കീഴാളവിരുദ്ധ വേലിയേറ്റം കേരളത്തിലും
text_fieldsതിരുവനന്തപുരം ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാവുകയും പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ തല്‍സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തെങ്കിലും അത് ഉയര്‍ത്തിവിട്ട സന്ദിഗ്ധതകള്‍ അവശേഷിക്കുന്നു. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ദലിത് വിദ്യാര്‍ഥികളെ സവര്‍ണജാതിക്കാരിയായ ലക്ഷ്മി നായര്‍ ഏതൊക്കെ തരത്തില്‍ പീഡിപ്പിച്ചുവെന്നത് മാത്രമല്ല ഗൗരവതരമായ വസ്തുത. ജാതിഭ്രാന്ത് കൊണ്ടുനടക്കുന്ന സ്ത്രീയുടെ അധികാരപ്രമത്തതയെ ജാതീയതക്കെതിരെ നാഴികക്ക് നാല്‍പതു വട്ടം സംസാരിക്കുന്ന വിപ്ളവ പുരോഗമന ചിന്താഗതിക്കാരായ നേതാക്കള്‍പോലും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുവെന്നത് അങ്ങേയറ്റം നടുക്കവും വേദനയും ഉളവാക്കുന്ന വസ്തുതയാണ്.
ദലിതരായ വിദ്യാര്‍ഥികളെ ജാതിപ്പേരുവിളിച്ച് അവരുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുക, അത്തരം വിദ്യാര്‍ഥികളെ പ്രിന്‍സിപ്പലിന്‍െറയും സില്‍ബന്ധികളുടെയും പെട്ടി ചുമക്കാനും അടുക്കളപ്പണിയെടുക്കാനും പ്രേരിപ്പിക്കുക, അധ$സ്ഥിത വിഭാഗങ്ങളോട് മ്ളേച്ഛമായി പെരുമാറുന്ന സ്ത്രീയെ ന്യായീകരിക്കാന്‍ ജാതിവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രസ്ഥാനത്തിന്‍െറ ആളുകള്‍തന്നെ മുന്നോട്ടുവരുക, ഇവരെല്ലാംകൂടി സമൂഹത്തിന് നല്‍കുന്ന സന്ദേശം സുവ്യക്തമാണ്. തങ്ങളുടെ രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങള്‍ക്ക് ദലിതരെ ഉപയോഗിക്കുകയും ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന ഹീനമായ കൗശലമാണ് ഇവര്‍ പ്രയോഗിക്കുന്നത്.
ഒരു ലക്ഷ്മി നായര്‍ മാത്രമല്ല അനേകം ലക്ഷ്മി നായര്‍മാരുടെ നിന്ദയും പീഡനവും ഏറ്റുവാങ്ങിയാണ് കേരളത്തിലെ ദലിത് ജീവിതം ഇന്നും മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത്. ഒരു ലോ അക്കാദമിയുടെ ചുവരുകളില്‍ മാത്രം ഒതുങ്ങുന്ന ക്രൂരവിനോദം മാത്രമല്ല ദലിത് വിവേചനം. കേരളത്തിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും മറ്റു മേഖലകളിലുമെല്ലാം ദലിതര്‍ അപഹസിക്കപ്പെടുകയും ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്യുന്നു. അയല്‍ സംസ്ഥാനങ്ങളിലെന്നതുപോലെ കേരളത്തിലും ദലിത് വിരുദ്ധതയുടെ ആളിക്കത്തലുകള്‍ മാനുഷിക മൂല്യങ്ങളെ ചുട്ടുകരിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തിന് സമീപകാലത്തായി അനുവദിക്കപ്പെട്ട കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥികള്‍ നേരിടുന്ന പീഡനങ്ങള്‍ വിവരണാതീതമാണ്. കാസര്‍കോട് ജില്ലയിലെ പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാലയില്‍ അര്‍ഹതയും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവുമുള്ള ദലിത് വിദ്യാര്‍ഥികള്‍ക്ക് പുതുതായി പ്രവേശനം നല്‍കുന്നില്ളെന്നു മാത്രമല്ല നിലവില്‍ പഠിക്കുന്ന പിന്നാക്ക കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യംപോലും നിഷേധിക്കപ്പെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇവരുടെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്. ദലിതരുടെ സാമൂഹിക ജീവിതമാകട്ടെ, കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്.
ഈയിടെ കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച അയ്യപ്പന്‍വിളക്ക് മഹോത്സവത്തിന്‍െറ ഭാഗമായി ഒരു ഘോഷയാത്ര നടന്നു. സവര്‍ണ ജാതികളില്‍പ്പെട്ടവരാണ് ഘോഷയാത്രക്ക് നേതൃത്വം നല്‍കുന്നത്. ആദിവാസി-ദലിത് വിഭാഗങ്ങളെ പൂര്‍ണമായും അകറ്റിനിര്‍ത്തിയുള്ള ഘോഷയാത്ര നടക്കുന്നതിനിടെ സവര്‍ണ പ്രമാണിമാരെ അമ്പരപ്പിച്ച് ചിലര്‍ ഘോഷയാത്രയില്‍ സ്ഥാനംപിടിച്ചു. ദലിതരായ ഒരുകൂട്ടം ചെറുപ്പക്കാരായിരുന്നു അവര്‍. ഘോഷയാത്രയില്‍ അയിത്തം കല്‍പിച്ച് അകറ്റിനിര്‍ത്തിയതിലുള്ള പ്രതിഷേധം ജാതിപ്രമാണിമാരെ അറിയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
എന്നാല്‍, ദലിത് യുവാക്കള്‍ ഘോഷയാത്രയില്‍നിന്ന് പുറത്താക്കപ്പെട്ടു. മാനടുക്കത്തെ അയ്യപ്പക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ആദിവാസികള്‍ക്കും ദലിതര്‍ക്കും നേരത്തേതന്നെ വിലക്കുണ്ടായിരുന്നുവത്രെ. അതിന്‍െറ തുടര്‍ച്ചയായിരുന്നു ഘോഷയാത്രയിലെ ഉപരോധം. ജാതിവ്യവസ്ഥക്കും അയിത്തോച്ചാടനത്തിനുമെതിരെ ഒട്ടേറെ നവോത്ഥാന പോരാട്ടങ്ങള്‍ നടക്കുകയും അതിന്‍െറ ഫലമായി കേരളത്തില്‍ ഒരു പരിധിവരെ വര്‍ഗ-വര്‍ണ വിവേചനങ്ങള്‍ അവസാനിക്കുകയും ചെയ്തുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍, സവര്‍ണ-അവര്‍ണ അന്തരങ്ങള്‍ വീണ്ടും വര്‍ധിക്കുകയും സാമൂഹിക വ്യവസ്ഥ വീണ്ടും ജാതിപ്പിശാച് നിശ്ചയിക്കുന്ന തലത്തിലേക്ക് തരം താഴുകയും ചെയ്യുന്നുവെന്നതിന്‍െറ ഒരു ഉദാഹരണം മാത്രമാണ് അയ്യപ്പക്ഷേത്രത്തിലെ ഘോഷയാത്രയില്‍ ദലിതര്‍ക്കു നേരിടേണ്ടിവന്ന വിവേചനം.
ഭജനമഠങ്ങള്‍ മതസൗഹാര്‍ദത്തിന്‍െറയും ജാതിക്കതീതമായ കൂട്ടായ്മയുടെയും ആത്മീയ കേന്ദ്രങ്ങളായാണ് അറിയപ്പെടുന്നത്. ദലിതരെ ഹീനജാതിക്കാരെന്ന് മുദ്രകുത്തി ആട്ടിയകറ്റിയും ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും പ്രത്യേകം പന്തിഭോജനം നടത്തിയും ജാതീയവിവേചനം കാണിക്കുന്ന ചില ക്ഷേത്രങ്ങളെങ്കിലും കേരളത്തിലുണ്ടെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും അത്തരം ആരോപണങ്ങള്‍ക്കൊന്നും ഇടനല്‍കാതെയാണ് നമ്മുടെ നാട്ടിലെ അയ്യപ്പക്ഷേത്രങ്ങള്‍ നിലകൊള്ളുന്നത്. സ്വാമി അയ്യപ്പന്‍െറ ചരിത്രംതന്നെ കറപുരളാത്ത മതസൗഹാര്‍ദത്തിന്‍െറ ചരിത്രമാണ്. അവിടെ ജാതിചിന്തകള്‍ക്ക് തരിമ്പും സ്ഥാനമില്ല.
വിശ്വാസമുള്ള ആര്‍ക്കും ജാതിമത ഭേദമന്യേ അയ്യപ്പസന്നിധിയിലത്തൊം. ഈ വസ്തുതകള്‍ നിലനില്‍ക്കെ കേരളത്തിലെ ഒരു അയ്യപ്പക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍നിന്ന് ദലിത് സമൂഹത്തെ മുഴുവന്‍ അകറ്റിനിര്‍ത്തുന്നുണ്ടെങ്കില്‍ അത് അയിത്തത്തിനും തീണ്ടലിനും ജാതിമേധാവിത്വത്തിനുമെതിരെ ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനുമൊക്കെ നടത്തിയ നവോത്ഥാന പോരാട്ടങ്ങളില്‍ അഭിമാനിക്കുകയും അവരുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സാംസ്കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന മലയാളികള്‍ക്കെല്ലാം അപമാനകരമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലുള്ള ജാതിഭ്രാന്തും ദലിത് പീഡനങ്ങളും കേരളത്തിലില്ളെന്ന് പറയുന്ന മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിനെ പോലുള്ള ഇതര സംസ്ഥാനക്കാരായ പ്രമുഖരുടെ മുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ട അവസ്ഥയായിരിക്കും മലയാളികള്‍ക്കുണ്ടാക്കുക.
രാജ്യത്തുടനീളം ആരാധനകളുടെ പേരിലും മറ്റും ദലിതര്‍ക്കെതിരായ അക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അത്തരം വിഷയങ്ങളില്‍ മലയാളത്തിലേതടക്കമുള്ള വാര്‍ത്താചാനലുകളിലും നവമാധ്യമങ്ങളിലും കൂലങ്കുഷമായി ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന ദലിത് വിവേചനം എന്തുകൊണ്ട് ഇവിടത്തെ സാമൂഹികാന്തരീക്ഷത്തില്‍ അലയൊലികള്‍ ഉണ്ടാക്കിയില്ളെന്ന കാര്യമാണ് ഈ ലേഖനം പരിശോധിക്കുന്നത്. ഘോഷയാത്രയില്‍നിന്ന് ദലിതരെ അകറ്റിയതു സംബന്ധിച്ച് മലയാളത്തിലെ ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, പൊതുസമൂഹത്തിന്‍െറ ശക്തമായ ഇടപെടലുകളും പ്രതികരണങ്ങളും ഉയര്‍ത്തുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് സാഹചര്യമുണ്ടാക്കാത്തവിധം അപ്രധാനമായിരുന്നു ആ വാര്‍ത്തകളെന്നുമാത്രം. മലയാളത്തിലെ വാര്‍ത്ത ചാനലുകളാകട്ടെ, സംഭവത്തെ പാടെ തമസ്കരിക്കുകയും ചെയ്തു.
ആരാധനകര്‍മങ്ങളുടെ കാര്യത്തിലായാലും സാംസ്കാരിക പരിപാടികളുടെ കാര്യത്തിലായാലും ദലിതര്‍ അടുപ്പിക്കാന്‍ കൊള്ളാത്തവരാണെന്ന ജാതീയ മിഥ്യാ അവബോധം ഇക്കാലത്തും കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നു. സംസ്ഥാനത്ത് എവിടെ നടക്കുന്ന സാംസ്കാരിക ഘോഷയാത്രകളായാലും അതില്‍ ദലിതര്‍ക്ക് എത്രത്തോളം പ്രാതിനിധ്യമുണ്ടെന്ന് വിലയിരുത്തുമ്പോഴാകും പരമ്പരാഗതമായ കീഴാളവിരുദ്ധത ഇവിടത്തെ സാമൂഹികതലത്തില്‍ എത്രമാത്രം തീവ്രമാണെന്ന് ബോധ്യപ്പെടുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ഉയര്‍ന്ന സാക്ഷരതയും സാംസ്കാരിക ബോധവുമുള്ള ജനങ്ങളുടെ നാടായി അറിയപ്പെടുന്ന കേരളത്തില്‍ പോലും ദലിതര്‍ക്ക് പ്രവേശനം നല്‍കാത്ത നിരവധി ക്ഷേത്രങ്ങളുണ്ടെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. വിവിധ ആദിവാസി വിഭാഗങ്ങളുടെ ആരാധനമൂര്‍ത്തികളുമായി ബന്ധപ്പെട്ട ഉത്സവപരിപാടികള്‍ നടക്കുമ്പോള്‍ ആഘോഷ കമ്മിറ്റികളുടെ മേല്‍നോട്ടം ഉയര്‍ന്ന ജാതികളില്‍പ്പെട്ട വമ്പന്മാര്‍ക്കായിരിക്കും.
ക്ഷേത്രങ്ങളിലും കാവുകളിലും നടക്കുന്ന ഉത്സവങ്ങളുടെ ഭാഗമായ കലവറനിറക്കല്‍ ഘോഷയാത്രകളിലും വിവിധ സംഘടനകളും ക്ളബുകളും നടത്തുന്ന സാംസ്കാരിക ഘോഷയാത്രകളിലും സൂക്ഷ്്മനിരീക്ഷണം നടത്തിയാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. ഘോഷയാത്രകളുടെ മുന്‍നിരയില്‍ ബാനറുകള്‍ പിടിക്കാനും മുത്തുക്കുടകളേന്താനും നിയോഗിക്കുന്നത് സവര്‍ണജാതി പ്രമാണികളുടെ പെണ്‍മക്കളെയായിരിക്കും. ആദിവാസി വിഭാഗങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരം ഘോഷയാത്രകള്‍ നടക്കുന്നതെങ്കില്‍പോലും ആദിവാസി -ദലിത് പെണ്‍കുട്ടികളുടെ നിഴല്‍വെട്ടംപോലും അവിടെയെങ്ങും ഉണ്ടാവുകയില്ല. ഗുരുവായൂര്‍ സത്യഗ്രഹം ഉള്‍പ്പെടെ അയിത്തവ്യവസ്ഥിതിക്കെതിരെ പോരാടിയ രാഷ്ട്രീയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളില്‍പോലും ഇത്തരം അപമാനകരമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്നു.
നമ്പൂതിരി മുതല്‍ നായാടികള്‍ വരെയുള്ള ജാതീയ ഐക്യം വേണമെന്ന് മുന്നാക്ക സമുദായങ്ങള്‍ നേതൃത്വം നല്‍കുന്ന ജാതീയ സംഘടനകള്‍ ഉദ്ഘോഷിക്കുമ്പോഴും നായാടി അടക്കമുള്ള പിന്നാക്ക ജാതികളുടെ പ്രതിനിധികളുമായി വേദി പങ്കിടാനും സൗഹൃദം സ്ഥാപിക്കാനും സവര്‍ണ ജാതീയ സംഘടനകള്‍ക്ക് കഴിയുന്നില്ല. അത്രമാത്രം വേരുറച്ചുപോയ ജാതീയ അഹംബോധമാണ് ഇവരെയെല്ലാം നയിക്കുന്നത്. സാമൂഹിക മുഖ്യധാരകളിലെല്ലാം സവര്‍ണ ജാതീയ കൂട്ടായ്മകളുടെ ആടിത്തിമിര്‍ക്കലുകള്‍ക്കിടയില്‍ ദലിതര്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പടുന്നു. തങ്ങള്‍ തീണ്ടാപ്പാടകലെ നില്‍ക്കേണ്ടവരാണെന്ന ബോധം ദലിത് സമൂഹത്തില്‍ അടിച്ചേല്‍പിക്കപ്പെടുന്ന സാഹചര്യത്തിന് ആര് എങ്ങനെ അന്ത്യം കുറിക്കുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.