ഇ.ഡിക്കെതിരായ കേസ് അടിയും തിരിച്ചടിയും
text_fieldsഎൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ൈക്രംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടു എഫ്.ഐ.ആറുകളും റദ്ദാക്കിയ ഏപ്രിൽ 16ലെ കേരള ഹൈകോടതി വിധിയുമായി ബന്ധപ്പെട്ട് പലവിധ വ്യാഖ്യാനങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി എന്ന നിലയിലാണ് മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും നിരീക്ഷകരും അതിനെ സാമാന്യമായി വ്യാഖ്യാനിച്ചത്. എഫ്.ഐ.ആറുകൾ റദ്ദാക്കി എന്ന അർഥത്തിൽ അത് തിരിച്ചടിയാണ് എന്ന് പ്രത്യക്ഷത്തിൽ പറയാം.
അതേസമയം, കേസിനാധാരമായ വിഷയത്തെ കോടതി നിരാകരിച്ചിട്ടില്ല. സ്വർണക്കടത്ത് കേസിൽ കള്ളമൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചുവെന്ന പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണല്ലോ സംസ്ഥാന ൈക്രംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നോ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് അന്വേഷിക്കാൻ പാടില്ലെന്നോ ഹൈകോടതി പറഞ്ഞിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളുടെ പരാതിയിൽ മറ്റൊരു ഏജൻസിക്ക് കേസെടുക്കാൻ അധികാരമില്ലെന്ന നിയമവശം മുൻനിർത്തിയാണ് ഹൈകോടതി എഫ്.ഐ.ആർ റദ്ദാക്കിയിരിക്കുന്നത്.
അതേസമയം, ഈ പരാതി സ്വർണക്കടത്ത് കേസ് കൈകാര്യം ചെയ്യുന്ന വിചാരണ കോടതിക്ക് മുമ്പാകെ ഉന്നയിക്കാം എന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. വിചാരണ കോടതിക്ക് വേണമെങ്കിൽ ഈ പരാതിയിൽ തുടർ അന്വേഷണത്തിന് ഉത്തരവിടുകയോ അനുയോജ്യ ഏജൻസികളെ ചുമതലപ്പെടുത്തുകയോ ചെയ്യാവുന്നതേയുള്ളൂ. അതായത്, കള്ളമൊഴി നൽകാൻ ഇ.ഡി സമ്മർദം ചെലുത്തി എന്ന അടിസ്ഥാന പ്രശ്നത്തെ ഹൈകോടതി തള്ളിക്കളഞ്ഞിട്ടില്ല. അത് അന്വേഷിക്കേണ്ട ചുമതല ആർക്ക് എന്ന കാര്യത്തിൽ മാത്രമാണ് തർക്കം. അങ്ങനെ നോക്കുമ്പോൾ ഹൈകോടതി നടപടി സർക്കാറിന് തിരിച്ചടിയായി എന്ന ഏകപക്ഷീയമായ നിഗമനത്തിൽ എത്താൻ പറ്റില്ല.
ൈക്രംബ്രാഞ്ച് കേസിെൻറ പ്രാധാന്യം
സംസ്ഥാന രാഷ്്ട്രീയത്തെ ഏതാനും മാസങ്ങളായി ഉലച്ചുകൊണ്ടിരിക്കുന്ന വിവാദമാണ് സ്വർണക്കള്ളക്കടത്ത് കേസും അനുബന്ധ സംഭവവികാസങ്ങളും. യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര പരിരക്ഷയെ ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് നടന്നിട്ടുണ്ടെങ്കിൽ അത് ഗുരുതര പ്രശ്നം തന്നെയാണ്.
പ്രതികളെ മുഴുവൻ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടത് അത്യാവശ്യവുമാണ്. കേന്ദ്ര സർക്കാറിെൻറ അധികാര പരിധിയിലുള്ള ഇടങ്ങളിലാണ് ഈ വിവാദത്തിലെ എല്ലാ കുറ്റകൃത്യങ്ങളും നടന്നിരിക്കുന്നത്. അതിനാൽതന്നെ, കുറ്റവാളികളെ കണ്ടെത്തേണ്ട ഉത്തരവാദിത്തവും കേന്ദ്ര സർക്കാറിനാണ്. അതേ സമയം, അവസരം മുതലാക്കി സംസ്ഥാന സർക്കാറിെൻറ അധികാര പരിധിയിലെ ഇടങ്ങളിൽ കടന്നുകയറി ഏകപക്ഷീയ നടപടികൾ കൈക്കൊള്ളുന്ന സമീപനമാണ് കസ്റ്റംസ്, ഇ.ഡി, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം ചെയ്തുകൊണ്ടിരുന്നത്.
സംസ്ഥാന സർക്കാറുകളെ അപ്രസക്തമാക്കി രാജ്യത്തെ മൊത്തം ഒരൊറ്റ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുക എന്ന അജണ്ട വെച്ചുള്ള നടപടികളാണ് നരേന്ദ്ര മോദി സർക്കാർ കുറച്ച് നാളുകളായി ചെയ്തുവരുന്നത് എന്ന് എല്ലാവർക്കും അറിയാം. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള സംവിധാനങ്ങൾ മാത്രമായി കേന്ദ്ര ഏജൻസികൾ അധഃപതിച്ചിരിക്കുന്നു. സ്വർണക്കള്ളക്കടത്ത് കേസിെൻറ ഗൗരവം മനസ്സിലാക്കുമ്പോൾ തന്നെ കേന്ദ്ര ഏജൻസികളുടെ ഈ നിലപാടും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
2019ലെ എൻ.ഐ.എ ഭേദഗതി നിയമത്തിലൂടെ ഫലത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇവിടത്തെ പ്രതിപക്ഷത്തിനുപോലും യഥാർഥത്തിൽ മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. മുസ്ലിം തീവ്രവാദികളെ അടിച്ചു ചമ്മന്തിയാക്കാനുള്ള മികച്ച ഒരു ഏർപ്പാടായാണ് പലരും ആ ഭേദഗതിയെ കണ്ടത്. പുറമേക്ക് എതിർക്കുന്നവർപോലും അങ്ങനെയൊന്ന് കിടക്കട്ടെ എന്ന മാനസികാവസ്ഥയിലായിരുന്നു.
മുസ്ലിം തീവ്രവാദികളെ ഇടിച്ചുതീർക്കാനുള്ള വകുപ്പുകൾ എൻ.ഐ.എ ആക്ടിൽ നേരത്തേതന്നെ ആവശ്യത്തിലധികം ഉണ്ടായിരുന്നു. പുതിയ ഭേദഗതിയോടെ യഥാർഥത്തിൽ സംഭവിച്ചത്, സംസ്ഥാന ആഭ്യന്തര വകുപ്പുകൾ അപ്രസക്തമായി എന്നതാണ്. അതായത്, നിയമപാലനം എന്ന, സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ കേന്ദ്രത്തിന് നേരിട്ട് ഇടപെടാൻ അവസരം കൈവന്നു. എൻ.ഐ.എ ഭേദഗതിയിലൂടെ കേന്ദ്രത്തിന് സിദ്ധിച്ച അധികാരങ്ങൾ അവർ ഇനിയും പൂർണമായി വിനിയോഗിച്ചു തുടങ്ങിയിട്ടില്ല.
വിനിയോഗിച്ചു തുടങ്ങിയാൽ പാസ്പോർട്ട് വെരിഫിക്കേഷൻ, ട്രാഫിക് നിയന്ത്രണം തുടങ്ങിയ ദൗത്യങ്ങൾ മാത്രം നിർവഹിക്കാൻ അധികാരമുള്ള ഏജൻസിയായി സംസ്ഥാന പൊലീസ് മാറുന്ന സ്ഥിതിയിലെത്തും. അതു മുൻകൂട്ടി കാണാനോ ആ നിലക്ക് അതിനെ പ്രതിരോധിക്കാനോ പ്രതിപക്ഷത്തിന്; പ്രത്യേകിച്ച് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് സാധിച്ചിട്ടില്ല. എൻ.ഐ.എക്ക് പുറമെ കസ്റ്റംസ്, ഇ.ഡി തുടങ്ങിയ ഏജൻസികളെ കൂടി ഉപയോഗിച്ച് സംസ്ഥാന സർക്കാറുകളെയും പ്രതിപക്ഷ പാർട്ടികളെയും വരിഞ്ഞുമുറുക്കുന്ന സമീപനം ശക്തിപ്പെട്ട സാഹചര്യത്തിലാണ് ഇ.ഡിക്കെതിരായ ൈക്രംബ്രാഞ്ച് കേസ് വരുന്നത്. അങ്ങനെ നോക്കുമ്പോൾ നിയമപരമായും സാങ്കേതികമായും അത് എത്രത്തോളം മുന്നോട്ടുപോവും എന്നതിനെക്കാൾ അതിെൻറ രാഷ്ട്രീയ ആഴമാണ് പ്രസക്തമാവുന്നത്.
പ്രതിപക്ഷത്തിെൻറ ഉത്തരവാദിത്തം
സ്വർണകള്ളക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കവെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ലൈഫ് മിഷനിലേക്കും കിഫ്ബിയിലേക്കും എത്തുന്നത്. 1999ൽ സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമത്തിലൂടെ രൂപം കൊണ്ട സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ഏജൻസിയാണ് കിഫ്ബി. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന മോഹന മുദ്രാവാക്യം മുന്നോട്ടുവെച്ച് ജി.എസ്.ടി നടപ്പിലാക്കി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം സമ്പൂർണമായി ഇല്ലാതാക്കുകയാണ് മോദി സർക്കാർ ആദ്യം ചെയ്തത് (അതു തുടക്കത്തിലേ തിരിച്ചറിയാൻ തോമസ് ഐസക്കിനുപോലും സാധിച്ചില്ല എന്നത് മറ്റൊരു കാര്യം).
ജി.എസ്.ടി വന്നതോടെ സ്വന്തമായി ധനസമാഹരണത്തിന് വഴിയില്ലാതായപ്പോഴാണ് നേത്തേ പരിമിതമായ രീതിയിൽ പ്രവർത്തിച്ചിരുന്ന കിഫ്ബിയെ ധനസമാഹാരണത്തിനുള്ള വേദിയാക്കി മാറ്റുക എന്ന ചിന്ത ഉടലെടുക്കുന്നത്. അത് നാട്ടിലെ ഏതെങ്കിലും സ്വകാര്യ കമ്പനി പോലെയുള്ള ഏർപ്പാടല്ല. എന്നാൽ, അതിനെതിരെയും ഇ.ഡി കേസെടുക്കുന്ന അവസ്ഥയുണ്ടായി. സംസ്ഥാന സർക്കാറിന് കീഴിലെ ഒരു ഔദ്യോഗിക ഏജൻസിയെ ക്രിമിനൽ കേസിൽ പെടുത്തുകയെന്ന അതിവിചിത്രമായ കാര്യമാണ് സംഭവിച്ചത്. ഫെഡറൽ തത്ത്വങ്ങളുടെ ലംഘനവും സംസ്ഥാനത്തിന്റെ ആത്്മാഭിമാനത്തെ മുറിവേൽപിക്കുന്നതുമായിരുന്നു ആ നീക്കം. ഇ.ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാറിന്റെ നടപടി ശ്രദ്ധേയമാവുന്നത് ആ പശ്ചാത്തലത്തിലാണ്.
സംസ്ഥാനങ്ങളെ അപ്രസക്തമാക്കുകയും വൈേസ്രായി ഭരണത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ ഇ.ഡിക്കെതിരായ ൈക്രംബ്രാഞ്ച് കേസിനും ജുഡീഷ്യൽ അന്വേഷണത്തിനും രാഷ്്ട്രീയമായി വലിയ പ്രഹരശേഷിയുണ്ട്. സംസ്ഥാനങ്ങളുടെ ആത്്മാഭിമാനവും അസ്തിത്വവും നിലനിർത്താനുള്ള പോരാട്ടങ്ങളായിരിക്കും ഭാവി ഇന്ത്യയുടെ രാഷ്്ട്രീയം നിർണയിക്കാൻ പോവുന്നത്. ഇത് ഏറ്റവും നന്നായി തിരിച്ചറിഞ്ഞ നേതാവാണ് മമത ബാനർജി. അവരും കേന്ദ്ര സർക്കാറും തമ്മിലെ സംഘർഷങ്ങളുടെ അടിസ്ഥാനവും അതു തന്നെയാണ്. സി.ബി.ഐക്ക് ബംഗാളിൽ കേസുകൾ ഏറ്റെടുക്കാനുള്ള അനുമതി റദ്ദാക്കിയതടക്കമുള്ള അവരുടെ നീക്കങ്ങൾ അതിെൻറ ഭാഗമായിരുന്നു.
ബംഗാളിനെ വൈേസ്രായി ഭരണത്തിലാക്കാനുള്ള ഓരോ നീക്കത്തെയും തിരിച്ചറിയാനും പ്രതിരോധിക്കാനും അവർക്ക് സാധിക്കുന്നുണ്ട്. മോദി–അമിത് ഷാ ടീമിന് അത് വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുമുണ്ട്. ബി.ജെ.പിയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ശിവസേനപോലും കേന്ദ്രത്തിെൻറ പുതിയ രാഷ്ട്രീയ സമീപനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ സ്റ്റാലിൻ ഇതേക്കുറിച്ച് കുറച്ചധികമായി സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. സംസ്ഥാനങ്ങളെ അപ്രസക്തമാക്കുന്ന നയങ്ങളും വിവിധ ഏജൻസികളെ ഉപയോഗിച്ചു കൊണ്ടുള്ള കടന്നുകയറ്റങ്ങളും പരോക്ഷമായി എന്നാൽ, കൂടുതൽ ശക്തമായി തുടരുകയാണ് കേന്ദ്ര ഭരണകൂടം.
അതിനാൽ, അതിനെ ചെറുക്കുക എന്നത് ജനാധിപത്യവാദികളുടെ ഉത്തരവാദിത്തമാണ്. ഇടതുമുന്നണിയോ ഐക്യമുന്നണിയോ ആരാകട്ടെ, കേരളത്തിൽ ഇനി അധികാരത്തിൽ വരുന്നവരെ സംബന്ധിച്ചിടത്തോളം ഈ സമരമുഖം കൂടുതൽ തീക്ഷ്ണമായി മുന്നോട്ടു കൊണ്ടുപോകേണ്ടി വരും. സംസ്ഥാനത്തെ സങ്കുചിതമായ അധികാര രാഷ്ട്രീയത്തിനുവേണ്ടി ആ വലിയ പോരാട്ടത്തെ അവഗണിച്ചാൽ സംസ്ഥാനം തന്നെയാകും ഇല്ലാതാകുന്നത്. ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ പറ്റിയില്ലെങ്കിലും നന്നേച്ചുരുങ്ങിയത് അത് തിരിച്ചറിയാനെങ്കിലും പ്രതിപക്ഷത്തിന് ബാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.