കേരളം ഇന്ത്യയുടെ കരളാണ്; ശത്രുരാജ്യമല്ല
text_fields‘‘കേരളം ഒരു മിനി പാകിസ്താനാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽനിന്ന് ജയിച്ചത്. അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഭീകരരുടെ പിന്തുണകൊണ്ട് മാത്രമാണ് ഇവരെല്ലാം എം.പിമാർ ആകുന്നത്’’ -മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിച്ചതാണിത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്നും ഒരു സമൂഹത്തോടും പ്രീണനമോ വിവേചനമോ കാണിക്കുകയില്ലെന്നും വിദ്വേഷമോ പകയോ...
‘‘കേരളം ഒരു മിനി പാകിസ്താനാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽനിന്ന് ജയിച്ചത്. അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഭീകരരുടെ പിന്തുണകൊണ്ട് മാത്രമാണ് ഇവരെല്ലാം എം.പിമാർ ആകുന്നത്’’ -മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിച്ചതാണിത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്നും ഒരു സമൂഹത്തോടും പ്രീണനമോ വിവേചനമോ കാണിക്കുകയില്ലെന്നും വിദ്വേഷമോ പകയോ വെച്ചുപുലർത്തുകയില്ലെന്നും ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളാണിദ്ദേഹം. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി ഇതുവരെ പരാമർശം പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ല. എന്നാൽ, പ്രതിപക്ഷ കക്ഷികളിൽപെട്ടവർക്ക് വസ്തുതപരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽപോലും എം.പി, എം.എൽ.എ സ്ഥാനങ്ങളടക്കം നഷ്ടപ്പെടുന്നത് നാമെത്ര കണ്ടതാണ്. 17ാം ലോക്സഭയിൽ രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടപ്പെട്ടത് അദ്ദേഹം നടത്തിയ പരാമർശം തലനാരിഴകീറി പരിശോധിച്ച് അണുമണിയളവിൽ കുറ്റം കണ്ടെത്തിയാണ്! എന്നാൽ, ഇന്നത്തെ ഇന്ത്യയിൽ സംഘ്പരിവാർ അനുകൂലികൾ നടത്തുന്ന വിദ്വേഷ ഭാഷണങ്ങൾക്കു പോലും ഭരണകൂട പരിരക്ഷയുണ്ട്.
കേരളത്തോട് സംഘ്പരിവാർ ശക്തികൾക്കുള്ള വെറുപ്പും വിദ്വേഷവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാജ്യമൊട്ടുക്ക് വർഗീയ വിഷച്ചെടികൾ നട്ടു മുളപ്പിച്ച് അവയിലെ വിഷക്കായകൾ ജനങ്ങളെ മുഴുവൻ തീറ്റിച്ച് മതാന്ധരാക്കിയപ്പോഴും കേരള മണ്ണ് അവയെ സ്വീകരിക്കാൻ തയാറായില്ല. വിദ്യകൾ മാറിമാറി പരീക്ഷിച്ചിട്ടും തിരസ്കരിച്ചുകൊണ്ടേയിരുന്ന കേരളത്തോട് ഇക്കൂട്ടർക്ക് ശത്രുത വർധിച്ചുകൊണ്ടേയിരിക്കുകയാണ്. ബി.ജെ.പി നേതാക്കളും ഭരണകൂടങ്ങളും ശത്രുരാജ്യങ്ങളോടെന്നപോലെയാണ് കേരളത്തോട് പെരുമാറുന്നത്. അർഹതപ്പെട്ട വിഹിതം അനുവദിക്കാതെ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതും ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതകർക്ക് ആശ്വാസം നിഷേധിക്കുന്നതുമെല്ലാം ഈ പകപോക്കലിന്റെ തുടർച്ചയാണ്. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനയച്ച ഹെലികോപ്ടറിന്റെ ചെലവുകാശ് പോലും തിരിച്ചുചോദിച്ച കേന്ദ്ര ഭരണകൂടം പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന്റെ ചെലവുകൂടി കേരളം വഹിക്കണമെന്ന് ഉത്തരവിട്ടാലും അതിശയിക്കേണ്ടതില്ല!
ഇന്ത്യ എന്ന മതനിരപേക്ഷ രാജ്യത്തിന്റെ മൂല്യങ്ങൾക്കും ഭരണഘടനക്കും എതിരായ പരമതവിദ്വേഷം വിളമ്പലും ഇതര മതസ്ഥരെ ആക്രമിക്കലും ആരാധനാലയങ്ങൾ തകർക്കലും വകവെച്ചുകൊടുക്കാൻ കൂട്ടാക്കാത്തതിന്റെ പേരിലാണ് നമ്മൾ കേരളീയർ ഇതെല്ലാം സഹിക്കേണ്ടിവരുന്നത് എന്ന് തെല്ല് അഭിമാനത്തോടെത്തന്നെ പറയണം. വിഷ-വിദ്വേഷങ്ങളെ ചെറുത്ത് ഇന്ത്യ എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുക വഴി മനുഷ്യ ശരീരത്തിൽ കരൾ നിർവഹിക്കുന്ന ദൗത്യമാണ് കേരളവും മലയാളികളും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തിന്റെ നിലനിൽപിൽ മതത്തിനും ജാതിക്കുമപ്പുറം മനുഷ്യത്വത്തെ അടിത്തറയാക്കി നീങ്ങണമെന്ന സന്ദേശം പഠിപ്പിച്ച ശ്രീനാരായണ ഗുരുവും മമ്പുറം തങ്ങളും അയ്യൻകാളിയും ചാവറയച്ചനുമുൾപ്പെടെയുള്ള മഹാരഥന്മാരിൽനിന്ന് പകർന്നുകിട്ടിയ നേരും നെറിവുമാണ് നമ്മുടേത്.
കേരളത്തിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്താൻ ബി.ജെ.പി നേതാക്കൾക്ക് ഇപ്പോൾ മണ്ണൊരുക്കിയതിൽ സി.പി.എമ്മിനും പങ്കുണ്ടെന്ന് പറയാതെ വയ്യ. അടുത്തിടെയായി പല സി.പി.എം നേതാക്കളുടെയും പ്രസ്താവനകൾക്ക് സംഘ്പരിവാർ ശൈലിയാണ്. വയനാട്ടിൽനിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് മുസ്ലിം വർഗീയ തീവ്രവാദ ശക്തികളുടെ വോട്ടുകൊണ്ടാണെന്ന് ബി.ജെ.പിക്കാർക്ക് മുമ്പ് പ്രസംഗിച്ച പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ തള്ളാനായിരുന്നില്ല, ന്യായീകരിക്കാനാണ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ മുന്നോട്ടുവന്നത്. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയുമാണ് ഞങ്ങൾ വിമർശിച്ചത് എന്നു പറയുന്നതിലുമർഥമില്ല. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയുമെല്ലാം ഭൂരിപക്ഷംതന്നെ നാലുലക്ഷത്തിലധികമായിരുന്നു. സി.പി.എം ആരോപിക്കുന്ന കക്ഷികൾക്കെല്ലാംകൂടി അവരുടെത്തന്നെ അഭിപ്രായത്തിൽ അരലക്ഷത്തിലധികം വോട്ടില്ല. അപ്പോൾ പിന്നെ മുസ്ലിം സമുദായത്തെയല്ല ലക്ഷ്യംവെച്ചത് എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? ഗാന്ധിവധവും ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയുമുൾപ്പെടെയുള്ള വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയ സംഘങ്ങളുമായി ന്യൂനപക്ഷ സമുദായ സംഘടനകളെ സമീകരിക്കുന്നതിലൂടെ പാർട്ടി എന്താണ് ലക്ഷ്യംവെക്കുന്നത്. ഈ സംഘടനകളുമായി ചങ്ങാത്തം കൂടുകയും വോട്ട് വാങ്ങുകയും ചെയ്ത സന്ദർഭത്തിൽ ഇല്ലാത്ത ഭീകരത ഇപ്പോൾ എവിടെനിന്നുണ്ടായി എന്ന ചോദ്യത്തിനുകൂടി ഉത്തരം നൽകേണ്ടതുണ്ട്.
കേവലം വോട്ട്ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി കേരളീയ പൊതുബോധത്തെയും മണ്ഡലത്തെയും വർഗീയമായി മാറ്റിയെടുക്കാൻ യഥാർഥത്തിൽ വഴിമരുന്നിടുകയാണ് ചെയ്തതെന്ന യാഥാർഥ്യം നിഷേധിക്കാനാവില്ല. മെക് 7 വ്യായാമ കൂട്ടായ്മയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ നടത്തിയ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. മുസ്ലിം സമൂഹം പൊതുവെ അതതു കാലഘട്ടങ്ങളിൽ രാഷ്ട്രീയ സാഹചര്യം നോക്കി, മതനിരപേക്ഷ ഇന്ത്യയെ ശക്തിപ്പെടുത്താനുതകും വിധമാണ് നിലപാടെടുക്കാറ്. അത് അനുകൂലമല്ലാതാകുമ്പോൾ ആക്ഷേപിക്കുകയും പൈശാചികവത്കരിക്കുകയും ചെയ്യുന്നത് ഒട്ടും നന്നല്ല. തങ്ങൾ വിതക്കുന്നത് കൊയ്യുന്നത് കേരളത്തെയൊന്നടങ്കം വിഴുങ്ങാൻ വാപിളർത്തിയിരിക്കുന്ന വർഗീയ വേതാളങ്ങളാണെന്ന് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നീട് വിലപിച്ചിട്ടും പ്രതിരോധിക്കാൻ മുഖ്യമന്ത്രിയടക്കം രംഗത്തിറങ്ങിയിട്ടും ഫലമുണ്ടായെന്ന് വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.