്ന, ശാരീരികവും മാനസികവുമായി ദൗർബല്യങ്ങളുള്ള മക്കൾക്കുകൂടി തങ്ങളുടെ ഇടപെടലിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടുമെന്നിരിക്കെ അതിനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് എത്ര വലിയ പാപമാണ്?
പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുക, നിലനിർത്തുക എന്നീ കാര്യങ്ങളിൽ മറ്റുള്ളവർക്കൊന്നുമില്ലാത്ത ബാധ്യത ഞങ്ങൾക്കുമില്ലെന്ന് വാദിക്കുന്ന അധ്യാപകരുമുണ്ട്. സ്വന്തം മക്കളെ ഏത് സ്കൂളിലാണ് പഠിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം വേറൊരാൾക്കും ചോദ്യംചെയ്യാനാവില്ല എന്നും ഇക്കൂട്ടർ പറയുന്നു. വ്യക്തിസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു വ്യവസ്ഥയിൽ ഈ വാദത്തിന് പ്രസക്തിയുണ്ട്. എന്നാൽ, ചില ചോദ്യങ്ങൾക്കു മുന്നിൽ ഈ അവകാശവാദങ്ങൾ പൊളിഞ്ഞുവീഴുമെന്നതാണ് യാഥാർഥ്യം. അഹങ്കാരത്തോടെ, ആത്്മവിശ്വാസത്തോടെ പറയുന്ന ഈ അവകാശങ്ങൾ എങ്ങനെ ഉണ്ടായതാണ്, എന്തുകൊണ്ടാണ് അവ നിലനിൽക്കുന്നത്, എക്കാലവും അത് ഉണ്ടായിരുന്നോ, എന്നും നിലനിൽക്കുമെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ മുതലായവയാണ് ആ ചോദ്യങ്ങൾ. അതായത്, ജനാധിപത്യവും അവകാശസമത്വവുമൊക്കെ ആരെങ്കിലും അനുവദിച്ചുതന്ന ഔദാര്യങ്ങളല്ല. പള്ളിക്കൂടങ്ങൾ പോയിട്ട്, നടവഴികൾപോലും പലർക്കും അന്യമായിരുന്ന ചരിത്രസന്ധികളിലൂടെയാണ് നമ്മൾ കടന്നുവന്നിട്ടുള്ളത്. സ്വതന്ത്രരാജ്യവും ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളുമെല്ലാം പോരാട്ടങ്ങളിലൂടെയാണ് നാം നേടിയെടുത്തത്. നീതിയിലും മനുഷ്യസ്നേഹത്തിലുമൂന്നുന്ന ഒരു സാമൂഹികക്രമം കെട്ടിപ്പടുത്തതിൽ പൊതുവിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ട്. ആ പൊതു വിദ്യാഭ്യാസം നിലനിർത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് എങ്ങനെയാണ് അധ്യാപകർക്ക് പറയാനാകുക?
സ്റ്റേറ്റ് സിലബസിലെ പാഠപുസ്തകം, പഠനരീതി, പരീക്ഷ സമ്പ്രദായം എന്നിവയിലൊന്നും ഞങ്ങൾക്ക് വിശ്വാസമില്ല എന്ന് പറയുന്നവരും ഉണ്ടാകാം. വിശ്വാസമില്ലാത്ത ഒരു സംവിധാനത്തിലേക്ക് സ്വന്തം മക്കളെ കൊണ്ടുവരണമെന്ന് ആരെങ്കിലും നിർബന്ധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. എന്നാൽ, വിശ്വാസമില്ലാത്ത ഒരു കാര്യം, വിശ്വാസമില്ലാത്ത ഒരു രീതിശാസ്ത്രത്തിലൂടെനിങ്ങളെങ്ങനെയാണ് മറ്റു കുട്ടികളെ പഠിപ്പിക്കുക എന്ന പൊതുസമൂഹത്തിെൻറ ചോദ്യത്തിന് ഈ അധ്യാപകർ എന്തു മറുപടിയാണ് പറയുക? നിങ്ങൾക്ക് വിശ്വാസമില്ലാത്തിടത്തുനിന്ന് ഇറങ്ങിപ്പോകുകയാണ് നിങ്ങളാദ്യം ചെയ്യേണ്ടത് എന്നും നാട്ടുകാർ പറഞ്ഞുകൂടെന്നില്ലല്ലോ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.