കേരളം ഗാന്ധിയെ കണ്ടു, അഞ്ചുവട്ടം
text_fieldsഗാന്ധിജി ആദ്യമായി കേരളത്തിലെത്തുന്നത് ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങൾക്ക് പിന്തുണ തേടുന്നതിനായിരുന്നു. 1920 ആഗസ്റ്റ് 18ന് ഉച്ചക്ക് കോഴിക്കോട്ട് ട്രെയിനിറങ്ങിയ ഗാന്ധിജി മൗലാന ഷൗക്കത്തലിക്കൊപ്പം കോഴിക്കോട് കടപ്പുറത്ത് കൂറ്റൻ ജനാവലിയെ അഭിസംബോധന ചെയ്തു. ഇന്ത്യയിൽ മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും ഐക്യമുണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. തലശ്ശേരി, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചായിരുന്ന ഗാന്ധിജിയുടെ മടക്കം.
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത്തെ കേരള സന്ദർശനം. 1925 മാർച്ച് എട്ടു മുതൽ 19 വരെ നീണ്ട സന്ദർശനവേളയിൽ അദ്ദേഹം കേരളത്തിലെ നിരവധി നേതാക്കന്മാരുമായി ചർച്ചകൾ നടത്തി. വർക്കല ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെയും തിരുവനന്തപുരത്ത് ചെന്ന് തിരുവിതാംകൂർ റീജൻറ് റാണി സേതുലക്ഷ്മി ബായിയെയും സന്ദർശിച്ചു.
1927 ഒക്ടോബർ ഒമ്പതു മുതൽ 15 വരെയായിരുന്നു ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം. തിരുവിതാംകൂർ മഹാരാജാവിനെയും റാണിയെയും കണ്ട അദ്ദേഹം സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെക്കുറിച്ച് ചർച്ച നടത്തി. തൃശൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലും അദ്ദേഹം പ്രസംഗിച്ചു. പാലക്കാടുവെച്ച് ശങ്കരാചാര്യരുമായി നടത്തിയ സംഭാഷണങ്ങൾക്കുശേഷം മടങ്ങി.
1934 ജനുവരി 10ന് നാലാമത്തെ കേരള സന്ദർശനത്തിനെത്തിയ ഗാന്ധിജിയെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ ജനാവലി സ്വീകരിച്ചു. ശബരി ആശ്രമത്തിൽ എത്തി അന്തേവാസികളെ സന്ദർശിച്ചു. ജനുവരി 14ന് വടകരയിലെ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് കൗമുദി എന്ന പെൺകുട്ടി, അവരുടെ ആഭരണങ്ങൾ ഗാന്ധിജിക്ക് സംഭാവന നൽകിയത്.
പയ്യന്നൂരിൽ ശ്രീ നാരായണ ഹരിജൻ ആശ്രമവും ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സാമൂതിരിയെയും സന്ദർശിച്ചു. തുടർന്ന് തൃശൂർ, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ പ്രസംഗിച്ചശേഷം ജനുവരി 20ന് വർക്കല ശിവഗിരിയിൽ എത്തി.
1937 ജനുവരി 12, ഗാന്ധിജിയുടെ അവസാനത്തെ കേരള സന്ദർശനമായിരുന്നു ഇത്. ഈ യാത്രയെ അദ്ദേഹം തീർഥയാത്ര എന്നാണ് വിശേഷിപ്പിച്ചത്. തിരുവിതാംകൂറിൽ മാത്രമൊതുങ്ങിയ ഈ യാത്രക്കിടെയാണ് അദ്ദേഹം അയ്യങ്കാളിയെ കാണുന്നത്.
ജനുവരി 21ന് അദ്ദേഹം കൊട്ടാരക്കരയിൽ എത്തുകയും അവിടെയുള്ള കെ.എം.എം. നാരായണൻ നമ്പൂതിരിപ്പാടിന്റെ ക്ഷേത്രം എല്ലാ വിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുകയും ചെയ്തു. ഗാന്ധിജിയുടെ ആഗമനം ജനങ്ങളിൽ ദേശീയതയുടെയും ഐക്യത്തിന്റെയും ബോധം ഉണ്ടാക്കി. ഐക്യകേരളം എന്ന ആശയം ജനഹൃദയങ്ങളിൽ നിറക്കാൻ ഗാന്ധിജിയുടെ സന്ദർശനങ്ങൾ സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.