ബജറ്റിൽ കേരളം പരിഗണനക്ക് പുറത്ത്
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിലും പദ്ധതികളിലും പ്രതീക്ഷയർപ്പിച്ച കേരളത്തിന് നിരാശ. റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ചില പദ്ധതികൾക്ക് വിഹിതം ലഭിച്ചതൊഴിച്ചാൽ കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ പരിഗണിച്ചില്ല. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതവും കൂട്ടിയില്ല. തെരഞ്ഞടുപ്പ് ആസന്നമായിരിക്കെ, വാരിക്കോരി പദ്ധതികൾ ലഭിക്കുമെന്ന പൊതുധാരണ തെറ്റിക്കുന്നതായി ബജറ്റ്.
കടമെടുപ്പ് പരിധി കൂട്ടണമെന്നും നികുതി വിഹിതം 50 ശതമാനം പങ്കുവെക്കണമെന്നുമുള്ള ആവശ്യങ്ങൾ കേന്ദ്രത്തിനുമുന്നിൽ കേരളം ഉന്നയിച്ചിരുന്നു. കിനാലൂരിൽ എയിംസ്, വിഴിഞ്ഞം തുറമുഖം അടിസ്ഥാന സൗകര്യ പദ്ധതികൾ, കാർഷിക വിള മൂല്യവർധന പദ്ധതികൾ, കൊച്ചി മെട്രോ വികസനം, തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്ക് സഹായം, മത്സ്യമേഖലയിൽ നവീകരണ പദ്ധതികൾ, പ്രവാസികൾക്ക് പുനരധിവാസ പാക്കേജുകൾ, കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണ സ്ഥാപനം, റെയിൽവേ വികസന പദ്ധതികൾ, നേമം കോച്ച് ടെർമിനൽ, തലശ്ശേരി-മൈസൂർ റെയിൽ കോറിഡോർ തുടങ്ങിയ ആവശ്യങ്ങളും പരിഗണിച്ചില്ല.
ദേശീയപാത വികസനത്തിനൊപ്പം അനുബന്ധ പാതകളുടെ വികസന പദ്ധതികളും ബജറ്റിലില്ല. റബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കമുയർത്തി ആഭ്യന്തര റബർ കൃഷിയെ രക്ഷിക്കണമെന്നതുൾപ്പെടെ കാർഷിക രംഗവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും തള്ളി.
ട്രെയിൻ ഗതാഗത രംഗത്ത് അങ്കമാലി-ശബരിപാത-100 കോടി, എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കൽ-105 കോടി, കുമ്പളം-തുറവൂർ പാത 102.5 കോടി, തിരുവനന്തപുരം-കന്യാകുമാരി പാത-365 കോടി, തുറവൂർ-അമ്പലപ്പുഴ-500 കോടി എന്നിങ്ങനെ തുക അനുവദിച്ചത് നിരാശക്കിടയിലും ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.